പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്കും വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്കും വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം: കൊല്ലം കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയ്കും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്കും ഗുരുതര പരിക്ക്. 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുത് വാക്കത്തികൊണ്ട് വെട്ടിപ്പൊളിച്ചപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത് . ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റുകയായിരുന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 43,160 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,395 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5 രൂപ ഉയർന്ന് 4,473 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

പുസ്തക ക്വിസ് മത്സരം നടന്നു

പുസ്തക ക്വിസ് മത്സരം നടന്നു

ആറ്റിങ്ങൽ കുന്നുവാരം യു.പി.സ്കൂളിൽ വായന മാസാചരണത്തോടനുബന്ധിച്ച് ഉപജില്ലാടിസ്ഥാനത്തിൽ പുസ്തക ക്വിസ് മത്സരം നടന്നു. ഇതിൽ ഡയറ്റ് സ്കൂളിലെ അഭിനവ് ശേഖർ ഒന്നാം സ്ഥാനവും, ആറ്റിങ്ങൽ ടൗൺ യു.പി.എസ് ലെ കൃപ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ചിറയിൻകീഴ് താലൂക്ക് ഗ്രന്ഥശാലാ സംഘം പ്രസിഡന്റ് വേണുഗോപാൽ സമ്മാന വിതരണം നടത്തി. ഹെഡ്മാസ്റ്റർ മധു ജി.ആർ, മാനേജ്മെന്റ് കമ്മിറ്റി അംഗം നാരായണൻ നമ്പി, ഷീജു ടീച്ചർ എന്നിവർ സംസാരിച്ചു.

ഗൂഗിൾ സുരക്ഷാവീഴ്ച കണ്ടെത്തി; നെടുമങ്ങാട് സ്വദേശിയ്ക്ക് ഒരു കോടി രൂപ സമ്മാനം

ഗൂഗിൾ സുരക്ഷാവീഴ്ച കണ്ടെത്തി; നെടുമങ്ങാട് സ്വദേശിയ്ക്ക് ഒരു കോടി രൂപ സമ്മാനം

ഗൂഗിളിന്റെ സുരക്ഷാവീഴ്ച കണ്ടെത്തിയ മലയാളി കെ.എൽ.ശ്രീറാം 1,35,979 യുഎസ് ഡോളർ (ഏകദേശം 1.11 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി. ഗൂഗിൾ സേവനങ്ങളിലെ പിഴവുകൾ കണ്ടെത്തി പ്രസിദ്ധീകരിക്കുന്ന വൾനറബിലിറ്റി റിവാർഡ് പ്രോഗാം– 2022 ൽ 2,3,4 സ്ഥാനങ്ങളാണു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ശ്രീറാം നേടിയത്. സ്ക്വാഡ്രൻ ലാബ്സ് എന്ന സ്റ്റാർട്ടപ് നടത്തുകയാണ് ശ്രീറാം.

ഗൂഗിളിന്റെയും മറ്റും സേവനങ്ങളിലെ സുരക്ഷാ വീഴ്ചകൾ കണ്ടെത്തി നേരത്തെയും ഈ യുവാവ് ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന സുരക്ഷാ വീഴ്ചകൾ കമ്പനിയെ അറിയിക്കുകയും അവർ തിരുത്തു വരുത്തുകയും ചെയ്യാറാണു പതിവ്. കണ്ടെത്തിയ വീഴ്ചകൾ റിപ്പോർട്ടാക്കി നൽകുന്നതായിരുന്നു ഗൂഗിൾ വൾനറബിലിറ്റി റിവാർഡ് പ്രോഗ്രാം.
ശ്രീറാമും സുഹൃത്ത് ചെന്നൈ സ്വദേശി ശിവനേഷ് അശോകും ചേർന്നു 4 റിപ്പോർട്ടുകളാണു മത്സരത്തിന് അയച്ചത്. അതിൽ മൂന്നെണ്ണത്തിനും സമ്മാനം ലഭിച്ചു.
സൈബർ കടന്നുകയറ്റങ്ങളിൽ നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണു കാനഡയിൽ റജിസ്റ്റർ ചെയ്ത സ്ക്വാഡ്രൻ ലാബ്സ് ചെയ്യുന്നത്. കെ.കൃഷ്ണമൂർത്തിയുടെയും കെ.ലിജിയുടെയും മകനാണു ശ്രീറാം.

സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍; ഇ പോസ് മെഷീന്‍ വീണ്ടും പണിമുടക്കി

സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍; ഇ പോസ് മെഷീന്‍ വീണ്ടും പണിമുടക്കി

തിരുവനന്തുപുരം: സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം അവതാളത്തിലായി. വിവിധ ജില്ലകളില്‍ ഇ പോസ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. എന്‍ഐസി സോഫ്റ്റ് വെയറിന്റെ പ്രശ്‌നമാണ് വിതരണം മുടങ്ങാന്‍ കാരണമെന്ന്‌ ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മണിക്കൂറുകളായി അരിവാങ്ങാനായി പലയിടത്തും ആളുകള്‍ റേഷന്‍ കടയില്‍ ക്യൂവില്‍ നില്‍ക്കുകയാണ്. ഇതോടെ മാസാവസാനം റേഷന്‍ വാങ്ങാനുള്ളവര്‍ പ്രതിസന്ധിയിലായി. ഇടയ്ക്ക് ഇടയ്ക്ക് സെര്‍വര്‍ തകരാറാവുന്നതാണ് വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നതെന്നാണ് റേഷന്‍ കട ഉടമകള്‍ പറയുന്നത്. രാവിലെ മുതല്‍ റേഷന്‍ നല്‍കാനാവുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ എട്ടുമാസത്തോളമായി സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്. റേഷന്‍ വിതരണം കൃത്യമായി നടത്താന്‍ കഴിയുന്നില്ലെന്ന് റേഷന്‍ വിതരണക്കാരും നിരന്തരം പരാതി ഉന്നയിച്ചിരുന്നു. എന്‍ഐസി സോഫ്റ്റ് വെയറിന്റെ തകരറാണ് ഇന്നത്തെ പ്രശ്‌നത്തിന് കാരണം. 2017 മുതലാണ് സംസ്ഥാനത്ത് ഇ പോസ് സംവിധാനം വഴി റേഷന്‍ വിതരണം ആരംഭിച്ചത്.

ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ്: രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്റില്‍ ഹിജാബിനു പകരം നീളന്‍ വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തികച്ചും സാങ്കേതികമായ കാര്യമാണിത്. മെഡിക്കല്‍ കോളജിലെ അധ്യാപകര്‍ ഇക്കാര്യം വിദ്യാര്‍ഥികളെ അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ അധ്യാപകരോടാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അധ്യാപകര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇതൊരു രാഷ്ട്രീയ തീരുമാനമെടുക്കേണ്ട വിഷയമല്ല. ഡോക്ടര്‍മാരുടെ സംഘടനകള്‍ തന്നെ അതിനോടു പ്രതികരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ തീയറ്ററില്‍ എങ്ങനെയായിരിക്കണം കാര്യങ്ങള്‍ എന്ന് ആഗോളതലത്തില്‍ ഏതെങ്കിലുമൊരു ഭരണകൂടമല്ല തീരുമാനമെടുക്കുന്നത്. തികച്ചും സാങ്കേതികമായ കാര്യമാണിത്. രോഗികള്‍ക്ക് അണുബാധയുണ്ടാവാതെ സംരക്ഷിക്കണം എന്നതാണ് അവിടെ പിന്തുടരുന്ന പ്രോട്ടോകോളിന്റെ അടിസ്ഥാനം. യാതൊരു വിവാദവും ഇക്കാര്യത്തില്‍ വേണ്ട. ഇതൊരു ചര്‍ച്ചയാക്കേണ്ട വിഷയം പോലുമല്ല. വിദ്യാര്‍ഥികളെ അധ്യാപകര്‍ തന്നെ കാര്യം പറഞ്ഞു മനസ്സിലാക്കുമെന്ന് മന്ത്രി പറഞ്ഞു.