അശോക ചക്ര നേടിയ ആദ്യ മലയാളി സൈനികൻ ആൽബി ഡിക്രൂസ് അന്തരിച്ചു

അശോക ചക്ര നേടിയ ആദ്യ മലയാളി സൈനികൻ ആൽബി ഡിക്രൂസ് അന്തരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ധീരതയ്‌ക്കുള്ള ആദ്യ അശോക ചക്ര ഏറ്റുവാങ്ങിയ സൈനികൻ ആൽബി ഡിക്രൂസ് (87) അന്തരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ചെറിയതുറ അസംപ്ഷൻസ് ദേവാലയത്തിൽ സൈനിക ബഹുമതികളോടെ സംസ്കാരം നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെയായിരുന്നു അന്ത്യം.

1960-ൽ സ്വതന്ത്ര നാഗാലാൻഡ് ആവശ്യപ്പെട്ട നാഗ ഒളിപ്പോരാളികളുമായി നടന്ന ആഭ്യന്തരയുദ്ധത്തിൽ കാട്ടിയ അസാമാന്യ ധീരത പരിഗണിച്ചാണ് രാജ്യം അശോകചക്ര നൽകി അദ്ദേഹത്തെ ആദരിച്ചത്. അസം റൈഫിൾസിൽ ലാൻസ്‌നായിക് 1959ലാണ് ജോലിയിൽ പ്രവേശിച്ചത്. 1975ൽ സൈനിക സേവനത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം 20 വർഷത്തോളം ദുബായിലും ജോലി ചെയ്തു. തുടർന്ന് നാട്ടിലെത്തി.

ഭാര്യ: മെറ്റിൽഡ, മക്കൾ: ഗ്ലാഡിസ്റ്റൺ, ശോഭ, പരേതനായ ഇഗ്‌നേഷ്യസ്. മരുമക്കൾ: ഹേസൽ, വർഗീസ്, റൂബിനെറ്റ്.

ഇനി സുഖമായി വാ​ഗമണ്ണിലേയ്ക്ക് പോകാം; ഈരാറ്റുപേട്ട – വാഗമൺ റോഡ് ഉദ്ഘാടനം ഇന്ന്

ഇനി സുഖമായി വാ​ഗമണ്ണിലേയ്ക്ക് പോകാം; ഈരാറ്റുപേട്ട – വാഗമൺ റോഡ് ഉദ്ഘാടനം ഇന്ന്

കോട്ടയം: കാത്തിരിപ്പിന്‌ വിരാമംകുറിച്ച്‌ ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ പുനർനിർമാണം പൂർത്തിയായി. ഇന്ന് വൈകിട്ട്‌ നാല് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് റോഡ്‌ ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.

‌‍വർഷങ്ങളായി തകർന്ന്‌ കിടന്ന റോഡ് 20 കോടി രൂപ അനുവദിച്ചാണ്‌ ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്. ഇതോടെ, പാലാ, ഈരാറ്റുപേട്ട മേഖലകളിൽനിന്നുള്ള വാഗമൺ യാത്ര ഇനി സുഗമമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റീ ടെൻഡറിൽ റോഡുപണി കരാറെടുത്ത് നാലുമാസത്തിൽ പൂർത്തിയാക്കിയത്.

2021 ഒക്ടോബറിലാണ് റോഡിന്റെ പുനരുദ്ധാരണത്തിന് 19.9 കോടി രൂപയുടെ ഭരണാനുമതിയും ഡിസംബറിൽ സാങ്കേതികാനുമതിയും ലഭിച്ചത്. കിഫ്ബിയിൽനിന്നുള്ള സാമ്പത്തികസഹായത്തോടെ ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കാനായിരുന്നു പദ്ധതി. 2022 ഫെബ്രുവരിയിൽ 16.87 കോടി രൂപയ്ക്ക് കരാറായി. ആറുമാസംകൊണ്ട് റോഡുപണി പൂർത്തിയാക്കണമെന്നായിരുന്നു നിബന്ധനയെങ്കിലും നിർമാണപ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയ കരാറുകാരനെ ഒഴിവാക്കി. പിന്നീട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി രണ്ടാമത് ടെൻഡർ എടുത്ത് റോഡ് നിർമാണം പൂർത്തീകരിച്ചു

വീണ്ടും പടയപ്പയുടെ ആക്രമണം; മൂന്നാറിൽ പലചരക്ക് കട തകർത്തു

വീണ്ടും പടയപ്പയുടെ ആക്രമണം; മൂന്നാറിൽ പലചരക്ക് കട തകർത്തു

മൂന്നാർ: മൂന്നാറില്‍ പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്‍റെ കടയ്‌ക്ക് നേരെയാണ് ഇന്നലെ രാത്രി 9.45 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കടയുടെ വാതിൽ പൂർണമായി തകർന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു. വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ഇത് പത്തൊന്‍പതാം തവണയാണ് കാട്ടാനകൾ തന്റെ കട ആക്രമിക്കുന്നത് പുണ്യവേൽ പറയുന്നു. എന്നാൽ പടയപ്പയുടെ ആക്രമണം ആദ്യമായാണ്. മുൻപ് പല തവണ സമീപത്തുക്കൂടി പോയിട്ടുണ്ടെങ്കിലും കട ആക്രമിച്ചിരുന്നില്ലെന്നും പുണ്യവേൽ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷയായി ഒരു വനിതയെ നിയമിക്കണമെന്ന് ഗുസ്തി താരങ്ങൾ

ഗുസ്തി ഫെഡറേഷൻ അധ്യക്ഷയായി ഒരു വനിതയെ നിയമിക്കണമെന്ന് ഗുസ്തി താരങ്ങൾ

ഗുസ്തി ഫെഡറേഷൻ അധ്യക്ഷയായി ഒരു വനിതയെ നിയമിക്കണമെന്ന് ഗുസ്തി താരങ്ങൾ. ശനിയാഴ്ച അമിത് ഷായെ കണ്ടപ്പോൾ അദ്ദേഹത്തോടാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. ഫെഡറേഷനിൽ ബ്രിജ് ഭൂഷണിൻ്റെ കുടുംബക്കാർ ഉണ്ടാവരുതെന്നും ജൂൺ 9 നു മുൻപ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നും ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടെന്നുള്ള വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. സാക്ഷി മാലികിൻ്റെ ഭർത്താവ് സത്യവ്രത് കഡ്യാൻ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. സമരത്തിൻ്റെ ഭാവി പരിപാടികളിൽ ഉടൻ തീരുമാനമെടുക്കുമെന്നും സത്യവ്രത് പറഞ്ഞു. ശനിയാഴ്ച രാത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഗുസ്തി

വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക്? കമ്മിഷന്‍ ഒരുക്കം തുടങ്ങി; കലക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന

വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക്? കമ്മിഷന്‍ ഒരുക്കം തുടങ്ങി; കലക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന

കോഴിക്കോട്: അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി അയോഗ്യനായതോടെ ഒഴിവുവന്ന വയനാട് ലോക്‌സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പിന് ഇലക്ഷന്‍ കമ്മിഷന്‍ ഒരുക്കം തുടങ്ങിയതായി സൂചന. ആദ്യപടിയായി കോഴിക്കോട് കലക്ടറേറ്റില്‍ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഇവിഎം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോള്‍ കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ ആശ്വാസ കേന്ദ്രം ഗോഡൗണില്‍ ആരംഭിക്കുകയാണെന്നും, ഈ സമയത്തും മോക്ക് പോള്‍ പൂര്‍ത്തിയാകുന്നതുവരെയും ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം ഉണ്ടാകണമെന്നും പാര്‍ട്ടികള്‍ക്ക് നോട്ടീസ് ലഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ഡെപ്യൂട്ടി കലക്ടറാണ് നോട്ടീസ് നല്‍കിയത്.

മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടും അയോഗ്യതയ്ക്കു സ്‌റ്റേ ലഭിക്കാത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പിനു നടപടി തുടങ്ങിയത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനു പിന്നാലെ തന്നെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഔദ്യോഗിക തലത്തില്‍ ഇതിനു സൂചനയൊന്നും ലഭിച്ചിരുന്നില്ല.

ഇനി ലോകത്ത് എവിടെയിരുന്നും അയ്യപ്പന് കാണിക്കയർപ്പിക്കാം; ശബരിമലയിൽ ഇ-കാണിക്ക സൗകര്യം ഒരുക്കി

പത്തനംതിട്ട: ഭക്തർക്ക് കാണിക്കയർപ്പിക്കാൻ ശബരിമലയിൽ ഇ-കാണിക്ക സൗകര്യം ഒരുക്കി. ഇനിമുതൽ www.sabarimalaonline.org എന്ന വൈബ്സൈറ്റിലൂടെ ലോകത്ത് എവിടെയിരുന്നും അയ്യപ്പന് കാണിക്കയർപ്പിക്കാം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ അനന്തഗോപന്‍ ഇ-കാണിക്ക സംവിധാനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ടാറ്റാ കണ്‍സണ്‍ട്ടന്‍സി സര്‍വ്വീസസിന്‍റെ സീനിയര്‍ ജനറല്‍ മാനേജരിൽ നിന്ന് കാണിക്ക സ്വീകരിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.