by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഒളവണ്ണ ചെറുകര സ്വദേശി മുഹമ്മദ് ആദില്‍, ആദില്‍ ഹസന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബീച്ചില്‍ ഫുട്‌ബോള്‍ കളിച്ചതിന് ശേഷം കടലില്‍ കുളിക്കാന്‍ ഇറങ്ങിയ ഇരുവരും തിരയില്‍ അകപ്പെടുകയായിരുന്നു.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ താന്നിമൂട് വീട്ടിൽ ഗംഗാധരൻ നായർ(78) അന്തരിച്ചു. ശാരീരിക അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 9 മണിക്ക് വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഏറെ വർഷക്കാലം ചിട്ടി ഫോർമാനായിരുന്നു ഗംഗാധരൻ നായർ.
ഭാര്യ: രമാദേവി.
മക്കൾ: പരേതയായ ബിന്ദു, സിന്ധു, ജി ആർ ചന്തു (ഗൾഫ്)
മരുമക്കൾ: തുളസീധരൻ നായർ, സിജിചന്തു.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പേ ഒഡീഷയില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത്. ബാര്‍ഗാഹ് ജില്ലയിലെ മെന്ദപള്ളിയിലാണ് അപകടം. അഞ്ചു ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ചുണ്ണാമ്പുകല്ലുമായി പോയ തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ആളപായമില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി 1972 മുതല്‍ ജൂണ്‍ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.
പരിസ്ഥിതി ദിന തീം
‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍’ അഥവാ പ്ലാസ്റ്റിക് മലീനീകരണം ചെറുക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം. ലോകം തന്നെ പ്ലാസ്റ്റിക്കിന്റെ പിടിയിലാണ്. ലോകമെമ്പാടും പ്രതിവര്‍ഷം 400 ദശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കപ്പെടുന്നു അതില്‍ പകുതിയും ഒരിക്കല്‍ മാത്രം ഉപയോഗിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് റീസൈക്കിള്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ ഭൂമിയുടെ ഏറ്റവും വലിയ ഭീഷണികളിലൊന്നായി പ്ലാസ്റ്റിക് മാറിയിരിക്കുകയാണ്. പ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം കാണുമെന്ന് പ്രതിജ്ഞയോടെയാണ് ഇത്തവണ പരിസ്ഥിതി ദിനം ആചരിക്കുന്നത്.
ആഗോളതാപനം, കാലാവസ്ഥാമാറ്റം, വംശനാശ ഭീഷണി, മലിനീകരണം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളിലൂടെയാണ് ഇന്ന് നമ്മുടെ ഭൂമി കടന്നുപോകുന്നത്. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ നമ്മുടെ വരും തലമുറ ഏറെ ബുദ്ധിമുട്ടേണ്ടി വരും. പരിസ്ഥിതി ദിനാചരണം കേവലം ഒരി ദിനത്തില്‍ മാത്രം ഒതുക്കേണ്ടതല്ല. എല്ലാ വര്‍ഷവും ജൂണ്‍ 5 ന് നാം മരം നടാറുണ്ട്. എന്നാല്‍ ഇതില്‍ എത്ര മരങ്ങള്‍ പരിപാലിക്കപ്പെടുന്നുണ്ടെന്നും വളരുന്നുണ്ട് എന്നതിനുമാണ് പ്രാധാന്യം നല്‍കേണ്ടത്.മരം നട്ടാല്‍ മാത്രം പോര അതിനെ വളര്‍ത്തി വലുതാക്കാനും നാം പരിശ്രമിക്കണം. ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് ഓര്‍ക്കുക.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) ഇന്ന് മുതൽ പ്രവൃത്തിപഥത്തിൽ. ഇന്ന് വൈകിട്ട് നാല് മണിയ്ക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെ-ഫോൺ പദ്ധതി നാടിന് സമർപ്പിക്കും. കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അനുബന്ധ ചടങ്ങുകളും ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം.
എല്ലാവർക്കും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെ-ഫോൺ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതി നിലവിൽ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്കു മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങൾക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. സ്‌കൂളുകൾ, ആശുപത്രികൾ, ഓഫിസുകൾ തുടങ്ങി 30,000ത്തിലധികം സർക്കാർ സ്ഥാപനങ്ങളിലും കെ-ഫോൺ വഴി ഇന്റർനെറ്റ് എത്തും. ഇതുവരെ 26,542 ഓഫീസുകളിൽ കണക്ഷൻ നൽകുകയും 17,155 ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.
1500 കോടി രൂപ ചെലവിൽ കിഫ്ബി സഹായത്തോടെയാണു കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്ഐടിഐഎൽ), കെഎസ്ഇബി എന്നിവർ ചേർന്നു കെ-ഫോൺ പദ്ധതി യാഥാർഥ്യമാക്കിയത്. ഉദ്ഘാടനത്തിനു ശേഷം കെ-ഫോൺ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. മൂന്നു മാസത്തിനകം വാണിജ്യ കണക്‌ഷനുകളിലേക്കു കടക്കുമെന്നു കെ-ഫോൺ എം ഡി ഡോ. സന്തോഷ്ബാബു പറഞ്ഞു. ബിഎസ്എൻഎല്ലിന്റെ സ്പെക്ട്രം ഉപയോഗപ്പെടുത്തി 5 ജി സേവനം ലഭ്യമാക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. തുടക്കത്തിൽ ടെക്നോപാർക്ക്, സ്റ്റാർട് അപ് മിഷൻ എന്നിവിടങ്ങളിൽ പ്രോജക്ട് നടപ്പിലാക്കാനാണ് തീരുമാനം. പിന്നാലെ ഇത് വീടുകളിലേക്ക് നൽകാനും പദ്ധതിയുണ്ട്.
പുതിയ കണക്ഷൻ എങ്ങനെ?
►പുതുതായി കണക്‌ഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഫോണിൽ കെ-ഫോൺ ആപ് ഇൻസ്റ്റാൾ ചെയ്യണം.
►ആപ്പ് തുറന്ന് ന്യൂ കസ്റ്റമർ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാം.
►ബിസിനസ് സപ്പോർട്ട് സെന്ററിൽ നിന്നു നിങ്ങളെ ബന്ധപ്പെടും.
►കണക്‌ഷൻ നൽകാൻ പ്രാദേശിക നെറ്റ്‌വർക് പ്രൊവൈഡർമാരെ ഏൽപിക്കും.
by liji HP News | Jun 5, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആലപ്പുഴ: വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യ(38) യാണ് അറസ്റ്റിലായത്. താമരക്കുളം ചാരുംമൂട്ടിൽ അബ്ദുൽ റഹ്മാന്റെ (80) എടിഎം കാർഡ് മോഷ്ടിച്ചാണ് യുവതി പണം തട്ടിയത്. അബ്ദുൽ റഹ്മാൻ താമസിക്കുന്ന വീടിന്റെ സമീപത്തുള്ള കുടുംബവീട്ടിൽ വാടകയ്ക്ക് താമസിച്ചു വരികയാണ് രമ്യയും ഭർത്താവും. കെഎസ്ഇബിയിൽ നിന്ന് ഓവർസിയറായി വിരമിച്ച അബ്ദുൽ റഹ്മാൻ ഇളയ മകൾക്കും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. മകളുടെ സംരക്ഷണത്തിൽ കഴിഞ്ഞതിനാൽ ബാങ്കിൽ വന്ന പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു.
വണ്ടാനം മെഡിക്കൽ കോളജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസർ എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയാണ് രമ്യയും ഭർത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അബ്ദുൽ റഹ്മാന്റെ അധ്യാപകരായ മകളും മരുമകനും രാവിലെ എട്ടുമണിയ്ക്ക് ജോലിക്ക് പോകും. പിന്നീട് അബ്ദുൾ റഹ്മാൻ മാത്രമാണ് വീട്ടുലുണ്ടാകുക. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് അബ്ദുൾ റഹ്മാൻ കിടന്നുറങ്ങുന്ന സമയത്ത് രമ്യ വീടിനുള്ളിൽ കടന്ന് മേശയ്ക്കുള്ളിൽ സൂക്ഷിച്ച എടിഎം കാർഡ് കൈക്കലാക്കി. പാസ്‌വേഡ് മറന്നു പോകാതിരിക്കാൻ ഒരു പേപ്പറിൽ കുറിച്ച് എടിഎം കാർഡിനൊപ്പം വെച്ചിരുന്നു. കാർഡ് മോഷണം പോയ വിവരം വയോധികൻ അറിഞ്ഞതുമില്ല.

2023 ജനുവരി 13 മുതൽ രമ്യ ഈ കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചു കൊണ്ടിരുന്നു. ഓരോ ദിവസവും എടിഎം കൗണ്ടറിലെത്തി 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയും എന്നിങ്ങനെ ഇരുപതിനായിരം രൂപ വീതമാണ് പിൻവലിച്ചിരുന്നത്. നാലു മാസത്തിനുള്ളിൽ രമ്യ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് പിൻവലിച്ചത്.
മകൾക്ക് ഒരു സ്കൂട്ടർ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അബ്ദുൽ റഹ്മാൻ പണം പിൻവലിക്കാനായി എടിഎം കാർഡ് തിരക്കിയത്. അപ്പോഴാണ് കാർഡ് കാണുന്നില്ല എന്ന് മനസ്സിലായത്. നഷ്ടപ്പെട്ടതായിരിക്കാം എന്ന് കരുതി അബ്ദുൽ റഹ്മാൻ മകളെയും കൂട്ടി എസ്ബിഐ ചാരുംമൂട് ശാഖയിലെത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിയുന്നത്. തുടർന്ന് നൂറനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
Recent Comments