മെഡിസെപ്: ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി, പുതുക്കിയ പ്രീമിയം ജനുവരി ശമ്പളത്തില്‍ നിന്ന് പിടിക്കില്ല

മെഡിസെപ്: ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി, പുതുക്കിയ പ്രീമിയം ജനുവരി ശമ്പളത്തില്‍ നിന്ന് പിടിക്കില്ല

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരുമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒന്നാം ഘട്ട പദ്ധതി ഒരു മാസം കൂടി നീട്ടുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

മെഡിസെപ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതല്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാല്‍ രണ്ടാംഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയില്‍ വിതരണം ചെയ്യുന്ന ശമ്പളത്തില്‍നിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രീമിയം പിടിക്കപ്പെട്ടാല്‍ അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളില്‍ നിന്ന് കുറച്ചു നല്‍കണമെന്നും നിര്‍ദേശിച്ച് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘മെഡിസെപ്പിന്റെ’ പ്രീമിയം തുക കഴിഞ്ഞ ദിവസമാണ് വര്‍ധിപ്പിച്ചത്. നിലവില്‍ പ്രതിമാസം 500 രൂപയായിരുന്ന പ്രീമിയം 810 രൂപയാക്കി സംസ്ഥാന ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.

310 രൂപയാണ് ഒരുമാസം വര്‍ധിക്കുക. ഒരു വര്‍ഷം 8237 രൂപയും ജിഎസ്ടിയും ആയിരിക്കും പ്രീമിയം തുകയായി നല്‍കേണ്ടി വരിക. തീരുമാനത്തിന് എതിരെ സര്‍വീസ് സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അധിക ബാധ്യത വരുത്തുന്നതാണ് ഈ നടപടിയെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.

കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്

കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്

കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎല്‍എ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയില്‍ നിന്ന് വീണത്. 2024 ഡിസംബര്‍ 29-ന് ആയിരുന്നു പരിപാടി.

മൃദംഗ വിഷന്‍ ആന്‍ഡ് ഓസ്‌കര്‍ ഇവന്റ് മാനേജുമെന്റായിരുന്നു പരിപാടിയുടെ സംഘാടകര്‍. നൃത്തപരിപാടിക്കായി 9 ലക്ഷം രൂപയ്ക്കാണ് സ്റ്റേഡിയം വാടയ്ക്ക് എടുത്തത്. 12,000 പേര്‍ ഒരുമിച്ച് നൃത്തം ചെയ്യുന്നതായിരുന്നു പരിപാടി. സംഘാടകരുടെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണ് ജിസിഡിഎ സ്റ്റേഡിയത്തില്‍ പരിപാടി അനുവദിച്ചതെന്ന് നോട്ടീസില്‍ ആരോപിക്കുന്നു.

ഗാലറിയുടെ മുകളില്‍ താല്‍ക്കാലികമായി തയ്യാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. 10.5 മീറ്റര്‍ ഉയരത്തിലായിരുന്ന വേദിയില്‍ നിന്നാണ് വീണത്. കൈവരി ഉണ്ടായിരുന്നില്ല. 50 സെന്റീമീറ്റര്‍ സ്ഥലമാണ് മുന്‍നിര സീറ്റിനുമുമ്പില്‍ ഉണ്ടായിരുന്നത് . ഇതിലൂടെ നടക്കുമ്പോഴാണ് തലയടിച്ച് താഴോട്ടുവീണത്. സ്ട്രെച്ചര്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. അപകടത്തിന് ശേഷം 10 മിനിറ്റോളം എടുത്താണ് സ്‌റ്റേഡിയത്തിന് പുറത്ത് എത്തിച്ചത് തന്നെ. 9 ദിവസത്തിന് ശേഷമാണ് ബോധം വീണ്ടെടുക്കാനായത്. സ്വതന്ത്രമായി നടക്കാന്‍ മാസങ്ങള്‍ എടുത്തു. ഇപ്പോഴും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അപകടത്തിന്റെ ആഘാതം തുടരുകയാണ്.

സ്റ്റേഡിയം വാടകയ്ക്ക് നല്‍കുമ്പോള്‍ അവിടെ എത്തുന്നവര്‍ സുരക്ഷിതരായിരിക്കും എന്ന് ഉറപ്പാക്കാന്‍ ജിസിഡിഎയ്ക്ക് ബാധ്യതയുണ്ട്. എന്തിനുവേണ്ടിയാണോ സ്റ്റേഡിയം ഉപയോഗിക്കേണ്ടത്, അത്തരം ആവശ്യങ്ങള്‍ക്കേ നല്‍കാവു. അരലക്ഷത്തോളം ആളുകള്‍ ഒത്തുകൂടിയ പരിപാടിയില്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി. ജിസിഡിഎയുടെ അറിവോടെയാണ് സ്റ്റേഡിയം സംഘാടകര്‍ നിയമവിരുദ്ധമായി ഉപയോഗിച്ചത് എന്നേ കരുതാനാകൂ.

ഇതാണ് തന്റെ അപകടത്തിനും അതിലൂടെ തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ജനങ്ങള്‍ക്കടക്കം നഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കിയതും. അതിനാല്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് എംഎല്‍എയുടെ ആവശ്യം.

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ സംസ്കാരം ഇന്ന്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം മുടവൻമുകളിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ പ്രവർത്തകരടക്കം നിരവധി പേരാണ് എത്തുന്നത്. മോഹൻലാലിന്റെ അച്ഛൻ കെ വിശ്വനാഥൻ നായരും സഹോദരൻ പ്യാരിലാലും അന്ത്യനിദ്രകൊള്ളുന്ന വീട്ടുവളപ്പിൽ ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംസ്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി ജയ തിലക് ഐഎഎസ് അന്തിമോപചാരം അർപ്പിച്ചു. കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി, സിപിഎം നേതാവ് ഇ പി ജയരാജൻ അടക്കമുള്ളവരും മോഹൻലാലിന്റെ വീട്ടിൽ രാവിലെ തന്നെ അന്തിമോപചാരം അർപ്പിക്കാനെത്തി.

പല ഘട്ടങ്ങളിലും അമ്മയെക്കുറിച്ച് വളരെ വൈകാരികമായി മോഹൻലാൽ പറയുമായിരുന്നു. അമ്മയുടെ കണ്ണിൽ നോക്കിയാണ് ആ സ്നേഹവും വാത്സല്യവും താൻ മനസിലാക്കിയിരുന്നതെന്നും മോഹൻലാൽ മുൻപ് പറഞ്ഞിരുന്നു. മോഹൻലാലിന്റെ മൂന്നാം വയസ്സിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ സ്ഥലം വാങ്ങി നിർമിച്ചതാണ് മുടവൻമുകളിലെ വീട്. നടന്റെ ആദ്യ ചിത്രമായ ‘തിരനോട്ട’ത്തിന്റെ ലൊക്കേഷനും ഈ വീടായിരുന്നു. ഏറെക്കാലം ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടിൽ നിന്ന്‌ എത്ര നിർബന്ധിച്ചാലും വരാൻ അമ്മ തയ്യാറായിരുന്നില്ലെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് തിരുവനന്തപുരത്തെ വീട്ടിലെത്താൻ കഴിയാതിരുന്ന സമയത്ത്, ചെന്നൈയിലെ വീട്ടിലിരുന്ന് അമ്മയുടെ ശബ്ദം ഫോണിലൂടെ കേട്ട് വേദനിച്ച അനുഭവവും നടൻ പങ്കുെവച്ചിട്ടുണ്ട്.

പൂജപ്പുരയിലെ വായനശാലയിൽ അമ്മയ്ക്കൊപ്പം പുസ്തകമെടുക്കാൻ പോയ കുട്ടിക്കാലവും മോഹൻലാലിന്റെ സ്നേഹം നിറഞ്ഞ ഓർമ്മയാണ്. 12 വർഷം മുൻപ് പക്ഷാഘാതം വന്നതിനെ തുടർന്നാണ് ശാന്തകുമാരി അമ്മ മോഹൻലാലിന്റെ കൊച്ചിയിലെ എളമക്കരയിലെ വീട്ടിലേക്ക് മാറിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ശാന്തകുമാരി അമ്മയുടെ അന്ത്യം.

മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയിരുന്ന ഷിജു കൊല്ലമ്പുഴ (49) അന്തരിച്ചു

മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയിരുന്ന ഷിജു കൊല്ലമ്പുഴ (49) അന്തരിച്ചു

ആറ്റിങ്ങൽ: ജോലിക്കിടയിൽ കുഴഞ്ഞുവീണ മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയ ആറ്റിങ്ങൽ ശ്രീ വേദത്തിൽ ഷിജു കൊല്ലമ്പുഴ (49) ചികിത്സയിൽ തുടരവേ മരിച്ചു.
ഭാര്യ: അഖില
മകൻ: വേദവ്

മകരവിളക്കിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

മകരവിളക്കിനായി ശബരിമല നട തുറന്നു; സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്

ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 5നാണ് നട തുറന്നത്. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കു കാലത്തെ പൂജകള്‍ നാളെ പുലര്‍ച്ചെ 3ന് ആരംഭിക്കും. അയ്യപ്പ ഭക്തരെ സ്വീകരിക്കാനായി മികച്ച ക്രമീകരണങ്ങളാണു ഒരുക്കിയിരിക്കുന്നത്.

രാവിലെ 11:30നു പമ്പയില്‍നിന്ന് ഭക്തരെ കയറ്റിവിട്ടു തുടങ്ങി. മരക്കൂട്ടത്തുനിന്നു എത്തുന്ന സ്വാമിമാരെ വലിയ നടപ്പന്തലില്‍ ‘സെഗ്മന്റുകളായിട്ട്’ തിരിക്കും. നടതുറക്കുന്നതിനു പിന്നാലെ സീനിയോറിറ്റി അനുസരിച്ചു പതിനെട്ടാം പടിയിലേക്കു കയറ്റിവിടും.സ്‌പോട്ട് ബുക്കിങ്ങിന് അനിയന്ത്രിതമായ തിരക്കുണ്ട്. 2000 സ്ലോട്ട് ഇപ്പോള്‍ തുറന്നു. ഇനി രണ്ടായിരം കൂടി തുറക്കും. തിരക്ക് അനുസരിച്ച് മാത്രമേ നിലയ്ക്കലില്‍നിന്നു സ്വാമിമാരെ കടത്തിവിടു.

മകരവിളക്ക് മഹോത്സവം: പൊലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു

ശബരിമലയില്‍ പൊലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ എം കൃഷ്ണന്റെ നേതൃത്വത്തില്‍ ചുമതലയേറ്റെടുത്തു. നിലവില്‍ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പിയാണ് എം കൃഷ്ണന്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കി അവരെ സംതൃപ്തിയോടെ സന്നിധാനത്ത് നിന്ന് തിരികെ അയക്കുക എന്നതാണ് ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്നും ഡ്യൂട്ടി ഓഫീസര്‍ പുതിയ ബാച്ചിനെ ഓര്‍മപ്പെടുത്തി.

‘സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്‍ലാല്‍ അന്ന് പറഞ്ഞത്

‘സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് വയ്യാതായി, അമ്മ പറയുന്നത് എനിക്ക് മനസ്സിലാകും; മോഹന്‍ലാല്‍ അന്ന് പറഞ്ഞത്

തന്റെ വിജയങ്ങളുടെയെല്ലാം പിന്നില്‍ അമ്മ ശാന്തകുമാരിയുടെ സ്‌നേഹവും അനുഗ്രഹവുമാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിന്റെ ജീവിതത്തില്‍ നിന്നും ആ സ്‌നേഹത്തലോടല്‍ എന്നന്നേക്കുമായി മാഞ്ഞിരിക്കുകയാണ്. അമ്മയുമായി വളരെയധികം അടുപ്പമുണ്ടായിരുന്നു മോഹന്‍ലാലിന്. എല്ലാ തിരക്കുകള്‍ക്കിടയിലും അമ്മയുടെ അടുത്തെത്താന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

രാജ്യം ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കിയ ആദരിച്ചപ്പോഴും മോഹന്‍ലാല്‍ ആദ്യം ഓടിയെത്തിയത് അമ്മയുടെ അരികിലായിരുന്നു. മുമ്പൊരിക്കല്‍ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് മോഹന്‍ലാല്‍ വികാരഭരിതനാകുന്നുണ്ട്.

”അമ്മ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ ക്ലാരിറ്റിയില്ല. പക്ഷെ നമുക്ക് മനസിലാകും. പണ്ട് തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യുമ്പോഴൊക്കെ അമ്മ വന്ന് നോക്കും. നീ എന്തിനാണ് ഇങ്ങനെ ഫൈറ്റ് ചെയ്യുന്നത് എന്നൊക്കെ ചോദിക്കും. വളരെ അപകടം പിടിച്ചതാണ് ഫൈറ്റ് സീനുകള്‍” മോഹന്‍ലാല്‍ പറയുന്നു.

”കാറോടിച്ച് പോകുമ്പോള്‍ എണ്‍പതും തൊണ്ണൂറും വയസുള്ള അമ്മമാര്‍ കുടയൊക്കെ പിടിച്ച് നടന്നു പോകുന്നതും ബസില്‍ കയറി പോകുന്നതുമൊക്കെ കാണുമ്പോള്‍ എന്റെ അമ്മയും ഇങ്ങനൊക്കെ തന്നെയാണ് ഇരിക്കേണ്ടിയിരുന്നത് എന്ന് ഞാന്‍ ചിന്തിക്കും. സംസാരിച്ചു കൊണ്ടിരിക്കെയാണ് പെട്ടെന്ന് അമ്മയ്ക്ക് വയ്യാതാകുന്നത്. ഇടി മിന്നല്‍ പോലെയായിരുന്നു” എന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്.

എനിക്കൊരു ജലദോഷം വന്നാലോ പനി വന്നാലോ ആ സമയത്ത് അമ്മ വിളിക്കും. എന്തെങ്കിലും അപകടമുണ്ടായാല്‍ അമ്മയ്ക്ക് അറിയാന്‍ സാധിക്കും. അതൊരു ആത്മബന്ധമാണ്. അതുപോലെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാനുമറിയും എന്നും താരം അന്ന് പറഞ്ഞിരുന്നു. എളമക്കരയിലെ വസതിയില്‍ വച്ചായിരുന്നു മോഹന്‍ലാലിന്‍റെ അമ്മയുടെ അന്ത്യം.