യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

തിരുവനന്തപുരം: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയില്‍. ദക്ഷിണ കന്നഡ പുത്തൂര്‍ സ്വദേശി നിതിന്‍ പി.ജോയ് ആണ് പിടിയിലായത്. യുകെയില്‍ ജോലി നല്‍കാം എന്ന് വിശ്വസിപ്പിച്ച് കാട്ടാക്കട സ്വദേശിയായ യുവാവില്‍ നിന്ന് 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘ഗ്ലോബല്‍ പ്ലസ് ഡേ’ എന്ന ട്രാവല്‍ ഏജന്‍സിയുടെ നടത്തിപ്പുകാരനാണ് പിടിയിലായ നിതിന്‍.

നെയ്യാര്‍ഡാം മരുതുംമൂട് സ്വദേശിയായ നിഖില്‍ എന്ന യുവാവില്‍ നിന്നാണ് പ്രതി പണം തട്ടിയത്. വിവിധ ഘട്ടങ്ങളിലായി 10,08000 രൂപയും തട്ടിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഏജന്‍സി നടത്തിയ തിരിമറിയില്‍ നിഖിലിന്റെ പാസ്‌പോര്‍ട്ട് ബ്രിട്ടീഷ് എംബസി വിലക്കി. 10 വര്‍ഷത്തേക്ക് നിഖിലിന് യുകെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിക്കോ പഠനത്തിനോ പോകാനാവില്ല എന്ന് മനസ്സിലായതോടെയാണ് കുടുംബം പരാതി നല്‍കിയത്.
ട്രാവല്‍ ഏജന്‍സിക്ക് എതിരെ പൊലീസ് കേസെടുക്കുകയും ഒളിവില്‍ പോയ നിതിന്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് നിതിന്‍ പിടിയിലായത്. പ്രതിയെ കാട്ടാക്കട പൊലീസിന് കൈമാറി.

അറിയിപ്പ്

അറിയിപ്പ്

കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന 4,7, 10, +1 തുല്യതാ കോഴ്സുകളുടെയും പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിന്റെയും രജിസ്ട്രേഷൻ മെയ് 31 നീട്ടിയിരിക്കുന്നു
വിശദ വിവരങ്ങൾക്ക്: 94 46 27 21 92 എന്ന നമ്പറിൽ ബന്ധപ്പെണ്ടതാണ്.

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞതില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇരുവര്‍ക്കും എതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ ദേവ്, വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്കുമെതിരെയാണ് പരാതി.

കെഎസ്ആര്‍ടിസി ബസിന്റെ ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ നേരത്തെ കണ്ടോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ഈ കേസില്‍ അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചേക്കും.

മേയറുമായി തര്‍ക്കം ഉണ്ടായ ദിവസം യദു ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കെഎസ്ആര്‍ടിസിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ബസ് ഓടിക്കുന്നതിനിടെ പലപ്പോഴായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചു എന്നാണ് പൊലീസ് കണ്ടെത്തല്‍.

അതേ സമയം ബസ്സിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പില്‍ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇവിടെ നിന്നുളള രേഖകള്‍ പൊലിസ് ശേഖരിച്ചു.

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ തിങ്കളാഴ്ച വരെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രിയോടെ കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പാലക്കാട് ചൂട് 40 ഡിഗ്രി എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസും വരെ ചൂട് കൂടാം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

തിരുവനന്തപുരം: കനത്ത ചൂടിൽ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 കറവ പശുക്കൾ ചത്തുവെന്ന് മൃ​ഗസംരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ക്ഷീരകര്‍ഷകര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം ഉറപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പ്രതിദിന പാൽ ഉൽപാദം കുത്തനെ കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് പച്ചപ്പുല്ലും വെള്ളവും കിട്ടാത്ത അവസ്ഥയാണ്. 44 പഞ്ചായത്തുകളിൽ പൂർണമായും ശുദ്ധജലം ലഭിക്കുന്നില്ല. ഇതും പശുക്കൾ ചത്തൊടുങ്ങുന്നതിന് കാരണമായി. കൊല്ലത്ത് മാത്രം 105 കറവ പശുക്കളാണ് ഇതുവരെ ചത്തത്. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കന്നുകാലികളെ തുറസായ പ്രദേശത്ത് മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്നും മന്ത്രി പ്രത്യേകം നിർദേശിച്ചു. ജല ദൗർലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീര കർഷക മേഖലകളിൽ ജില്ലാ ഓഫീസർമാർ കലക്ടർമാരുമായി നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി യോ​ഗത്തിൽ പറഞ്ഞു.

കർഷകർക്കുള്ള പ്രത്യേക നിർദേശങ്ങൾ

തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാൻ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാൻ സഹകരമാവും. സൂര്യഘാതം ഏറ്റവും കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ മുതൽ വൈകിട്ട് നാലുവരെ പൊള്ളുന്ന വെയിലിൽ തുറസ്സായ മേയാൻ വിടുന്നത് ഒഴിവാക്കുക. ശുദ്ധമായ തണുത്ത കുടിവെള്ളം 24 മണിക്കൂറും ലഭ്യമായിരിക്കണം.

മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക. ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാൻ ശ്രദ്ധിക്കുക. കനത്ത ചൂട് മൂലം കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നതിനാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം.

വേനൽ ചൂട് മൃഗങ്ങളുടെ ശരീര സമ്മർദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യും. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേൻ, ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാൽ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്‌മോസിസ്,ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാൽ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കൂടി കർഷകർ സ്വീകരിക്കണം.