തീയറ്ററുകൾ ഇന്നും നാളെയും അടച്ചിടും; ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകും‌

തീയറ്ററുകൾ ഇന്നും നാളെയും അടച്ചിടും; ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് റീഫണ്ട് നൽകും‌

കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം തീയറ്ററുകളും ഇന്നും നാളെയും ‌അടച്ചിടും. തീയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെതാണ് തീരുമാനം. സിനിമകൾ കരാർ ലംഘിച്ച് ഒടിടിയിൽ നേരത്തെതന്നെ റിലീസ് ചെയ്യുന്നത് തടയണം, നഷ്ടത്തിലായ സിനിമാ വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ നികുതിയിളവ് നൽകണം, ഫിക്‌സഡ് വൈദ്യുതി ചാർജ്ജ് ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചനാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ 20 ദിവസത്തിന് ശേഷം തീയറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്. ഇന്നും നാളെയുമായി സിനിമ കാണാൻ ഓൺലൈനിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക റീഫണ്ട് ചെയ്യുമെന്ന് ഉടമകൾ പറഞ്ഞു. എന്നാൽ, രണ്ട് ദിവസത്തെ സൂചനാ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചു.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം മത്സരം ലണ്ടനിലെ ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ആദ്യ എഡിഷനിലെ റണ്ണേഴ്സ് അപ്പാണ് ഇന്ത്യ. സതാംപ്ടണിലെ റോസ്ബൗളിൽ നടന്ന ഫൈനലിൽ ന്യുസീലൻഡിനോട് പരാജയപ്പെടുകയായിരുന്നു. വർഷങ്ങൾക്കു ശേഷം ഒരു ഐസിസി കിരീടത്തിനായി ഇറങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം ഋഷഭ് പന്ത് ആയിരിക്കും. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും കൗണ്ടർ അറ്റാക്കിലൂടെ സ്കോർ ഉയർത്തുന്ന പന്ത് സമീപകാലത്ത് ഇന്ത്യൻ ടെസ്റ്റ് വിജയങ്ങളിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.

ജസ്പ്രീത് ബുംറയും വലിയ നഷ്ടമാണെങ്കിലും ഷമി, സിറാജ്, ഉമേഷ് എന്നിവരടങ്ങിയ പേസ് ബൗളർമാർ മികച്ചത് തന്നെയാണ്. പന്തിൻ്റെ അഭാവത്തിൽ കെഎസ് ഭരത് കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഇഷാൻ കിഷൻ്റെ ആക്രമണ ശൈലി ഉപയോഗിക്കാൻ താരത്തെ കളിപ്പിച്ചേക്കാനും ഇടയുണ്ട്. ഋഷഭ് പന്തിൻ്റെ അഞ്ചാം നമ്പരിൽ അജിങ്ക്യ രഹാനെയും ആറാം നമ്പരിൽ വിക്കറ്റ് കീപ്പറുമാവും ഇറങ്ങുക. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചായതിനാൽ ജഡേജ മാത്രമേ കളിക്കാനിടയുള്ളൂ. അങ്ങനെയെങ്കിൽ ശാർദുൽ താക്കൂർ ടീമിലെത്തും. ടീമിലെ ഒരേയൊരു ലെഫ്റ്റ് ആം സീമറായ ജയ്ദേവ് ഉനദ്കട്ട് ഉമേഷ് യാദവിനു പകരം കളിക്കാനും സാധ്യതയുണ്ട്.

ജോഷ് ഹേസൽവുഡിൻ്റെ സേവനം നഷ്ടമായ ഓസ്ട്രേലിയക്ക് പക്ഷേ, പകരം വെക്കാവുന്ന താരങ്ങളുണ്ട്. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവർക്കൊപ്പം സ്കോട്ട് ബോളണ്ട് ആവും മൂന്നാം പേസർ. കാമറൂൺ ഗ്രീനിലൂടെ നാലാം പേസ് ഓപ്ഷൻ. നതാൻ ലിയോൺ ആവും സ്പിന്നർ. ഡേവിഡ് വാർണറിൻ്റെ ഫോമിൽ മാത്രമാണ് ആശങ്കയുള്ളത്.

പുനലൂർ നഗരസഭാ കൗൺസിലർകൊലക്കേസ് പ്രതി അറസ്റ്റിൽ

പുനലൂർ നഗരസഭാ കൗൺസിലർകൊലക്കേസ് പ്രതി അറസ്റ്റിൽ

പുനലൂർ: കഴിഞ്ഞ മാസം രാത്രി 27ന് രാത്രിയിലും 28ന് പുലർച്ചെയുമായി കക്കോട്ട് ഉണ്ടായ അനിഷ്ട സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ പുനലൂർ നഗരസഭാ കക്കോട് വാർഡ് കൗൺസിലറായ സിപിഎമ്മിലെ അരവിന്ദാക്ഷനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. ഈ കേസിൽ മറ്റ് പ്രതികളായ സജികുമാർ, സജിൻ എന്നിവരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു. ഇവർ മൂന്ന് പേർക്കും സംഘർഷത്തിൽ പരിക്കേറ്റിരുന്നു. പുനലൂർ നഗരസഭാ കൗൺസിലർ കൊലക്കേസ് പ്രതി സിപിഎം പ്രവർത്തകർ വീടു കയറി നടത്തിയ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന ബിജെപി നേതാവ് കക്കോട് സന്തോഷ് ഭവനിൽ എസ്.സുമേഷ് പിന്നീട് ആശുപത്രിയിൽ കൊല്ലപ്പെടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൽമുട്ടിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിൽ തുടരുന്ന അരവിന്ദാക്ഷനെ പുനലൂർ എസ്എച്ച്ഓ ടി.രാജേഷ് കുമാർ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുനലൂർ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് ലിൻഡ ഫ്ലെക്ച്വർ അരവിന്ദാക്ഷനെ റിമാൻഡ് ചെയ്തു. പ്രതി ആശുപത്രിയിലായതിനാൽ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന നടപടി ഇന്നോ നാളെയോ ഉണ്ടാകും.

കക്കോട് പബ്ലിക് ലൈബ്രറി വാർഷികം നടക്കുന്ന സമയത്ത് അരവിന്ദാക്ഷൻ അവിടെയുണ്ടായിരുന്ന ബിജു എന്ന ആളുമായി വാക്കുതർക്കം ഉണ്ടാവുകയും ബിജു അരവിന്ദാക്ഷനെ മർദിക്കുകയും ചെയ്തു. പിന്നീട് ഇതിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് ബിജെപി നേതാവായ സുമേഷിനു വീട്ടിൽ വച്ച് വെട്ടും കുത്തുമേ‍ൽക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 3ന് വൈകിട്ടാണ് സുമേഷ് മരിച്ചത്. സുമേഷ് നിലവിൽ ബിജെപി പുനലൂർ ഈസ്റ്റ് ഏരിയ വൈസ് പ്രസിഡന്റും പുനലൂർ നഗരസഭയിലെ എൻഡിഎ സ്ഥാനാർത്ഥിയും ആയിരുന്നു. അതിനിടെ സിപിഎം കൗൺസിലർ അരവിന്ദാക്ഷനാണ് തന്നെ കുത്തിയതെന്ന സുമേഷ് മരണമൊഴി നൽകിയിട്ടുണ്ട്.

പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു

പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു

ആറ്റിങ്ങൽ: പൂവമ്പാറയിലെ വെള്ളക്കെട്ട് അപകടക്കെണിയായിട്ടും അധികൃതർ അനങ്ങുന്നില്ല. തിങ്കളാഴ്ച രാത്രിയിൽ വെള്ളക്കെട്ടിലിറങ്ങിയ കാർ നിയന്ത്രണംവിട്ട് വശത്തേക്കിടിച്ചുകയറി. രാത്രി 11.30-ഓടെയാണ് അപകടമുണ്ടായത്. ഒരു മാസത്തിനിടെ ഇവിടെയുണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്. മൂന്ന് അപകടങ്ങളിലും വാഹനങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടായി. യാത്രക്കാർ ഭാഗ്യംകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

പൂവമ്പാറ മാടൻനട ദേവീക്ഷേത്രത്തിനു മുൻവശത്താണ് വൻ വെള്ളക്കെട്ടുണ്ടാകുന്നത്. വേനൽമഴയിലുണ്ടായ വെള്ളക്കെട്ടിലാണ് മൂന്ന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.മേയ് 14-ന് പുലർച്ചെ ഇവിടെ വെള്ളക്കെട്ടിലിറങ്ങി നിയന്ത്രണംവിട്ട കാർ നടപ്പാതയുടെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കമ്പിവേലിയിലിടിച്ച് അപകടത്തിൽപ്പെട്ടു. ഈ അതിനുശേഷവും അധികൃതർ അനങ്ങാപ്പാറനയം തുടരുകയാണ്.

ഒരു വർഷംമുമ്പ് ദേശീയപാതയിൽ നടത്തിയ നവീകരണപ്രവർത്തനങ്ങളാണ് ഇവിടെ വെള്ളക്കെട്ടിനിടയാക്കിയത്. ഈ ഭാഗത്ത് റോഡ് കിഴക്കുഭാഗത്തേക്ക്‌ ചരിഞ്ഞാണ് കടന്നുപോകുന്നത്. ഇവിടെ വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനങ്ങളൊരുക്കാതെ റോഡിൽ നിന്നുയർത്തി നടപ്പാത നിർമിച്ചു. അതോടെ മഴപെയ്താൽ റോഡിന്റെ ഇരുവശത്തുനിന്നുമുള്ള വെള്ളം ഈ ഭാഗത്തൊഴുകിയെത്തി കെട്ടിനില്ക്കാൻ തുടങ്ങി.

നവീകരണത്തിനു മുമ്പ് ഈ ഭാഗത്തേക്ക് വെള്ളമൊഴുകിയെത്തിയിരുന്നെങ്കിലും സമീപത്തെ പുരയിടത്തിലേക്ക്‌ ഒഴുകിപ്പോകുമായിരുന്നു. കെട്ടിയുയർത്തി നടപ്പാത നിർമിച്ചതോടെ ഈ സാധ്യത ഇല്ലാതായി. ചാറ്റൽ മഴയിൽപ്പോലും ഇവിടെ വെള്ളം കെട്ടും. ഏകദേശം 50 മീറ്ററിലധികം നീളത്തിൽ റോഡിന്റെ പകുതിയോളം ഭാഗത്താണ് വെള്ളം കെട്ടിനില്ക്കുന്നത്. ആലംകോട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്ക് വരുന്ന വാഹനങ്ങൾ റോഡിന്റെ ഇടതുവശം ചേർന്ന് സഞ്ചരിക്കുന്നതിനാൽ വെള്ളക്കെട്ടിലേക്കിറങ്ങും.

വളവു കഴിഞ്ഞ് ഇറക്കമുള്ള ഭാഗമായതിനാൽ വാഹനങ്ങൾ മിക്കപ്പോഴും വേഗത്തിലായിരിക്കും കടന്നുവരുന്നത്. രാത്രിയിൽ ഇവിടെ വെള്ളക്കെട്ടുള്ളത് ദൂരെനിന്ന് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടില്ല. പെട്ടെന്ന് റോഡിൽ വെള്ളക്കെട്ട് കണ്ട് വാഹനങ്ങൾ വെട്ടിയൊഴിക്കുന്നതും ബ്രേക്കിടുന്നതുമാണ് അപകടത്തിനിടയാക്കുന്നത്.
ക്ഷേത്രകവാടത്തിനു മുന്നിൽ വെള്ളം കെട്ടിക്കിടക്കുന്നത് ക്ഷേത്രത്തിലെത്തുന്നവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

ശക്തമായ മഴയിൽ റോഡിൽനിന്നുള്ള മലിനജലം ക്ഷേത്രവളപ്പിലേക്ക്‌ കയറും. ക്ഷേത്രഭാരവാഹികൾ വിഷയം ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി നിവേദനങ്ങൾ നല്കിയെങ്കിലും യാതൊരു പരിഗണനയും ഉണ്ടായിട്ടില്ല. പൂവമ്പാറ പാലത്തിലേക്കുള്ള റോഡിന്റെ ഭാഗത്താണ് വെള്ളക്കെട്ട്. ഇവിടെ മണ്ണിട്ടുയർത്തിയാണ് റോഡ് നിർമിച്ചിട്ടുള്ളത്. കെട്ടിനില്ക്കുന്ന വെള്ളം മുഴുവൻ ദിവസങ്ങളെടുത്ത് മണ്ണിൽ താഴുകയാണ്. ഇത് റോഡിന്റെ നാശത്തിനിടയാക്കുമെന്നും ആശങ്കയുണ്ട്. ഇതിനു തൊട്ടടുത്തായി ബസ് സ്റ്റോപ്പുണ്ട്. ചെളിയും വെള്ളവും നിറഞ്ഞുകിടക്കുന്ന ഈ ഭാഗത്ത് ബസ് കാത്തുനില്ക്കുന്നവർ ഏറെ ബുദ്ധിമുട്ടിലാണ്.

ലക്ഷങ്ങൾ ചെലവിട്ട് നടത്തിയ നിർമാണം ഇപ്പോൾ പൊതുജനത്തിനു വലിയ ദുരിതമാവുകയും അപകടങ്ങൾ തുടർക്കഥയാവുകയും ചെയ്തിട്ടും അധികൃതർ മൗനംപാലിക്കുകയാണ്. മഴ ശക്തമായാൽ ഇവിടെ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. അടിയന്തര ഇടപെടൽ ഇക്കാര്യത്തിലുണ്ടായില്ലെങ്കിൽ മഴക്കാലത്ത് ഇവിടെ വൻ ഗതാഗതക്കുരുക്കുമുണ്ടാകും.

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ്
അടുത്ത മണിക്കൂറുകളിൽ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോർജോയ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ കേരളം ഇല്ല. എന്നാൽ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം സംസ്ഥാനത്ത് കാലവർഷം എത്തുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയൊ ഉണ്ടായേക്കും.

തിരുവനന്തപുരം ചാവർകോട് സ്വദേശി മസ്കറ്റിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

തിരുവനന്തപുരം ചാവർകോട് സ്വദേശി മസ്കറ്റിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

മസ്കറ്റ്: ഒമാനിൽ നിർമ്മാണ തൊഴിലാളി ആയിരുന്ന മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം ചാവർകോട് നദിയ വില്ല വീട്ടിൽ ഷാജിയുടെ മകൻ ഷിജു ഷാജി (36) ആണ് ഒമാനിലെ ബാത്തിനാ മേഖലയിലെ ലിവയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. മാതാവ് – പ്രസന്ന. അശ്വതിയാണ് ഭാര്യ. മസ്കറ്റ് കെഎംസിസി കേന്ദ്രകമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഒറ്റപ്പാലത്തിന്റെ നേതൃത്വത്തിൽ ലിവ കെഎംസിസി പ്രവർത്തകർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിച്ചു.