by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണവില കുതിക്കുകയാണ്. വൈകാതെ തന്നെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഒരു ലക്ഷം കടന്നേക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. സ്വര്‍ണവില കൂടിയതോടെ മോഷണവും വര്‍ധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ സ്വര്‍ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മോഷണം, ആകസ്മികമായ നാശനഷ്ടങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, മറ്റ് അപകടസാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന നഷ്ടത്തില്‍ നിന്ന് ആഭരണങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ആഭരണ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതാണ്.


ആഭരണ ഇന്‍ഷുറന്‍സ് രണ്ടു തരത്തില്‍ ഉണ്ട്. ആദ്യത്തേത് ഹോം ഇന്‍ഷുറന്‍സിനൊപ്പം ആഡ്-ഓണ്‍ ആയി ആഭരണ ഇന്‍ഷുറന്‍സും എടുക്കാം. രണ്ടാമത്തേതായി സ്വര്‍ണത്തിന് പ്രത്യേകമായി ഇന്‍ഷുറന്‍സ് കവറേജ് എടുക്കുക എന്നതാണ്. ജ്വല്ലറി ബ്രാന്‍ഡുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിലുള്ള സമഗ്രമായ ഇന്‍ഷുറന്‍സ് കവറേജ് നല്‍കുന്നുണ്ട്.
മോഷണം, കവര്‍ച്ച, തീപിടിത്തം, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ അപകടസാധ്യതകള്‍ കവര്‍ ചെയ്യുന്ന സമഗ്ര ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പോളിസികളാണ് വിപണിയില്‍ ഉള്ളത്. പല ഇന്‍ഷുറന്‍സ് കമ്പനികളും ലോകമെമ്പാടുമുള്ള കവറേജ് വാഗ്ദാനം ചെയ്യുന്നു. അതായത് വിദേശ യാത്ര ചെയ്യുമ്പോള്‍ പോലും ആഭരണങ്ങള്‍ സംരക്ഷിക്കപ്പെടുന്നു.
പുനഃസ്ഥാപന മൂല്യം (സമാനമായ ഒന്ന് ഉപയോഗിച്ച് ഇനം മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ്), വിപണി മൂല്യം (ആഭരണത്തിന്റെ നിലവിലെ വില), അല്ലെങ്കില്‍ മാറ്റിസ്ഥാപിക്കല്‍ മൂല്യം (ഇന്ന് സമാനമായ ഒരു ഭാഗം വാങ്ങുന്നതിനുള്ള ചെലവ്) എന്നിവയെ അടിസ്ഥാനമാക്കിയാണ് സെറ്റില്‍മെന്റുകള്‍ നടത്തുക.
ഒരു ക്ലെയിമിന്റെ കാര്യത്തില്‍ ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. വീട്ടിലായാലും, സേഫുകളിലായാലും, ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചാലും, യാത്രയ്ക്കിടെ ധരിച്ചാലും ആഭരണങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയും. പതിവ് തേയ്മാനം, പതിവ് ഉപയോഗത്തില്‍ നിന്നുള്ള കേടുപാടുകള്‍, അല്ലെങ്കില്‍ വൃത്തിയാക്കല്‍, സര്‍വീസിങ് അല്ലെങ്കില്‍ നന്നാക്കല്‍ എന്നിവയ്ക്കിടയിലുള്ള കേടുപാടുകള്‍ എന്നിവ പരിരക്ഷയില്‍ ഉള്‍പ്പെടുന്നില്ല. പഴയ ആഭരണങ്ങള്‍ വില്‍ക്കുകയും പുതിയ ആഭരണങ്ങള്‍ വാങ്ങുകയും ചെയ്താല്‍, ഇന്‍ഷുറന്‍സ് പുതിയ ഇനങ്ങളിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടുന്നില്ല.

by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി. ഇരട്ട സ്‌ഫോടനം നടത്തുമെന്ന സന്ദേശം ഇമെയില്‍ ആയാണ് എത്തിയത്. ഇതിന് പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി.
എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. മുഖ്യമന്ത്രിയുടെ വസതിയില്‍ ഇരട്ട സ്‌ഫോടനം നടത്തുമെന്നാണ് മെയിലില്‍ പറയുന്നത്. കൂടാതെ ഹൈക്കോടതിയിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. ആദ്യത്തേത് ഫരീദാബാദ് ആണെന്നും രണ്ടാമത്തേത് കേരളം ആയിരിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. നേരത്തെ വഞ്ചിയൂര്‍ കോടതി, പൊലീസ് ആസ്ഥാനം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവ ബോംബ് വച്ച് തകര്‍ക്കുമെന്നും ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ച്ചയായി ഇത്തരം ഭീഷണി സന്ദേശം ലഭിക്കുന്നത് പൊലീസിന് വലിയ തലവേദനയായിരിക്കുകയാണ്.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ വിഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറെ തെളിവെടുപ്പിനായി പൗഡിക്കോണത്തെ വീട്ടിലെത്തിച്ചപ്പോഴാണ് ഇക്കാര്യം വിളിച്ചുപറഞ്ഞത്. ലാപ്‌ടോപ്പ് അടക്കം കൂടുതല്‍ തെളിവുകള്‍ക്കായാണ് രാഹുല്‍ ഈശ്വറെ വീട്ടിലെത്തിച്ചത്. മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ പങ്കുവയ്ക്കുന്നത് നിര്‍ത്തില്ലെന്നും രാഹുല്‍ ഈശ്വര്‍ വിളിച്ചുപറഞ്ഞു. തെളിവെടുപ്പിന് ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസം പൊലീസ് രാഹുലിനെ കസ്റ്റഡിയില്‍ എടുക്കാന്‍ പൗഡികോണത്തെ വീട്ടിലെത്തിയപ്പോള്‍ ലാപ്‌ടോപ്പ് ഓഫീസിലാണെന്നായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്. രാഹുല്‍ വീഡിയോ ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു പൊലീസ് എത്തിയത്. എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നതെന്നും ഏഴ് മണിക്കുള്ള ചര്‍ച്ചയ്ക്ക് മുമ്പ് എത്താന്‍ സാധിക്കുമോ എന്നും രാഹുല്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് രാഹുല്‍ മുറിയിലെത്തി ലാപ്‌ടോപ് ഒളിപ്പിക്കുകയും ഇക്കാര്യം വീഡിയോയില്‍ പറയുകയും ചെയ്യുന്നുണ്ട്.
‘പൊലീസ് ലാപ്‌ടോപ് ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ തന്നെ എടുത്ത് മാറ്റട്ടെ. ഞാന്‍ തിരിച്ചെത്തിയില്ലെങ്കില്‍ വീഡിയോ അപ്ലോഡ് ചെയ്യും. ചുമ്മാ പേടിപ്പിക്കാന്‍ നോക്കുകയാണ്. എന്നെ അറസ്റ്റ് ചെയ്യുമോ എന്ന് സംശയമുണ്ട്. നമുക്ക് കാണാം’, എന്നാണ് വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത രാഹുലിനെ മണിക്കൂറുകളോളം ചോദ്യംചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. രാഹുല്‍ നേരത്തെ ചിത്രീകരിച്ച വീഡിയോ ഇതിനിടയില്‍ പുറത്തുവരികയും ലാപ്‌ടോപ് വീട്ടില്‍ത്തന്നെയാണ് ഉള്ളതെന്ന് വ്യക്തമാകുകയും ചെയ്തു. തുടര്‍ന്നാണ് ഒളിപ്പിച്ച ലാപ്‌ടോപ് കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് രാഹുലുമായി വീട്ടിലെത്തിയതെന്നാണ് വിവരം.
ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് രാഹുല്‍ ഈശ്വറെ പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളക്കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. യുവതിയെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍, സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
കേരളത്തിലെ വിവിധ സർവകലാശാലകളിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്താനുള്ള വിജ്ഞാപനം (കാറ്റഗറി നമ്പര്‍ 454/2025) പി എസ് സി പുറത്തിറക്കി. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല. സർക്കാർ സർവീസിൽ ജോലി ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണിത്. വിശദമായി പരിശോധിക്കാം.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ്
1. വകുപ്പ് : കേരളത്തിലെ സര്‍വ്വകലാശാലകൾ
2. ഉദ്യോഗപ്പേര് : അസിസ്റ്റന്റ്
3. ശമ്പളം : ₹ 39,300 – 83,000/-
4. ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
5. നിയമന രീതി : നേരിട്ടുള്ള നിയമനം.
6. പ്രായപരിധി : 18-36 വയസ്സ്
7. യോഗ്യതകള്‍ : ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദം അഥവാ തത്തുല്യ യോഗ്യത.
8. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 31.12.2025
ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷന്‍’ പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID-യും password-ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടതാണ്.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ ഇഡി നടപടി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടത്തിയതോടെ മുഖ്യമന്ത്രിക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ ധനമന്ത്രി തോമസ് ഐസ്‌ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കുമാണ് നോട്ടീസ്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് മുന്‍പാകെ നോട്ടീസ് സമര്‍പ്പിച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നല്‍കിയത്.
2019ല്‍ 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല ബോണ്ട് ഇറക്കി 2150 കോടിയാണ് കിഫ്ബി വഴി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് മസാല ബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തോമസ് ഐസകിന് രണ്ടുതവണ ഇഡി സമന്‍സ് അയച്ചിരുന്നു.
കിഫ്ബി ഹാജരാക്കിയ രേഖകള്‍ അടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തല്‍. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകര്‍ വഴിയോ നോട്ടീസ് നല്‍കാം.ഇരുപക്ഷവും കേട്ടശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.



by Midhun HP News | Dec 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന് സൂചന. രാഹുല്‍ കടന്നുകളഞ്ഞ ചുവന്ന പോളോ കാര്‍ ഒരു സിനിമാ നടിയുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചുവന്ന കാറിലാണ് കണ്ണാടിയില്‍ നിന്നും പോയതെന്ന് പൊലീസ് കണ്ടെത്തിയത്. വാഹന നമ്പര്‍ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ ഉടമയെക്കുറിച്ച് വിവരം ലഭിച്ചത്.
പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ കണ്ണാടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. പരാതി നല്‍കിയെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ രാഹുല്‍ കണ്ണാടിയില്‍ നിന്നും അപ്രത്യക്ഷനാകുകയായിരുന്നു. രാഹുല്‍ ഇപ്പോള്‍ എവിടെയാണെന്നതില്‍ അവ്യക്തത തുടരുകയാണ്. യാത്രയ്ക്കിടെ രാഹുല്‍ കാര്‍ മാറ്റിയിരിക്കാമെന്നും പൊലീസ് സംശയിക്കുന്നു.
ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം കൂട്ടുപ്രതി ജോബി ജോസഫും ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. രാഹുല്‍ കോയമ്പത്തൂരിലേക്ക് കടന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പൊലീസ് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. രാഹുലിന്റെ സുഹൃത്തുക്കളെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ ഫോണ്‍വിളികള്‍ അടക്കം നിരീക്ഷണത്തിലാണ്.
സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു ?
കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ടിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സിസിടിവികള്‍ പരിശോധിച്ച സംഘം, സ്ഥലത്തുണ്ടായിരുന്ന രാഹുലിന്റെ പി എ, ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. രാഹുലിന്‍റെ ഫ്ലാറ്റിലെ സിസി ടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലിറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ എസ്ഐടി കസ്റ്റഡിയിലെടുത്തു.



Recent Comments