രഞ്ജിത്ത് മെമ്മോറിയൽ കരിയർ ഡെവലപ്മെന്റ് സെന്റർ ഉദ് ഘാടനം ചെയ്ത് എം എൽ എ

രഞ്ജിത്ത് മെമ്മോറിയൽ കരിയർ ഡെവലപ്മെന്റ് സെന്റർ ഉദ് ഘാടനം ചെയ്ത് എം എൽ എ

ആറ്റിങ്ങൽ കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ എൽ എം എസ് ജംഗ്ഷൻ കേന്ദ്രമായി ആരംഭിച്ച രഞ്ജിത്ത് മെമ്മോറിയൽ കരിയർ ഡെവലപ്മെന്റ് സെന്റർ എന്ന സൗജന്യ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക നിർവ്വഹിച്ചു. 2023 മെയ് മാസത്തിൽ കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ ഉണ്ടായ അഗ്നിബാധ തടയുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട കേരള ഫയർ ആന്റ് റെസ്ക്യൂ സർവ്വീസസ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ സെന്റർ ആരംഭിച്ചത്.

ആറ്റിങ്ങൽ ഫയർഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്ന രഞ്ജിത്ത് നിസ്വാർത്ഥനും സേവന തത്പരനുമായിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇന്നത്തെ യുവാക്കൾ അദ്ദേഹത്തെ മാതൃകയാക്കണമെന്നും ഒ എസ് അംബിക തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഇത്തരമൊരു സേവന സംരംഭം ആരംഭിച്ച കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷനെ എം എൽ എ ഹൃദയപൂർവ്വം അഭിനന്ദിച്ചു.

ആറ്റിങ്ങൽ നഗരസഭാ ചെയർ പേഴ്സൺ അഡ്വ.എസ് കുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷ്ണപുരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. വേണു കുമാര്‍ സ്വാഗതം പറഞ്ഞു. അമര്‍ ഹോസ്പിറ്റലിന്റെ ഡയറക്ടർ ഡോ പി രാധാകൃഷ്ണന്‍ നായർ, വാര്‍ഡ് മെമ്പര്‍ മാരായ ശാന്ത കുമാരി, സുജി അസോസിയേഷന്‍, സെക്രട്ടറി രഞ്ജിത്ത്, അജന്തൻ നായർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജാകുമാരി എന്നിവര്‍ സംസാരിച്ചു. തുടർന്ന്, പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കർ വേണു പരമേശ്വർ മോട്ടിവേഷൻ ക്ലാസ് നയിച്ചു

തിരുവനന്തപുരം നഗരത്തിലെ ശേഷിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി

തിരുവനന്തപുരം നഗരത്തിലെ ശേഷിക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി

നഗരത്തിലെ വെള്ളയമ്പലം ജംഗ്ഷനിലേതടക്കമുള്ള വെള്ളക്കെട്ട് നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളയമ്പലം -ശാസ്തമംഗലം റോഡ്, കവടിയാര്‍ റോഡ്, വെള്ളയമ്പലം വഴുതക്കാട് റോഡ് എന്നിവിടങ്ങളില്‍ അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പേരൂര്‍ക്കട ജംഗ്ഷനിലെ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് കല്ലുകള്‍ സ്ഥാപിച്ചത് സംബന്ധിച്ച അവ്യക്തമാറ്റണമെന്ന് വി.കെ പ്രശാന്ത് എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

സിവില്‍ സ്റ്റേഷന്‍ ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി കുടപ്പനക്കുന്നിലെ പ്രവേശന കവാടത്തിന്റെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. സിവില്‍ സ്‌റ്റേഷനിലേക്കുള്ള റോഡില്‍ രാവിലെയുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പ്രവേശന കവാടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. കുണ്ടമന്‍കടവ് പമ്പ് ഹൗസിന് സമീപമുള്ള തോടിന്റെ സംരക്ഷണഭിത്തിയുടെ പണി പൂര്‍ത്തിയാക്കിയതായി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.
പൊന്മുടി പാതയിലെ ചുള്ളിമാനൂര്‍ – തൊളിക്കോട് റോഡിന്റെ നിര്‍മാണം കൂടുതല്‍ വേഗത്തിലാക്കാന്‍ ജി സ്റ്റീഫന്‍ എം.എല്‍.എ നിര്‍ദ്ദേശിച്ചു.

വിതുര താലൂക്ക് ആശുപത്രിയും, നെടുമങ്ങാട് ജില്ലാ ആശുപത്രിയും ചേര്‍ന്ന് ബോണക്കാട് എസ്റ്റേറ്റില്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് മികച്ചതായിരുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ട ബോണക്കാട് സ്‌റ്റേ ബസ് അടിയന്തരമായി സര്‍വീസ് ആരംഭിച്ചത് അഭിനന്ദനാര്‍ഹമാണ്. നിരന്തരം അപകടമുണ്ടാകുന്ന കല്ലാറില്‍ മുന്‍കരുതല്‍ സ്വീകരിക്കാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തുടര്‍ നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ബാലരാമപുരം വഴിമുക്ക് റോഡ് വികസനം വേഗത്തിലാക്കണമെന്ന് എം. വിന്‍സെന്റ് എം. എല്‍. എ ആവശ്യപ്പെട്ടു.

കാപ്പില്‍, വര്‍ക്കല ഹെലിപ്പാഡ് എന്നിവിടങ്ങളില്‍ തെരുവുവിളക്കുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ആര്യശാല റോഡിലെ വെള്ളക്കെട്ട് മാറ്റി അറ്റകുറ്റപ്പണികള്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. നഗരൂര്‍ – പുളിമാത്ത് – കാരേറ്റ് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും വലിയതുറ കടല്‍പ്പാലത്തിന്റെ പുനര്‍നിര്‍മിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മാണ പുരോഗതിയും വിവിധ പദ്ധതികളും യോഗം വിലയിരുത്തി.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ ജി.സ്റ്റീഫന്‍, എം.വിന്‍സെന്റ്, വി.കെ പ്രശാന്ത്, എ.ഡി.എം അനില്‍ ജോസ്.ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ് ബിജു, എം.പിമാരുടെയും എം.എല്‍.എമാരുടെയും പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ആറ്റിങ്ങലിൽ പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്; മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്ന് സ്കൂൾ അധികൃതർ

ആറ്റിങ്ങലിൽ പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്; മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്ന് സ്കൂൾ അധികൃതർ

തിരുവനന്തപുരത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂൾ മീറ്റ്. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കുട്ടികളെ മഴ നനയിച്ച് സ്കൂൾ മീറ്റ് നടത്തുന്നു. കിളിമാനൂർ ഉപജില്ലാ സ്കൂൾ മീറ്റാണ് പെരുമഴയത്തും തുടരുന്നത്. കാട്ടാക്കട സബ്‌ജില്ലാ സ്കൂൾ മീറ്റിലും സമാന സ്ഥിതിയാണ്. ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവയ്ക്കാതെ അധികൃതർ. ഇന്നത്തെ മത്സരം മാറ്റിവെച്ചാൽ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികൾ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിർന്നാണ് ഓടിയത്.

200 ലധികം കുട്ടികളാണ് അത്ലറ്റിക് മീറ്റിനെത്തിയത്. ഒന്നൊഴിയാതെ എല്ലാവരും മഴയത്ത് നനഞ്ഞു. നല്ല തണുപ്പും കുട്ടികൾക്ക് അനുഭവപ്പെട്ടു. കനത്ത മഴ രാവിലെ മുതൽ പെയ്തിട്ടും കുട്ടികൾ നനഞ്ഞ് വിറച്ച് നിൽക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാൻ തയ്യാറായില്ല.
തിരുവനന്തപുരം ജില്ലയിൽ. ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെല്ലാം കാട്ടാക്കടയിൽ മഴയത്താണ് നിൽക്കുന്നത്. രാവിലെ മുതൽ 400 മീറ്റർ, 1500 മീറ്റർ, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നിൽക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും വീണ്ടും മത്സരം നടത്തുകയാണ്. ഇന്നും നാളെയുമായാണ് അത്ലറ്റിക് മീറ്റ് നടക്കുന്നത്.

കാട്ടാക്കടയിൽ കത്തെഴുതി വച്ച് വീട് വിട്ടിറങ്ങിയ എട്ടാം ക്ലാസുകാരനെ കണ്ടെത്തി

കാട്ടാക്കടയിൽ കത്തെഴുതി വച്ച് വീട് വിട്ടിറങ്ങിയ എട്ടാം ക്ലാസുകാരനെ കണ്ടെത്തി

കാട്ടാക്കട: വീടുവിട്ട 13കാരനെ കണ്ടെത്തി. കള്ളിക്കാട് നിന്ന് കാട്ടാക്കടയിലേക്കുള്ള ബസിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാട്ടാക്കട ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്റെ മകൻ ഗോവിന്ദ് ആണ് രാവിലെ കത്തെഴുതി വച്ച ശേഷം വീടുവിട്ടിറങ്ങിയത്.

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍: ജില്ലാ കലക്ടര്‍ക്ക് ചുമതല

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍: ജില്ലാ കലക്ടര്‍ക്ക് ചുമതല

തിരുവനന്തപുരം: ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇടുക്കി ജില്ലാകലക്ടര്‍ക്കാണ് ദൗത്യസംഘത്തിന്റെ മുഖ്യ ചുമതല. സിപിഎം ജില്ലാ ഘടകത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് പുതിയ ദൗത്യ സംഘം രൂപീകരിച്ചത്. ജില്ലാ കലക്ടര്‍, ആര്‍ഡിഒ, കാര്‍ഡമം അസിസ്റ്റന്റ് കലക്ടര്‍ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെയാണ് റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ പ്രതിവാര പ്രവര്‍ത്തനങ്ങള്‍ റവന്യൂ കമ്മീഷണറേറ്റ് വിലയിരുത്തും. ഇതിനായി റവന്യൂ വകുപ്പിലെ ജോയിന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി. രജിസ്‌ട്രേഷന്‍ വകുപ്പ് ദൗത്യ സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണം.

ജില്ലാ പൊലീസ് മേധാവി ആവശ്യമായ പൊലീസ് സഹായങ്ങള്‍ ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനത്തിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും, എന്നാല്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.

‘അമ്മ, അച്ഛ… ഞാന്‍ പോകുന്നു’; കത്ത് എഴുതി വെച്ച ശേഷം പതിമൂന്നുകാരന്‍ വീടുവിട്ടുപോയി

‘അമ്മ, അച്ഛ… ഞാന്‍ പോകുന്നു’; കത്ത് എഴുതി വെച്ച ശേഷം പതിമൂന്നുകാരന്‍ വീടുവിട്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കത്ത് എഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടുപോയി. ആനക്കോട് സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്. കുട്ടി കാട്ടക്കടയില്‍ നിന്നും ബാലരാമപുരത്തേക്ക് പോയതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്.

ഇന്നു രാവിലെയാണ് സംഭവം. രാവിലെ കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് കത്തു ലഭിക്കുന്നത്. അമ്മ, അച്ഛന്‍ ഞാന്‍ പോകുന്നു. എന്റെ കളര്‍ സെറ്റ് എട്ട് എയിലെ ആദിത്യന് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ന്ന് കാട്ടാക്കട പൊലീസില്‍ വീട്ടുകാര്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാവിലെ 5.30 ന് കുട ചൂടി ബാഗുമായി പോകുന്ന കുട്ടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. കാട്ടാക്കടയില്‍ നിന്നും വിഴിഞ്ഞം ബസില്‍ കയറി പോയതായാണ് വിവരം ലഭിച്ചത്.

കുട്ടി വീടുവിട്ടിറങ്ങാന്‍ മതിയായ കാരണങ്ങളൊന്നും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. കുട്ടിയെ കണ്ടെത്തിയാല്‍ വിവരം അറിയിക്കണമെന്ന് പൊലീസ് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും വിവരം കൈമാറിയിരുന്നു.