by liji HP News | Feb 22, 2024 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറ ബുക്സ് പ്രസിദ്ധീകരിച്ച മനുകുമാർ ആലിയാട് എഴുതിയ “ഒന്നാമനാകാം” എന്ന പുസ്തകം മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് പ്രകാശനം ചെയ്തു. എഴുത്തുകാരൻ ഡോ. എം.ടി .ശശി പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരായ എസ്. ആർ. ലാൽ, പിരപ്പൻകോട്അശോകൻ, ഡോ. ആശാ നജീബ്, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, കലാസാഹിത്യപ്രവർത്തകരായ അനിൽ വെഞ്ഞാറമൂട്,
എ. എം റൈസ് എന്നിവർ സന്നിഹിതരായി. പുസ്തക പ്രകാശന ചടങ്ങിൽ ബ്രഹ്മനായകൻ മഹാദേവന്റെ ഹാപ്പി ലൈഫ് എന്ന മോട്ടിവേഷണൽ പരിപാടിയുണ്ടായിരുന്നു. പ്രദേശത്തെ കലാ, സാഹിത്യ_സാംസ്കാരിക പ്രവർത്തകർക്കുള്ള “സ്നേഹാദരവ് “എന്ന പരിപാടിയും നടന്നു.
by liji HP News | Feb 21, 2024 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട് പാറയ്ക്കൽ ഗവൺമെൻറ് യു.പി.എസിൽ, പാറയ്ക്കൽ
വായനസംഘം മാതൃഭാഷാദിനാചരണവും 100 മത് പുസ്തക വായന അവതരണവും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ടി.എ.പ്രസിഡന്റ് അജിത് സിംഗ് അധ്യക്ഷനായി.
ചടങ്ങിൽ കണിയാപുരം ബി.പി.ഒ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, മാഗസിൻ പ്രകാശനം നിർവഹിച്ചു. എഴുത്തുകാൻ മനു ആലിയാട് ആശംസാ പ്രസംഗം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു സ്വാഗതവും അദ്ധ്യാപിക സൗമ്യ ചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ രംഗങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾ തയ്യാറാക്കി അച്ചടിച്ച മാഗസിൻ, കൈയ്യെഴുത്ത് മാസിക എന്നിവയുടെ പ്രകാശനവും നടന്നു.
by liji HP News | Feb 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പശ്ചിമ കനാൽ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ സാമൂഹിക സാമ്പത്തിക, വ്യവസായ രംഗങ്ങളിൽ വലിയ പുരോഗതി സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
പശ്ചിമതീര കനാൽ വികസനത്തിനായി 325 കോടി രൂപ ചെലവിട്ട് നടത്തുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിരുവനന്തപുരം കരിക്കകത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലപാത വികസനം അടക്കമുള്ള പദ്ധതികളോട് സഹകരിച്ച ജനങ്ങളോട് സംസ്ഥാന സർക്കാർ നന്ദി പറയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോവളം ബേക്കൽ ജലപാതാ വികസനത്തിൽ കേരള സർക്കാർ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. 21 കോടി രൂപ ചെലവിട്ട് നിർമിച്ച കരിക്കകം സ്റ്റീൽ ലിഫ്റ്റിംഗ് ബ്രിഡ്ജ്, കോഴിക്കോട് വടകര മാഹി കനാലിനു കുറുകെ നിർമിച്ച വെങ്ങോളി പാലം, കഠിനംകുളം-വർക്കല റീച്ചിനിടയിൽ നിർമിച്ച 4 ബോട്ട് ജെട്ടികൾ എന്നിവയുടെ പ്രവർത്തനോദ്ഘാടനവും, 120 കോടി രൂപ ചെലവിൽ വർക്കല, കഠിനംകുളം, വടകര എന്നിവിടങ്ങളിലെ കനാൽ ഡ്രഡ്ജിങ് ജോലികൾ, 23 കോടി രൂപ ചെലവിൽ അരിവാളം-തൊട്ടിൽപാലം കനാൽ തീര സൗന്ദര്യവത്ക്കരണം, ചിലക്കൂർ ടണലിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കുന്നത്. അതോടൊപ്പം, 247 കോടി രൂപ ചെലവിട്ട്, കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) സമഗ്രമായി നടപ്പിലാക്കി വരുന്ന വർക്കല, കഠിനംകുളം, തിരുവനന്തപുരം മേഖലകളിലെ പുനരധിവാസ പദ്ധതിയുടെ അടുത്ത ഘട്ടത്തിനും തുടക്കമാകുകയാണ്.
ആക്കുളം ചേറ്റുവ ജലപാത ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ പ്രസ്തുത പദ്ധതികളെ എതിർത്തവർ പോലും നിലവിൽ സ്വാഗതം ചെയ്യുന്ന സ്ഥിതി ഉണ്ടായി. കേരളത്തിലെ 11 ജില്ലകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് പശ്ചിമതീര വികസനം സാധ്യമാകുന്നത്. ഇത് വിനോദസഞ്ചാരം, ചരക്കുനീക്കം, പൊതു ഗതാഗതം എന്നിവയിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വിവിധ വകുപ്പുകളുടെയും കിഫ്ബിയുടെയും സഹകരണത്തോടുകൂടെയാണ് നിലവിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നത്. ‘കാര്യക്ഷമതയോടെ ഇത്തരം പദ്ധതികളെ നയിക്കുന്നതിനും പൂർത്തീകരിക്കുന്നതിനുമായാണ് സംസ്ഥാന സർക്കാർ കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്ന പ്രത്യേക കമ്പനി രൂപീകരിച്ചത്.
പദ്ധതിയുടെ ഭാഗമായി വർക്കല, കഠിനംകുളം മേഖലയിൽ 516 കുടുംബങ്ങൾക്ക് പുനരധിവാസപാക്കേജ് ലഭ്യമാക്കി. 86 കോടി രൂപയാണ് ജനങ്ങൾക്ക് നൽകിയത്. കേരളത്തിലെ വിനോദസഞ്ചാര മേഖലയിലും കായലുകളുടെയും കനാലുകളുടെയും കാര്യക്ഷമമായ ഉപയോഗം മാറ്റം സൃഷ്ടിക്കും. താരതമ്യേന വേഗതയുള്ള യാനങ്ങൾ ഉപയോഗിച്ച് പൊതുഗതാഗത സംവിധാനവും ചരക്കു നീക്കവും കൂടുതൽ വേഗത്തിൽ ആക്കുവാൻ കഴിയും.
മൂന്നു മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന വാട്ടർ ക്രൂയിസ് പദ്ധതി മികച്ച ആശയമാണ്. നിലവിൽ മലബാർ റിവർ ക്രൂയിസ് പദ്ധതി വലിയ തോതിൽ വിനോദസഞ്ചാരികൾ സ്വീകരിച്ച് കഴിഞ്ഞു. ബാർജുകൾ ഉപയോഗിച്ച് രാസവസ്തുക്കൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ ചരക്കുനീക്കം നടത്തുവാനും നിരത്തിലെ തിരക്ക് ഒരു പരിധിവരെ ഒഴിവാക്കാനും കഴിയും. കൊച്ചിൻ റിഫൈനറി, കെ.എം.എം.എൽ തുടങ്ങിയ സ്ഥാപനങ്ങൾ പശ്ചിമ തീരത്തിന്റെ പാർശ്വങ്ങളിൽ നിലനിൽക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയിൽ നമുക്ക് കൂടുതൽ സാധ്യതകൾ നൽകുന്നു.
ഇതോടൊപ്പം പ്രാദേശിക ഉൽപ്പന്നങ്ങളും നാടൻ ഭക്ഷണങ്ങളും നൽകിക്കൊണ്ട് സംസ്ഥാനത്തെ ഉൾനാടൻ ടൂറിസത്തെ അടക്കം കൂടുതൽ പരിപോഷിപ്പിക്കുന്നതിനും പുതിയ തൊഴിൽ വരുമാന സാധ്യതകൾ സൃഷ്ടിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ വിശിഷ്ടാതിഥിയായി. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, എം.എൽ.എ മാരായ ആന്റണി രാജു, വി.ജോയി, ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിങ്, സിയാൽ എം.ഡി എസ്.സുഹാസ് എന്നിവർക്കൊപ്പം മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
കോസ്റ്റൽ ഷിപ്പിങ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്, കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, കിഫ്ബി, കേരള വാട്ടർവേയ്സ് ആൻറ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്, ഇൻലാൻഡ് നാവിഗേഷൻ ഡിപ്പാർട്ട്മെന്റ് എന്നിവ സംയുക്തമായാണ് പദ്ധതി നിർവഹണം നടത്തുന്നത്.
by liji HP News | Feb 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: എംപ്ലോയീസ് കൾച്ചറൽ ഓർഗനൈസേഷൻ – എക്കോയുടെ സ്ഥാപക പ്രസിഡൻ് അന്തരിച്ച വി. സദാശിവൻപിള്ളയെ അനുസ്മരിച്ച് ആറ്റിങ്ങൽ ഇന്ദിരാജി സ്കൊയറിൽ അനുശോചനയോഗം ചേർന്നു. ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. എക്കോ വർക്കിംഗ് പ്രസിഡൻ്റ് കെ. അനന്തൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ.സാബു, പി. ജയചന്ദ്രൻ നായർ, കെ. മാധവൻ പിള്ള എന്നിവർ അനുസ്മരിച്ചു.
by liji HP News | Feb 21, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: വനിതശിശുവികസന വകുപ്പിന്റെ കീഴിൽ ചിറയിൻകീഴ് ഐസിഡിഎസിന്റെ പരിധിയിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിലേക്കു നിയമനത്തിനായി അഞ്ചുതെങ്ങ് പഞ്ചായത്തിലെ സ്ഥിരം താമസക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വർക്കർ തസ്തികയിലേക്കു പത്താം ക്ലാസാണ് യോഗ്യത. ഹെൽപ്പർ തസ്തികയ്ക്കു എഴുത്തും വായനയും അറിഞ്ഞിരിക്കണം. നേരത്തെ താൽക്കാലികമായി സമാന തസ്തികയിൽ പ്രവർത്തിച്ചിട്ടുള്ളവർ അതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയുടെ മാതൃക ചിറയിൻകീഴ് ഐസിഡിഎസ് ഓഫിസിൽ നിന്നു ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 15 വൈകിട്ടു അഞ്ചുമണി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0470–2646512.
by liji HP News | Feb 21, 2024 | Latest News, ജില്ലാ വാർത്ത
മലപ്പുറം: കുറ്റിപ്പുറത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരുപത് ദിവസം പ്രായമായ കുഞ്ഞു മരിച്ചു. കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ മണല്‍ ശുദ്ധീകരണ പ്ലാന്റിലെ ജീവനക്കാരനായ കൊല്ലം സ്വദേശിയുടെ കുട്ടിയാണ് മരിച്ചത്.
Recent Comments