കേരള ബാങ്ക് പ്രസിഡന്റായി പി മോഹനനെ തെരഞ്ഞെടുത്തു

കേരള ബാങ്ക് പ്രസിഡന്റായി പി മോഹനനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള ബാങ്ക് പ്രസിഡന്റായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനനെ തെരഞ്ഞെടുത്തു. ടിവി രാജേഷ് ആണ് വൈസ് പ്രസിഡന്റ്. ഈ മാസം 21നാണ് കേരള ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ 1020 വോട്ട് വരെ എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്.

മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങള്‍ ആദ്യ യോഗം ചേര്‍ന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു. അഞ്ച് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.

മറ്റു ഭരണസമിതി അംഗങ്ങള്‍: ബിനില്‍ കുമാര്‍ (പത്തനംതിട്ട), പി ഗാനകുമാര്‍ (ആലപ്പുഴ), ജോസ് ടോം (കോട്ടയം), വി. സലിം (എറണാകുളം), എം ബാലാജി (തൃശ്ശൂര്‍), പി. ഗഗാറിന്‍ (വയനാട്), അധിന്‍ എ. നായര്‍ (കൊല്ലം), ശ്രീജ എസ് (തിരുവനന്തപുരം), എഎം മേരി (കാസര്‍കോട്), ശ്രീജ എംഎസ് (ഇടുക്കി), സ്വാമിനാഥന്‍ ഒവി (പാലക്കാട്), ഷിബു ടിസി (അര്‍ബന്‍ ബാങ്ക് പ്രതിനിധി).

പ്രതീക്ഷിത ഒഴിവുകൾ പി എസ് സിയെ അറിയിക്കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

പ്രതീക്ഷിത ഒഴിവുകൾ പി എസ് സിയെ അറിയിക്കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

2026-ലെ കലണ്ടർ വർഷത്തിൽ ഉണ്ടാകാൻ പോകുന്ന പ്രതീക്ഷിത ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി. സംസ്ഥാനത്തെ മുഴുവൻ വകുപ്പ് തലവന്മാരും നിയമനാധികാരികളും ഈ സർക്കുലർ പ്രകാരം നടപടി സ്വീകരിക്കണം.

2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഓരോ തസ്തികയിലും ഒഴിവുകൾ ഉണ്ടാകാനുള്ള സാധ്യത പരിശോധിച്ച് ഡിസംബർ 26-നകം പി എസ് സിയെ അറിയിക്കണം. ഒഴിവുകൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ അതും ‘ഒഴിവുകളില്ല’ എന്ന് തെളിയിച്ച് പി എസ് സിക്ക് സമർപ്പിക്കണം എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഡിസംബർ 30-നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കര (Administrative Vigilance Cell) വകുപ്പിനും സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.

വീണ്ടും ചുഴലിക്കാറ്റ് വരുന്നു, ഒപ്പം ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും

വീണ്ടും ചുഴലിക്കാറ്റ് വരുന്നു, ഒപ്പം ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയ്ക്കകം ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി നാളെയോട് കൂടി കന്യാകുമാരി കടല്‍, ശ്രീലങ്ക, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവയ്ക്ക് മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദം മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ചുഴലിക്കാറ്റ്, ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദം എന്നിവയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നി ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

സ്ഥാനമാനങ്ങളുടെ ആവശ്യമില്ല’: ആര്യ രാജേന്ദ്രൻ‌

സ്ഥാനമാനങ്ങളുടെ ആവശ്യമില്ല’: ആര്യ രാജേന്ദ്രൻ‌

തിരുവനന്തപുരം: രാജ്യത്ത് മേയർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവുമായാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷന്റെ മേയറായി ചുമതലയേറ്റത്. ആര്യയെ തലസ്ഥാന നഗരത്തിന്റെ മേയറാക്കുമ്പോൾ ഒരു വലിയ ചുവടുവയ്പ് എന്നാണ് സിപിഎം അതിനെ വിശേഷിപ്പിച്ചതും. അതേസമയം, രാഷ്ട്രീയ വിവാദങ്ങളുടേതുകൂടിയായിരുന്നു ആര്യയ്ക്ക് കഴിഞ്ഞ അഞ്ചു വർഷം. ഏറ്റവുമൊടുവിൽ, കോൺഗ്രസിന്റെ യുവ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടും ആര്യയുടെ ഓഫിസ് വാർ‌ത്തകളിൽ നിറഞ്ഞു.

പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്കു മാറ്റുന്നുവെന്നും നിയമസഭയിലേക്കു മൽസരിക്കുമെന്നുമടക്കം അഭ്യൂഹങ്ങളുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷന്റെ ഭരണം നിലനിർത്താൻ സിപിഎം അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ, ഇത്തവണ ആര്യ മൽസര രംഗത്തില്ല. നിയമസഭയിലേക്കു മൽസരിക്കുമെന്ന അഭ്യൂഹത്തെക്കുറിച്ചും രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചും തിരുവനന്തപുരത്തെ വികസനങ്ങളെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ആര്യ.

ഇനി കോർപറേഷനിലേക്കു മത്സരിക്കുമോ നിയമസഭയിലേക്ക് മത്സരിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല. ഒരു ഇടതുപക്ഷ പ്രവർത്തകയെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിനായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുകയെന്നതാണ് പ്രധാനം. അതിനു പ്രത്യേക സ്ഥാനമാനങ്ങളുടെയൊന്നും ആവശ്യമില്ല. പാർട്ടി ഓരോ സാഹചര്യത്തിനനുസരിച്ച് ഏൽപിക്കുന്ന ചുമതല എന്തു തന്നെയായാലും എന്നെക്കൊണ്ട് ആവുംവിധം ചെയ്യാൻ ശ്രമിക്കും.

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍കൗണ്‍സിലര്‍ അനില്‍ കുമാറിനെയും മകന്‍ അഭിജിത്തിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അനില്‍ കുമാറിന്റെ വീടിന് മുന്‍വശത്ത് വച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ആദര്‍ശ് എന്തിനാണ് അനില്‍ കുമാറിന്റെ വീടിന്റെ മുന്‍വശത്ത് എത്തിയത് എന്നതടക്കം വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോട്ടയം നഗരസഭയിലെ കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലറാണ് അനില്‍ കുമാര്‍. ഈപ്രാവശ്യം കോണ്‍ഗ്രസില്‍ നിന്ന് മാറി എല്‍ഡിഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അനില്‍ കുമാര്‍ ചില നീക്കങ്ങള്‍ നടത്തിയതായാണ് വിവരം. സിപിഎം ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് നീക്കം വിജയിച്ചില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അനില്‍ കുമാറിന്റെ മകന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ചില കേസുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.