by Midhun HP News | May 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ ഇയാളെ കോഴിക്കോട് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
by Midhun HP News | May 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കിളിമാനൂർ: സംഘം ചേർന്നുള്ള മർദ്ദനത്തിൽ മധ്യവയസ്കൻ മരിച്ചു. ചെങ്കിക്കുന്ന് , കുറിയിടത്തു കോണം, ചരുവിള പുത്തൻ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പുഷ്കരൻ (45) ആണ് മരിച്ചത്. ഞായറാഴ്ച രാതി 8 മണിയോടെ കുറിയിടത്ത് കോണം മേലേമഠത്തിനു സമീപമാണ് സംഭവം. പുഷ്കരനും മകൻ ശിവയും ബൈക്കിൽ ബന്ധു വീട്ടിൽ പോയി മടങ്ങിയെത്തിയതായിരുന്നു.
ബൈക്ക് വെക്കുന്നതിനായി പുഷ്കരൻ കുറിയിടത്ത് മഠത്തിന് സമീപവും, മകൻ വീട്ടിലേക്കും പോയി. ഈ സമയം പുഷ്കരന്റെ ബന്ധു വേണുവും ഇവിടെ എത്തിയിരുന്നു. വേണുവും പുഷ്കരനും സംസാരിച്ച് നിൽക്കവെ ഇവരുടെ അടുത്തേക്ക് സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന യുവാക്കൾ ഗ്ലാസ് എടുത്തെറിഞ്ഞതിനെ തുടർന്ന് യുവാക്കളുമായി വേണുവും പുഷ്കരനും വാക്ക് തർക്കമായി. ഇതിൽ കുപിതരായ യുവാക്കൾ വേണുവിനെ ആദ്യം തല്ലിച്ചതയ്ക്കൂകയും, തുടർന്ന് പുഷ്ക്കരനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ആക്രമത്തിൽ പുഷ്കരൻ ബോധരഹിതനായി വീണതോടെ യുവാക്കൾ രക്ഷപ്പെട്ടു . ചുണ്ടിനു തലയ്ക്കും പരിക്കേറ്റ വേണു സഹായത്തിന് ആളെ കൂട്ടി പുഷ്കരനെ ആദ്യം കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും, തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. സംഭവത്തിൽ മൂന്നു പ്രതികളെ നഗരൂർ പൊലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

by liji HP News | May 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: നിരവധി പരാതികൾ ഉയർന്നതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ആരോഗ്യവിഭാഗം വിജിലൻസ് സംഘം പരിശോധന നടത്തി. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിലും ചികിത്സ പിഴവിനെതിരെയും വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പരിശോധന നടന്നത്. ഒരു വർഷത്തിനിടെ നിരവധി പിഴവുകളാണ് ആശുപത്രിയിൽ സംഭവിച്ചത് എന്ന് രോഗികൾ പറയുന്നു. കഴിഞ്ഞ ദിവസം പ്രസവത്തിന് ശേഷം ഇവിടെ നിന്ന് എസ്.എ.ടി ആശുപത്രിയിലേക്ക് റഫർ ചെയ്ത യുവതി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി.
ഏപ്രിൽ 13 ന് പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവമാണ് ഒടുവിൽ പുറത്തുവന്ന വിവാദം. കരുംകുളം തറയടി തെക്കേക്കര വീട്ടിൽ സുജിത്തിന്‍റെ ഭാര്യ റജിലയാണ്(27) മരിച്ചത്. ഏപ്രിൽ 13 നാണ് മരണം. നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി ഉൾപ്പെടെ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.

ഏപ്രിൽ അഞ്ചിന് റജിലയെ പ്രസവത്തിനായി കൊണ്ടുവന്നു. അടുത്ത ദിവസം പെൺകുഞ്ഞ് ജനിച്ചു. രക്തസ്രാവം നിലക്കാതായപ്പോൾ എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിൽ കയറ്റുമ്പോൾ രക്തം നൽകിയെങ്കിലും വഴിമധ്യേ അത് അവസാനിച്ചു. എസ്.എ.ടി ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചു.
കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലെടുത്തില്ലെന്നും റജിലയുടെ വൃക്കകളുടെ പ്രവർത്തനം നിലച്ചുപോയിരുന്നെന്നും വീട്ടുകാർ പറയുന്നു.ഡോക്ടർമാരുടെ അഭാവം മൂലം, അവർ നേരിട്ട് ചെയ്യേണ്ട പല കാര്യങ്ങളും നഴ്സുമാർ ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഒമ്പത് ഗൈനക്കോളജിസ്റ്റുകളുടെ സേവനം ആവശ്യമുള്ള ആശുപത്രിയിൽ നിലവിലുള്ളത് നാലുപേർ മാത്രമാണ്.
ഇവരിലൊരാൾ ചികിത്സാർഥം അവധിയിലാണ്, മറ്റൊരാൾ ഉപരിപഠനത്തിന്‍റെ ഭാഗമായും അവധിയെടുത്തിരിക്കുകയാണ്. ദിനവും ആയിരക്കണക്കിന് പേരെത്തുന്ന ആശുപത്രിയിൽ മണിക്കൂറുകളോളം വരിയിൽനിൽക്കണം. 1900ൽ സംസ്ഥാനത്തെ ആദ്യ പി.എച്ച്.സിയായി പ്രവർത്തനം ആരംഭിച്ച ആശുപത്രി രാജഭരണകാലത്ത് സ്ഥാപിതമായതാണ്.
by liji HP News | May 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
നവജാത ശിശുവിനെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു. മാരായമുട്ടത്ത് നിന്നാണ് കുഞ്ഞിനെ പ്രസവിച്ച അഞ്ജു (36)വിനെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില്പന പുറത്തറിഞ്ഞതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിയായ സ്ത്രീയ്ക്കാണ് വിറ്റത്. കഴിഞ്ഞ ദിവസം വില്പനയ്ക്ക് ഇടനില നിന്ന അഞ്ജുവിന്റെ കൂട്ടാളിയായ ജിത്തു പൊലീസ് പിടിയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയാണ് അഞ്ജു.
ഇവരെ ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് തമ്പാനൂര്‍ സി.ഐ പ്രകാശ് പറഞ്ഞു. കുഞ്ഞിനെ വാങ്ങിയ ലാലിക്ക് ജില്ലാ കോടതിയുടെ അവധിക്കാല ബെഞ്ച് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നാല് തവണയായി മൂന്ന് ലക്ഷം രൂപയാണ് കുഞ്ഞിനെ നല്‍കുന്നതിന് അഞ്ജു കൈപ്പറ്റിയത്. മുമ്പ് തുണിവില്‍ക്കാനെത്തിയപ്പോഴുള്ള പരിചയമാണ് ഇവര്‍ തമ്മിലുള്ളതെന്നാണ് ലാലിയുടെ മൊഴി.
കഴിഞ്ഞ ഏപ്രില്‍ 21 നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ചയുടനെ വില്പന നടത്തിയതായുള്ള വിവരം പുറത്തെത്തിയത്. കുഞ്ഞിനെ വീണ്ടെടുത്ത് ശിശുക്ഷേമ സമിതി സംരക്ഷണയിലാക്കിയിരുന്നു. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതാണ് സംഭവത്തില്‍ നിര്‍ണായകമായത്.

കുഞ്ഞില്ലാത്ത വീട്ടില്‍ നിന്നും കേട്ട ശബ്ദത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ വില്പനയടക്കം ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിലൊടുവിലാണ് പ്രതിയെ പിടികൂടിയത്.
by liji HP News | May 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ആദായനികുതി വകുപ്പ് പരിശോധന. കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. നികുതി ഈടാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നും വിവരമുണ്ട്. രാവിലെ 10.15 ഓടെയാണ് ആദായനികുതി സംഘം കെൽട്രോൺ ഓഫീസിലെത്തിയത്.
കെൽട്രോൺ മുൻകൈയ്യെടുത്ത് നടത്തിയ എഐ ക്യാമറ പദ്ധതിയുടെ തുടക്കം മുതൽ തന്നെ പാളിച്ച ഉണ്ടായിരുന്നു. സര്‍ക്കാര്‍ വകുപ്പിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം ധനവകുപ്പിറക്കിയതാണ്. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജന്‍സിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയില്‍ നിന്നാണ് വാങ്ങുന്നതാണെങ്കില്‍ അക്രഡിറ്റഡ് ഏജന്‍സിക്ക് കരാര്‍ നല്‍കരുതെന്നും ധനവകുപ്പ് നിര്‍ദ്ദേശം നിലവിലുണ്ട്. ഇത് വകവെക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.

എസ്ആര്‍ഐടിക്ക് കരാര്‍ നൽകിത് ഗതാഗതവകുപ്പ് പോലും അറിഞ്ഞിരുന്നില്ല. ക്യാമറകളുടെ പ്രവര്‍ത്തനാനുമതി തേടിയെത്തിയ ഫയൽ രണ്ട് തവണ മന്ത്രിസഭ മടക്കിയിരുന്നു. കരാറിലെ അനൗചിത്യം ചൂണ്ടിക്കാട്ടി സിപിഐ മന്ത്രിമാർ എതിർപ്പുന്നയിച്ചിരുന്നു. ചട്ടം മറികടന്നതിൽ ധനവകുപ്പിനും അതൃപ്തിയുണ്ട്. കരാര്‍ മാതൃകയും തിരിച്ചടവ് രീതിയും പിഴ കുറഞ്ഞാൽ തിരിച്ചടവിന് പണമെവിടെനിന്ന് തുടങ്ങി ചീഫ്സെക്രട്ടറിയുടെ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ഉണ്ടായില്ല.
by liji HP News | May 8, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ ജൂലൈ 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന്‍റെയാണ് നിർദ്ദേശം. കേസ് വീണ്ടും ഓഗസ്റ്റ് നാലിന് പരിഗണിക്കും. അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അതേസമയം, വിചാരണ വൈകുന്നത് ദിലീപിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ വാദം. സാക്ഷിയായ ബാലചന്ദ്രകുമാറിൻ്റെ വിസ്താരം ദീലീപിൻ്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. എന്നാൽ ഓൺലൈൻ മുഖേനയുള്ള വിചാരണയിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും, സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക കോടതിയെ അറിയിച്ചു.
Recent Comments