ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല, റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല, റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

കല്ലമ്പലം: നാവായിക്കുളം ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശാനുസരണം “വിജ്‌ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ”എന്ന സന്ദേശം മുൻനിർത്തിയാണ് റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചത്.

നാവായിക്കുളം തൃക്കോവിൽ വട്ടം ജംഗ്ഷനിൽ നടന്ന പരിപാടി കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് മെമ്പറും ആറ്റിങ്ങൽ ഗവ.കോളേജ് കൊമേഴ്സ് വിഭാഗം മേധാവിയും ആയിരുന്ന ഡോ.കെ.രാമചന്ദ്രൻ ഉൽഘാടനം ചെയ്തു. ഡോ.ആർ.രാജേന്ദ്രൻ നായർ ഗ്രന്ഥശാല പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി രാധാകൃഷ്ണൻ, ബി.കെ.പ്രസാദ്, ലൈബ്രേറിയൻ ശ്യാമ കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന ദാനവും ചടങ്ങിൽ നടന്നു.

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

അതിജീവിതയെ ഫോണില്‍ വിളിച്ചു; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കി. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.

രണ്ടാമത്തെ ബലാത്സംഗക്കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകളോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഈ മാസം 17 ന് രാഹുല്‍ തനിക്കു വാട്‌സാപ്പ് കോള്‍ ചെയ്തതായി അതിജീവിത പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ജാമ്യ റദ്ദാക്കണം എന്ന അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചത്. അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി, ഈ മാസം 27ന് അഭിഭാഷകന്‍ മുഖേനയോ നേരിട്ടോ ഹാജരാകണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടു.

പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുതെന്നും അവരുമായി ബന്ധപ്പെടരുതെന്നുമായിരുന്നു ജാമ്യവ്യവസ്ഥയിലെ കര്‍ശന ഉത്തരവ്. 2023ല്‍ വിവാഹവാഗ്ദാനം നല്‍കി ഹോം സ്റ്റേയിലെത്തിച്ച് രാഹുല്‍ ബലാത്സംഗം ചെയ്തെന്നു കാട്ടി പരാതി നല്‍കിയ ബംഗളൂരുവില്‍ താമസിക്കുന്ന 23 വയസുകാരി കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു.

ജി. ശശിധരൻ നായർ (62) അന്തരിച്ചു

ജി. ശശിധരൻ നായർ (62) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ആലുംമൂട്ടിൽ വീട്ടിൽ ജി. ശശിധരൻ നായർ (62) അന്തരിച്ചു.

ഭാര്യ: അനിത
മക്കൾ: ഡോ. അഭിനവ്, അഭിരാമി
മരുമക്കൾ: ഡോ. അമൃത, ധനീഷ്

ആറ്റിങ്ങൽ മേഖലയിലെ പ്രമുഖനായ പത്രം ഏജന്റ് ആയിരുന്ന തനിനിറം ഗംഗാധരൻ നായരുടെ മകനാണ് ശശി തനിനിറം.

ന്യൂനമര്‍ദ്ദം: വെള്ളിയാഴ്ച വരെ ഇടമിന്നലോട് കൂടിയ മഴ, പകല്‍സമയത്ത് കടുത്ത ചൂട്, ജാഗ്രത

ന്യൂനമര്‍ദ്ദം: വെള്ളിയാഴ്ച വരെ ഇടമിന്നലോട് കൂടിയ മഴ, പകല്‍സമയത്ത് കടുത്ത ചൂട്, ജാഗ്രത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം വടക്ക്-കിഴക്ക് ദിശയില്‍ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ക്രമേണ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരള തീരത്തിന് സമീപം തെക്കുകിഴക്കന്‍ അറബിക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ സംസ്ഥാനത്ത് പകല്‍സമയത്ത് പൊതുവെ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും

വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്‌കാരം താരത്തിനു സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിന്റെ കലാ പരിപാടികളുമുണ്ടാകും. പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ട വ്രതാരംഭം ബുധനാഴ്‌ച മുതലാണ്. മാർച്ച് മൂന്നിനാണ് പൊങ്കാല.

പാരിപ്പള്ളിയിൽ എം ഡി എംഎയുമായി യുവാവ് പിടിയിൽ

പാരിപ്പള്ളിയിൽ എം ഡി എംഎയുമായി യുവാവ് പിടിയിൽ

പാരിപ്പള്ളി കോട്ടക്കേറം തെറ്റിക്കൂടി ആശാരിവിള വീട്ടിൽ ഗോപിനാഥൻ മകൻ ഗോകുൽ ജി നാഥ് (32) ആണ് പിടിയിലായത് പാരിപ്പള്ളി പോലീസും ചാത്തന്നൂർ എസിപി അനുരൂപിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷൻ ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാരിപ്പള്ളി തെറ്റിക്കുഴിയിൽ നിന്നും 1.2ഗ്രാം എം ഡി എം യുമായി ഇയാൾ പിടിയിലായത്.

പ്രതി അന്യസംസ്ഥാനങ്ങളിൽ നിന്നും ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന യുവാക്കൾക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തി അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തെറ്റിക്കുഴിയിൽ വച്ച് ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും ലഹരിപദാർത്ഥം കണ്ടെത്തുകയായിരുന്നു .പ്രതിക്കെതിരെ നിരവധി ലഹരി കേസുകൾ ചാത്തന്നൂർ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനിൽ നിലവിലുണ്ട്.പാരിപ്പള്ളി ഇൻസ്പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എസ് ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.