by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയേയും എസ്‌ഐടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പ്രവേശനം ലഭിച്ചത്? സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
‘കേസില്‍ പ്രതികള്‍ക്ക് കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായുള്ള അവിശുദ്ധ ബന്ധം തെളിവ് സഹിതം പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യം അങ്ങേയറ്റം ഗൗരവമുള്ളതാണ്. ഭക്തലക്ഷങ്ങളുടെ വികാരമായ ശബരിമലയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ജ്വല്ലറി ഉടമയും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുമായും അടൂര്‍ പ്രകാശ് എംപി അടക്കമുള്ള നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കേരളം ഞെട്ടലോടെയാണ് കാണുന്നത്. അതിസുരക്ഷാ മേഖലയായ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഇവര്‍ക്ക് പ്രവേശനം ലഭിച്ചത് ആരുടെ സഹായത്തിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഇനിയെങ്കിലും വ്യക്തമാക്കണം. 2004ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരികര്‍മിയായി നിയമിച്ചത്.
അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നത് പ്രയാര്‍ ഗോപാലകൃഷ്ണനാണ്. അജയ് തറയില്‍ തുടങ്ങിയവരുമായി ഇവര്‍ക്ക് ഉണ്ടായിരുന്ന ബന്ധവും അന്വേഷണ പരിധിയില്‍ വരുന്നു എന്നതും നിസാരമല്ല. എസ്‌ഐടിയുടെ കേസ് അന്വേഷണത്തെ പ്രതിപക്ഷം ബോധപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സ്വന്തം നേതാക്കള്‍ക്ക് കേസിലുള്ള പങ്ക് വെളിപ്പെടുമോ എന്ന ഭയമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്’- വി ശിവന്‍കുട്ടി പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള കൂടിക്കാഴ്ചയില്‍ സോണിയാഗാന്ധിയുടെ മൊഴി നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അന്വേഷണം സോണിയ ഗാന്ധിയിലേക്ക് നിങ്ങുന്നത് പ്രധാനമാണ്. ഗൂഢാലോചന പുറത്ത് വരണം. പദവി നോക്കാതെ സോണിയ ഗാന്ധിയെ അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യം കയറ്റിയത് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചത്. വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ അടൂര്‍ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പോറ്റി ആദ്യം കയറിയത് എവിടെയാണ്.
സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തനിക്ക് പങ്കില്ല എന്ന് അടൂര്‍ പ്രകാശ് പറയുന്നു. പോറ്റി വിളിച്ചാല്‍ പോകേണ്ട ആളാണോ അദ്ദേഹം. എങ്ങനെയാണ് മഹാതട്ടിപ്പുകാര്‍ക്ക് സോണിയയെ പോലെ ഒരു രാഷ്ട്രീയ നേതാവിന്റെ അടുക്കല്‍ എത്താന്‍ കഴിയുന്നതെന്നും ഒന്നും പറയാന്‍ ഇല്ലാത്തപ്പോള്‍ കൊഞ്ഞനം കുത്തുകയാണോ വേണ്ടത് എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.



by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
ഒരിടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണ് സര്‍വ്വം മായ. രണ്ട് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ സിനിമ തിയേറ്ററിലെത്തുന്നത്. നിവിന്റെ ഒരു സിനിമ വിജയം കാണുന്നതാകട്ടെ ആറ് വര്‍ഷത്തിന് ശേഷവും. അഖില്‍ സത്യന്‍ ഒരുക്കിയ സര്‍വ്വം മായ ഇതിനോടകം തന്നെ അമ്പത് കോടി പിന്നിട്ടു കഴിഞ്ഞു. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സര്‍വ്വം. അധികം വൈകാതെ ചിത്രം നൂറ് കോടിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം സര്‍വ്വം മായ നിവിന്റെ മാത്രമല്ല മറ്റൊരു നടന്റെ കൂടെ തിരിച്ചുവരവാണ്. നടന്‍ മധു വാര്യരാണ് സര്‍വ്വം മായയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധു വാര്യര്‍ അഭിനയിക്കുന്നത്. സര്‍വ്വം മായയില്‍ നിവിന്‍ പോളിയുടെ സഹോദരന്റെ വേഷമാണ് മധു വാര്യര്‍ അവതരിപ്പിക്കുന്നത്. തിരിച്ചുവരവില്‍ നടനെന്ന നിലയില്‍ കയ്യടി നേടാന്‍ മധു വാര്യര്‍ക്ക് സാധിച്ചിട്ടുണ്ട്.
സര്‍വ്വം മായ കണ്ട ശേഷം സഹോദരി മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകള്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ മധു വാര്യര്‍ പങ്കുവെക്കുന്നുണ്ട്. ”സിനിമ കണ്ടതിന് ശേഷം മഞ്ജുവിനും വലിയ സന്തോഷമായി. ഞങ്ങളുടെ നാട്ടിലെ തിയറ്ററുകളിലൊന്നും ടിക്കറ്റ് കിട്ടാത്തതുകൊണ്ട് മൂവാറ്റുപുഴ പോയാണ് മഞ്ജു സിനിമ കണ്ടത്. കണ്ടുകഴിഞ്ഞയുടനെ തന്നെ എന്നെ വിളിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. ‘പണ്ടത്തേക്കാള്‍ ചേട്ടന്റെ അഭിനയം ഇപ്പോള്‍ ഒരുപാട് നാച്ചുറല്‍ ആയിട്ടുണ്ട്, പ്രകടനത്തില്‍ വലിയ പുരോഗതി വന്നിട്ടുണ്ട്’ എന്ന മഞ്ജുവിന്റെ വാക്കുകള്‍ എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.” മധു വാര്യര്‍ പറയുന്നു.



പടം മഞ്ജുവിന് ഒരുപാട് ഇഷ്ടമായി. എന്റെ സഹോദരി എന്നതിലുപരി ഒരു നല്ല കലാകാരി എന്ന നിലയിലുള്ള മഞ്ജുവിന്റെ ആ വിലയിരുത്തല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ മധു വാര്യര്‍ സംവിധായകനായിരുന്നു. ഈ ചിത്രത്തില്‍ ഒരു സീനില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.
”ഏതാണ്ട് 13 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. എന്റെ സിനിമയായ ‘ലളിതം സുന്ദര’ത്തില്‍ ഒരു ഡോക്ടറുടെ വേഷം ചെയ്തിരുന്നു; പക്ഷേ അത് കഥാപാത്രം എന്നൊന്നും പറയാന്‍ പറ്റില്ല. ഒരു സീനില്‍ വന്ന് ഒരു വിവരം പറഞ്ഞിട്ട് പോയി. കോവിഡ് കാലമായതുകൊണ്ട് അതിനുവേണ്ടി വേറൊരു ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ഞാന്‍ ചെയ്തത്. അതുകൊണ്ട് തന്നെ അതൊരു കഥാപാത്രമായി അഭിനയിച്ചു എന്ന് പറയാന്‍ കഴിയില്ല” എന്നാണ് ലളിതം സുന്ദരത്തെക്കുറിച്ച് മധു വാര്യര്‍ പറയുന്നത്.
മധു വാര്യര്‍ സര്‍വ്വം മായയ്ക്ക് മുമ്പ് അഭിനയിച്ചത് മായാ മോഹിനിയിലായിരുന്നു. അതിനാല്‍ തന്നെ സര്‍വ്വം മായയിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് പേടി തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ”ഞാന്‍ അവസാനം അഭിനയിച്ചത് ‘മായാ മോഹിനി’ എന്ന സിനിമയിലാണ്, അതിനുശേഷം ഇപ്പോഴാണ്. ആദ്യം എനിക്ക് ആകെ പേടിയായിരുന്നു. ഞാന്‍ അഖിലിനോട് പറഞ്ഞു, ‘എനിക്ക് അഭിനയത്തില്‍ ഒരു ടച്ച് ഇല്ലാതെ ഇരിക്കുകയാണ്, ശരിയായില്ലെങ്കില്‍ ചീത്തയൊന്നും വിളിക്കരുത്’. അഖില്‍ പറഞ്ഞു, ‘അയ്യോ ചേട്ടാ അങ്ങനെ ഒന്നുമില്ല, അതൊക്കെ ശരിയാകും’.” മധു വാര്യര്‍ പറയുന്നു. സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ സജീവമാകാന്‍ തീരുമാനിച്ചതായാണ് മധു വാര്യര്‍ പറയുന്നത്.
by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പാറയടി ഭാഗത്ത് മുൻവൈരാഗ്യം മൂലം അനീഷ് എന്നയാളെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. അനീഷ് എന്നയാളുടെ സഹോദരനെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ചതിൽ ഉള്ള വിരോധമാണ് കൃത്യത്തിന് കാരണം. ആറ്റിങ്ങൽ പൊയ്ക്കമുക്ക് കവിത ഭവനിൽ ദേവരാജൻ മകൻ വിപിനെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നിർദേശപ്രകാരം എസ് എച്ച് ഒ അജയൻ, ആറ്റിങ്ങൽ എസ് ഐ ജിഷ്ണു, സിതാര മോഹൻ എസ് സി പി ഒമാരായ അരുൺകുമാർ, സജിത് എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. മുൻപും സമാന രീതിയിലുള്ള കേസിൽ വിപിൻ പ്രതിയായിട്ടുണ്ട്.



by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടി ബന്ധപ്പെടുത്തിയുള്ള ചര്‍ച്ച തന്നെ അനാവശ്യമാണ്. തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും മത്സരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ എംഎല്‍എമാര്‍ വീണ്ടും മത്സരിക്കുന്നത് പരിഗണിക്കുന്നുവെന്നു പറയുമ്പോള്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസില്‍ ഇല്ലല്ലോ. പാര്‍ട്ടിയില്‍ ഇല്ലാത്ത ആളുടെ കാര്യം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലല്ലോയെന്നും മുരളീധരന്‍ പറഞ്ഞു. ലൈംഗിക പീഡന പരാതികളെത്തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
വടക്കാഞ്ചേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഗ് സ്വതന്ത്രന് സിപിഎം 50 ലക്ഷം രൂപ കോഴ കൊടുത്തതിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ഒരു ബ്ലോക്ക് പ്രസിഡന്റ് പോയാല്‍ സിപിഎമ്മിന് എന്താണ് പ്രശ്‌നം. വെറുതെ 50 ലക്ഷം രൂപയൊക്കെ കൊടുക്കണമായിരുന്നോ. അത് ഏതെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കാമായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഇപ്പോള്‍ നല്ല ഐക്യത്തിലാണെന്നും, കോണ്‍ഗ്രസും ലീഗും തമ്മില്‍ സീറ്റു തര്‍ക്കം ഉണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.



by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആവണീശ്വരം ശ്രീമഹാദേവക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം ജനുവരി 3 മുതൽ 8 വരെ നടക്കും. ഒന്നാം ദിവസം (ജനുവരി3)
9.30ന് കൊടിമര ഘോഷയാത്ര, വൈകുന്നേരം 5.30ന് ദീപ കാഴ്ച, 7.15നു
ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന തിരുവാതിര.
രണ്ടാം ദിവസം രാത്രി 7. 30ന് ശ്രീഭൂതബലി, മൂന്നാം ദിവസം രാവിലെ 9 മണിക്ക് വലിയപാണി, ഉത്സവ ബലി ആരംഭം.
നാലാം ദിവസം രാവിലെ 10.30 ന് ആയില്യം പൂജ, അഞ്ചാം ദിവസം രാത്രി ഏഴിന് ആവണീശ്വരം കലാസമിതി അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള,
ആറാം ദിവസം രാവിലെ 8നു ആറാട്ട് എഴുന്നള്ളിപ്പ് ഘോഷയാത്ര, 10.30 ന് കൊടിമരച്ചുവട്ടിൽ ദീപാരാധന, തൃക്കൊടിയിറക്കോടെ ഉത്സവം സമാപിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12ന് അന്നദാനം ഉണ്ടായിരിക്കും. എല്ലാദിവസവും രാത്രി 8.15ന് ലഘുഭക്ഷണമുണ്ടായിരിക്കും.
by Midhun HP News | Jan 3, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. മുന്‍ മന്ത്രിയുള്‍പ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. ഒന്നാം പ്രതിയായ കോടതി ജീവനക്കാരനായിരുന്ന ജോസ്, രണ്ടാം പ്രതി ആന്റണി രാജു എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് നിര്‍മിക്കല്‍, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമയ്ക്കല്‍ എന്നിങ്ങനെയുള്ള കുറ്റങ്ങളില്‍ പ്രതികള്‍ ശിക്ഷയ്ക്ക് അര്‍ഹരാണെന്നാണ് കോടതി കണ്ടെത്തിയത്.
കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. 1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.
1990 ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. തുടര്‍ന്ന് പ്രതി കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാള്‍ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു.
കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജി നല്‍കിയിരുന്നു. ഇതാണ് വിചാരണ വൈകാന്‍ ഇടയാക്കിയത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. പത്തൊന്‍പത് പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയില്‍ നിന്ന് നീക്കിയിരുന്നു ഒഴിവാക്കിയിരുന്നു.



Recent Comments