വധശ്രമക്കേസിലെ പ്രതി എയർപോർട്ടിൽ പിടിയിലായി

വധശ്രമക്കേസിലെ പ്രതി എയർപോർട്ടിൽ പിടിയിലായി

കല്ലമ്പലം: വധശ്രമക്കേസിലെ പ്രതിയെ നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കല്ലമ്പലം ഐരമൺ നിലയിൽ ബാപ്പു എന്ന് വിളിക്കപ്പെടുന്ന സുരേഷ് ആണ് പിടിയിലായത്. 2023 ഡിസംബർ 31 ന് രാത്രി 9 ന് കുടവൂരീൽ നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ, വിഗ്നേഷിനെയും ഇദ്ദേഹത്തിൻ്റെ സുഹൃത്തുക്കളായ നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതിയായ സുരേഷ് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് മനു, നൗഫൽ, മുഹമ്മദ് എന്നിവരെ വെട്ടി തലയിലും മുഖത്തും താടിയെല്ലിന്റെ ഭാഗത്തും ഗുരുതരമായ പരിക്കുകൾ ഏൽപ്പിച്ചു. ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തി പോലീസ് ഉടൻ തന്നെ പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിലെ രണ്ടാം പ്രതിയായ പ്രദീപിനെയും മൂന്നാം പ്രതിയായ അൻസാറിനെയും ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നാം പ്രതിയായ സുരേഷ് വിദേശത്തേക്ക് കടന്ന് ഖത്തറിൽ വെൽഡിങ് ജോലി ചെയ്ത് വരികയായിരുന്നു. ഒന്നാം പ്രതിയെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. 28 ന് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ പ്രതിയെ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദ്ദേശാനുസരണം വർക്കല ഡി.വൈ.എസ്.പി പി.വി.രമേശ് കുമാറിൻറെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ സി.ഐ. ദീപു.ഡി., എസ്.ഐ.മനു, നിതിൻ, പോലീസ് ഓഫീസർ അജീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റിട്ട. ഹെഡ്മാസ്റ്റർ ഗോപി (87) അന്തരിച്ചു

റിട്ട. ഹെഡ്മാസ്റ്റർ ഗോപി (87) അന്തരിച്ചു

ആറ്റിങ്ങൽ കടുവയിൽ കാർത്തികയിൽ റിട്ട. ഹെഡ്മാസ്റ്റർ ഗോപി (87) അന്തരിച്ചു.
ഭാര്യ: കാർത്ത്യായനി
മക്കൾ: അഡ്വ. ബിന്ദു, ബൈജു, ബിജു

ജി വേണുഗോപാലിന്റെ അമ്മ അന്തരിച്ചു

ജി വേണുഗോപാലിന്റെ അമ്മ അന്തരിച്ചു

തിരുവനന്തപുരം: ഗായകന്‍ ജി വേണുഗോപാലിന്റെ അമ്മയും സംഗീതാധ്യാപികയുമായ കെ സരോജിനി അമ്മ അന്തരിച്ചു. 94 വയസായിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളജിലെ സംഗീത വിഭാഗം മുന്‍ മേധാവിയായിരുന്നു. ജി വേണുഗോപാല്‍ തന്നെയാണ് അമ്മയുടെ വിയോഗവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

യൂണിവേഴ്‌സല്‍ ബോസ്! കാര്യവട്ടത്ത് ഇന്ന് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പൂരം

യൂണിവേഴ്‌സല്‍ ബോസ്! കാര്യവട്ടത്ത് ഇന്ന് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പൂരം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പൂരം. കെസിഎല്‍ മത്സരങ്ങള്‍ കാണുന്നതിനാണ് ഗെയ്ല്‍ തിരുവനന്തപുരത്തെത്തുന്നത്. ഉച്ചയ്ക്ക് 2.30-ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സും തൃശ്ശൂര്‍ ടൈറ്റന്‍സുമായുള്ള മത്സരത്തിനുമുന്‍പാണ് ആരാധകര്‍ക്കായി ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം. കൊച്ചി ബ്‌ളൂ ടൈഗേഴ്‌സിന്റെ സഹ ഉടമകൂടിയാണ് ക്രിസ് ഗെയ്ല്‍.

മൈതാനത്തിന്റെ എട്ടു ദിക്കുകളിലേക്കും പന്തുകള്‍ അതിര്‍ത്തി കടത്തുന്ന ഗെയ്ലിന്റെ സിഗ്‌നേച്ചര്‍ വെടിക്കെട്ട് ബാറ്റിങ്ങിനും പടുകൂറ്റന്‍ സിക്‌സറുകള്‍ക്കും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഗ്രൗണ്ടിലെ ഗെയ്‌ലിന്റെ സാന്നിധ്യവും ബാറ്റിങ് പ്രകടനവും കേരള ക്രിക്കറ്റ് ലീഗിന് രാജ്യാന്തര തലത്തില്‍ത്തന്നെ വലിയ ശ്രദ്ധയും വന്‍ പ്രചാരവും നേടിക്കൊടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

സ്‌റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇന്ന് രാവിലെ ബംഗളൂരുവില്‍ നിന്ന് വിമാനത്തിലാണ് ക്രിസ് ഗെയ്ല്‍ തിരുവനന്തപുരത്തെത്തുന്നത്. നാളെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ കായിക വികസന പദ്ധതികളുടെ പ്രചാരണത്തിലും പങ്കെടുക്കും.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ
കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ശ്രീകാര്യം ശ്രീകാര്യം വലിയവിള വീട്ടിൽ ആനന്ദവല്ലി (62)യെയാണ് കൊല്ലമ്പുഴ പാർക്കിന് സമീപമുള്ള കടവിൽ ഇന്ന് ഉച്ചയോടെ മരിച്ച നിലയിൽ കണ്ടത്. മൃതദേഹം വെള്ളത്തിൽ പൊങ്ങി കിടക്കുന്നത് കണ്ട് നാട്ടുകാർ ആറ്റിങ്ങൽ ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കരയ്ക്കെത്തിച്ച് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ  ആദരവ് നൽകി

അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരവ് നൽകി

അണ്ടൂർ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ തിരുവല്ല ഫയർ സ്റ്റേഷൻ ഓഫീസറും അണ്ടൂരിന്റെ അഭിമാനമായ ജെ രാജേന്ദ്രൻ നായർക്ക് ജന്മ നാടിന്റെ ആദരവ് നൽകി. പ്രശസ്ത കവിയും നാടക സിനിമ ഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് ചന്ദ്രബാബു ജി എൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. ശ്രീകണ്ഠൻ നായർ ആമുഖപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സല, മുളയറത്തലക്കാവ് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി വി കൃഷ്ണകുമാർ, പ്രസിഡന്റ് ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. ജെ.രാജേന്ദ്രൻ നായർ അനുമോദനത്തിന് മറുപടി പ്രസംഗം നടത്തി. യോഗത്തിന് രാജു അണ്ടൂർ സ്വാഗതവും അനിൽകുമാർ നന്ദിയും പ്രകാശിപ്പിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് യോഗത്തിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.