അവനവഞ്ചേരിയിൽ ജമന്തിപ്പൂ വസന്തം അവസാനിക്കുന്നില്ല

അവനവഞ്ചേരിയിൽ ജമന്തിപ്പൂ വസന്തം അവസാനിക്കുന്നില്ല

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ചാരംഭിച്ച ജമന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഓണം കഴിഞ്ഞും തുടരുന്നു. അവനവഞ്ചേരി മാമ്പഴ ക്കോണം ദേവിക്ഷേത്രത്തിന് സമീപം എ.കെ.ജി. നഗർ റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ചാണ് ഓണത്തോടനുബന്ധിച്ച് ജമന്തിപ്പൂ കൃഷി ആരംഭിച്ചത്. പൂവ് നിറഞ്ഞ പൂന്തോട്ടം എല്ലാവരുടേയും ശ്രദ്ധ ആകർഷിക്കുന്നതാണ്. കേഡറ്റുകൾ ഇപ്പോഴും ചെടികളുടെ പരിചരണത്തിലാണ്. ഇതോടൊപ്പം ഫലവൃക്ഷങ്ങളുടേയും ഔഷധസസ്യങ്ങളുടേയും തോട്ടവും കേഡറ്റുകൾ പരിപാലിച്ചു വരുന്നു.

ക്വിസ് മത്സരം സംഘടിപ്പിയ്ക്കുന്നു

ക്വിസ് മത്സരം സംഘടിപ്പിയ്ക്കുന്നു

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാം അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് നവംബർ 02, 03, 04 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് ഹൈസ്കൂൾ- ഹയർസെക്കൻഡറി തലം, കോളജ് തലം, പൊതുജനങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളിലായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും klibf.niyamasabha.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും മാനവ മൈത്രി സമ്മേളനവും നാളെ

കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും മാനവ മൈത്രി സമ്മേളനവും നാളെ

ചിറയിൻകീഴ് താലൂക്ക്‌ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും മാനവ മൈത്രി സമ്മേളനവും സംഘടിപ്പിക്കുന്നു. ആലംകോട് ജംഗ്ഷനിൽ നാളെ വൈകുന്നേരം 4 മണിക്ക് നടക്കുന്ന മാനവമൈത്രി നബിദിന സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. അടൂർ പ്രകാശ് എംപി, കെ മുരളീധരൻ എംപി , അഡ്വ. ബി സത്യൻ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

ആലംകോട് ദാറുൽ ഇർഷാദ് പത്താം വാർഷികാഘോഷം പത്ത് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരവൃക്ഷത്തൈ നട്ടു

ആലംകോട് ദാറുൽ ഇർഷാദ് പത്താം വാർഷികാഘോഷം പത്ത് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കേരവൃക്ഷത്തൈ നട്ടു

ആലംകോട്: തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി പത്ത് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അത്യുൽപാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വച്ച് പിടിപ്പിച്ചു. രാവിലെ 9 മണിക്ക് ലവ് ഡെയിൽ സ്ക്കൂളിൽ നടന്ന ചടങ്ങിൽ ഷെമീർ ദാരിമി കൊല്ലം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് മെംബർ ജയന്തിയും പ്രിൻസിപ്പലും ചേർന്ന്, സ്കൂൾ കോമ്പൗണ്ടിൽ തെങ്ങിൻ തൈ നട്ടു.

തെഞ്ചേരിക്കോണം പി ടി എം സ്ക്കൂളിൽ മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.നഹാസും വൈസ് പ്രസി. ലിസി വി തമ്പിയും ചേർന്ന് തൈ നട്ടു. കരവാരം ഹയർ സെക്കന്ററി സ്കൂളിൽ മാനേജർ സുരേഷ് കുമാറും പാലാംകോണം മുനീറുൽ ഇസ്ലാം മദ്റസ അങ്കണത്തിൽ ജമാഅത്ത് പ്രസി. രാജകുമാരി വാഹിദും തൈ നട്ടു. കവലയൂർ മദ്രസ്സയിൽ ജമാഅത്ത് സെക്രട്ടറി അബ്ദുൽ സലാം സാഹിബ് നിർവ്വഹിച്ചു. ഇടവ മുസ്ലീം ഹയർ സെക്കന്ററി സ്കൂൾ വളപ്പിൽ സ്ക്കൂൾ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജലജയും നടയറ ഹൈസ്ക്കൂളിൽ ഹെഡ്മിസ്ട്രസ് സുജയും തെങ്ങ് നടീലിന് നേതൃത്വം നൽകി.

വർക്കല മന്നാനിയ യൂണിവേഴ്സിറ്റി അങ്കണത്തിൽ മാനേജർ ചക്കമല ഷംസുദീൻ മന്നാനിയും ശിവഗിരി ഹയർ സെക്കണ്ടറി സ്കൂൾ വളപ്പിൽ പ്രിൻസിപ്പൽ കവിത ടീച്ചറും നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിനിധികളും എൻ എസ് എസ് വോളണ്ടീയർമാരും ദാറുൽ ഇർഷാദ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരവുമായി ബന്ധപ്പെട്ട് നാളെ പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ കോവളം – കഴക്കൂട്ടം ബൈപ്പാസിൽ കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം വരെയുള്ള റോഡിലും, റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സന്നദ്ധ സംഘടനയായ യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററാണ്, സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതകള്‍ വിളിച്ചോതുന്ന ‘കോവളം മാരത്തോൺ’ സംഘടിപ്പിക്കുന്നത്.

കോവളം – ചാക്ക ബൈപ്പാസ് റോഡിലെ പടിഞ്ഞാറുവശം പാതയിൽ വെളുപ്പിന് 2.00 മണി മുതൽ രാവിലെ 10.00 മണിവരെ ഗതാഗതം അനുവദിക്കുന്നതല്ല. കോവളം ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കോവളം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക – കോവളം ബൈപ്പാസ് റോഡിലൂടെ എതിർദിശയിലേക്ക് പോകണം. ചാക്ക – കോവളം റോഡിൽ കിഴക്കു വശം പാതയിൽ ഇരു ദിശയിലേക്കും ഗതാഗതം അനുവദിക്കും. ചാക്ക ഭാഗത്തു നിന്നും ശംഖുമുഖം ഭാഗത്തേക്കും, തിരിച്ചുമുള്ള വാഹനങ്ങൾ ചാക്ക- ശംഖുമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേക്കും പോകണം.

വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാർ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്നും മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും 9497930055, 9497990005 എന്നീ ഫോൺ നമ്പരുകളിൽ അറിയിക്കാം

അറിയിപ്പ്

അറിയിപ്പ്

1. വെഞ്ഞാറമൂട്: പിരപ്പൻകോട് യുഐടി സെന്ററിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബി
കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി ബി എ എന്നീ കോഴ്സുകളിലെ ഒഴിവുള്ള
സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 30 ന് രാവിലെ 10 ന് നടക്കും. ഡിഗ്രി
കോഴ്സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാത്ത വരെയും അപേക്ഷിച്ചിട്ട് പ്രവേശനം
ലഭിക്കാത്തവരെയും പരിഗണിക്കും.

2. വെള്ളറട യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വെള്ളറട
സെന്ററിൽ ബിസിഎ, ബിഎ(ഇംഗ്ലിഷ്), ബികോം(കോ ഓപറേഷൻ)കോഴ്സുകളിലേക്ക്
പ്രവേശനം ആഗ്രഹിക്കുന്നവർ 30ന് മുൻപ് ഓഫിസുമായി ബന്ധപ്പെടണം. സംവരണ
വിഭാഗക്കാർക്ക് ഫീസും പരീക്ഷാഫീസും സൗജന്യമാണ്.
വിവരങ്ങൾക്ക്:9995722235.

സംവരണ സീറ്റിൽ ഒഴിവ്:

3. ആറ്റിങ്ങൽ: ഗവ.ഐടിഐയിൽ ഒഴിവുള്ള സിഎച്ച്എൻഎം ട്രേഡിൽ ഇഡബ്ല്യുഎസ്, ഒസി
വിഭാഗങ്ങൾക്കും വെൽഡർ ട്രേഡിൽ ലാറ്റിൻ കാത്തോലിക് / ആംഗ്ലോ ഇന്ത്യൻ
വിഭാഗങ്ങൾക്കും എംഎംടിഎം ട്രേഡിൽ എസ്‌സി വിഭാഗത്തിനും സംവരണം ചെയ്ത 4
ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ എൻജിനീയറിങ് ഡിഗ്രി /
ഡിപ്ലോമ അല്ലെങ്കിൽ ഈ ട്രേഡുകളിലെ എൻടിസിയും ഒരുവർഷത്തെ പ്രവൃത്തി
പരിചയവും ഉള്ളവർക്ക് ഗെസ്റ്റ് അധ്യാപക ഒഴിവിലേക്കു നിയമനത്തിന് അഭിമുഖം
29ന് നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി അന്നേ ദിവസം രാവിലെ
10.30ന് ഐടിഐ ഓഫിസിൽ ഹാജരാകണം. ഫോൺ: 0470 2622391.

4. വിമൻ ഫെസിലിറ്റേറ്റർ:

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററെ
നിയമിക്കുന്നു. വിമൻസ്റ്റഡീസ്,ജെൻഡർ സ്റ്റഡീസ്, സോഷ്യൽവർക്ക്, സൈക്കോളജി,
സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കു അപേക്ഷിക്കാം.
ഓണറേറിയമായി പ്രതിമാസം 17,000രൂപയിൽ കുറയാത്ത തുക ലഭിക്കും. ഒക്ടോബർ
അഞ്ചിനു വൈകിട്ടു നാലുമണിക്കു മുൻപായി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ
അപേക്ഷകൾ നൽകണം.

5. പാലോട് ബൊട്ടാണിക്കൽ ഗാർഡനിൽ ഒഴിവ്:

പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ നടപ്പാക്കുന്ന
താൽക്കാലിക ഗവേഷണ പദ്ധതിയിലേക്ക് സീനിയർ റിസർച് ഫെലോയുടെ ഒഴിവുണ്ട്.
ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും ഹാബിറ്റാറ്റ് ഡിസ്ട്രിബ്യൂഷൻ
മോഡലിങ്, സസ്യപര്യവേക്ഷണം, സസ്യങ്ങളുടെ ടിഷ്യു കൾചർ, ജെംപ്ലാസം
മെയിന്റനൻസ് എന്നിവയിൽ പ്രവൃത്തി പരിചയവും വേണം. പ്രായ പരിധി 36 വയസ്സ്.
പ്രതിമാസ ഫെലോഷിപ് 35000 രൂപയും 8 ശതമാനം എച്ച്ആർഎയും ലഭിക്കും.
ഒക്ടോബർ 3ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
വിവരങ്ങൾക്ക്: www.jntbgri.res.in

6. അഭിമുഖം  മാറ്റിവച്ചു:

നെടുമങ്ങാട്∙ സംസ്ഥാന സർക്കാർ സെപ്റ്റംബർ 28 പൊതു അവധിയായി
പ്രഖ്യാപിച്ചതിനാൽ അന്നേ ദിവസം നെടുമങ്ങാട് നഗരസഭയിൽ നടത്താൻ
തീരുമാനിച്ചിരുന്ന ലൈബ്രേറിയൻ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റിവച്ചതായി
നഗരസഭ ചെയർപഴ്സൻ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

7: കുട്ടികൾക്കായി മാതൃകാ നിയമസഭ ഒക്ടോബറിൽ:

തിരുവനന്തപുരം കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിന്റെ രണ്ടാം
പതിപ്പിന്റെ ഭാഗമായി ഒക്ടോബർ 26ന് ഗവ.സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ
മന്ദിരത്തിൽ സ്കൂൾ കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ സർക്കാർ/എയ്ഡഡ്  സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ,
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി തലത്തിലുള്ള കുട്ടികൾക്ക്
പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് 2 കുട്ടികൾക്ക് അവസരമുണ്ട്.
രജിസ്ട്രേഷന്: www.klibf.niyamasabha.org.
അവസാന തീയതി: ഒക്ടോബർ 10.

8. കുടിശിക ഇന്നു മുതൽ അടയ്ക്കാം:

തിരുവനന്തപുരം കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ
എക്സിക്യൂട്ടീവ് ഓഫിസിൽ അംശാദായം അടയ്ക്കുന്നതിൽ രണ്ടു വർഷത്തിലധികം വീഴ്ച
വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കുടിശിക ഇന്നു മുതൽ ഒക്ടോബർ 31
വരെ അടയ്ക്കാം. കുടിശിക അടയ്ക്കാനെത്തുമ്പോൾ ആധാർ കാർഡിന്റെ പകർപ്പു കൂടി
കൊണ്ടു വരണം.