by liji HP News | Feb 22, 2024 | Latest News, ജില്ലാ വാർത്ത
ചിറയിന്‍കീഴ്: കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ അമൃത് ഭാരത് പദ്ധതിയിലൂടെ അടിമുടി മാറാനൊരുങ്ങി ചിറയിന്‍കീഴ് റെയില്‍വെ സ്‌റ്റേഷന്‍. അമൃത് ഭാരത് പദ്ധതിയിലൂടെ 12 കോടി രൂപയുടെ വികസന പദ്ധികളാണ് ചിറയിന്‍കീഴില്‍ നടപ്പാക്കുന്നത്. സ്‌റ്റേഷന്റെ മുഖഛായ മാറ്റുന്ന നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചുകഴിഞ്ഞു. വിശാലമായ വാഹന പാര്‍ക്കിങും സ്റ്റഷന്‍ മന്ദിര നവീകരണവുമാണ് എടുത്തുപറയേണ്ട പ്രവൃത്തികളില്‍ ചിലത്.
മൂന്ന് ഏക്കറോളം വരുന്ന ചിറയിന്‍കീഴിലെ റെയില്‍വെ ഭൂമിയിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. പാര്‍ക്കിങ് യാര്‍ഡിന്റേയും പ്രവേശന കവാടത്തിന്റേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ കമ്പനിയുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുകയാണ്. ചിറയിന്‍കീഴ് റെയില്‍വെ മേല്‍പ്പാലത്തിന് സമീപം സര്‍വീസ് റോഡിന് അഭിമുഖമായാണ് പ്രവേശന കവാടം ഒരുങ്ങുന്നത്.

വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരേസമയം അഞ്ഞൂറോളം വാഹന പാര്‍ക്കിങിന് ഇവിടെ സൗകര്യമൊരുങ്ങും. സ്‌റ്റേഷന്‍ സമുച്ചയത്തിന്റെ നവീകരണം, കൂട്ടിച്ചേര്‍ക്കല്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, ടിക്കറ്റ് വിതരണ കേന്ദ്രം, സ്ത്രീകളുടെ വിശ്രമമുറി, ശൗചാലയങ്ങള്‍, സ്‌റ്റേഷന്‍ സമുച്ചയത്തിന്റേയും പ്ലാറ്റ്‌ഫോമുകളുടേയും റൂഫിങ്, പ്ലാററ്‌ഫോമുകള്‍ ടൈല്‍ പാകി നവീകരിയ്ക്കല്‍, ഇരു പ്ലാറ്റ്‌ഫോമുകളേയും ബന്ധിപ്പിച്ചുള്ള ഫൂട്ട് ഓവര്‍ബ്രിഡ്ജ്, മററ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം, ചുറ്റുമതില്‍ കെട്ടി സംരക്ഷണമൊരുക്കല്‍, ഡ്രെയിനേജ് സംവിധാനം, സ്‌റ്റേഷനിലും പാര്‍ക്കിങ് ഗ്രൗണ്ടിലും വൈദ്യുത ദീപമൊരുക്കല്‍, പ്ലാററ്‌ഫോമുകളുടെ നീളം കൂട്ടല്‍, ഫാനുകളും ശുദ്ധജല സംവിധാനവുമൊരുക്കല്‍, ഭക്ഷണശാല, യാത്രക്കാരുടെ സൗകര്യാര്‍ഥമുള്ള വിപണന ശാലകള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുന്നു. നാല് കോടി രൂപയുടെ ഒന്നാംഘട്ട പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.ഘട്ടംഘട്ടമായി നടക്കുന്ന നവീകരണ പ്രവൃത്തികള്‍ ആറുമാസത്തിനകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
ചിറയിന്‍കീഴിന്റെ മുഖഛായ മാറും
റെയില്‍വെ മേല്‍പ്പാലത്തിനൊപ്പം റെയില്‍വെ സ്‌റ്റേഷന്‍ വികസനം കൂടി സാധ്യമാകുന്നതോടെ ചിറയിന്‍കീഴിന്റെ മുഖഛായ മാറുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല-ഹരി.ജി. ശാര്‍ക്കര, ബി.ജെ.പി ചിറയിന്‍കീഴ് മണ്ഡലം പ്രസിഡന്റ്.
വലിയൊരു മേഖലയ്ക്ക് ഉപപകാരപ്രദമാകും
ചിറയിന്‍കീഴ് റെയില്‍വെ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മാറ്റം വരുന്നതോടെ ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകള്‍ക്കുപുറമെ കിളിമാനൂര്‍, വെഞ്ഞാറമൂട് ഉള്‍പ്പെടെയുള്ള മലയോര ഗ്രാമീണ മേഖലയ്ക്കും ഉപകാരപ്രദമാകും.
by liji HP News | Feb 22, 2024 | Latest News, ജില്ലാ വാർത്ത
കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്. പ്രശ്‌നക്കാരായ വന്യമൃഗങ്ങളെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്നും വയനാട്ടില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.
ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ല. കേരളത്തിന് 2022-23 ല്‍ 15.82 കോടി രൂപ നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കേന്ദ്രം 10 ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. വന്യജീവികളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കാകുമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു.
by liji HP News | Feb 22, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടു വയസ്സുകാരിക്ക് DNA പരിശോധന. കുട്ടിക്കൊപ്പം ഉള്ളവർ യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് ഉറപ്പിക്കുന്നതിനാണ് നടപടി. സാമ്പിളുകൾ പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ചു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാനുള്ള ശ്രമവും തുടരും.
ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിനു മുൻപ് കുട്ടിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു. പൊലീസ് ഫോറൻസിക് ലാബിലേക്ക് അയച്ച സാമ്പിൾ ഫലം ലഭിക്കാൻ ഒരാഴ്ചയെടുക്കും. കുട്ടിക്കൊപ്പമുള്ളവർ യഥാർത്ഥ രക്ഷിതാക്കളാണോ എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ രണ്ടു വയസ്സുകാരിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മൊഴിയെടുക്കാനുള്ള ശ്രമം ഇന്നും തുടരും. സംശയമുള്ളവരുടെ ഫോട്ടോ കാണിച്ച ആയിരിക്കും മൊഴി രേഖപ്പെടുത്തുക. അന്വേഷണം കഴിയും വരെ നഗരം വിട്ടുപോകരുതെന്ന് കുഞ്ഞിന്റെ കുടുംബത്തിലെ എല്ലാവരോടും പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
by liji HP News | Feb 22, 2024 | Latest News, ജില്ലാ വാർത്ത
ബാംഗ്ലൂര്‍: ബൈജൂസ് ആപ്പിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് ഔദ്യോഗിക വിശദീകരണം.
സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ബെംഗളുരുവിലെ പ്രസ്റ്റീജ് പാർക്കെന്ന കെട്ടിടത്തിലെ നാല് ലക്ഷം സ്ക്വയർഫീറ്റ് വരുന്ന ഓഫീസ് കഴിഞ്ഞയാഴ്ചയാണ് ബൈജൂസ് ഒഴിഞ്ഞത്. കൊവിഡിന് ശേഷം ബൈജൂസിന്‍റെ ഓഹരി മൂല്യത്തിൽ തുടർച്ചയായി ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയത്. 1.2 ബില്യൺ ഡോളറിന്‍റെ വായ്പാ തുകയുടെ പേരിലും വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി നിയമയുദ്ധത്തിലാണ് ബൈജൂസ്. കഴിഞ്ഞ ഒന്നരവർഷമായി ബൈജു രവീന്ദ്രൻ ദുബായിലും ഡൽഹിയിലുമായി മാറി മാറിയാണ് താമസിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കക്കള്ളി ഇല്ലാതായാൽ ബൈജു രാജ്യം വിട്ടേക്കുമെന്ന സൂചനയുള്ളതിനാലാണ് ഇഡി നോട്ടീസ് പുറപ്പെടുവിച്ചത്.
ഇതിനിടെ, ബൈജു രവീന്ദ്രനെ കമ്പനിയിൽ നിന്ന് നീക്കാനായി നിക്ഷേപകർ അസാധാരണ ജനറൽ ബോഡി മീറ്റിംഗ് നാളെ വിളിച്ചിരിക്കുകയാണ്. ഈ യോഗത്തിലേക്ക് ബൈജു രവീന്ദ്രനെ ക്ഷണിച്ചിട്ടില്ല. ഈ യോഗത്തിനെതിരെ ബൈജു കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ നാളെ ചേരാനിരിക്കുന്ന ഓഹരി ഉടമകളുടെ ജനറൽ ബോഡി യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
by liji HP News | Feb 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപ്പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടപ്പെട്ടു . ബി ജെ പി യും കോൺഗ്രെസ്സും കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. ബി ജെ പി യുടെ 7 അംഗങ്ങളും 5 കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്തയുമുൾപ്പെടെ 13 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.
സി പി എമും സി പി ഐയും വിട്ടുനിന്നു. 20 അംഗ പഞ്ചായത്തിൽ ബി ജെ പി 7, കോൺഗ്രെഡസ് 5, സി പി എം 4, സി പി ഐ 2, സ്വതന്ത്രർ 2 എന്നിങ്ങനെ ആയിരുന്നു കക്ഷി നില. ബ്ലോക്ക് സെക്രട്ടറി സ്റ്റാൻലി ആയിരുന്നു വരണാധികാരി.
2 സ്വാതന്ത്രരിൽ ഒരാളും ഒരു സി പി ഐ അംഗവും അവിശ്വാസ നോട്ടീസിൽ നേരത്തെ ഒപ്പിട്ടിരുന്നു. എൽ ഡി എഫ് ഭരണം നിലവിൽ വന്ന പഞ്ചായത്തിൽ ആദ്യ ടേമിൽ പ്രസിഡന്റ് സ്ഥാനം സി പി എമ്മിനും നും ശേഷം സി പി ഐക്കുമെന്നായിരുന്നു വ്യവസ്ഥ.
വ്യവസ്ഥ പാലിക്കാത്തതിനാൽ സി പി ഐ അംഗം പള്ളിയറ ശശി സ്റ്റാന്റിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കുകയായിരുന്നു
by liji HP News | Feb 22, 2024 | Latest News, ജില്ലാ വാർത്ത
2024ലെ റവന്യൂ പുരസ്കാരത്തിൽ തിളങ്ങി തിരുവനന്തപുരം ജില്ല.
റവന്യൂ, സർവേയും ഭൂരേഖയും വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള പുരസ്കാരത്തിൽ 11 വിഭാഗങ്ങളിലായി 14 പുരസ്കാരങ്ങൾ തലസ്ഥാന ജില്ല സ്വന്തമാക്കി. തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആണ് മികച്ച ജില്ലാ കളക്ടറിനുള്ള പുരസ്കാരം നേടിയത്. തിരുവനന്തപുരം കളക്ടറേറ്റ് മികച്ച കളക്ടറേറ്റായും തിരഞ്ഞെടുക്കപ്പെട്ടു.
2015 ബാച്ച് ഐ എ എസ് ഓഫീസർ ആണ് കോട്ടയം സ്വദേശിയായ ജെറോമിക് ജോർജ്. പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയി തുടക്കം. ഒറ്റപ്പാലം സബ് കളക്ടർ ആയിരുന്നു. 2022 ഓഗസ്റ്റ് 10നാണ് തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതല ഏൽക്കുന്നത്. ജേക്കബ് സഞ്ജയ് ജോൺ (ലാൻഡ് അക്വിസിഷൻ), ഷീജ ബിഗം യു (എൽ. എ. എൻ. എച്ച്) എന്നിവർ മികച്ച ഡെപ്യൂട്ടി കളക്ടർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച തഹസിൽദാർ (ജനറൽ) അരുൺ ജെ.എൽ (നെയ്യാറ്റിൻകര), മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ ഷിഹാനാസ് കെ.എസ്. (എൽ എ ജനറൽ, തിരുവനന്തപുരം) എന്നിവരും പുരസ്‌കാരം നേടി.
സർവ്വേയും ഭൂരേഖയും വകുപ്പിൽ അഞ്ചു പുരസ്കാരങ്ങൾ തിരുവനന്തപുരം ജില്ല നേടി. ദക്ഷിണ മേഖല റീസർവ്വേ സൂപ്രണ്ട് – ശശികുമാർ എസ്( റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), ഹെഡ് സർവേയർ – കൃഷ്ണകുമാരി വി (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), മികച്ച സർവേയർ – സ്മിത എം.എസ് (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), കോൺട്രാക്ട് സർവ്വെയർ – അനൂപ് മോഹനൻ എം (റീ സർവ്വേ സൂപ്രണ്ട് ഓഫീസ്), ഡ്രാഫ്റ്റ്സ്മാൻ -രശ്മി ജി ( അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് സർവ്വേ).
മികച്ച വില്ലേജ് ഓഫീസർ വിഭാഗത്തിൽ ഓരോ ജില്ലയിൽ നിന്നും മൂന്നുപേർക്കാണ് പുരസ്കാരം നൽകുന്നത്. രാജേഷ് പി എസ് (കല്ലറ), ഷഫീഖ് (പെരിങ്ങമല), സുൽഫിക്കർ (കുടവൂർ) എന്നിവർ മികച്ച വില്ലേജ് ഓഫീസർമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 24 വൈകിട്ട് നാലിനു കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
Recent Comments