by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തെക്കന്‍ ഝാര്‍ഖണ്ഡിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇടംനേടിയവര്‍ ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. ഇതില്‍ 6,254 പേര് മറ്റു ജില്ലകളില്‍കൂടി അപേക്ഷിച്ചവരാണ്. അലോട്ട്മെന്റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും.
അലോട്ട്മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. 84 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. 334 സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്.
പ്രവേശനം ലഭിക്കാത്തവര്‍ക്ക് ഒമ്പതുമുതല്‍ 11വരെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ അപേക്ഷിക്കാം. 16ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒഴിവുള്ള സീറ്റില്‍ സ്പോട്ട് അഡ്മിഷന് അവസരം നല്‍കും. ഇതുവരെ മെറിറ്റില്‍ 2,68,584 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. അണ് എയ്ഡഡ് ഉള്‍പ്പെടെ ആകെ 3,48,906 പേരാണ് പ്ലസ് വണ്ണില്‍ പ്രവേശനം നേടിയത്.
by Midhun HP News | Jul 4, 2025 | Latest News, ജില്ലാ വാർത്ത
കോട്ടയം: ആദ്യശമ്പളം അമ്മയ്ക്കു നല്കാന് ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനെ ആശ്വസിപ്പിക്കാന്‍ കണ്ടുനിന്നവര്‍ക്ക് വാക്കുകളില്ലായിരുന്നു. നവനീതിന്റെ കരച്ചില് കണ്ടുനിന്നവരെയും ഈറനണിയിച്ചു.
നവനീതിന് കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാല്‍ അത് അമ്മയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അപകടത്തില്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.
കുടുംബസ്വത്തായി ലഭിച്ച അഞ്ചു സെന്റ് സ്ഥലത്തു നിര്‍മാണം പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ആന്ധ്രയില്‍ അപ്പോളോ നഴ്സിങ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് നവമി. ന്യൂറോ പ്രശ്നങ്ങളെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ നവമി ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്.
വ്യാഴാഴ്ച രാവിലെ കുളിക്കുന്നതിനു വേണ്ടിയാണു തകര്‍ന്നു വീണ പതിനാലാം വാര്‍ഡിന്റെ മൂന്നാംനിലയിലേക്കു ബിന്ദു എത്തിയതെന്നാണു വിവരം. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍പ്പെട്ട ബിന്ദുവിനെ രണ്ടരമണിക്കൂറിനു ശേഷമാണു പുറത്തെടുത്തത്. അമ്മയെ കാണാനില്ലെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും നവമി പറഞ്ഞതോടെയാണു ബിന്ദുവിനായി തിരച്ചില്‍ ആരംഭിച്ചത്. പുറത്തെടുത്തപ്പോള്‍ ബിന്ദുവിന് ബോധമില്ലായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
by Midhun HP News | Jul 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പരിശീലന പറക്കലിനിടെ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബി ‘പാര്‍സല്‍ ചെയ്യാന്‍’ നീക്കമെന്ന് റിപ്പോര്‍ട്ട്. രണ്ടാഴ്ചയില്‍ അധികമായി തിരുവനന്തപുരത്ത് തുടരുന്ന വിമാനത്തിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ബ്രിട്ടണ് മറ്റ് വഴികള്‍ തേടുന്നത്. വിമാനം അഴിച്ചുമാറ്റി പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ട് പോകാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിമാനം പലഭാഗങ്ങളാക്കി പൊളിച്ച് നീക്കി തിരികെ കൊണ്ട് പോകാനാണ് നീക്കം. ഇതിനായി ബ്രിട്ടീഷ് നേവിയുടെ വലിയ വിമാനം എത്തിക്കും. വിമാനം ലാന്‍ഡ് ചെയ്ത വകയില്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള പാര്‍ക്കിങ്, ഹാങ്ങര്‍ ഫീസുകള്‍ ഉള്‍പ്പെടെ ഒടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനം തിരുവനന്തപുരത്ത് വച്ച് തന്നെ അറ്റകുറ്റപ്പണി നടത്തി മടക്കിക്കൊണ്ട് പോകാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ഈ നടപടി പരാജയപ്പെട്ടു. വിമാനം വഹിച്ചെത്തിയ കപ്പലില്‍ നിന്നുള്ള വിദഗ്ധരായിരുന്നു തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് സാധ്യമാകാതിരുന്നതോടെ യുകെയില്‍ നിന്നും മുപ്പത് അംഗ വിദഗ്ധ സംഘം കേരളത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. ഈ നീക്കം വൈകുന്ന സാഹചര്യത്തിലാണ് വിമാനം പലഭാഗങ്ങളാക്കി എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നത്.
അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. അടിയന്തര ലാന്‍ഡിങ്ങിനിടെ ഉണ്ടായ യന്ത്രതകരാര്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിമാനം തിരുവനന്തപുരത്ത് തുടരുകയാണ്. എഫ്-35 നെ അറബിക്കടലില്‍ എത്തിച്ച എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന യുദ്ധക്കപ്പല്‍ സിംഗപ്പൂര്‍ തീരത്തേക്കു മടങ്ങുകയും ചെയ്തു.
by Midhun HP News | Jul 3, 2025 | Latest News, ജില്ലാ വാർത്ത
നാളെ സംസ്ഥാനത്ത് കെ എസ് യു വിദ്യാഭ്യാസ ബന്ദ്. കെ എസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്.
സെക്രട്ടേറിയേറ്റ് മാര്‍ച്ചിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ലാത്തി ചാര്‍ജ് നടത്തി. പൊലീസിന് നേരെ കല്ലേറുണ്ടായി. സമരത്തിനിടെ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിന് പരുക്കേറ്റു.
by Midhun HP News | Jul 3, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നതായും ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
‘പട്ടം എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നു. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്’- മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു മുതല്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടങ്ങിയവരും നേരത്തെ ആശുപത്രിയിലെത്തിയിരുന്നു.
Recent Comments