ടി പി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്

ടി പി രാമകൃഷ്ണന്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ്

തിരുവനന്തപുരം: സിപിഐഎം സെക്രട്ടേറിയറ്റ് അംഗമായ ടിപി രാമകൃഷ്ണനെ സിഐടിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റതാണ് തീരുമാനം. ആനനത്തലവട്ടം ആനന്ദന്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ ടിപി രാമകൃഷ്ണനെ തെരഞ്ഞെടുത്തത്.

ഏകകണ്ഠമായാണ് തീരുമാനമെന്ന് സിഐടിയു നേതാക്കള്‍ അറിയിച്ചു. എളമരം കരീമാണ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ടിപി രാമകൃഷ്ണന്റെ പേര് നിര്‍ദേശിച്ചത്. ജെ മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എളമരം കരീമാണ് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി.

പ്രാർഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ഓൾ’; നന്ദി പറഞ്ഞ് ആറുവയസ്സുകാരി

പ്രാർഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ഓൾ’; നന്ദി പറഞ്ഞ് ആറുവയസ്സുകാരി

കൊല്ലം: തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരി. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് ആറുവയസ്സുകാരി എല്ലാവർക്കും നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി, ലവ് യു ആൾ എന്ന് കുട്ടി വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അക്രമികൾ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്.

പണം ആവശ്യപ്പെട്ടാണ് അബി​ഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികൾ കുഞ്ഞിനെ ഉപേക്ഷിച്ചത്. കേരളമാകെ കുട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടെയാണ് കുഞ്ഞിനെ കണ്ടുകിട്ടിയത്.

കഴിഞ്ഞ ദിവസം പൊലീസിന്റെ കസ്റ്റഡിയിലായ ശേഷം കുട്ടി വീഡിയോ കാളില്‍ അമ്മയെയും സഹോദരനെയും മറ്റു ബന്ധുക്കളെയും കണ്ടു. വീട്ടില്‍ മധുരം വിതരണം ചെയ്താണ് ബന്ധുക്കളും നാട്ടുകാരും സന്തോഷ വാര്‍ത്തയെ സ്വീകരിച്ചത്. എ.ആര്‍ ക്യാമ്പിലെത്തിയ അമ്മ സിജി കുഞ്ഞിനെ വാരിപുണരുന്ന കാഴ്ച അവിടെയുണ്ടായിരുന്നവരുടെ കണ്ണുനയിച്ചു. അച്ഛന്‍റെയും അമ്മയുടെയും സഹോദരന്‍റെയും സ്നേഹത്തണലില്‍ കുട്ടി ആശുപത്രിയിലേക്ക് പുറപ്പെട്ടു.

വൈകിട്ട് ആറെ കാലോടെയാണ് എ.ആര്‍ ക്യാമ്പില്‍നിന്ന് കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് പോയത്. എ.ആര്‍ ക്യാമ്പില്‍നിന്ന് വാഹനത്തിലിറങ്ങിയ അബിഗേലിനെയും കുടുംബത്തെയും ഹര്‍ഷാരവത്തോടെയാണ് ജനം യാത്രയാക്കിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. അമ്മ കൊണ്ടുവന്ന പിങ്ക് നിറത്തിലുള്ള ഉടുപ്പിട്ട് കളിച്ചിരിയോടെ ആശുപത്രി മുറിയിലിരിക്കുന്ന കുട്ടിയുടെ ഫോട്ടോയും പിന്നാലെ പുറത്തുവന്നു.

വിസി നിയമനം ഗവര്‍ണറുടെ ഉത്തരവാദിത്വം, വിവേചനാധികാരം ഉപയോഗിച്ചു ചെയ്യണം: മന്ത്രി ആര്‍ ബിന്ദു

വിസി നിയമനം ഗവര്‍ണറുടെ ഉത്തരവാദിത്വം, വിവേചനാധികാരം ഉപയോഗിച്ചു ചെയ്യണം: മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറുടെ ഉത്തരവാദിത്വമെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് അതു ചെയ്യേണ്ടതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സര്‍ക്കാര്‍ എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഒരു പ്രൊപ്പോസല്‍ മുന്നോട്ടുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലാ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എന്തു തന്നെയായായാലും പരമോന്നത നീതിപീഠമായ സുപ്രീം കോടതി പറയുന്നത് അംഗീകരിക്കും. വിധി കിട്ടിയ ശേഷം വിശദ പ്രതികരണം നടത്താമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാന ജു-ജിത്സു ചാംപ്യൻഷിപ്പ്: പ്രൊഫിഷ്യന്റ്‌ അക്കാഡമിക്ക് ഉജ്ജ്വല വിജയം

സംസ്ഥാന ജു-ജിത്സു ചാംപ്യൻഷിപ്പ്: പ്രൊഫിഷ്യന്റ്‌ അക്കാഡമിക്ക് ഉജ്ജ്വല വിജയം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന നാലാമത് സംസ്ഥാന ജു-ജുത്സു ചാമ്പ്യൻഷിപ്പിൽ പ്രൊഫിഷ്യന്റ്‌ അക്കാഡമിയിലെ താരങ്ങൾ മെഡലുകൾ വാരിക്കൂട്ടി. അക്കാഡമിയിൽ നിന്നും പങ്കെടുത്ത എല്ലാ താരങ്ങളും ജേതാക്കളായി. വിവിധയിനങ്ങളിലായി 7 സ്വർണ്ണം, 7 വെള്ളി, 5 വെങ്കലം എന്നിങ്ങനെ മൊത്തം 19 മെഡലുകൾ അക്കാദമിയിലെ താരങ്ങൾ സ്വന്തമാക്കി.

വിജയികൾ വരുന്ന ഫെബ്രുവരിയിൽ ഡൽഹിയിൽ വെച്ച് നടക്കുന്ന ദേശീയ ജു-ജിത്സു ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. അക്കാദമിയുടെ നേട്ടത്തെ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ ലത്തീഫ് പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും ജിംനാസ്റ്റിക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ യൂ. തിലകൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയും ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പറുമായ പി. ഋഷികേശ് കുമാർ തുടങ്ങിയവർ ജേതാക്കൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.

കേരളത്തിലെ പ്രമുഖ അയോധനകലാ പരിശീലന കേന്ദ്രമായ പ്രൊഫിഷ്യന്റ്‌ മാർഷ്യൽ ആർട്സ് അക്കാഡമി കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ആയോധനകലകൾ പരിശീലിപ്പിക്കുന്നുണ്ട്. ജപ്പാൻ ആയോധനകലയായ ജു-ജിത്സു ഏഷ്യൻ ഗെയിംസിലെ മത്സരയിനം കൂടിയാണ്.

സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം നടന്നു

സ്കൗട്ട് യൂണിറ്റ് ഉദ്ഘാടനം നടന്നു

തോന്നക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ കേരളഭാരത് സ്കൗട്ട് യൂണിറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ തോന്നക്കൽ രവി നിർവഹിച്ചു. ജില്ലാ ട്രെയിനിങ് കമ്മീഷണർ സ്കൗട്ട് ഹരികുമാർ പദ്ധതി വിശദീകരണം നൽകി. പിടിഎ പ്രസിഡന്റ് ഇ .നസീർ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജെസ്സി ജലാൽ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ തോന്നക്കൽ രാജേന്ദ്രൻ, ഹെഡ്മാസ്റ്റർ സുജിത്ത്.എസ്, സ്കൗട്ട് ജില്ലാ സെക്രട്ടറി ജോളി എസ് കെ, സ്കൗട്ട് ജില്ലാവൈസ് പ്രസിഡന്റ് ഡി രാജഗോപാലൻ, സീനിയർ അസിസ്റ്റന്റ് ഷെഫീക്ക് എ എം, സ്റ്റാഫ് സെക്രട്ടറിമാരായ ജാസ്മിൻ എച്ച് .എ, റഹീം എ, എസ് എം സി അംഗം വിനയ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ യൂണിറ്റ് സ്കൗട്ട് മാസ്റ്റർ കുമാരി ഗൗരി കൃഷ്ണ. ബി യോഗത്തിന് നന്ദി അറിയിച്ചു.

വെള്ളം കൊള്ളിയും പരിസരവും ഇനി വെള്ളി വെളിച്ചത്തില്‍

വെള്ളം കൊള്ളിയും പരിസരവും ഇനി വെള്ളി വെളിച്ചത്തില്‍

ന​ഗരൂർ പഞ്ചായത്തിലെ വെള്ളം കൊള്ളി ജം​ഗ്ഷനിൽ ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിച്ചു.
ഒ എസ് അംബിക എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിച്ചത്. ദക്ഷിണ കൈലാസം എന്ന പേരിൽ അറിയപ്പെടുന്ന ആയിര വില്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ ജം​ഗ്ഷനിൽ ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു. ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം ഒ എസ് അംബിക എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി.