പൊതുയോഗത്തിന്റെ ഉദ്ഘാടനം അഡ്വ. സുധീർ നിർവഹിച്ചു

പൊതുയോഗത്തിന്റെ ഉദ്ഘാടനം അഡ്വ. സുധീർ നിർവഹിച്ചു

മണമ്പൂർ ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് മാവിള വിജയൻ അധ്യക്ഷൻ ആയ പൊതുയോഗം സംസ്‌ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. സുധീർ ഉദ്ഘാടനം നിർവഹിച്ചു. തിരു. നോർത്ത് ജില്ലാ പ്രസിഡന്റ് റെജികുമാർ, വൈസ് പ്രസിഡന്റ് മണമ്പൂർ ദിലീപ്, സംസ്‌ഥാന സമിതി അംഗം വക്കം അജിത്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സ്വരാജ്, ജനറൽ സെക്രട്ടറി ജീവൻലാൽ എന്നിവർ സംബന്ധിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് രൂപേഷ് സ്വാഗതവും കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീ സോമശേഖരൻ നന്ദിയും അറിയിച്ചു.

ഫസ്റ്റ് ഗിയറിട്ട് സ്വര്‍ണവില, ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചു; 1,16,000ന് മുകളില്‍

ഫസ്റ്റ് ഗിയറിട്ട് സ്വര്‍ണവില, ഒറ്റയടിക്ക് 880 രൂപ വര്‍ധിച്ചു; 1,16,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി താഴ്ന്ന് കൊണ്ടിരുന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. പവന് 880 രൂപയാണ് വര്‍ധിച്ചത്. 1,16,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് വര്‍ധിച്ചത്. 14,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില ഇടിയാണ് തുടങ്ങിയത്. രണ്ടാഴ്ചയ്ക്കിടെ പവന് 11,000 രൂപയിലധിക കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ദുബൈയിലിറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം; ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കൊച്ചി- ദുബൈ വിമാനം കൊച്ചിയിലേക്ക് മടങ്ങി

ദുബൈയിലിറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം; ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കൊച്ചി- ദുബൈ വിമാനം കൊച്ചിയിലേക്ക് മടങ്ങി

കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ദുബൈ വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തത്തിന് പിന്നാലെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചത്.

ഇന്നലെ പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട എമിറേറ്റ്‌സിന്റെ ഇകെ 533 വിമാനമാണ് ദുബൈയില്‍ ഇറങ്ങാതെ രാവിലെ 8.30ന് തിരിച്ചെത്തിയത്. യാത്രക്കാരെ വീടുകളിലേക്ക് അയച്ചു. മുന്നറിയിപ്പില്ലാതെയാണ് സുരക്ഷാ കാരണങ്ങളാല്‍ ദുബൈ വിമാനത്താവളം അടച്ചത്.

ഇന്ധന ടാങ്കിനടുത്ത് ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഓടിയെത്തിയ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ മുന്‍കരുതലായാണ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വിമാനത്താവളത്തിലെ വിമാന സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

തിപിടിത്തമുണ്ടായത് മൂലം വിമാനത്താവളം അടച്ചതായി പൈലറ്റിന് സന്ദേശം ലഭിക്കുകയും വിമാനം കൊച്ചിയിലേക്ക് മടങ്ങുകയുമായിരുന്നു. വിമാനം ദുബൈയിലിറങ്ങാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കേ ആണ് മടക്കം. രാവിലെ എട്ടരയോടെ വിമാനം കൊച്ചിയിലിറങ്ങി. അരമണിക്കൂറോളം യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തിയെങ്കിലും സാഹചര്യം അനുകൂലമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി.

യാത്രക്കാര്‍ തങ്ങളുടെ വിമാന സര്‍വിസുകളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട എയര്‍ലൈന്‍സുകളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക ചാനലുകളിലൂടെ ഉടന്‍ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്

കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്

കൊല്ലം: കൊട്ടാരക്കരയിലെ ഡോക്ടര്‍ വന്ദനദാസ് വധക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കുടവട്ടൂര്‍ സ്വദേശി സന്ദീപ് ആണ് കേസിലെ ഏക പ്രതി. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി.

2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ വന്ദനാദാസിനെ പ്രതി സന്ദീപ് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. മൂന്ന് വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ഒടുവിലാണ് വിധി. കുടവട്ടൂര്‍ സ്വദേശി സന്ദീപിനെ പൂയപ്പള്ളി പൊലീസ് വൈദ്യ പരിശോധനയ്ക്കായിട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഡ്രസിങ് റൂമില്‍ വെച്ച് മുറിവ് കെട്ടുന്നതിനിടെ അക്രമാസക്തനായ പ്രതി അവിടെയുണ്ടായിരുന്ന സര്‍ജിക്കല്‍ കത്രിക കൈക്കലാക്കി പൊലീസുകാരെയും കൂടെ വന്നയാളെയും ആക്രമിച്ചു. മറ്റുള്ളവര്‍ ഓടി മാറിയപ്പോള്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനദാസിന് രക്ഷപ്പെടാനായില്ല. വന്ദനയെ തടഞ്ഞ് നിര്‍ത്തിയ പ്രതി നെഞ്ചിലും മുതുകിലും കഴുത്തിലുമായി പലതവണ കുത്തി പരിക്കേല്‍പ്പിച്ചു. അധികം വൈകാതെ മരണം സംഭവിച്ചു.

ക്രൂരമായ കൊലപാതകത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിന (മാർച്ച് 17) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിന (മാർച്ച് 17) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ അഞ്ചാം ഉത്സവ ദിനമായ മാർച്ച് 17ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 11. 30നു ഉച്ചപൂജ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5നു തിരുവാതിര / കൈകൊട്ടിക്കളി, 5.30ന് സ്പെഷ്യൽ പഞ്ചാരിമേളം, രാത്രി 9 മണിക്ക് സംഗീത സദസ്സ്, 10ന് മേജർ സെറ്റ് കഥകളിയും അരങ്ങേറും.

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ; ഇടിമിന്നലിനും സാധ്യത

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി, വെള്ളിയാഴ്ച വരെ പരക്കെ മഴ; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമായാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളിലായാണ് മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം മന്നാര്‍ കടലിടുക്ക് വഴി കന്യാകുമാരി വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. വടക്കന്‍ കര്‍ണാടകയുടെ ഉള്‍ഭാഗം മുതല്‍ തെക്കന്‍ കര്‍ണാടകയും തമിഴ്നാടും വഴി കന്യാകുമാരി മേഖല വരെ മറ്റൊരു ന്യൂനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് വരുംദിവസങ്ങളില്‍ മഴ ലഭിക്കുക എന്നും മുന്നറിയിപ്പില്‍ പറയുന്നു.