by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. ഇന്ന് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് താരങ്ങൾ പ്രതിഷേധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ പാർലമെന്‍റ് മന്ദിരം വളയുമെന്ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 23നാണ് ഗുസ്തി താരങ്ങൾ സമരം ആരംഭിച്ചത്. സമരം ഒരു മാസം തികയുമ്പോഴും ബ്രിജ് ഭൂഷണിനെതിരെ നടപടിയെടുക്കാന്‍ ഡൽഹി പൊലീസ് തയാറായിട്ടില്ല. സമരം ശക്തമാക്കി മുന്നോട്ടുപോകാനാണ് താരങ്ങളുടെ തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികളുടെയും വിവിധ സാമൂഹിക സംഘടനകളുടെയും കർഷകരുടെയും പൂർണപിന്തുണ ഗുസ്തി താരങ്ങള്‍ക്കുണ്ട്.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം കിന്‍ഫ്രയില്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം നടത്തേണ്ടത് പൊലീസാണ്. ഫയര്‍ഫോഴ്‌സ് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
ബ്ലീച്ചിങ് പൗഡറില്‍ വെള്ളം വീണും ആല്‍ക്കഹോള്‍ കലര്‍ന്ന വസ്തുക്കള്‍ തട്ടിയും ആകാം തീപിടുത്തമുണ്ടായതെന്ന് കരുതാം. അതിനുള്ള സാധ്യതയാണുള്ളത്.
ഫൊറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബി സന്ധ്യ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രഞ്ജിത്തിന്റെ വിയോഗത്തിലും ഫയര്‍ഫോഴ്‌സ് മേധാവി അനുസ്മരിച്ചു. പൊലീസ് അന്വേഷണം തുടങ്ങിയാലേ തീപിടുത്തത്തിന്റെ കാരണം വ്യക്തമാകൂ. വലിയ ദുഃഖമാണ് രഞ്ജിത്തിന്റെ വിയോഗത്തിലൂടെയുണ്ടായതെന്നും ബി സന്ധ്യ മാധ്യമങ്ങളോട് പ്രതികരിച്ചു.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: റവന്യു സംബന്ധമായ വിഷയങ്ങളിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാം. ഇതിനായി റവന്യൂ വകുപ്പ് തയാറാക്കിയ അലർട്ട് പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.
കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധിക്യത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് അലർട്ട് പോർട്ടലിൽ (http://alert.revenue.kerala.gov.in) അപ് ലോഡ് ചെയ്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയും. പോർട്ടലിൽ ലഭിക്കുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ലഭ്യമാകും. പരാതി അന്വേഷിച്ച് അധികൃതർ പരാതിക്കാർക്ക് മറുപടി ലഭ്യമാക്കും.
പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ, റെലിസ് പോർട്ടൽ വഴി അടിസ്ഥാന നികുതി (ബിടിആർ) പകർപ്പ് ഓൺലൈനായി ലഭിക്കുന്ന ഇ ബിടിആർ(eBTR) സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസിൽ പോകാതെ ഓൺലൈനായി ഫീസ് അടച്ച് വില്ലേജ് ഓഫീസർ അംഗീകരിക്കുന്ന മുറയ്ക്കു രേഖകൾ അപേക്ഷന് ഓൺലൈനായി ലഭിക്കും.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലുണ്ടായ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. തീയണയ്ക്കുന്നതിനിടെ, കെട്ടിടത്തിന്റെ ഒരു ഭാഗം ശരീരത്തിലേക്ക് വീണാണ് രഞ്ജിത്തിന് അപകടമുണ്ടായത്. താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്.
ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആറ് വർഷത്തിലേറെയായി ഫയർഫോഴ്സ് ജീവനക്കാരനാണ് ആറ്റിങ്ങൽ സ്വദേശിയായ രഞ്ജിത്ത്. തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.
തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
നേരത്തെ കേസ് ഒത്തുതീര്‍പ്പാക്കിയതായി ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ സൈബി ജോസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പരാതിക്കാരി പിന്നീട് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് കോടതി നടപടികള്‍ തുടരാമെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയത്.
വിദേശ മലയാളിയായ സ്ത്രീ നടനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി മജിസ്‌ട്രേറ്റ് കോടതിയെയാണ് സമീപിച്ചത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദന്‍ മജിസ്‌ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഹര്‍ജികള്‍ നല്‍കിയെങ്കിലും രണ്ട് ഹര്‍ജികളും ബന്ധപ്പെട്ട കോടതികള്‍ തള്ളി. തുടര്‍ന്നാണ് നടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേരത്തെ ഹൈക്കോടതി നീക്കിയിരുന്നു.
2017ല്‍ സിനിമാ ചര്‍ച്ചയ്ക്ക് ഉണ്ണി മുകുന്ദനെ കാണാനെത്തിയപ്പോള്‍ ലൈംഗികമായി ആക്രമിക്കുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോശമായി പെരുമാറിയെന്നാണ് പരാതി. ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കോഴവാങ്ങിയെന്ന് ആരോപണവിധേയനായ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ് കേസില്‍ ആദ്യം ഉണ്ണി മുകുന്ദനു വേണ്ടി ഹാജരായിരുന്നത്.
2021ല്‍ പരാതിക്കാരിയുമായി വിഷയം ഒത്തുതീര്‍പ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ടാണ് സൈബി ജോസ് കേസില്‍ സ്റ്റേ വാങ്ങിയത്. എന്നാല്‍ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന സത്യവാങ്മൂലത്തില്‍ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ വിശദീകരണം നല്‍കാന്‍ നടന്‍ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു.
by Midhun HP News | May 23, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ബാംഗ്ലൂർ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ ജ്വല്ലറിയിൽ വെള്ളം കയറി സ്വർണാഭരണങ്ങൾ ഒലിച്ച് പോയി. രണ്ടര കോടിയോളം രൂപയുടെ ആഭരണങ്ങളാണ് മല്ലേശ്വരത്തുള്ള ജ്വല്ലറിയിൽ നിന്നും ഒഴുകി പോയത്. മഴ കനത്തതോടെ വെള്ളം ജ്വല്ലറിയിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നുവെന്നും ആഭരണങ്ങൾ സൂക്ഷിച്ച പെട്ടികളടക്കം ഒഴുകി പോയെന്നും ജ്വല്ലറി ഉടമ പറഞ്ഞു.ശക്തമായ മഴ പെയ്തതോടെ ഞങ്ങളും ഭയന്നു, ജീവൻ രക്ഷിക്കണമായിരുന്നു, സ്വർണം അടങ്ങിയ ആഭരണ പെട്ടികൾ ഒഴുകി പോയതിന്റെ ഞെട്ടലിലാണ് ഞങ്ങൾ. ഏകദേശം 2.5 കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൈദ്യുതാഘാതമുണ്ടാവുമോ എന്ന ആശങ്കയിൽ ഞങ്ങൾക്ക് കാര്യമായൊന്നും ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞില്ല’, ജ്വല്ലറി ഉടമ പറഞ്ഞു.
Recent Comments