താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി: തിരച്ചിൽ അവസാനിപ്പിച്ചേക്കും

താനൂരിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി: തിരച്ചിൽ അവസാനിപ്പിച്ചേക്കും

മലപ്പുറം: താനൂരിലെ ബോട്ടപകടത്തിൽ കാണാതായ എട്ട് വയസുകാരനെ കണ്ടെത്തി. അപകടത്തിൽ പെട്ട് പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. ഇന്നലത്തെ തിരക്കിൽ ബന്ധുക്കൾക്ക് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അപകടം നടന്ന സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

ബന്ധുക്കൾ തന്നെ ആശുപത്രികളിൽ ചികിത്സയിലുള്ളവരിൽ കുട്ടിയുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റിയിരുന്നുവെന്ന് മനസിലായത്. ഇതോടെ ഇനി അപകടത്തിൽപെട്ട ആരെയും കണ്ടുകിട്ടാനില്ലെന്നാണ് കരുതുന്നത്. ആരെയും കണ്ടെത്താനുള്ളതായി ഇപ്പോൾ പരാതി വന്നിട്ടില്ല. ഈ സാഹചര്യത്തിൽ തിരച്ചിൽ അവസാനിപ്പിച്ചേക്കും. ഇതോടെ അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത് 37 പേരാണെന്ന സംശയം ബലപ്പെട്ടു. അപകടം നടന്നയുടൻ ബോട്ടിൽ നിന്ന് വെള്ളത്തിൽ ചാടി നീന്തി രക്ഷപ്പെട്ട അഞ്ച് പേരെ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 22 പേരാണ് അപകടത്തിൽ മരിച്ചത്. കാണാതായെന്ന കരുതിയ കുട്ടിയടക്കം പത്ത് പേരാണ് ചികിത്സയിലുള്ളത്.

മരിച്ച 9 പേർ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബത്തിന്റെ ബന്ധുക്കളായ രണ്ടു പേരും അപകടത്തിൽ മരിച്ചു. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. യാതൊരു സുരക്ഷാ ചട്ടങ്ങളും പാലിക്കകത്തെ ബോട്ടിൽ ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമായതെന്ന് പ്രദേശവാസികൾ ആരോപിച്ചു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. പരപ്പനങ്ങാടി താനൂർ നഗരസഭാ അതിർത്തിയിലെ, പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിന് സമീപം ഇന്നലെ രാത്രി ഏഴരയ്ക്ക് ആയിരുന്നു ബോട്ടപകടം.

രാധ.ജെ (75) നിര്യാതയായി

രാധ.ജെ (75) നിര്യാതയായി

കിളിമാനൂർ: പാപ്പാല പ്ലാവിള വീട്ടിൽ പരേതനായ വാസുദേവൻ്റെ ഭാര്യ രാധ.ജെ (75) നിര്യാതയായി.

മക്കൾ: വനജ (ടീച്ചർ എസ് എൻ വി യുപിഎസ് പൊരുന്തമൺ), ജലജ, അനിത (അങ്കണവാടി ടീച്ചർ പാപ്പാല), അനിൽകുമാർ
മരുമക്കൾ: പരേതനായ വിജയസേനൻ, പരേതനായ സുദർശനൻ, അശോക കുമാർ, നിഷ

സംസ്കാരം: ചൊവ്വാഴ്ച്ച രാവിലെ രാവിലെ 8 മണിയ്ക്ക്

വക്കം റെയിൽവേ മേൽപ്പാലം കേന്ദ്ര മന്ത്രി വി മുരളീധരൻ സന്ദർശനം നടത്തി

വക്കം റെയിൽവേ മേൽപ്പാലം കേന്ദ്ര മന്ത്രി വി മുരളീധരൻ സന്ദർശനം നടത്തി

വക്കം റെയിൽവേ മേൽപ്പാലം കേന്ദ്ര മന്ത്രി വി മുരളീധരൻ സന്ദർശനം നടത്തി.
വക്കത്ത് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ സന്ദർശനം നടത്തി. വക്കം റെയിൽവേ മേൽപ്പാല നിർമ്മാണം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദർശനം.

സന്ദർശനത്തിൽ വക്കം ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പും ചർച്ചയായി. തോപ്പിക്ക വിളാകം റെയിൽവേ മേൽപ്പാലത്തിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യമാകുകയും അതിന്മേൽ നടപടി ഉണ്ടാകുമെന്നു അറിയിക്കുകയും ചെയ്തു.

ജില്ലാ പ്രഭാരി മുളയറ രതീഷ്, മണ്ഡലം പ്രസിഡന്റ് സന്തോഷ്‌, മണ്ഡലം സെക്രട്ടറി സരിത, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തങ്കരാജ്, സംസ്ഥാന സമിതി അംഗം വക്കം അജിത്, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് സുനിൽകുമാർ, ജനറൽ സെക്രട്ടറി ചന്ദ്രരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാമോനി, ഗ്രാമ പഞ്ചായത്ത് അംഗം സിന്ധു, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

താനൂർ ബോട്ടുദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം

മലപ്പുറം: താനൂർ ബോട്ടുദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം അറിയിച്ചത്. സാങ്കേതിക വിദ​ഗ്ധർ അടക്കം സമിതിയിലുണ്ടാകും. നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കും. നടന്നത് വലിയ ദുരന്തമാണ് ഉണ്ടായത്. 22 പേർ മരിച്ചു. അഞ്ചുപേർ നീന്തി രക്ഷപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽപ്പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബാം​ഗങ്ങളെ സർക്കാരിന്റെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരൂരങ്ങാടി ആശുപത്രിയിലെത്തി ചികിത്സയിലുള്ളവരെ സന്ദർശിച്ച മുഖ്യമന്ത്രി മരിച്ചവരുടെ വീടുകളിലും പോയി. താനൂരിൽ യോ​ഗം ചേർന്നാണ് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ തീരുമാനിച്ചത്. ദുരന്തത്തിൽ സർക്കാർ എടുത്ത തീരുമാനങ്ങളോട് യോജിക്കുന്നതായി മുൻമന്ത്രിയും ലീ​ഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടി പറ‍ഞ്ഞു.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വർക്കല പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വർക്കല പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വർക്കല മേൽവെട്ടൂർ മൗണ്ട് മുക്ക് തണ്ണിവിളവീട്ടിൽ നിസാമുദ്ദീൻ മകൻ കാവു എന്ന് വിളിക്കുന്ന മുഹമ്മദ് താഹിറിനെ ജില്ലാ കളക്ടറുടെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ഐപിഎസിന്റെയും വർക്കല ഡി വൈ എസ് പി സി ജെ മാർട്ടിന്റെയും നിർദ്ദേശാനുസരണം വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

വർക്കല, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തുടങ്ങിയ സ്റ്റേഷനുകളിൽ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഹമ്മദ് താഹിർ തുടർന്നും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിലേക്കായാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്.

വർക്കല എസ് എച്ച് ഒ എസ് സനോജ്, എസ് ഐ മാരായ എസ് അഭിഷേക്,അബ്ദുൽ ഹക്കീം, ഡബ്ലിയു എസ് സി പി ഒ ഹേമാവതി,സി പി ഒ മാരായ ബിനു ശ്രീദേവി, ഷജീർ, റാം ക്രിസ്റ്റിൻ, പ്രവീൺ നെൽസൺ എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചേക്കും. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. നാളെ മുതൽ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി മെയ്‌ 9 നു ശേഷം മോഖ ചുഴലിക്കാറ്റായി ശക്‌തി പ്രാപിക്കാൻ സാധ്യത. ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. നിലവിലെ സൂചന പ്രകാരം മോഖ ചുഴലിക്കാറ്റ് ബംഗ്ലാദേശ് മ്യാന്മാർ ഭാഗത്തേക്ക്‌ നീങ്ങാനാണ് സാധ്യത.