സീ പ്ലെയിന്‍ ചിറകു വിരിക്കുന്നു; കേരളത്തില്‍ 48 റൂട്ടുകള്‍ക്ക് അനുമതി

സീ പ്ലെയിന്‍ ചിറകു വിരിക്കുന്നു; കേരളത്തില്‍ 48 റൂട്ടുകള്‍ക്ക് അനുമതി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി. സംസ്ഥാനത്ത് 48 റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്കാണ് റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്.

സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള കടമ്പകള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി അവതരിപ്പിച്ച് കൊണ്ട് കൊച്ചിയില്‍ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും, തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സീ പ്ലെയിന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈന്‍ പദ്ധതി ഭാവി കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നായി ഇന്ത്യയെ മാറ്റിയെടുത്ത ഇന്ദിരാ ഗാന്ധി എന്നും ജനമസുകളിൽ മരണമില്ലാത്ത ഓർമ്മയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ബി. മനോഹരൻ നേതാക്കളായ മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, എ.കെ ശോഭന ദേവൻ, എം. ഷാബുജാൻ, രാജൻ കൃഷ്ണപുരം, അഴൂർ രാജു, സന്തോഷ് അഴൂർ തുടങ്ങിയവർ പങ്കെടുത്തു. അഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അവസാന റൗണ്ടിൽ. കേരളപ്പിറവി ദിനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.

മികച്ച നടനാകാനുള്ള മത്സരത്തിൽ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയും ഉണ്ട്.’ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ വീണ്ടും സംസ്ഥാന പുരസ്കാരത്തിനരികെ എത്തിച്ചിരിക്കുന്നത്. ‘കിഷ്‌കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്റെ പ്രകടനം ജൂറിയെ ഞെട്ടിച്ചുവെന്നാണ് വിവരം. മറവി രോഗമുള്ള, അതി സങ്കീർണത നിറഞ്ഞ കഥാപാത്രത്തെ അനായാസമായാണ് വിജയരാഘവൻ അവതരിപ്പിച്ചത്.

‘ലെവൽ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ആസിഫ് അലിയെ ഫൈനൽ റൗണ്ടിൽ എത്തിച്ചത്. മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായാൽ, വിജയരാഘവന് സഹനടൻ അല്ലെങ്കിൽ പ്രത്യേക ജൂറി പുരസ്കാരം എന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കും.

ടൊവീനോ തോമസ് (എ.ആർ.എം), ഫഹദ് ഫാസിൽ (ആവേശം) നസ്ലിൻ (പ്രേമലു) എന്നിവരും മികച്ച അഭിനേതാക്കളുടെ ഫൈനൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അഭിനേത്രിക്കു വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ മികവുകാട്ടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലെ (പ്രഭയായ് നിനച്ചതെല്ലാം) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. അനശ്വര രാജൻ (രേഖാചിത്രം),ജ്യോതിർമയി (ബോഗെയ്ൻ വില്ല),ഫാത്തിമ ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) സുരഭി ലക്ഷ്മി (എ.ആർ.എം) എന്നിവരുമുണ്ട്.

മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളുണ്ട്. നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻലാൽ സംവിധാന ചെയ്ത ബറോസ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. മികച്ച സംവിധായകനായി ഫൈനൽ റൗണ്ടിൽ ഏഴുപേർ എത്തിയെന്നാണ് വിവരം. പ്രാഥമിക ജൂറി വിലയിരുത്തിയശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അദ്ധ്യക്ഷനായ അന്തിമ ജൂറി പരിഗണിക്കുന്നത്. നാളെ രാവിലെയോടെ പുരസ്കാര നിർണ്ണയം പൂർത്തിയാകും.

സംസ്ഥാനത്ത് സൈ-ഹണ്ടിൽ 263 പേർ പിടിയിൽ;125 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് സൈ-ഹണ്ടിൽ 263 പേർ പിടിയിൽ;125 പേർ നിരീക്ഷണത്തിൽ

സൈബർ സാമ്പത്തിക കുറ്റവാളികളെ കുരുക്കാൻ സൈ-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പോലീസ് തിരച്ചിലിൽ 263 പേരെ അറസ്റ്റ് ചെയ്തു. 382 കേസുകളെടുത്തു. 125 പേർ നിരീക്ഷണത്തിലുണ്ടെന്നും എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ ആറു മുതൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും വ്യാപകമായ റെയ്‌ഡാണ് നടന്നത്. കേരള പോലീസ് സൈബർ ഓപ്പറേഷൻസിന്റെ റെയ്‌ഞ്ച് ഡി ഐ ജിമാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും മേൽനോട്ടത്തിലായിരുന്നു ഇത്. രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തട്ടിപ്പ് നടത്തിയെടുത്ത പണം, ചെക്കുകൾ ഉപയോഗിച്ചും എ ടി എം വഴിയും പിൻവലിച്ച് അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മിഷൻ കൈപ്പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്.

സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരുടെയും എ ടി എം വഴി പിൻവലിച്ച 361 പേരുടെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ 665 പേരുടെയും വിവരങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്നു ലഭിച്ചതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. വിശദമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതികളെ പോലീസ് കുരുക്കിയത്.

പലതരത്തിലുള്ള കേസുകളിലാണ് പിടിവീണത്. ട്രേഡിങ് തട്ടിപ്പ്, സാമൂഹികമാധ്യമങ്ങളിൽ അടക്കം പരസ്യം നൽകിയുള്ള തട്ടിപ്പ്, ലോൺ തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് തുടങ്ങിയവയിൽ ഏർപ്പെട്ടിരുന്നവരാണ് ഏറെയും പിടിയിലായത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

അല്പശി ഉത്സവം സമാപിച്ചു; ആറാട്ടിന് ശേഷം റൺവേ തുറന്നു

അല്പശി ഉത്സവം സമാപിച്ചു; ആറാട്ടിന് ശേഷം റൺവേ തുറന്നു

തിരുവനന്തപുരം: അൽപശി ഉത്സവത്തിന് ഭക്തിനിര്‍ഭരമായ ആറാട്ട് ചടങ്ങോടെ കൊടിയിറങ്ങി. പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് റൺവേയിലൂടെ കടന്നുപോയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. പതിറ്റാണ്ടുകളായി വിമാനത്താവളത്തിൻ്റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്‍റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. അല്പശി ഉത്സവത്തിന്‍റെ ഭാഗമായി ശ്രീപദ്മനാഭസ്വാമിയെയും ഉപദേവന്‍മാരെയും ശംഖുമുഖം കടലില്‍ ആറാടിച്ച ശേഷം നടത്തിയ ഘോഷയാത്ര തിരികെ ക്ഷേത്രത്തില്‍ എത്തിയതോടെയാണ് പത്തു ദിവസം നീണ്ടു നിന്ന അല്‍പശി ഉത്സവത്തിന് സമാപനമായത്. വൈകിട്ട് നാലരയോടെ മതിലകത്ത് വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു. ശ്രീ പദ്മനാഭ സ്വാമി, നരസിംഹമൂര്‍ത്തി, തിരുവാമ്പാടി ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെ നടയിലൂടെ എഴുന്നള്ളിച്ചു. പൊലീസ് ആചാരപരമായ വരവേല്‍പ് നല്‍കി.

ക്ഷേത്ര സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ അകമ്പടി സേവിച്ചു. ആറാട്ടുഘോഷയാത്ര കടന്നുപോയ വീഥിക്കിരുവശവും ഭക്തര്‍ തടിച്ചുകൂടി ശ്രീപദ്മനാഭസ്വാമി വണങ്ങി. വള്ളക്കടവില്‍ നിന്നും വൈകിട്ട് നാലേ മുക്കാലോടെ വിമാനത്താവളത്തിന് അകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്.

ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശംഖുംമുഖത്തെ കല്‍മണ്ഡപത്തില്‍ ഇറക്കിവച്ച വാഹനങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ മണല്‍തിട്ടയിലെ പ്രത്യേകം തയ്യാറാക്കിയ വെള്ളിതാലത്തിലേക്ക് മാറ്റി. തുടര്‍ന്ന് ആറാട്ട് ചടങ്ങുകള്‍ക്ക് ക്ഷേത്രതന്ത്രി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മൂന്നുതവണ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിച്ചു.

സമുദ്രതീര്‍ത്ഥാഭിഷേകവും മഞ്ഞള്‍പ്പൊടി കൊണ്ടുള്ള അഭിഷേകവും പൂജയും കഴിഞ്ഞ് പ്രസാദം വിതരണം ചെയ്തു. ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെയാണ് അല്പശി ഉത്സവം സമാപിച്ചത്.
1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്.

അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്‍റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിൻ്റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ ‘അനന്ത’ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്ക് ‘അനന്ത’യുടെ പ്രകാശനം. പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുസ്തകമെന്ന് ഗവര്‍ണര്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

“ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് മനസിലാക്കാന്‍ പുസ്തകം സഹായിച്ചു. പലതവണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തിലെ പ്രധാന ഇടങ്ങളെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുസ്തകത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇത്തരത്തിലുള്ള വിവരങ്ങള്‍ തിരിച്ചറിയാന്‍ അനന്ത ഒരുപാട് സഹായകരമാണ്”- ഗവര്‍ണര്‍ പറഞ്ഞു.

പുസ്തകത്തിന്റെ രൂപകല്‍പന ആകര്‍ഷകമാണ്. ഉള്ളടക്കത്തിലേക്ക് കടന്നുചെല്ലുന്ന വായനക്കാരന് ആത്മീയ യാത്രയുടെ അനുഭൂതിയും അനന്ത നല്‍കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഇത്തരം ശ്രമങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക ആത്മീയ സമ്പന്നതയെ അടയാളപ്പെടുത്തുന്നതാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍, റസിഡന്റ് എഡിറ്റര്‍ കേരള കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ കേരള – സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍ മേധാവി വിഷ്ണുകുമാര്‍, സീനീയര്‍ മാനേജര്‍ എസ് കൃഷ്ണ ശര്‍മ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സെയില്‍സ്) നന്ദു കലേഷ്, ചീഫ് മാനേജന്‍ (മാര്‍ക്കറ്റിങ്) എസ് പത്മകുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എം എസ് വിദ്യാനന്ദന്‍, കണ്‍സള്‍ട്ടന്റ് ഹരി പ്രഭാകരന്‍ എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.