കഠിനംകുളം എ എസ്ഐയുടെ പണി കഠിനം; പരാതിയുമായി പെണ്‍കുട്ടി

കഠിനംകുളം എ എസ്ഐയുടെ പണി കഠിനം; പരാതിയുമായി പെണ്‍കുട്ടി

തിരുവനന്തപുരം: കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എ എസ് ഐയ്ക്കെതിരെ പരാതിയുമായി പെൺകുട്ടി. തോന്നയ്ക്കൽ സയൻസ് ഫെസ്റ്റിവലിൽ വോളണ്ടിയറായിരുന്ന പെൺകുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ എസ് ഐ അശ്ലീലം പറഞ്ഞുവെന്നാണ് പരാതി. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

കഠിനംകുളം സ്റ്റേഷനിലെ എ എസ് ഐ ഡ്യൂട്ടിക്കിടയിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയോടാണ് അപമര്യാദയായി പെരുമാറിയത്. സയൻസ് ഫെസ്റ്റിവൽ നടക്കുന്ന വേളയിൽ വോളണ്ടിയരായ വിദ്യാർത്ഥിനിക്ക് ഇയാൾ നമ്പർ നൽകിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നമ്പർ എഎസ്ഐയും വാങ്ങി. പിന്നീട് ഫോണിലേക്ക് നിരന്തരമായി ഇയാളുടെ വിളിയെത്തി.

ഫോൺ കട്ട് ചെയ്തിട്ടും വീഡിയോ കോൾ വഴിയും വിളിച്ചു. എന്നാൽ തന്നെ ഇനി വിളിക്കരുതെന്ന് പോലീസുകാരനോട് പെൺകുട്ടി ആവശ്യപ്പെട്ടെങ്കിലും ഭീഷണിയായിരുന്നു മറുപടി. കൂടുതൽ വിദ്യാർത്ഥികൾ പോലീസുകാരനെതിരെ തിരിഞ്ഞതോടെ പ്രശ്നം വഷളാകുമെന്ന് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ പരാതി നേരത്തെയും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത്. പരാതിയിന്മേൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പരിശോധനയ്ക്കിടെ ഉദ്യോഗാർത്ഥി ഇറങ്ങിയോടി; പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം

പരിശോധനയ്ക്കിടെ ഉദ്യോഗാർത്ഥി ഇറങ്ങിയോടി; പിഎസ്‌സി പരീക്ഷയില്‍ ആള്‍മാറാട്ടത്തിന് ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പി.എസ്.സി.പരീക്ഷയിൽ ആള്‍മാറാട്ടത്തിന് ശ്രമം. പി.എസ്.സി.അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആള്‍മാറാട്ടം നടത്തിയ ആൾ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. പൊലിസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂളിലാണ് സംഭവം. യൂണിവേഴ്‌സിറ്റി എല്‍ജിഎസ് പരീക്ഷയ്‌ക്കെത്തിയ ആളാണ് ഇറങ്ങി ഓടിയത്. പരീക്ഷാഹാളില്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പരീക്ഷക്കെത്തിയ ആള്‍ ഇറങ്ങി ഓടിയത്.

ഓടിയ ആളെ പിടികൂടാനായില്ല. സംഭവത്തിന് പിന്നാലെ അധികൃതര്‍ ആള്‍മാറാട്ടമെന്ന് സംശയിക്കുന്നതായി കാണിച്ച് പൂജപ്പുര പൊലീസില്‍ പരാതി നല്‍കി. പരീക്ഷ ഹാളിൽ നിന്നും മതിൽ വഴിചാടിയാണ് ആള്‍മാറാട്ടം നടത്തിയാള്‍ രക്ഷപ്പെട്ടത്. അടുത്തിടെയാണ് പിഎസ് സി ബയോമെട്രിക് പരിശോധന തുടങ്ങിയത്. പുറത്തേക്ക് കടന്നയാളിനെ ബൈക്കിലെത്തിയ ഒരാള്‍ കൊണ്ടുപോയെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മലയോര ഹൈവേ കാർഷിക – വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

മലയോര ഹൈവേ കാർഷിക – വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

എള്ളുവിള- കോട്ടുകോണം- നാറാണി-തൃപ്പലവൂര്‍, മഞ്ചവിളാകം – കോട്ടയ്ക്കല്‍ റോഡുകളുടെയും മലയോര ഹൈവേയുടെ കുടപ്പനമൂട് – വാഴിച്ചല്‍ റീച്ചിന്റെയും നിര്‍മാണം തുടങ്ങി

സംസ്ഥാനത്തെ കാർഷിക – വിനോദ സഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിയാണ് മലയോര ഹൈവേയെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പാറശാല മണ്ഡലത്തിലെ എള്ളുവിള- കോട്ടുകോണം- നാറാണി-തൃപ്പലവൂര്‍, മഞ്ചവിളാകം കോട്ടയ്ക്കല്‍ റോഡുകളുടെയും മലയോര ഹൈവേയുടെ കുടപ്പനമൂട് – വാഴിച്ചല്‍ റീച്ചിന്റെയും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

1200 കിലോമീറ്റർ നീളത്തിൽ 13 ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേ ഇന്ത്യയിൽ തന്നെ ആദ്യമായാണ് . തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ദേശീയപാതയുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകും. സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. എന്നാൽ ഇതൊന്നും കേരളത്തിലെ ചില മാധ്യമങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നില്ല. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കുപ്രചാരണങ്ങൾക്കാണ് ചില മാധ്യമങ്ങൾക്ക് താത്പര്യം. ഈ സാഹചര്യത്തിൽ നാട്ടുകാർ സർക്കാരിന്റെ പ്രചാരകരാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കുന്നത്തുകാല്‍, പെരുങ്കടവിള, കൊല്ലയില്‍ ഗ്രാമപഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡുകളായ എള്ളുവിള – കോട്ടുകോണം – നാറാണി-തൃപ്പലവൂര്‍, മഞ്ചവിളാകം – കോട്ടയ്ക്കല്‍ റോഡുകള്‍ ബി.എം & ബി.സി നിലവാരത്തില്‍ നവീകരിക്കുന്നതിനായി സി.കെ ഹരീന്ദ്രന്‍ എം.എല്‍.എയുടെ ഇടപെടലിലൂടെ 2023-24 വര്‍ഷത്തെ ബഡ്ജറ്റില്‍ ഒമ്പത് കോടി രൂപ അനുവദിച്ചിരുന്നു.

എള്ളുവിള ജംഗ്ഷനിൽ നിന്നും ആരംഭിച്ച് നാറാണി വഴി തൃപ്പലവൂരിൽ എത്തുന്ന 4.6 കിലോമീറ്റർ ദൂരം 5.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ റോഡ് ഉയർത്തുന്നതിനും ആവശ്യമായ സ്ഥലങ്ങളിൽ ഓട,കലുങ്ക്, സംരക്ഷണഭിത്തി എന്നിവ നിർമിക്കുന്നതിനുമായി ആറ് കോടി രൂപയാണ് ചെലവിടുന്നത്. ചാ‌യ്ക്കോട്ട്കോണം – കുന്നത്തുകാൽ റോഡിൽ മഞ്ചവിളാകത്തു നിന്നും ആരംഭിച്ച് മാരായമുട്ടം – പാലിയോട്റോഡിൽ കോട്ടക്കലിൽ അവസാനിക്കുന്ന മഞ്ചവിളാകം – കോട്ടയ്ക്കല്‍ റോഡിന് 2.6 കിലോമീറ്റർ ദൈർഘ്യമുണ്ട്. നിലവിലുള്ള റോഡിനെ വീതി കൂട്ടി ബി.എം & ബി.സി ചെയ്യുന്നതിനും അനുബന്ധ പ്രവർത്തികൾക്കുമായി മൂന്ന് കോടി രൂപയാണ് ചെലവ്.

ജില്ലയിൽ ആദ്യമായി പെണ്ണിടം പദ്ധതി ആരംഭിച്ചു

ജില്ലയിൽ ആദ്യമായി പെണ്ണിടം പദ്ധതി ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിൽ ആദ്യമായി ഒറ്റൂർ ഗ്രാമ പഞ്ചായത്തിൽ പെണ്ണിടം പദ്ധതി ആരംഭിച്ചു. എംഎ ൽഎ ഒഎസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വി ജോയി എംഎൽഎ വിശിഷ്‌ട വ്യക്തികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ബീന അധ്യക്ഷയായി. സ്ത്രീ സൗഹ്യദ പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും തൊഴിലും സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണ് പെണ്ണിടം.

തൊഴിൽ പരിശീലനം, വായനഇടം, വിനോദ ഇടം, അത്യാവശ്യം താമസിക്കുന്നതിനുള്ള സൗകര്യം മുതലായവ പെണ്ണിടത്തിൽ ഒരുക്കിയിട്ടുണ്ട്. ഒറ്റൂർ പഞ്ചായത്തിൽ ജനിച്ചു സർക്കാർ സ്കൂളുകളിൽ പഠിച്ച് ഉന്നത പദവികളിൽ എത്തിച്ചേർന്ന വിശിഷ്ട വ്യക്തികളെ വി ജോയി എംഎൽഎ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു.

ഐഎസ്ആർഒ എൻജിനിയർ കൃഷ്ണകുമാർ, എയർ ഇന്ത്യ പൈലറ്റ് പ്രസിജ ജയപ്രകാശ്, ഇന്ത്യൻ വനിതാ വോളിബോൾ മുൻക്യാപ്റ്റൻ അശ്വനി എസ് കുമാർ എന്നിവർ പഞ്ചായത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് എൻ ജയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി, പഞ്ചായത്തിലെ സ്ഥിരംസമിതി അംഗങ്ങളായ ഒലിജ, വി സത്യബാബു, ഡി രാഗിണി, മെമ്പർമാരായ ലളിതാംബിക, ഷാൻ, ഷിബി അസിസ്റ്റന്റ്റ് സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളും ഹരിതകർമ സേനാംഗങ്ങളും അങ്കണവാടി ജീവനക്കാരും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

വർക്കല സർക്കാർ നാച്ചുറോപ്പതി ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

വർക്കല സർക്കാർ നാച്ചുറോപ്പതി ആശുപത്രിയിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം

വർക്കല സർക്കാർ യോഗ ആൻഡ് നാച്ചുറോപ്പതിക്ക് ആശുപത്രിയിൽ വിവിധ സൗകര്യങ്ങളോടെ നിർമ്മാണം ആരംഭിക്കുന്ന മൂന്ന് ബ്ലോക്കുകൾക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് തറക്കല്ലിട്ടു. 99 ലക്ഷം രൂപ ചെലവിൽ വി. ജോയ് എംഎൽഎയുടെ ഫണ്ടിൽ നിന്നും ചെലവഴിച്ച് പുതിയ റിസപ്ഷൻ ബ്ലോക്ക്, നാഷണൽ ആയുഷ് മിഷൻ അപ്ഗ്രേഷൻ ഫണ്ടിൽ നിന്നും 66.47 ലക്ഷം രൂപ ചെലവിൽ അപ്ഗ്രേഡേഷൻ ബ്ലോക്ക്, നാഷണൽ ആയുഷ്മിഷൻ ഫണ്ടിൽ നിന്നും 15 കോടി രൂപ ചെലവഴിച്ച് 50 ബെഡ് സൗകര്യമുള്ള ആശുപത്രി ബ്ലോക്ക്, യോഗ ഹാൾ, മറ്റു സൗകര്യങ്ങൾ എന്നിവയുമാണ് നിർമ്മിക്കുന്നത്.

ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ വി. ജോയ് എംഎൽഎ, മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, മറ്റു ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, സംസ്ഥാന ആയുഷ് മിഷൻ ഡയറക്ടർ ഡി. സജിത്ത് ബാബു, ആരോഗ്യവകുപ്പ് ഡയറക്ടർ റീന കെ. ജെ, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ ഗെയിംസ് ഫെസ്റ്റിവെല്ലിൽ പങ്കെടുക്കുന്ന ടീം അംഗങ്ങൾക്കുള്ള ജേഴ്‌സി വിതരണം നടന്നു

ജില്ലാ ഗെയിംസ് ഫെസ്റ്റിവെല്ലിൽ പങ്കെടുക്കുന്ന ടീം അംഗങ്ങൾക്കുള്ള ജേഴ്‌സി വിതരണം നടന്നു

ആറ്റിങ്ങൽ: ജില്ലാ ഗെയിംസ് ഫെസ്റ്റിവെല്ലിൽ പങ്കെടുക്കുന്ന കബഡി, വോളി ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ അംഗങ്ങൾക്കായുള്ള ജേഴ്സി വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ അവനവഞ്ചേരി രാജു, നജാം, ഷീജ, ഗിരിജ കുമാരി, രമ്യ മറ്റു കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.