by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ മാസം 23ന് സർവീസിൽ നിന്നും വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും യാത്രയയപ്പിനെത്തി. കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകിയത്. സാധാരണ നിലയിൽ ഹൈക്കോടതി ഫുൾ കോർട്ട് മാത്രം യാത്രയയപ്പ് നൽകുന്നതാണ് കീഴ് വഴക്കം.
ചടങ്ങിൽ മന്ത്രിമാരായ പി രാജീവ്, കെഎൻ ബാലഗോപാൽ, കെ രാജൻ, പിഎ മുഹമ്മദ് റിയാസ് തുടങ്ങിയവരും അഡ്വക്കറ്റ് ജനറൽ, ചീഫ് സെക്രട്ടറി വിപി ജോയ്, ആഭ്യന്തര സെക്രട്ടറി കെ വേണു, നിയമസെക്രട്ടറി ഹരിനായർ തുടങ്ങിയവരും പങ്കെടുത്തു.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. അന്തരീക്ഷതാപനില ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് കഎസ്ഇബി നിർദേശം.
പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 102.95 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. കഴിഞ്ഞ വർഷം ഇതേസമയം 89.62 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു പീക്ക് സമയ ഉപയോഗം. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ് ഇ ബി.
വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മർദ്ദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നത്. മാന്യ ഉപഭോക്താക്കളുടെ സഹകരണമുണ്ടെങ്കിൽ ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ നമുക്ക് കഴിയും. വൈകുന്നേരം 6നും 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാം.
പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പരമാവധി മറ്റു സമയങ്ങളിൽ ഉപയോഗിക്കാൻ ശ്രമിക്കുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്യാം. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിക്കുന്നതും വൈദ്യുതി ലാഭിക്കാൻ സഹായകമാണ്.- കെഎസ്ഇബി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരംം: മിൽമ പാലിന്റെ വില വർധന പിൻവലിച്ചു. കൊഴുപ്പു കൂടിയ പാൽ മിൽമ റിച്ചിന്റെ വർധിപ്പിച്ച രണ്ടുരൂപയാണ് പിൻവലിച്ചത്. അതേസമയം മിൽമ സ്മാർട്ടിന്റെ വില വർധിപ്പിച്ചത് തുടരും. ഇന്ന് മുതലാണ് മിൽമ പാൽ വില കൂട്ടിയത്. വില വർധന സർക്കാരിനെ അറിയിച്ചിരുന്നില്ലെന്ന് മന്ത്രി ചിഞ്ചുറാണി ഇന്നലെ വ്യക്തമാക്കിയിരുന്നു.
മിൽമ റിച്ചിനും, സ്മാർട്ടിനും ലിറ്ററിന് രണ്ട് രൂപ വീതമാണ് വർധിപ്പിച്ചത്. വൻ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും 83 ശതമാനവും ക്ഷീരകർഷകർക്ക് നൽകുന്നുവെന്നുമായിരുന്നു മിൽമയുടെ വിശദീകരണം.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനം തീച്ചൂടിൽ ഉരുകുന്നതിനിടെ ആശ്വാസമായി ഇടുക്കിയിലും കോട്ടയത്തും വേനൽ മഴ. കോട്ടയത്ത് കാഞ്ഞിരപ്പള്ളി, പാല, മുണ്ടക്കയം, മൂന്നിലവ്, മേലുകാവ് എന്നിവിടങ്ങളിലും ഇടുക്കിയിൽ അടിമാലി, നേര്യമംഗലം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലും വേനൽ മഴ പെയ്തു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും വേനൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണം അറിയിച്ചിരുന്നു.
ഇന്നും നാളെയും മിക്ക ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം. ഏപ്രിൽ 21 മുതൽ 23 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പ്രകാരം പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട്.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭ ഹരിത കർമ്മ സേന വാർഷികാഘോഷവും യൂണിഫോം വിതരണവും സംഘടിപ്പിയ്ക്കുന്നു. ഏപ്രിൽ 20ന് രാവിലെ 11 മണിയ്ക്ക് ആറ്റിങ്ങൽ ലൈബ്രറി ഹാളിൽ നടക്കുന്ന പരിപാടി ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിയ്ക്കും. നഗരസഭ ചെയർ പേഴ്സൺ അഡ്വ. എസ് കുമാരി അധ്യക്ഷയാകും. സിനിമ സീരിയൽ താരം അഞ്ജുശ്രീ മുഖ്യാതിഥിയാകും.
by Midhun HP News | Apr 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ നിയമം ലംഘിച്ചാൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഗതാഗത കമ്മീഷണര്‍ എസ് ശ്രീജിത്ത്. എഐ ക്യാമറകള്‍ വരുന്നതില്‍ ആശങ്കവേണ്ടെന്നും നിയമം ലംഘിക്കാതിരുന്നാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു പറഞ്ഞു. നല്ലൊരു ഗതാഗത സംസ്‌കാരം വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. കാറിന്റെ മുന്‍വശത്തിരുന്ന് സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഗര്‍ഭിണികള്‍ യാത്ര നടത്തിയാലും പിഴ ഈടാക്കും. പിറകില്‍ ഉള്ളവര്‍ക്കൊപ്പമായിരിക്കണം കൈക്കുഞ്ഞുങ്ങളെന്നും ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളാണ് ഉള്ളത്. അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറകളും അതിവേഗം കണ്ടെത്താന്‍ നാലു ക്യാമറകള്‍ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകള്‍ ഒപ്പിയെടുക്കും.
നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്റ്റേർഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടയ് ക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ 500 രൂപയാണ് പിഴ. അമിതവേഗത്തിന് 1500 രൂപ, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്താല്‍ 2000 രൂപ, അനധികൃതപാര്‍ക്കിങിന് 250 രൂപ, പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ഇല്ലെങ്കില്‍ 500 രൂപ, മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപയാണ് പിഴയെന്നും അദ്ദേഹം പറഞ്ഞു.
Recent Comments