‘ഈ ചര്‍ച്ച തന്നെ അനാവശ്യം’, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലല്ലോ: കെ മുരളീധരന്‍

‘ഈ ചര്‍ച്ച തന്നെ അനാവശ്യം’, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഇല്ലല്ലോ: കെ മുരളീധരന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ച തന്നെ അനാവശ്യമാണ്. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുന്നത് പരിഗണിക്കുന്നുവെന്നു പറയുമ്പോള്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ ഇല്ലല്ലോ. പാര്‍ട്ടിയില്‍ ഇല്ലാത്ത ആളുടെ കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലല്ലോയെന്നും മുരളീധരന്‍ പറഞ്ഞു. ലൈംഗിക പീഡന പരാതികളെത്തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.

വടക്കാഞ്ചേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രന് സിപിഎം 50 ലക്ഷം രൂപ കോഴ കൊടുത്തതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ഒരു ബ്ലോക്ക് പ്രസിഡന്റ് പോയാല്‍ സിപിഎമ്മിന് എന്താണ് പ്രശ്‌നം. വെറുതെ 50 ലക്ഷം രൂപയൊക്കെ കൊടുക്കണമായിരുന്നോ. അത് ഏതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കാമായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഇപ്പോള്‍ നല്ല ഐക്യത്തിലാണെന്നും, കോണ്‍ഗ്രസും ലീഗും തമ്മില്‍ സീറ്റു തര്‍ക്കം ഉണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

ആവണീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ജനുവരി 3നു തുടങ്ങും

ആവണീശ്വരം ശ്രീ മഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ജനുവരി 3നു തുടങ്ങും

ആറ്റിങ്ങൽ: ആവണീശ്വരം ശ്രീമഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ജനുവരി 3 മുതൽ 8 വരെ നടക്കും. ഒന്നാം ദിവസം (ജനുവരി3)
9.30ന് കൊടിമര ഘോഷയാത്ര, വൈകുന്നേരം 5.30ന് ദീപ കാഴ്ച, 7.15നു
ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിര.

രണ്ടാം ദിവസം രാത്രി 7. 30ന് ശ്രീഭൂതബലി, മൂന്നാം ദിവസം രാവിലെ 9 മണിക്ക് വലിയപാണി, ഉത്സവ ബലി ആരംഭം.

നാലാം ദിവസം രാവിലെ 10.30 ന് ആയില്യം പൂജ, അഞ്ചാം ദിവസം രാത്രി ഏഴിന് ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള,

ആറാം ദിവസം രാവിലെ 8നു ആറാട്ട് എഴുന്നള്ളിപ്പ് ഘോഷയാത്ര, 10.30 ന് കൊടിമരച്ചുവട്ടിൽ ദീപാരാധന, തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12ന് അന്നദാനം ഉണ്ടായിരിക്കും. എല്ലാദിവസവും രാത്രി 8.15ന് ലഘുഭക്ഷണമുണ്ടായിരിക്കും.

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കുറ്റക്കാരന്‍, എംഎല്‍എ സ്ഥാനം തുലാസില്‍

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കുറ്റക്കാരന്‍, എംഎല്‍എ സ്ഥാനം തുലാസില്‍

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. മുന്‍ മന്ത്രിയുള്‍പ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരനായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് നിര്‍മിക്കല്‍, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളില്‍ പ്രതികള്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നാണ് കോടതി കണ്ടെത്തിയത്.

കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.

1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടര്‍ന്ന് പ്രതി കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു.

കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊന്‍പത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയില്‍ നിന്ന് നീക്കിയിരുന്നു ഒഴിവാക്കിയിരുന്നു.

അധ്യാപക നിയമനം; കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

അധ്യാപക നിയമനം; കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത ബാധകമാക്കിയ സര്‍ക്കാര്‍ ഉത്തരവ് മരവിപ്പിച്ചു. അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.

നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് കൂടുതല്‍ വ്യക്തത ആവശ്യമായതിനാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെയാണ് നിലവിലെ ഉത്തരവ് മരവിപ്പിച്ചതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സര്‍വീസിലുള്ളവര്‍ക്കായി ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധന ഹര്‍ജി നല്‍കും.

കെ- ടെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്. പൊതുവിദ്യാലയങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ സര്‍വീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജു കുറ്റക്കാരന്‍, എംഎല്‍എ സ്ഥാനം തുലാസില്‍

തൊണ്ടിമുതല്‍ തിരിമറി: ആന്റണി രാജു പ്രതിയായ കേസില്‍ ഇന്ന് വിധി

തിരുവനന്തപുരം: മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ ഇന്ന് വിധി. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസില്‍ കോടതി ജീവനക്കാരനായിരുന്ന ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്.

കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.

1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടര്‍ന്ന് പ്രതി കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു.കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊന്‍പത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയില്‍ നിന്ന് നീക്കിയിരുന്നു ഒഴിവാക്കിയിരുന്നു.

പട്ടിണിയകറ്റാൻ 100 രൂപ കടംവാങ്ങി ഉണ്ണിയപ്പക്കച്ചവടം തുടങ്ങി; ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ള റെസ്റ്റോറന്റുകളുടെ ഉടമ

പട്ടിണിയകറ്റാൻ 100 രൂപ കടംവാങ്ങി ഉണ്ണിയപ്പക്കച്ചവടം തുടങ്ങി; ഇന്ന് ലക്ഷങ്ങള്‍ വരുമാനമുള്ള റെസ്റ്റോറന്റുകളുടെ ഉടമ

പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാനാണ് ശരീഫ ഉണ്ണിയപ്പക്കച്ചവടം തുടങ്ങിയത്. 2012ല്‍ അയല്‍വാസിയില്‍ നിന്ന് കടം വാങ്ങിയ 100 രൂപയായിരുന്നു മൂലധനം. ഇന്ന് കുടുംബശ്രീയുടെ പ്രീമിയം കഫേയടക്കം രണ്ട് റെസ്റ്റോറന്റുകളുടെയും കാറ്ററിംഗ് സ്ഥാപനത്തിന്റെയും ഉടമയാണ് കോട്ടക്കല്‍ സ്വദേശി ശരീഫ കളത്തിങ്കല്‍. ഈ വർഷം സംസ്ഥാനത്തെ മികച്ച കുടുംബശ്രീ സംരംഭകയ്ക്കുള്ള പുരസ്കാരം നേടിയ ശരീഫ 20 സ്ത്രീകളുള്‍പ്പെടെ 30ലധികം പേർക്ക് തൊഴിലും നല്‍കുന്നുണ്ട്.

പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് സക്കീറിന് മഴക്കാലത്ത് ജോലിയില്ലാതായി. കുട്ടികള്‍ക്ക് ആഹാരം കൊടുക്കാൻ അരിപോലും വീട്ടിലില്ല. വാടക വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന സ്ഥിതിയുമായി. പത്താംക്ലാസുകാരിയായ ശരീഫയ്‌ക്ക് പാചകമല്ലാതെ മറ്റ് ജോലികളുമറിയില്ല. ഉണ്ണിയപ്പം ഉണ്ടാക്കിനല്‍കിയാല്‍ വില്‍ക്കാമോയെന്ന് വീടിനടുത്തുള്ള കടക്കാരനോട് ചോദിച്ചു. തുടർന്നാണ് ഉണ്ണിയപ്പക്കച്ചവടം തുടങ്ങിയത്. വീട്ടിലായിരുന്നു പാചകം.

രുചിയറിഞ്ഞ് ആവശ്യക്കാർ കൂടിയതോടെ കൂടുതല്‍ കടകളിലേക്ക് വ്യാപിപ്പിച്ചു. മൂന്നുമാസം പ്രായമായ മകളെ ഒക്കത്തിരുത്തി നാല് കിലോമീറ്ററോളം നടന്നാണ് അന്ന് കടകളില്‍ ഉണ്ണിയപ്പമെത്തിച്ചത്. പത്തിരി, ചപ്പാത്തി ഓർഡറുകള്‍ കൂടി സ്വീകരിച്ച്‌ ചെറിയരീതിയില്‍ കാറ്ററിംഗ് തുടങ്ങി. വായ്പയ്‌ക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ ഈടില്ലാത്തതിനാല്‍ തള്ളി.

2018ല്‍ കുടുംബശ്രീയില്‍ നിന്ന് രണ്ടുലക്ഷം രൂപ വായ്പ കിട്ടി. തുടർന്ന് കാറ്ററിംഗ് വിപുലീകരിച്ചു. കൊവിഡ് കാലത്ത് സർക്കാർ ആശുപത്രികളിലെ രോഗികള്‍ക്കും ജീവനക്കാർക്കും ഭക്ഷണം നല്‍കുന്ന കുടുംബശ്രീ പദ്ധതിയുടെ കരാർ പുതുജീവനായി. കോട്ടക്കല്‍ ആയുർവേദ ആശുപത്രിയിലും മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലും കാന്റീൻ തുടങ്ങി. കോട്ടക്കലില്‍ മറ്റൊരു റസ്റ്റോറന്റും തുറന്നു.

അടുത്തിടെ ആധുനിക സൗകര്യങ്ങളോടെ 30 ലക്ഷം രൂപയ്‌ക്ക് 85 പേർക്കിരിക്കാവുന്ന കുടുംബശ്രീ പ്രീമിയം കഫേ തുടങ്ങി. സർക്കാർ പരിപാടികളുടെയും കുടുംബശ്രീ മേളകളുടെയും കാറ്ററിംഗ് ശരീഫയ്ക്കാണ് ലഭിക്കുന്നത്. കോട്ടക്കല്‍ സ്പിന്നിംഗ് മില്ലിന് സമീപം വീടുവച്ചു. വാഹനവും വാങ്ങി. മകൻ സെബിയാസിനെ യു.കെയിലയച്ച്‌ പഠിപ്പിച്ചു. അവിടെ കാർഡിയാക് സയന്റിസ്റ്റാണിപ്പോള്‍. മകള്‍ ഫാത്തിമ ഫെമിന മെഡിക്കല്‍ എൻട്രൻസ് കോച്ചിംഗ് വിദ്യാർത്ഥിയും. മലപ്പുറത്ത് കോണ്‍ഫറൻസ് ഹാളോട് കൂടിയ റസ്റ്റോറന്റിനുള്ള തയ്യാറെടുപ്പിലാണ് ശരീഫ.