by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മാധ്യമങ്ങളിലുടെ മാത്രമാണ് ഈ വാര്‍ത്ത അറിഞ്ഞത്. എന്നാല്‍ എന്നെ ആരും വിളിച്ചില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി ഉണ്ടാക്കിയിട്ടുള്ള പുതിയ പണിയാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു.
എന്തായാലും തനിക്ക് ഒന്നും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ ഇല്ല. ഏത് അവസരത്തില്‍ ആവശ്യപ്പെട്ടാലും എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറുമാണ്. ഏതെങ്കിലും അവസരത്തില്‍ എസ്‌ഐടി വിളിച്ചാല്‍, മാധ്യമങ്ങളെ കൂടി കൊണ്ടുവരാന്‍ അനുവദിക്കണണെന്ന് ആവശ്യപ്പെടും. അനുവദിച്ചില്ലെങ്കില്‍ ഞാന്‍ പറയാന്‍ പോകുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെക്കൂടി അറിയിക്കുന്നതാണെന്നും അടൂര്‍ പ്രകാശ് അറിയിച്ചു.
ഇക്കാര്യത്തില്‍ ഒരു ഭയവും ഇല്ല. ചാനലിലെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഇന്നലെ തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോകും എന്നാണ് കരുതിയത്. ഇന്നലെ ശിവഗിരിയില്‍ നിന്നും തിരുവനന്തപുരത്ത് പോയി. മറ്റൊരു പരിപാടിയിലും പങ്കെടുത്തു. ഇതെല്ലാം ആളുകളെ അറിയിച്ചുകൊണ്ടിരുന്നു. ഒളിച്ചുപോയി എന്ന് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് എടുത്തു കൊടുത്തിരുന്നോ എന്ന ചോദ്യത്തിന്, അടൂര്‍ പ്രകാശ് അങ്ങനെ ാെരു അപ്പോയിന്റ്‌മെന്റ് എടുത്തിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാവുന്നതാണ്. എന്നാല്‍ സോണിയക്കൊപ്പം ചെന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. അതു മറച്ചു വെക്കുന്നില്ല. പോറ്റി തന്റെ പാര്‍ലമെന്റ് മണ്ഡലത്തില്‍പ്പെട്ട ആളാണ്. ആ നിലയ്ക്ക് തന്നെ വന്നു കണ്ട് കാര്യം പറഞ്ഞപ്പോള്‍ കേട്ടിരുന്നു. അയാള്‍ കള്ളനാണോ, കൊള്ളക്കാരനാണോ എന്നൊന്നും അറിയില്ലായിരുന്നുവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ഈ വർഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് ജന നായകൻ. ഇതോടെ എന്നെന്നേക്കുമായി അഭിനയത്തോട് എന്നെന്നേക്കുമായി വിട പറയുകയാണ് വിജയ്. അതുകൊണ്ട് തന്നെ എല്ലാ അർഥത്തിലും ചിത്രം ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകരും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്.
മലയാളത്തിൽ നിന്ന് നടി മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ മമിതയുടെ കാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം അത് ആഘോഷമാക്കുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകൻ എച്ച് വിനോദ് മമിതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്.
ആനന്ദ വികടന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മമിതയെ പരാമര്‍ശിച്ച് സംസാരിച്ചത്. “ജന നായകന്റെ സെറ്റില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് മമിത. കാണുമ്പോള്‍ മമിതയെ വളരെ ചെറുപ്പമായി തോന്നുമെങ്കിലും വളരെ സെന്‍സിബിള്‍ ആയിട്ടുള്ള അഭിനേത്രിയാണ്.
ചിത്രത്തില്‍ എന്റെയൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ അഭിനേതാക്കളെയും വെച്ച് നോക്കിയാല്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് മമിത. ചിത്രത്തില്‍ ആക്ഷന്‍ രംഗവും അഭിനയ പ്രാധാന്യമുള്ള രംഗവും മമിത വളരെ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ട്. ഒരു മലയാളിയായ അഭിനേതാവിന്റെ പ്രകടനത്തിനിടയില്‍ അവരുടെ ഭാഷ കയറി വരുന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷേ ചിത്രത്തിന്റെ ഇമോഷണല്‍ അപ്പീല്‍ നഷ്ടപ്പെടാത്ത രീതിയിലാണ് ഡബ്ബിങ്ങിലടക്കം മമിത പെര്‍ഫോം ചെയ്തിട്ടുള്ളത്”,- സംവിധായകന്‍ പറഞ്ഞു.
അതേസമയം ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായികയായെത്തുന്നത്. കഴിഞ്ഞ ദിവസം മലേഷ്യയിൽ വച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെ വിഡിയോകളൊക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിട്ടുണ്ട്. ജന നായകന് ക്ലാഷ് റിലീസായി ശിവകാര്‍ത്തികേയന്റെ പരാശക്തിയും ബിഗ് ബഡ്ജറ്റിലൊരുങ്ങിയ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം രാജാ സാബും പൊങ്കലിന് തിയറ്ററിലെത്തുന്നുണ്ട്.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം.
കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാന്‍ കമ്പനികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഒരു കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ രണ്ടു രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം കെഎസ്ആര്‍ടിസിയുടെ ലേബലിലാണ് വിതരണം ചെയ്യുക. കുപ്പിവെള്ളം സൂക്ഷിക്കാന്‍ ഡ്രൈവര്‍ ക്യാബിനോട് ചേര്‍ന്ന് പ്രത്യേക സംവിധാനമൊരുക്കും. ഡ്രൈവര്‍ ഉപയോഗിക്കുന്ന കുപ്പിവെള്ളം സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി എ. കെ. ജി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിമൂന്നാം വാർഡ് കൗൺസിലർ നയനാ അനീഷിനെ അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ ഡോ. സന്തോഷ് കുമാർ സ്വാഗതവും, ജോയിന്റ് സ്രെകട്ടറി സാഹിറ നന്ദിയും, ഡോ.അഭിലാഷ്, പ്രീത എന്നിവർ ആശംസകളുമർപ്പിച്ചു. എല്ലാ ഭരണ സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വാർഡ് കൗൺസിലറായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സ്വീകരണത്തിന് നയനാ അനീഷ് നന്ദി അറിയിച്ചു.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. വെള്ള കാര്‍ഡിന് കഴിഞ്ഞ മാസം അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു. എന്നാല്‍ ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക.
നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു. അതേസമയം വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച് കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും ( ജനുവരി 1), മന്നം ജയന്തിയായ നാളെയും ( ജനുവരി -2) അവധിയായിരിക്കും. ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യും.



by Midhun HP News | Dec 31, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികളും ഉള്‍പ്പെടെ 159 തസ്തികകള്‍ സൃഷ്ടിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ – 3 കെമിസ്ട്രി വിഭാഗത്തിൽ – 4, ഡോക്യുമെൻ്റ്സ് വിഭാഗത്തിൽ – 5 എന്നിങ്ങനെയാണ് തസ്തികകള്‍.
Recent Comments