ആറ്റിങ്ങൽ മോഡൽ ബോയ്സ് സ്കൂളിലെ യുവജനോത്സവം ‘കേളീരവം’ സെപ്റ്റംബർ 25, 26 തീയതികളിൽ

ആറ്റിങ്ങൽ മോഡൽ ബോയ്സ് സ്കൂളിലെ യുവജനോത്സവം ‘കേളീരവം’ സെപ്റ്റംബർ 25, 26 തീയതികളിൽ

ആറ്റിങ്ങൽ: ആറ്റിങ്ങൽ മോഡൽ ബോയ്സ് വി & എച്ച് എസ് എസിലെ ഈ വർഷത്തെ സ്കൂൾ യുവജനോത്സവം 2024 ‘കേളീരവം’ സെപ്റ്റംബർ 25, 26 തീയതികളിലും പ്രതിഭ സംഗമം സെപ്റ്റംബർ 27 നും നടത്തുന്നു. ആറ്റിങ്ങലിലെ വിദ്യാഭാസ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികളും പൗര പ്രമുഖരുമായി വിവിധ സ്‌പോൺസർഷിപ്പ്, പരസ്യം, സംഭാവന എന്നിവയിൽ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

മൊബൈൽ നമ്പർ: 8589968882

ജയസൂര്യയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതി; പൊലീസ് പരിശോധന തുടങ്ങി

ജയസൂര്യയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതി; പൊലീസ് പരിശോധന തുടങ്ങി

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് പരിശോധന. കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയിലാണ് പരിശോധന നടക്കുന്നത്. ഇവിടെ വച്ച് നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നായിരുന്നു. തൊടുപുഴ പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

കേസിൽ പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി രഹസ്യമൊഴി നൽകിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. 2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്‌മാൻ’ സിനിമയുടെ സെറ്റിൽ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. ഇതിന്റെ എഫ്ഐആർ തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. നേരത്തേ, സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.

അഞ്ചുതെങ്ങ് പഞ്ചായത്തിൽ ബി.ജെ.പി ഭാരവാഹികൾ സ്ഥാനങ്ങൾ രാജിവെച്ചു

അഞ്ചുതെങ്ങ് പഞ്ചായത്തിൽ ബി.ജെ.പി ഭാരവാഹികൾ സ്ഥാനങ്ങൾ രാജിവെച്ചു

ചിറയിൻകീഴ്: അഞ്ചുതെങ്ങ് പഞ്ചായത്തിൽ ബി.ജെ.പി ഭാരവാഹികൾ സ്ഥാനങ്ങൾ രാജിവെച്ചു. അഞ്ചുതെങ്ങ് സജനെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ആണ് അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയിൽ കൂട്ടരാജി ഉണ്ടായത്. മുതലപ്പൊഴി ഉൾപ്പെടെയുള്ള തീരദേശ ജനതയുടെ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളിലൂടെ സജീവമായി നിൽക്കുന്ന സജനെ പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ കയ്യിൽ രൂപീകരിച്ച ആക്ഷൻ കൗൺസിലിൻ്റെ ഭാരവാഹി ആയി നിശ്ചയിച്ചു.

ഇതിൽ പ്രകോപിതരായാണ് ജില്ലാ നേതൃത്വം സജനെ അയോഗ്യത കൽപ്പിച്ചു പ്രസ്താവന ഇറക്കിയത്. ജില്ലാ നേതൃത്വത്തിൻ്റെ ഏക പക്ഷീയ നടപടിക്ക് എതിരെ പ്രതിഷേധിച്ചു നിലവിലെ പ്രവർത്തകരും ഭാരവാഹികളും അഞ്ചുതെങ്ങിൽ ചൊവ്വാഴ്ച വൈകുന്നേരം യോഗം ചേർന്നിരുന്നു. ഈ യോഗത്തിലെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് പ്രവർത്തകർ രാജി വെയ്ക്കുന്നതിന് തീരുമാനിച്ചത്. വരും ദിവസങ്ങളിൽ ഭാവി പരിപാടികൾ തീരുമാനിക്കാൻ വീണ്ടും യോഗം ചേരുമെന്ന് ഇവർ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാൻ വനിത ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വാദം കേള്‍ക്കാൻ വനിത ജഡ്ജിമാരടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകള്‍ വനിത ജഡ്ജുമാര്‍ ഉള്‍പ്പെടെ അടങ്ങുന്ന വിശാല ബെഞ്ച് ആയിരിക്കും പരിഗണിക്കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. സജിമോൻ പാറയിലിന്‍റെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം.

കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുടെ വെളിപ്പെടുത്തലും പൊലീസ് കേസുകളും ഉള്‍പ്പെടെ ചര്‍ച്ചയായിരിക്കെയാണ് കോടതിയുടെ ഭാഗത്തുനിന്നും പ്രത്യേക ബെഞ്ച് രൂപീകരിക്കുന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പുറത്തുവിടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനിയിലുണ്ട്. ഇത്തരത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എല്ലാം പുതിയ ബെഞ്ചിലേക്ക് കൈമാറുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ

അരിയടക്കം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ

തിരുവനന്തപുരം: അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിച്ച് സപ്ലൈകോ. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില വർധിച്ചിട്ടുണ്ട്. കുറുവ അരിയുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയായി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കിയും ഉയർന്നിട്ടുണ്ട്. സപ്ലൈകോയുടെ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് വില വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.

പുതിയ നിരക്ക് ബ്രാക്കറ്റിൽ

കുറുവ അരി (kg) – 30 ( 33)

തുവരപ്പരിപ്പ് (kg) – 111 (115)

മട്ട അരി (kg) – 30 ( 33)

പഞ്ചസാര (kg) – 27 (33)

വില കുറഞ്ഞത്

ചെറുപയർ (kg) – 92 (90)

നേരത്തെ സപ്ലൈകോ സാധനങ്ങളുടെ വില വർധിപ്പിക്കാനുള്ള നീക്കം നടന്നിരുന്നുവെങ്കിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ ഇത് നിർത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. പഞ്ചസാരയുടെ വില ആറ് രൂപ വർധിച്ചിട്ടുണ്ട്. ചെറുപയറിന് രണ്ട് രൂപ കുറച്ചു. സബ്സിഡി ഇനത്തിൽ പെട്ട നാല് അരികളിൽ ജയ അരിക്ക് മാത്രമാണ് നിലവിൽ വില വർധിച്ചിട്ടില്ലാത്തത്. അതേസമയം ഇ-ടെൻഡറിലുണ്ടായ വിലവർധനവാണ് അവശ്യസാധനങ്ങൾക്ക് വിലവർധിക്കാനുള്ള കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം.

സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേക്കോട്ട ഇ കെ നായനാർ പാർക്കിൽ സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിലിൻറെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പുമന്ത്രി വി ശിവൻകുട്ടി ആദ്യവില്പന നടത്തും.

ഈ മാസം അഞ്ച് മുതൽ പതിനൊന്ന് വരെയാണ് ഫെയറുകൾ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളോടെ ജില്ലാ തല ഫെസ്റ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.

വിളയിൽ റസിഡൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി സ്റ്റോർ സെപ്തംബർ 7നു പ്രവർത്തനമാരംഭിക്കും

വിളയിൽ റസിഡൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി സ്റ്റോർ സെപ്തംബർ 7നു പ്രവർത്തനമാരംഭിക്കും

സംസ്ഥാനത്തെ കൺസ്യൂമർ ഫെഡുമായി സഹകരിച്ച് വിളയിൽ റസിഡൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തുന്ന നീതി പലവ്യഞ്ജന ഡിപ്പോ 2024 സെപ്തംബർ 7നു പകൽ 11 മണിക്ക് സൊസൈറ്റിയുടെ താഴത്തെ ഹാളിൽ പ്രവർത്തനം ആരംഭിക്കുന്നു. പ്രഥമ വിൽപ്പന സൊസൈറ്റി പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ, വൈസ് പ്രസിഡന്റ് ആർ.മണികണ്ഠ‌ൻപിള്ളയ്ക്ക് കിറ്റ് നൽകി നിർവ്വഹിക്കും. വിപണന സൗകര്യത്തിന് വേണ്ടി സബ്‌സിഡി സാധനങ്ങൾ എല്ലാം ഉൾപ്പെടുത്തി ഒരു കിറ്റ് ആയിട്ടാണ് നൽകുന്നത്.