by liji HP News | May 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊല്ലം: നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മധുര സ്വദേശി മഹാലിംഗമാണ് (54) കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. നിർമ്മാണത്തൊഴിലാളികളായ ഇരുവരും ക്ഷേത്രനിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് കൊല്ലത്ത് എത്തിയത്.
നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ക്ഷേത്ര നിർമാണത്തിന് എത്തിയവരാണ് ഇരുവരും. ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. അതിന് ശേഷം ഉറങ്ങിക്കിടന്ന മഹാലിംഗത്തെ തലക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
by liji HP News | May 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 87.33 ശതമാനം വിജയമാണ് ഇക്കുറി പരീക്ഷാ ഫലത്തിൽ ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് ഇത്തവണത്തെ വിജയശതമാനം. തിരുവനന്തപുരമാണ് മേഖലകളിൽ ഏറ്റവും മികച്ച വിജയം നേടി ഒന്നാമതെത്തിയത്. 99.91 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയം നേടി. 84.67 % വിജയമാണ് ആൺകുട്ടികൾ കരസ്ഥമാക്കിയത്. സി ബി എസ് ഇ റിസൾട്സ്, ഡിജിലോക്കർ, റിസൾട്സ് എന്നീ സർക്കാർ വെബ്സൈറ്റുകൾ വഴി വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാനാവും
by liji HP News | May 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വില വര്‍ധനവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. സ്വര്‍ണം പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് വിപണിവില 45,240 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 560 രൂപ ഉയര്‍ന്നിരുന്നു.
ഇന്നലെ മാത്രം പവന് 80 രൂപയാണ് വര്‍ധിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച പവന് 560 രൂപയും കുറഞ്ഞിരുന്നു. 22കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 5655 രൂപയാണ് വില്‍പ്പന വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4690 രൂപയ്ക്കാണ് വില്‍ക്കുന്നത്.

by liji HP News | May 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെ ആശ്വസിപ്പിച്ചു. രാത്രി 8.25 ന് എത്തിയ നടൻ 10 മിനിറ്റ് വന്ദനയുടെ വീട്ടിൽ ചെലവഴിച്ചു. ചിന്താ ജെറോം, രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.
കൊല്ലം അസീസിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സർജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വന്ദന അക്രമിയുടെ കൊലക്കത്തിക്കിരയായത്. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് വന്‍പ്രതിഷേധമാണ് ഉയരുന്നത്.

by liji HP News | May 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പോത്തൻകോട് ബാറിന്റെ മുന്നിൽ വച്ച് യുവാക്കളുടെ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ച ശേഷം രണ്ടര പവൻ സ്വർണമാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കൊയ്ത്തൂർക്കോണം വിഎസ് ഭവനിൽ ശരത്ത് (27), പോത്തൻകോട് പാലോട്ടുകോണം സ്വദേശികളായ രഞ്ജിത്ത് (37), സബിജു (30), ബിബിൻ (26), സഹോദരനായ സെബിൻ (24) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്.
ഈ കഴിഞ്ഞ നാലാം തീയതി രാത്രി പത്തു മണിയ്ക്കായിരുന്നു സംഭവം. ബാറിൽ നിന്നും മദ്യപിച്ചെത്തിയ പ്രതികൾ പോത്തൻകോട് സ്വദേശികളായ വിപിൻ, വിവേക് എന്നിവരെ തടഞ്ഞു നിർത്തി വാഹനത്തിൻറെ താക്കോൽ ബലമായി പിടിച്ചു വാങ്ങിയതിന് ശേഷം ക്രൂരമായി മർദ്ദിക്കുകയും വിവേകിന്റെ കഴുത്തിൽ കിടന്ന രണ്ടര പവൻ സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ പ്രത്യേകം സ്ക്വാഡ് തയ്യാറാക്കിയാണ് പിടികൂടിയത്. അറസ്റ്റിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

പ്രതികൾക്കെതിരെ പിടിച്ചുപറി ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. പോത്തൻകോട് ബാറിന് മുന്നിൽ നേരത്തെയും സമാനമായ സംഭവങ്ങൾ നടന്നിരുന്നു. തുടർ സംഭവങ്ങൾ ഉണ്ടായതോടെ പൊലീസ് എക്സൈസിന്റെയും സഹായം തേടിയിട്ടുണ്ട്.
by liji HP News | May 12, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കാട്ടാക്കട ഒറ്റശേഖരമംഗലത്ത് പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് പാമ്പുകടിയേറ്റത്. അഭിനവ് സുനിൽ(16) എന്ന വിദ്യാർഥിയാണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനവിനെ എന്തോ ജീവി കടിച്ചതായി സംശയം തോന്നിയത്. ഉടൻ കുട്ടി അച്ഛനോട് എന്തോ ജീവി കടിച്ചതായി പറയുകയും ഉടൻ തന്നെ സുനിലിൻ്റെ ഓട്ടോയിൽ ഇവർ സമീപ ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.

തുടർന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. ഈ സമയത്തിനുള്ളിൽ കുട്ടിയുടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏലിയാകാം കടിച്ചത് എന്നാണ് വീട്ടുകാർ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.
ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനിൽ മുകുന്ദറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാർ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയിലെ കവറിൽ നിന്നും പാമ്പിനെ കണ്ടെടുത്തു. വീട്ടിനുള്ളിൽ തടി ഉരുപ്പടികൾ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിൽ ഇനിയും പാമ്പുണ്ടോ എന്ന് പരിശോധന നടത്തുന്നുണ്ട്.
Recent Comments