by Midhun HP News | Dec 3, 2025 | Latest News, കായികം, ജില്ലാ വാർത്ത
റായ്പൂര്‍: ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിനങ്ങളില്‍ തുടര്‍ച്ചയായ ഇരുപതാം മത്സരത്തിലാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക മൂന്ന് മാറ്റങ്ങള്‍ വരുത്തി. ക്യാപ്റ്റനായി ടെംബാ ബവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് ഇലവനിലെത്തി.
റായ്പൂര്‍ ഷഹീദ് വീര്‍ നാരായണ്‍ സിങ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 1.30 മുതലാണ് മത്സരം. ആദ്യ മത്സരം വിജയിച്ച് 1-0 ന് പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്തെ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ റായ്പൂരില്‍ തന്നെ പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.
ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍: ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ടെംബ ബാവുമ(ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്‌സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബര്‍ഗര്‍, ലുങ്കി എന്‍ഗിഡി.
ഇന്ത്യ പ്ലേയിങ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ഋതുരാജ് ഗെയ്ക്‌വാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്,, പ്രസിദ്ധ് കൃഷ്ണ.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം ഹൈക്കോടതി നീട്ടി നൽകി. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എഫ്‌ഐആര്‍ നല്‍കാനാകില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് സമയം അനുവദിച്ചത്. സ്വര്‍ണക്കവർച്ച കേസിലെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍, അനുബന്ധ രേഖകള്‍ എന്നിവ ആവശ്യപ്പെട്ട് ഇഡിക്ക് പുതിയ അപേക്ഷ സമര്‍പ്പിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകേണ്ടത്. എന്നാൽ, സര്‍ക്കാരിനെ കൂടി കേട്ടശേഷമേ രേഖകള്‍ നൽകുന്നതിൽ തീരുമാനം എടുക്കുകയുള്ളുവെന്നും ഹൈക്കോടതി ഇഡിയെ അറിയിച്ചു.
സ്വര്‍ണകൊള്ളയിൽ അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായാണ് ഇഡി ക്രൈംബ്രാഞ്ച് രേഖകള്‍ ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തശേഷമുള്ള കൂടുതല്‍ വിവരങ്ങളാണ് എസ്ഐടി കോടതി മുമ്പാകെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചത്. ഈ ഇടക്കാല അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശമായി പരിശോധിച്ചു. പ്രമുഖര്‍ ഉള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം പോകേണ്ടതിന്റെ ആവശ്യകതയും എസ്‌ഐടി കോടതിയെ അറിയിച്ചു.
ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് അടച്ചിട്ട കോടതിയിൽ റിപ്പോർട്ട് പരിശോധിച്ചത്. കോടതി ഉത്തരവോടെ കേസില്‍ ജനുവരി ആദ്യവാരംവരെ എസ്‌ഐടിക്ക് ഈ അന്വേഷണവുമായി മുന്നോട്ടുപോകാനാകും. ശബരിമല സ്വർണക്കവർച്ചയിൽ അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിച്ചിരുന്നു. സ്വര്‍ണക്കവര്‍ച്ചയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, എന്‍ വാസു, എ പത്മകുമാര്‍ തുടങ്ങിയവർ അറസ്റ്റിലായിരുന്നു.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കുമെന്ന് കോടതി. പരാതിക്കാരിക്ക് വ്യക്തിപരമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും, തുറന്ന കോടതിയില്‍ ഇതു പറയാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. കേസ് അടച്ചിട്ട കോടതിയില്‍ വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകനും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തര്‍ക്കം ഇല്ലാത്തതു കൂടി കണക്കിലെടുത്താണ്, വാദം അടച്ചിട്ട കോടതിയില്‍ നടത്താന്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തീരുമാനിച്ചത്.
ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമർപ്പിച്ചു. ഗൗരവമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയതിനും, ബലാല്‍ക്കാരം നടത്തിയതിനും തെളിവുണ്ട്. സ്വാധീനമുള്ള, ജനപ്രതിനിധി എന്ന നിലയില്‍ രാഹുലിന് ജാമ്യം അനുവദിച്ചാല്‍, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിക്കും.
ബലാത്സംഗക്കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് സമർപ്പിച്ചു. ഗൗരവമായ ആരോപണങ്ങള്‍ റിപ്പോര്‍ട്ടിലുള്ളതായാണ് സൂചന. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയതിനും, ബലാല്‍ക്കാരം നടത്തിയതിനും തെളിവുണ്ട്. സ്വാധീനമുള്ള, ജനപ്രതിനിധി എന്ന നിലയില്‍ രാഹുലിന് ജാമ്യം അനുവദിച്ചാല്‍, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിക്കും.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ തള്ളിയ കോടതി നാളെ വൈകീട്ടുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഡിസംബർ 6ന് പരിഗണിക്കും.
ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണമെന്നും രാഹുലിന്റെ ഓഫിസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. തിരുവന്തപുരം സൈബര്‍ പൊലീസാണ് രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തത്. തനിക്കെതിരായ കേസ് പൊലീസ് കെട്ടിച്ചമച്ചതെന്നായിരന്നു രാഹുലിന്റെ വാദം. അതിജീവിതയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെന്നും രാഹുല്‍ ഹര്‍ജിയില്‍ അവകാശപ്പെട്ടു. എന്നാല്‍ രാഹുലിന്റെ വാദം തള്ളിയ കോടതി രാഹുല്‍ ഈശ്വറിനെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.
എംഎല്‍എയ്‌ക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട വസ്തുതകളെയാണ് താന്‍ വിമര്‍ശിച്ചതെന്നും തന്റെ വീഡിയോകളൊന്നും പരിശോധിക്കാതെയാണ് എസിജെഎം കോടതി ജാമ്യം നിഷേധിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി അഭിഭാഷകന്‍ അലക്സ് കെ. ജോണ്‍ മുഖേനയാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. അറസ്റ്റിലായ രാഹുലിനെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ജയിലില്‍ നിരാഹാര സമരത്തിലാണ് രാഹുല്‍.



by Midhun HP News | Dec 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് കേരളത്തിലെത്തും. തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതി എത്തുന്നത്. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
വൈകിട്ട് നാലിനാണ് നാവികസേനയുടെ ശക്തിപ്രകടനം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി പങ്കെടുക്കും. തിരുവനന്തപുരത്ത് ആദ്യമായാണ് നാവികസേനാ ദിനാഘോഷം സംഘടിപ്പിക്കുന്നത്. 19 പ്രധാന യുദ്ധക്കപ്പലുകള്‍ അടക്കം 40 ലേറെ പടക്കപ്പലുകളും അന്തര്‍വാഹിനിയും 32 പോര്‍വിമാനങ്ങളും പങ്കെടുക്കും.
ഐഎന്‍എസ് വിക്രാന്ത് ഉള്‍പ്പെടെയുള്ള ആത്യന്താധുനിക യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും അഭ്യാസപ്രകടനത്തില്‍ അണിനിരക്കും. ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ത്രിശൂല്‍, ഐഎന്‍എസ് തല്‍വാര്‍ എന്നിവയുള്‍പ്പെട്ട പടക്കപ്പലുകളും തീരത്തെത്തിയിട്ടുണ്ട്. പായ്ക്കപ്പലുകളായ ഐഎന്‍എസ് തരംഗിണി, ഐഎന്‍എസ് സുദര്‍ശിനി എന്നിവയും ശക്തിപ്രകടനത്തിന്റെ ഭാഗമാകും. 9,000 പേര്‍ക്ക് പാസ് മുഖേന പ്രവേശനമുണ്ടാവും. തീരമേഖലയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് അഭ്യാസ പ്രകടനം കാണാം. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



by Midhun HP News | Dec 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജിതമായ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള റീല്‍സുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കര്‍ശനമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ നല്‍കുന്ന റീല്‍സുകളും വാട്സ്ആപ്പ് ഗ്രുപ്പുകളിലെ ഉള്ളടക്കവും ചര്‍ച്ചകളും നിരീക്ഷിക്കാന്‍ പൊലീസ് സൈബര്‍ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരിപ്പിക്കുന്ന പാരഡി ഗാനങ്ങള്‍, വോയിസ് ക്ലിപ്പുകള്‍, വിഡിയോകള്‍, അനിമേഷനുകള്‍, ഇമേജ് കാര്‍ഡുകള്‍ എന്നിവ പ്രത്യേകമായി നിരീക്ഷിക്കും. അനൗണ്‍സ്‌മെന്റുകളില്‍ ജാതി, മതം, തുടങ്ങിയവ ഉള്‍പ്പെടെയുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരാമര്‍ശിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. വ്യാജമായതോ, അപകീര്‍ത്തികരമായതോ, അനുവദനീയമല്ലാത്തതോ ആയ ഉള്ളടക്കം കണ്ടെത്തിയാലോ അത് സംബന്ധിച്ച് പരാതി ലഭിച്ചാലോ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡീപ്പ് ഫേക്ക്, വോയിസ് ചെയ്ഞ്ചിങ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടിയുണ്ടാവും. ഐ ടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയില്‍ വരുന്ന എല്ലാ വ്യവസ്ഥകളും തെരഞ്ഞെടുപ്പ് ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.
പാര്‍ട്ടികളുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ വ്യാജമായ/തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യുകയും ഉത്തരവാദികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്‌ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. പ്രചാരണത്തില്‍ സമത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കണം. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.



Recent Comments