ആറാം വട്ടവും കൗൺസിലറായി ആർ രാജു

ആറാം വട്ടവും കൗൺസിലറായി ആർ രാജു

ആറ്റിങ്ങൽ നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ ആർ രാജു തെരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് രാജു കൗൺസിലർ ആകുന്നത്. തോട്ടവാരം
വാർഡ് 29ഇൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ അമ്മയ്ക്കും മകൾക്കും വിജയം

മുദാക്കൽ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായ അമ്മയ്ക്കും മകൾക്കും വിജയം

മുദാക്കൽ ഗ്രാമ പഞ്ചായത്ത് വാർഡ് 20 ലെ സ്ഥാനാർഥി ലീല രാജേന്ദ്രൻ ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് മുദാക്കൽ ഡിവിഷനിൽ ലിഷാരാജ് എന്നിവരാണ് വിജയിച്ചത്.

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്തുകളിലെല്ലാം ഐക്യജനാധിപത്യമുന്നണി ആധിപത്യം നേടി. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴെണ്ണം വീതം നേടി ഒപ്പത്തിനൊപ്പമാണ്. ഗംഭീര തിരിച്ചുവരവു നടത്തിയ യുഡിഎഫ്, സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ നാലിടത്താണ് അധികാരത്തിലേറുന്നത്.

തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചു. 50 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷത്തിന് ഒരാളുടെ കൂടി പിന്തുണ മതി. 29 ഡിവിഷനില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍, 19 ഇടത്ത് യുഡിഎഫും വിജയിച്ചു. രണ്ടിടത്ത് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ( എന്‍ഡിഎ), കെ എസ് ശബരിനാഥന്‍ ( കോണ്‍ഗ്രസ് ), എസ് പി ദീപക് ( സിപിഎം), വഞ്ചിയൂര്‍ ബാബു ( സിപിഎം), മുന്‍ മേയര്‍ കെ ശ്രീകുമാര്‍ ( സിപിഎം) തുടങ്ങിയവരാണ് വിജയിച്ച പ്രമുഖര്‍. തലസ്ഥാനനഗരിയില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ച ബിജെപിയുടെ വളര്‍ച്ച സിപിഎമ്മിനും കോണ്‍ഗ്രസിനുമേറ്റ അപ്രതീക്ഷിത തിരിച്ചടിയായി.

കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ ഇടതുമുന്നണിയില്‍ നിന്നും യുഡിഎഫ് ഭരണം തിരിച്ചു പിടിച്ചു. കൊല്ലത്ത് ഇതാദ്യമായി യുഡിഎഫ് അധികാരത്തിലെത്തി. കണ്ണൂരില്‍ അധികാരം നിലനിര്‍ത്തുകയും ചെയ്തു. കൊച്ചിയില്‍ 47 സീറ്റാണ് യുഡിഎഫ് നേടിയത്. എല്‍ഡിഎഫ് 22 ലേക്ക് ഒതുങ്ങിയപ്പോള്‍, എന്‍ഡിഎ ആറു സീറ്റ് നേടി. ഒരു സ്വതന്ത്രനും വിജയിച്ചു. തൃശൂരില്‍ 33 സീറ്റിലാണ് യുഡിഎഫ് വിജയിച്ചത്. 13 സീറ്റില്‍ എല്‍ഡിഎഫും എട്ടു ഡിവിഷനുകളില്‍ എന്‍ഡിഎയും വിജയിച്ചു. കണ്ണൂരില്‍ യുഡിഎഫ്-36, എല്‍ഡിഎഫ്-15, എന്‍ഡിഎ- 4, മറ്റുള്ളവര്‍-1 എന്നിങ്ങനെയാണ് കക്ഷിനില.

അതേസമയം കോഴിക്കോട് കോര്‍പ്പറേഷനില്‍ കനത്ത പോരാട്ടമാണ് നടക്കുന്നത്. നേരിയ മുന്‍തൂക്കമാണ് എല്‍ഡിഎഫിനുള്ളത്. ഇടതുമുന്നണി 35 ഡിവിഷന്‍ നേടിയപ്പോള്‍ യുഡിഎഫിന് 28 സീറ്റുകളാണ് ലഭിച്ചത്. 13 ഡിവിഷനുകളില്‍ എന്‍ഡിഎയും വിജയിച്ചിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും കണ്ടുവെച്ചിരുന്ന സ്ഥാനാര്‍ത്ഥികള്‍ തോറ്റു. സിപിഎമ്മിന്റെ സിപി മുസാഫര്‍ അഹമ്മദ് മീഞ്ചന്ത ഡിവിഷനില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന പി എം നിയാസും പരാജയം രുചിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി മഹിളാമോര്‍ച്ച് സംസ്ഥാന അധ്യക്ഷയുമായ നവ്യഹരിദാസ് വിജയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ കൊല്ലത്ത്, കോര്‍പ്പറേഷനില്‍ നടാടെയാണ് യുഡിഎഫ് അധികാരത്തിലേക്കെത്തുന്നത്. 25 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷം 15 സീറ്റുകളിലേക്ക് ചുരുങ്ങി. എന്‍ഡിഎ ഒരു ഡിവിഷനും നേടി. മേയര്‍ ഹണി ബെഞ്ചമിനും, മുന്‍ മേയര്‍ അഡ്വ. രാജേന്ദ്രബാബുവും പരാജയപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്‍ വടക്കുംഭാഗം ഡിവിഷനില്‍, യുഡിഎഫിന്റെ കുരുവിള ജോസഫിനോടാണ് മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റത്. ഉളിയക്കോവില്‍ ഈസ്റ്റ് ഡിവിഷനിലാണ് രാജേന്ദ്രബാബു പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥി അഭിലാഷ് ആണ് വിജയിച്ചത്.

പഞ്ചായത്തുകളിലും യുഡിഎഫ് മുന്നേറ്റം

കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളില്‍ 495 എണ്ണം യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍, എല്‍ഡിഎഫിന് 343 എണ്ണമേ വിജയിക്കാനായുള്ളൂ. എന്‍ഡിഎ 25 ഇടത്ത് നേടി. ആറിടത്ത് മറ്റുള്ളവരും നേട്ടമുണ്ടാക്കി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 78 എണ്ണം യുഡിഎഫും, 64 എണ്ണം എല്‍ഡിഎഫും കരസ്ഥമാക്കി. മുനിസിപ്പാലിറ്റികളില്‍ 54 എണ്ണമാണ് യുഡിഎഫിനൊപ്പം നിന്നത്. 28 എണ്ണം ഇടതുപക്ഷത്തും നിലയുറപ്പിച്ചു. രണ്ടിടത്ത് എന്‍ഡിഎ അധികാരം നേടി. പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണം നിലനിര്‍ത്തിയപ്പോള്‍, തൃപ്പൂണിത്തുറയില്‍ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

കിഴുവിലം ഗ്രാമപ്പഞ്ചായത്ത് 5ആം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി ലേഖാ കുമാരി വിജയിച്ചു

കിഴുവിലം ഗ്രാമപ്പഞ്ചായത്ത് 5ആം വാർഡിൽ യു ഡി എഫ് സ്ഥാനാർഥി ലേഖാ കുമാരി വിജയിച്ചു

കിഴുവിലം ഗ്രാമപ്പഞ്ചായത്ത് 5ആം വാർഡ് 120 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർഥി ലേഖാ കുമാരി വിജയിച്ചു.

‘ശബരിമല ശാസ്താവിനും അനന്തപത്മനാഭനും നന്ദി’; തിരുവനന്തപുരത്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് മിന്നുംജയം

‘ശബരിമല ശാസ്താവിനും അനന്തപത്മനാഭനും നന്ദി’; തിരുവനന്തപുരത്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് മിന്നുംജയം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖയ്ക്ക് മിന്നുന്ന വിജയം. കന്നി പോരാട്ടത്തിലാണ് ശ്രീലേഖ വിജയം നേടിയത്. മേയര്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിച്ചവരുടെ കൂട്ടത്തില്‍ ശ്രീലേഖയുമുണ്ട്.

ഇത് വലിയ വിജയമാണെന്നും വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇത് വലിയ വിജയമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി ഭരിക്കും എന്നത് മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ വരാന്‍ പോകുന്നു എന്നതിന്റെ അഭിമാനവും ചാരിതാര്‍ഥ്യവും കൂടിയുണ്ട്. വോട്ട് ചെയ്ത എല്ലാവരോടും കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവരോടും ശബരിമല ശാസ്താവിനോടും അനന്തപത്മനാഭനോടും നന്ദി.’- ശ്രീലേഖ പറഞ്ഞു.

തെരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ശ്രീലേഖയുടെ ജയം. വോട്ട് അഭ്യര്‍ഥിച്ചുള്ള ചുവരെഴുത്തുകളില്‍ തന്റെ പേരിനൊപ്പമുണ്ടായിരുന്ന ‘ഐപിഎസ്’ എന്നത് കറുത്ത മഷി കൊണ്ടു മായ്ച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ ടി എസ് രശ്മി പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് ഇവ മായ്ച്ചത്. മായ്ക്കാന്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയെങ്കിലും എതിര്‍ സ്ഥാനാര്‍ഥി ഇതേക്കുറിച്ചു പരാതിപ്പെട്ട സാഹചര്യത്തില്‍ ആ സ്ഥാനാര്‍ഥിയുടെ വീടിനു മുന്നിലെ ചുവരെഴുത്തുകളില്‍നിന്ന് ‘ഐപിഎസ്’ മായ്ക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടു ശ്രീലേഖ നിര്‍ദേശിക്കുകയായിരുന്നു.

വോട്ടെടുപ്പുദിനത്തില്‍ ശ്രീലേഖ പ്രീ പോള്‍ സര്‍വേഫലം പുറത്തുവിട്ടത് വിവാദമായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎക്കു മുന്‍തൂക്കമെന്ന തരത്തില്‍ സി ഫോര്‍ സര്‍വേ പ്രീ പോള്‍ ഫലമെന്ന പേരിലാണ് രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിനുമുന്‍പ് ശ്രീലേഖ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. അപ്പോള്‍ത്തന്നെ പൊലീസ് സൈബര്‍ വിഭാഗം തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് പിന്നാലെ പോസ്റ്റര്‍ പിന്‍വലിക്കുകയായിരുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന ശ്രീലേഖയുടെ പഴയ കുറിപ്പ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. കുട്ടികള്‍ക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. താന്‍ സ്ഥാനാര്‍ഥി ആയതിന്റെ പേടി കൊണ്ടാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നുമായിരുന്നു ശ്രീലേഖയുടെ അന്നത്തെ പ്രതികരണം.