ബീമാപള്ളി ഉറൂസ്: 22ന് പ്രാദേശിക അവധി

ബീമാപള്ളി ഉറൂസ്: 22ന് പ്രാദേശിക അവധി

ബീമാപള്ളി ദര്‍ഗ്ഗാ ശരീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 22ന് പ്രാദേശിക അവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 2 വരെയാണ് ബീമാപള്ളി ഉറൂസ്.

തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു

തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു

തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ആറ്റിങ്ങൽ ബോയ്സ് HSS ഇൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീജ ഗോപിനാഥ് നിർവ്വഹിച്ചു.

പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ജവാദ് സ്വാഗതവും മീഡിയ കൺവീനർ അഖിലേഷ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ഡയറ്റ് പ്രിൻസിപ്പൽ ഗീത, എ ഇ ഒ മാരായ ഡോ. സന്തോഷ്‌കുമാർ, പ്രദീപ്‌ കുമാർ, വി എച്ച് എസ് ഇ പ്രിൻസിപ്പൽമാരായ ഹസീന, നിഷ, സ്കൂൾ എച്ച് എം സുനിൽ, വിവിധ കമ്മിറ്റി കൺവീനർമാർ, അദ്ധ്യാപകസംഘടന പ്രതിനിധികൾ, ലോഗോ രൂപകല്പന ചെയ്ത ചിറയിൻകീഴ് ശാരദ വിലാസം എച്ച് എസിലെ വിദ്യാർത്ഥിനി അദീന പി എൻ എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുപ്പിനിടെ കലോത്സവം; രക്ഷിതാക്കളും സംഘാടകരും ആശങ്കയിൽ

തിരഞ്ഞെടുപ്പിനിടെ കലോത്സവം; രക്ഷിതാക്കളും സംഘാടകരും ആശങ്കയിൽ

ആറ്റിങ്ങൽ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പിനിടെ ജില്ലാ കലോത്സവം നടത്തുന്നതിൽ സംഘാടകർക്കും രക്ഷിതാക്കൾക്കും ആശങ്ക. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കലോത്സവം മാറ്റി വയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നു.

തെരഞ്ഞെടുപ്പ് മാമാങ്കത്തിനിടെ കലോത്സവം നടത്തുന്നതിനാൽ കലോത്സവത്തിന്റെ ശോഭ കെടുമെന്നും മാധ്യമശ്രദ്ധ കുറയും എന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരും ഒരുപോലെ അഭിപ്രായപ്പെടുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലാ കലോത്സവം മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയരുന്നു. നാടകെ തെരഞ്ഞെടുപ്പ് ചൂടിൽ ആയതിനാൽ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളും കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നതും വെല്ലുവിളിയാണ്.

തദ്ദേശസ്ഥാപന ഭരണസമിതിയുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് കലോത്സവം വിജയിപ്പിക്കാറുള്ളത്. സബ് കമ്മിറ്റി ചെയർമാൻമാരായി വരാറുള്ള രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും എല്ലാം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് അതിനാൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ജില്ലാ കലോത്സവം മാറ്റിവയ്ക്കണമെന്നാണ് ഉയരുന്ന ആവശ്യം.

എൽ എൽ എം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എൽ എൽ എം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2025–26 അധ്യയന വർഷത്തെ എൽ എൽ എം കോഴ്‌സിലേക്കുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ അലോട്ട്‌മെന്റ് സ്റ്റാറ്റസ് വെബ്സൈറ്റിലൂടെ പരിശോധിക്കാം.

താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റിനെതിരെ പരാതികളുണ്ടെങ്കിൽ നവംബർ 21 വൈകിട്ട് 4 മണിക്ക് മുമ്പ് ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ലഭിക്കുന്ന പരാതികൾ വിശദമായി പരിശോധിച്ച്, വേണ്ട മാറ്റങ്ങൾ വരുത്തിയതിന് ശേഷം അന്തിമ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണറേറ്റ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കാം. സഹായത്തിനായി 0471-2332120, 0471-2338487, 0471-2525300 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കന്യാകുമാരി കടലിനു മുകളിലെ ന്യുനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപ്നും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനിടെ, ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്പെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

വെളളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഡി എൻ ബി മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡി എൻ ബി മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2025-ലെ ഡി.എൻ.ബി (പോസ്റ്റ് എംബിബിഎസ് ) പ്രവേശനത്തിനായി അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ മെറിറ്റ് ലിസ്റ്റ് പ്രവേശനപരീക്ഷാ കമ്മീഷണറേറ്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിലെ ഡി എൻ ബി സീറ്റുകൾക്ക് വേണ്ടി അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് ക്രമത്തിലുള്ള പ്രൊവിഷണൽ ലിസ്റ്റ് cee.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകർ അവരുടെ അപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് വ്യക്തിഗത റാങ്കും യോഗ്യതാ നിലയും പരിശോധിക്കാം. അലോട്ട്‌മെന്റ് നടപടികൾ, ഓപ്ഷൻ രജിസ്ട്രേഷൻ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ ഷെഡ്യൂൾ പ്രവേശനപരീക്ഷാ കമ്മീഷണർ പിന്നീട് പ്രസിദ്ധീകരിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ഉദ്യോഗാർത്ഥികൾ 0471-2332120, 0471-2338487, 0471-2525300 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.