ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഫെബ്രുവരി 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. 62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക.

സംസ്ഥാനത്തെ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പെൻഷൻ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷന്‍ അതാത് ബോര്‍ഡുകള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇത് കൃത്യമായി ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര വിഹിത ഇനത്തിലുള്ള 24.21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

കുറേക്കാലം മണം തിരിച്ചറിയാനാകില്ലായിരുന്നു, ഇപ്പോള്‍ കുറച്ച് കിട്ടിത്തുടങ്ങിയിട്ടുണ്ട്’; തുറന്നു പറഞ്ഞ് മമ്മൂട്ടി

കുറേക്കാലം മണം തിരിച്ചറിയാനാകില്ലായിരുന്നു, ഇപ്പോള്‍ കുറച്ച് കിട്ടിത്തുടങ്ങിയിട്ടുണ്ട്’; തുറന്നു പറഞ്ഞ് മമ്മൂട്ടി

തനിക്ക് കുറേനാളുകളായി ഗന്ധം കിട്ടിയിരുന്നില്ലെന്ന് മമ്മൂട്ടി. ഇപ്പോള്‍ ഗന്ധം തിരിച്ചറിയാന്‍ തുടങ്ങിയതായും മമ്മൂട്ടി പറയുന്നുണ്ട്. കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷന്റെ വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. അസുഖബാധിതനായി ചികിത്സയിലായിരുന്ന മമ്മൂട്ടി ഈയ്യടുത്താണ് രോഗമുക്തി നേടി തിരികെ വന്നത്.

”ഞാന്‍ ഷൂട്ടിങ്ങിനിടെ ഒരാള്‍ക്ക് കാതില്‍ വെക്കാന്‍ ഒരു ശ്രവണ സഹായി വാങ്ങിച്ചു കൊടുത്തിരുന്നു. അയാളത് കുറച്ചുനേരം വച്ചിട്ട് എടുത്തെറിഞ്ഞു കളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാള്‍ പോയി. അയാള്‍ പിന്നീടൊരിക്കലും ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല.” മമ്മൂട്ടി പറയുന്നു.

”കാഴ്ചയും കേള്‍വിയുമാണ് മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലെങ്കിലും ശ്വാസം വലിക്കാം. കുറേ കാലത്തേക്ക് എനിക്ക് ഇതൊന്നും ഇല്ലായിരുന്നു. ഇപ്പോള്‍ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്” എന്നാണ് മമ്മൂട്ടി പറയുന്നത്.

ചത്താ പച്ചയിലെ അതിഥി വേഷത്തിലാണ് മമ്മൂട്ടിയെ ഒടുവിലായി സ്‌ക്രീനില്‍ കണ്ടത്. പേട്രിയറ്റ് ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മഹേഷ് നാരായണന്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ഏപ്രില്‍ 23 നാണ് സിനിമയുടെ റിലീസ്.

രാജ്യം ഉറ്റുനോക്കുന്ന മാതൃക, മതേതരത്വ സംരക്ഷണത്തില്‍ കേരളം ഇന്ത്യയെ നയിക്കണം: അമര്‍ത്യാ സെന്‍

രാജ്യം ഉറ്റുനോക്കുന്ന മാതൃക, മതേതരത്വ സംരക്ഷണത്തില്‍ കേരളം ഇന്ത്യയെ നയിക്കണം: അമര്‍ത്യാ സെന്‍

തിരുവനന്തപുരം: ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍. ഇന്ത്യയില്‍ മതേതരത്വം ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക സംഭാവന നല്‍കാന്‍ കേരളത്തിന് കഴിയണമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ‘വിഷന്‍-2031’ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു അമര്‍ത്യ സെന്നിന്റെ പ്രതികരണം. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു പിന്നില്‍ ചരിത്രപരമായ അടിത്തറയുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകതയെന്നും ചൂണ്ടിക്കാട്ടി.

14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ കേരളം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് ആശ്ചര്യകരമാണ്. ഇബ്നു ബത്തൂത്തയുടെ രേഖകളില്‍ കേരളത്തെ കുറിച്ച് പരാമര്‍ശമുണ്ട്. കേരളത്തിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

ലോകത്തോടുള്ള തുറന്ന മനസാണ് കേരളത്തിന്റെ പ്രത്യേകത. ഇന്ത്യയിലേക്കുള്ള ഒരു കവാടമെന്ന നിലയില്‍ കേരളത്തിന്റെ പങ്ക് രാജ്യത്തിന് മൊത്തത്തില്‍ മൂല്യവത്തായി. തുറന്ന മനസ്സോടെയും പരീക്ഷണാത്മകമായും തുടരാന്‍ സംസ്ഥാനത്തിന് കഴിയുന്നതില്‍ ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ആര്യഭടന്‍ കേരളീയനാണെന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകളുണ്ട്. പാടലീപുത്രത്തിലാണ് ആര്യഭടന്‍ താമസിച്ചതെങ്കിലും അദ്ദേഹം കേരളത്തില്‍നിന്നു വന്നതാണെന്നാണ് തെളിവുകള്‍.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ എന്നിവയില്‍ കേരളം കൈവരിച്ച അതിശയിപ്പിക്കുന്ന നേട്ടം വികസന കാഴ്ചപ്പാടിന്റെ വിജയമാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും രാജ്യം ഉറ്റുനോക്കുന്ന മാതൃകയായി കേരളം മാറി.

1957ലെ ആദ്യ തെരഞ്ഞെടുപ്പ് നടക്കുമ്പോഴുള്ള ആവേശം ഓര്‍മകളിലുണ്ട്. യാഥാസ്ഥിതികമല്ലാതെ, ‘വ്യത്യസ്ത പാതയിലൂടെ ജനങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ കേരളത്തിലെ ഇടത് രാഷ്ട്രീയത്തിന് കഴിയുമോ’ എന്ന് അന്ന് കോളേജ് സ്ട്രീറ്റിലെ കോഫി ഹൗസുകളില്‍ വലിയ സംവാദം നടക്കുമായിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കേരളത്തിന് വികസനത്തിന് പണം കണ്ടെത്താന്‍ കഴിയില്ലെന്ന് പലരും എന്നോട് വാദിച്ചിരുന്നു. ഇന്ന് എല്ലാ മേഖലയിലും കേരളം മുന്‍പന്തിയില്‍ നില്‍ക്കുമ്പോള്‍ ആ പഴയ സംശയവാദികള്‍ക്കെല്ലാം സൗജന്യമായി കോഫി വാങ്ങി നല്‍കാന്‍ ഞാന്‍ തയ്യാറാണ്. കേരളത്തിന്റെ മാനവവിഭവശേഷി വികസനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തെറ്റിയില്ല. കേരളത്തില്‍ മതനിരപേക്ഷതയ്ക്ക് വലിയ വെല്ലുവിളികളില്ല. എന്നാല്‍, ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും സ്ഥിതി മോശമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഇന്ത്യയുടെ ഭാവിയെ കുറിച്ച് തനിക്കിപ്പോള്‍ ആശങ്കയുണ്ടെന്നും അമര്‍ത്യ സെന്‍ പറഞ്ഞു. ഇന്ത്യയിലെ മതേതരത്വം പരാജയപ്പെടില്ലെന്ന ആത്മവിശ്വാസം ദുര്‍ബലമാകുന്നുണ്ട്. രാജ്യത്തിന്മേല്‍ സംഘടിതമായി അടിച്ചേല്‍പ്പിക്കുന്ന ആശയത്തെ ചെറുക്കാന്‍ കഴിയുമോ എന്നതിനെ ആശ്രയിച്ചായിരിക്കും മതേതരത്വത്തിന്റെ ഭാവി എന്നും അദ്ദേഹം പറഞ്ഞു.

പിതൃമോക്ഷം തേടി ആയിരങ്ങള്‍, ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം

പിതൃമോക്ഷം തേടി ആയിരങ്ങള്‍, ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം

കൊച്ചി: പിതൃമോക്ഷത്തിനായി ആലുവ മണപ്പുറത്ത് പതിനായിരങ്ങള്‍. ബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണത്തിനായി വലിയ തിരക്കാണ് മണപ്പുറത്ത് അനുഭവപ്പെട്ടത്. ഇന്ന് ഉച്ചവരെയാണ് ചടങ്ങുകള്‍. ബലിതര്‍പ്പണത്തിനായി ഇന്നലെ രാത്രി മുതല്‍ തന്നെ ആളുകള്‍ മണപ്പുറത്ത് എത്തിതുടങ്ങിയിരുന്നു. സംസ്ഥാനത്ത് മറ്റ് ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിനായി ആയിരങ്ങളാണ് എത്തിയത്.

ആലുവയില്‍ കർമങ്ങൾക്കു തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരി, മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി എന്നിവർ കാർമികത്വം നല്‍കി. 116 ബലിത്തറകളാണ് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്. ഇന്ന് ആരംഭിക്കുന്ന ബലിതർപ്പണം കുംഭത്തിലെ അമാവാസിയായ ചൊവ്വാഴ്ച വരെ തുടരും. പിതൃതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് സൗജന്യ ലഘുഭക്ഷണവും ചുക്കുവെള്ളവും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

ശിവരാത്രിയുടെ ഭാഗമായി ഇന്ന് പകല്‍ 2 വരെ ആലുവ പട്ടണത്തിലും പരിസരത്തും പൊലീസ് ഗതാഗതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. .1500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. പിതൃതര്‍പ്പണത്തിനായി എത്തുന്നവര്‍ക്ക് സൗജന്യ ലഘുഭക്ഷണവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ശിവരാത്രി നാളില്‍ മണപ്പുറത്തെത്തുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് രണ്ടുകോടിയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും ആലുവ നഗരസഭ ഒരു കോടിയുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

250 കെഎസ്ആര്‍ടിസി ബസുകള്‍ മണപ്പുറത്തേക്ക് പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്. മണപ്പുറത്ത് കെഎസ്ആര്‍ടിസിക്കായി പ്രത്യേകം സ്റ്റാന്‍ഡ് ഉണ്ടാകും. സ്വകാര്യ ബസുകള്‍ക്ക് രാത്രി സര്‍വീസ് നടത്തുന്നതിനായി പ്രത്യേകം പാസ് അനുവദിച്ചിരുന്നു. കൊച്ചി മെട്രോയും അധികസമയം സര്‍വീസ് നടത്തുണ്ട്. ശിവരാത്രിയോടനുബന്ധിച്ച് ആലുവ നഗരത്തില്‍ ഞായറാഴ്ച വൈകീട്ട് നാലുമണി മുതല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

നെടുമങ്ങാട് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് എന്ന് ആരോപണം

നെടുമങ്ങാട് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് എന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിനെതിരെ വീണ്ടും ചികിത്സാ പിഴവ് എന്ന് ആരോപണം. ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് യുവതിയുടെ കാലുകളിൽ പഴുപ്പ് ഉണ്ടായെന്നാണ് പരാതി. എന്നാൽ, ഇതേക്കുറിച്ച് ഒരു പരാതിയും ആശുപത്രിയെയോ തന്നെയോ അറിയിച്ചിട്ടില്ലെന്നാണ് രജനിയെ ചികിത്സിച്ച ഡോക്ടർ ഹ‍ൃദ്യ പറയുന്നത്.

ഈ മാസം അഞ്ചു മുതൽ 9 വരെയാണ് ചുള്ളിമാനൂർ സ്വദേശിനി രഞ്ജിനി നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയത്. ഗർഭസമയത്ത് എടുക്കേണ്ട ആറ് കുത്തിവെപ്പ് ഡോക്ടറുടെ നിർദേശപ്രകാരം രജനിക്ക് നൽകി. കുത്തിവെപ്പ് എടുത്തശേഷം കാലുകളിൽ കടുത്ത വേദന അനുഭവപ്പെടുകയും പിന്നീട് പഴുപ്പ് ബാധിച്ചുവെന്നുമാണ് രഞ്ജിനിയുടെ ഭർത്താവ് പറയുന്നത്. വേദനയെക്കുറിച്ച് പലതവണ പരാതിപ്പെട്ടെങ്കിലും ഡോക്ടർ പരിശോധിച്ചു നോക്കാതെ ഡിസ്ചാർജ് എഴുതിയെന്നാണ് കുടുംബത്തിന്റെ ആരോപണം. വട്ടപ്പാറയിലെ സ്വകാര്യ ആശുപ്രതിയിലാണ് രഞ്ജിനിയെ തുടർ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

എന്നാൽ, യുവതിക്ക് വേദനയോ മറ്റ് അസ്വസ്ഥതകളാ ഉള്ളതായി അറിയിച്ചിട്ടില്ല എന്നാണ് ചികിത്സ നൽകിയ ഡോക്ടർ പറയുന്നത്. തുടർ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലും എത്തിയിട്ടില്ല. ചിലരിൽ മരുന്നുകളുടെ റിയാക്ഷൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർ പറയുന്നു.

ഡ്രൈവിംഗ് കുട്ടിക്കളിയല്ല, 18 തികയാത്ത ഡ്രൈവർമാരെ ജുവനൈൽ ഹോമിലാക്കും

ഡ്രൈവിംഗ് കുട്ടിക്കളിയല്ല, 18 തികയാത്ത ഡ്രൈവർമാരെ ജുവനൈൽ ഹോമിലാക്കും

തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞദിവസം തുടങ്ങിയ പ്രത്യേക പരിശോധനയിൽ 18 തികയാത്ത 9 പേരെ പൊലീസ് പിടികൂടി. ഇവർക്ക് വാഹനം നൽകിയ മുതിർന്നവരെ പ്രതികളാക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടു പോവുകയാണ്. മറ്റ് ജില്ലകളിലേക്കും പരിശോധന വ്യാപിപ്പിക്കും. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയാൻ 2019ലാണ് കേന്ദ്രമോട്ടോർ നിയമം പരിഷ്കരിച്ച് തടവുശിക്ഷ കൂടി ഉൾപ്പെടുത്തിയത്.

എന്നാൽ കേരളത്തിലുൾപ്പെടെ നിയമം കർശനമായി നടപ്പിലാക്കിയിരുന്നില്ല. പ്രായപൂർത്തിയാകാത്തവർ ഓടിക്കുന്ന വാഹനങ്ങൾ അപകടമുണ്ടാക്കുന്നത് പതിവായതോടെയാണ് കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്.

25,000 രൂപ പിഴ,6 മാസം തടവ്. കുട്ടികൾ വാഹനമോടിച്ചാൽ ആർ.സി ഉടമയോ, വാഹനം കൈവശം വച്ചിരിക്കുന്നയാളോ മുഖ്യപ്രതിയാകും. 25,000 രൂപ പിഴയും ആറുമാസം വരെ തടവുമാണ് ശിക്ഷ. ആർ.സി സസ്പെൻഡ് ചെയ്യാം. പ്രായപൂർത്തിയാകാത്ത വ്യക്തിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ജുവനൈൽ ഹോമിൽ പാർപ്പിക്കാം. 25 വയസുവരെ ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാനാകില്ല

*മോഷ്ടിച്ച ബൈക്കിൽ കുട്ടിക്കുറ്റവാളികൾ*

കുറ്റവാളികളായ കുട്ടികൾ വിലസുന്നത് കൂടുതലും മോഷ്ടിച്ചെടുത്ത വാഹനങ്ങളിലാണെന്ന് പൊലീസ്. ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽപ്പെട്ട കുട്ടികളും മാലമോഷണ സംഘത്തിൽപ്പെട്ട കുട്ടികളും മോഷ്ടിച്ചെടുത്ത വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ബൈക്ക് ഓടിക്കുന്ന 18 കഴിയാത്തവർ നിരത്തുകളിൽ സ്പീ‌‌ഡ്റേസിംഗ് നടത്തുന്നു. റേസിംഗ് നടത്തുന്നവരിൽ പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.