കീം പ്രവേശന പരീക്ഷ : നാളെ മുതൽ അപേക്ഷിക്കാം

കീം പ്രവേശന പരീക്ഷ : നാളെ മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്‌ക്ക്‌ നാളെ മുതൽ അപേക്ഷിക്കാം. ഈ മാസം 31ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

പ്രവേശന പരീക്ഷാ കമീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in-ലെ ‘കീം 2026 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സംവരണം, ഫീസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം. ഏപ്രിൽ ആദ്യ ആഴ്ചയാകും പരീക്ഷ നടക്കുക.

NIA: സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ ഒഴിവുകൾ,1.25 ലക്ഷം ശമ്പളം

NIA: സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ ഒഴിവുകൾ,1.25 ലക്ഷം ശമ്പളം

നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (NIA) സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 05 ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ് നടത്തുന്നത്. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 1.25 ലക്ഷം ശമ്പളം ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 13.01.2026.

യോഗ്യതാ മാനദണ്ഡങ്ങൾ
അംഗീകൃത സർവകലാശാലയിൽ നിന്ന് നിയമത്തിൽ (Law) ബിരുദം നേടിയിരിക്കണം. ക്രിമിനൽ കേസുകൾ കോടതിയിൽ കേസുകൾ കൈകാര്യം ചെയ്ത് കുറഞ്ഞത് 8 വർഷത്തെ അഭിഭാഷക പരിചയം (Bar experience) ഉണ്ടായിരിക്കണം.

നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും. കരാർ കാലയളവിൽ സ്വകാര്യ നിയമപ്രാക്ടീസ് നടത്താൻ അവകാശമില്ല.

ഹൗസ് റന്റ് അലവൻസ് (HRA), മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്, ലീവ് ട്രാവൽ കൺസെഷൻ (LTC) തുടങ്ങിയ മറ്റ് അലവൻസുകൾ ലഭ്യമല്ല. ടി എ,ഡി എ തുടങ്ങിയ അനുകൂല്യങ്ങൾ ലഭിക്കും.

ആദ്യ ഘട്ടത്തിൽ 1 വർഷത്തേക്കായിരിക്കും നിയമനം. പിന്നീട് കാലാവധി നീട്ടിയേക്കാം.

നിശ്ചിത മാതൃകയിൽ പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാ ഫോമും, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും സഹിതം രജിസ്റ്റേഡ് / സ്പീഡ് പോസ്റ്റ് മുഖേന താഴെ കൊടുത്ത വിലാസത്തിലേക്ക് അയയ്ക്കണം:

SP (Admin), NIA Headquarters,
CGO Complex, Lodhi Road,
New Delhi – 110003

അപൂർണ്ണമായ അപേക്ഷകളും അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കില്ല.

ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ അഭിമുഖത്തിന് വിളിക്കുകയുള്ളൂ. അപേക്ഷാ ഫോമിന്റെ മാതൃക ലഭിക്കുന്നതിനായി NIAയുടെ ഔദ്യോഗിക വെബ്സൈറ്റ്: www.nia.gov.in

കെ.എസ്.ആര്‍.ടി.സിയ്ക്ക് 93.72 കോടി രൂപ അനുവദിച്ചു

കെ.എസ്.ആര്‍.ടി.സിയ്ക്ക് 93.72 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.

ഈ വര്‍ഷം ഇതിനകം 1,201.56 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. പെന്‍ഷന്‍ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റില്‍ കോര്‍പ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമായി.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായമായി ഇതുവരെ ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ 5,002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ചേര്‍ന്ന് ആകെ 13,029.72 കോടി രൂപയാണ് കോര്‍പ്പറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ നല്‍കിയതാകട്ടേ 1,467 കോടി രൂപയും.

കാത്തിരിപ്പ് കണ്ണീരായി, ചികിത്സയ്ക്ക് പോയ നോബിൾ ഇനി ഓർമ്മ. ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാത്തിരിപ്പ് കണ്ണീരായി, ചികിത്സയ്ക്ക് പോയ നോബിൾ ഇനി ഓർമ്മ. ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കുന്നത്തൂർ മാനാമ്പുഴ നല്ലൂർ പുത്തൻവീട്ടിൽ സണ്ണി ഐസക്ക് മാത്യുവിൻ്റെയും, ലിസിയുടെയും മകൻ നോബിൾ ടി മാത്യു ആണ് മരിച്ചത് 38 വയസ്സായിരുന്നു പ്രായം..

കഴിഞ്ഞ ദിവസം കുന്നത്തൂർ പി.എച്ച്.സിയിലേക്ക് ചികിത്സയ്ക്കായി പോകുന്നു എന്ന് പറഞ്ഞാണ് നോബിൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. മാനസിക അസ്വാസ്ഥ്യം നേരിട്ടിരുന്ന നോബിൾ ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെതെ ആയപ്പോള്‍ ബന്ധുക്കൾ അന്വേഷണം നടത്തി വരികയായിരുന്നു. തുടർന്ന് ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് സമാന ലക്ഷണങ്ങളുള്ള ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ വിവരം പോലീസ് അറിയിച്ചത്.

പോലീസിൻ്റെ നിർദ്ദേശപ്രകാരം ശാസ്താംകോട്ട താലൂക്കാശുപത്രി സൂക്ഷിച്ചിരുന്നു. ബന്ധുക്കളെത്തി തിരിച്ചറിയുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. നോബിളിൻ്റെ അപ്രതീക്ഷിത വേർപാട് കുന്നത്തൂർ ഗ്രാമത്തെയും മാനാമ്പുഴയിലെ പ്രിയപ്പെട്ടവരെയും വലിയ ദുഃഖത്തിലാഴ്ത്തി.

നിയമസഭയിൽ പുതിയൊരു ജോലി ഒഴിവ്

നിയമസഭയിൽ പുതിയൊരു ജോലി ഒഴിവ്

ഡൽഹി: നിയമസഭയിൽ പുതിയൊരു ജോലിക്ക് ഒഴിവുണ്ട്;
പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്‌നമല്ല. പക്ഷേ, ലങ്കൂർ കുരങ്ങുകളുടെ ശബ്ദ‌ത്തിൽ കരയാൻ അറിയണം. ജോലി എന്താണെന്നല്ലേ, നിയമസഭാ വളപ്പിൽ സ്‌ഥിരം ശല്യക്കാരായ കുരങ്ങൻമാരെ തുരത്തുന്നതാണു പണി.

ശല്യം രൂക്ഷമായതോടെയാണ് ഇവയെ തുരത്താൻ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ വീണ്ടും നിയമിക്കാൻ പൊതുമരാമത്തു വകുപ്പു തീരുമാനിച്ചത്. ഇതിനായാണു ലങ്കൂറിൻ്റെ ശബ്ദം അനുകരിക്കാൻ അറിയാവുന്നരെ തേടുന്നത്. മുൻപു പാർലമെൻ്റിൽ ഉൾപ്പെടെ ശല്യമുണ്ടാക്കിയിരുന്ന റീസസ് വർഗത്തിലുള്ള കുരങ്ങൻമാരെ പേടിപ്പിച്ചു തുരത്താൻ പരിശീലകർക്കൊപ്പം ലങ്കൂറുകളെ നിയോഗിച്ചിരുന്നു.

പിന്നീടു മൃഗാവകാശ പ്രവർത്തകരുടെ ഉൾപ്പെടെ പ്രതിഷേധം ഉയർന്നതോടെ ലങ്കൂറിനു പകരം, അവയുടെ വേഷം ധരിച്ചവരെ നിർത്തി. ഇവർ പ്രത്യേക ശബ്ദമുണ്ടാക്കിയും വടി വീശിയും മറ്റും കുരങ്ങൻമാരെ ഓടിക്കും. ഉപദ്രവിക്കരുതെന്നു പ്രത്യേക നിർദേശമുണ്ട്. ദിവസം 8 മണിക്കൂറാണു ജോലി. ശനിയാഴ്‌ചയും ജോലിയുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമക്കേസ്: രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികാതിക്രമക്കേസ്: രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആദ്യ ലൈംഗികാതിക്രമക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന് മുന്‍കൂര്‍ ജാമ്യം.
തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജോബിക്ക് ജാമ്യം അനുവദിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്താണ് പത്തനംതിട്ട കോന്നി സ്വദേശിയായ ജോബി ജോസഫ്. രാഹുലിന്റെ നിര്‍ദേശ പ്രകാരം ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നായിരുന്നു പരാതിക്കാരി മൊഴി നല്‍കിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് ഇയാള്‍ മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്.