കോരാണി സ്വതന്ത്രഭാരതം ഗ്രന്ഥശാലയുടെ വായന പക്ഷചരണവും പ്രതിഭാ സംഗമവും ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു

കോരാണി സ്വതന്ത്രഭാരതം ഗ്രന്ഥശാലയുടെ വായന പക്ഷചരണവും പ്രതിഭാ സംഗമവും ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു

കോരാണി സ്വതന്ത്രഭാരതം ഗ്രന്ഥശാലയുടെ വായന പക്ഷചരണവും പ്രതിഭാ സംഗമവും ലഹരിവിരുദ്ധ സദസ്സും സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് ബി.രാജീവ് അധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ എക്സൈസ് ഇൻസ്പെക്ടർ രചന.സി ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറി ആർ.കെ.ബൈജു, ഗ്രന്ഥശാല ജോയിൻ സെക്രട്ടറി കെ.അരവിന്ദാക്ഷൻ, താലൂക്ക് ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം രമഭായി എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡൻറ് സുന്ദരേശൻ നന്ദി രേഖപ്പെടുത്തി.

ജില്ലയിലെ ഏകവനിതാ എക്സ്സൈസ് ഇൻസ്പെക്ടറായ രചന.സി.ക്ക് ഉപഹാരം നൽകി ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ രചന.സി ഉപഹാരങ്ങൾ വിതരണം ചെയ്തു.

വായന മാസാചരണത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവ.ഹൈസ്കൂൾ കുട്ടികൾ സ്കൂളിന് സമീപമുള്ള കല്ലൂർക്കോണം ഇ.എം.എസ് ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാലയുടെ പ്രവർത്തനം നേരിട്ട് മനസ്സിലാക്കുന്നതിനും പുസ്തകങ്ങളുടെ ശരിയായ ക്രമീകരണവും വിതരണരീതിയും തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു സന്ദര്‍ശനം. പുതു തലമുറ വായനയിൽ നിന്ന് അകന്നു പോകുന്നുവെന്ന ലൈബ്രേറിയനൻ ശ്രീജയുടെ അഭിപ്രായത്തിന് തങ്ങൾ വീണ്ടും വീണ്ടൂം വായനശാല സന്ദർശിച്ച് നല്ല വായനക്കാരാകുമെന്ന മറുപടി നൽകിയാണ് കുട്ടികൾ മടങ്ങിയത്. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ.എസ്, സീനിയർ അധ്യാപകൻ ജോയി.ജി, സ്കൂൾ ലൈബ്രേറിയൻ സംഗീത എന്നിവർ നേതൃത്വം നൽകി.

അഭിമന്യുവിന്റെ ഏഴാമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ച് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി

അഭിമന്യുവിന്റെ ഏഴാമത് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ച് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി

എറണാകുളം മഹാരാജാസ് കോളേജിൽ വർഗീയവാദികൾ കൊലപ്പെടുത്തിയ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ ഏഴാമത് രക്തസാക്ഷി ദിനാചരണം എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളുടെ ആചരിച്ചു. പതാക ഉയർത്തൽ, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന അനുസ്മരണ സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ഗവ കോളേജിൽ ചേർന്ന അനുസ്മരണ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അർജുൻ, ആദിത്യ ശങ്കർ, ഗേറ്റി ഗ്രെറ്റാൽ, മുബീൻ, ആദിത്യൻ, സൽമാൻ എന്നിവർ പങ്കെടുത്തു

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; രണ്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; രണ്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്കൻ ഝാർഖണ്ഡിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് (ജൂലൈ 2) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്കന്‍ കേരളത്തിലെ രണ്ടു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെയും, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും അതിശക്ത മഴ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള- കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ അറബിക്കടല്‍, വടക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍ തെക്കന്‍ തമിഴ് നാട് തീരം , ഗള്‍ഫ് ഓഫ് മന്നാര്‍ , അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.

തെക്കന്‍ ഗുജറാത്ത് തീരം അതിനോട് ചേര്‍ന്ന വടക്കന്‍ ഗുജറാത്ത് തീരം, കൊങ്കണ്‍, ഗോവ തീരങ്ങള്‍ അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങള്‍, വടക്കു കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, ഒഡിഷ തീരം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ ഭയപ്പെടുത്തുന്നു; വിരട്ടൽ വേണ്ടെന്ന് വി ഡി സതീശന്‍

സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ ഭയപ്പെടുത്തുന്നു; വിരട്ടൽ വേണ്ടെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ ഉപകരണക്ഷാമത്തെക്കുറിച്ചു പറഞ്ഞ ഡോ. ഹാരിസ് ചിറയ്ക്കലിനെതിരെ രംഗത്തുവന്ന സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സത്യം തുറന്നു പറഞ്ഞതിന് ഡോ. ഹാരിസിനെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. ഇടതുപക്ഷ സഹയാത്രികനായ ഡോക്ടര്‍ക്ക് പോലും മെഡിക്കല്‍ കോളജിനകത്തും സര്‍ക്കാര്‍ ആശുപത്രിയിലും നടക്കുന്ന കാര്യങ്ങള്‍ തുറന്നു പറയേണ്ടി വന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു.

നിവൃത്തികേടുകൊണ്ട് പറഞ്ഞതാണെന്നാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കിയത്. അദ്ദേഹത്തെ ആദ്യം വിരട്ടി. പിന്നെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. ഇപ്പോഴും വിരട്ടലിന്റെ ഭാഷയാണ്. അതു ശരിയല്ല. സത്യം തുറന്നുപറഞ്ഞതിന് ഒരാളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. ഡോക്ടര്‍ പറഞ്ഞത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അവസ്ഥ മാത്രമല്ല, കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളജുകളിലും, എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇതിനേക്കാള്‍ ദയനീയമായ അവസ്ഥയാണ് – വി ഡി സതീശന്‍ പറഞ്ഞു.

ആലപ്പുഴയിലും കോഴിക്കോടും ഇതിനേക്കാള്‍ ദയനീയ സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം 936 കോടി രൂപയാണ് മരുന്നുമേടിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. 356 കോടി രൂപ ആദ്യം കൊടുത്തു. പിന്നീട് 150 കോടി രൂപയും കൊടുത്തു. 428 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ കൊടുക്കാന്‍ ബാക്കിയുള്ളത്. ഈ വര്‍ഷം മരുന്നു വാങ്ങുന്നതിന് 1015 കോടിയാണ് കൊടുക്കേണ്ടത്. എന്നാല്‍ അതിന് 356 കോടിയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവുമായി മരുന്നു സപ്ലൈ ചെയ്യുന്നതിനായി 1100 കോടി രൂപ സര്‍ക്കാര്‍ കൊടുക്കാനുണ്ട്. പിന്നെങ്ങനെ മരുന്നുകള്‍ സപ്ലൈ ചെയ്യും. അതിനാല്‍ മരുന്ന് സപ്ലൈ ചെയ്യുന്ന കമ്പനികളൊന്നും മരുന്ന് കൊടുക്കുന്നില്ല. ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കുന്നില്ല. പഞ്ഞിയും നൂലും പോലും കൊടുക്കുന്നില്ല. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞാല്‍ തുന്നാന്‍ സൂചിയും നൂലുമെല്ലാം വാങ്ങി ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടരുന്നു. ഇതൊന്നും തടയാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ചെയ്യുന്നില്ല. പി ആര്‍ വര്‍ക്ക് മാത്രമാണ് ആരോഗ്യ വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. നല്ല പി ആര്‍ ആണ്. ചോദിച്ചുകഴിഞ്ഞാല്‍ 15 കൊല്ലം മുമ്പത്തെ കാര്യം പറയും. 15 കൊല്ലം മുമ്പത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ എണ്ണമാണോ ഇപ്പോഴുള്ളത്. സ്വകാര്യ ആശുപത്രികളിലെ ചെലവ് ഭീകരമാണ്. മധ്യവര്‍ഗത്തില്‍പ്പെട്ട ഒരാള്‍ക്കു പോലും സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ കഴിയാത്തതാണ്. അതുകൊണ്ടാണ് പാവപ്പെട്ടവരും ഇടത്തരക്കാരുമെല്ലാം കൂട്ടത്തോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്. അതിനാല്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതല്ലേയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

പാവപ്പെട്ട ആളുകള്‍ക്ക് മരുന്ന് നല്‍കുന്നതിനല്ലേ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. അതല്ലാതെ ആളുകള്‍ക്ക് പുറത്തേക്ക് മരുന്ന് കുറിച്ചു കൊടുക്കുന്ന അവസ്ഥയാണോ വേണ്ടത്. ആയിരക്കണക്കിന് രൂപയുടെ മരുന്ന് പുറത്തു നിന്നും വാങ്ങാന്‍ സാധിക്കാത്ത പാവപ്പെട്ട രോഗികള്‍ എന്തു ചെയ്യും. പിന്നെ എന്തിനാണ് സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും?. സത്യം തുറന്നു പറഞ്ഞവരെ പേടിപ്പിക്കരുത്. മുഖ്യമന്ത്രിയുടെ സ്വരത്തിലും എം വി ഗോവിന്ദന്റെ വര്‍ത്തമാനത്തിലും ഒരു ഭീഷണിയുടെ സ്വരമുണ്ട്. അതു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

‘ലാലേട്ടനെ കാണണമെന്ന് ആ​ഗ്രഹിച്ച ലുക്ക്, ഇത് തിയറ്റർ കുലുക്കും’; കറുപ്പിൽ മാസ് ആയി മോഹൻലാൽ

‘ലാലേട്ടനെ കാണണമെന്ന് ആ​ഗ്രഹിച്ച ലുക്ക്, ഇത് തിയറ്റർ കുലുക്കും’; കറുപ്പിൽ മാസ് ആയി മോഹൻലാൽ

മലയാളികൾക്ക് എന്നും ഒരു വികാരമാണ് ലാലേട്ടൻ. മോഹൻലാലിന്റെ പുത്തൻ വിഡിയോകൾക്കും ഫോട്ടോകൾക്കുമൊക്കെ വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറുള്ളതും. ഇപ്പോഴിതാ മോഹൻലാലിന്റെ ഒരു പുതിയ പോസ്റ്റാണ് ആരാധകർക്കിടയിൽ തരം​ഗം തീർക്കുന്നത്. കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞ മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാനാവുക.

നിമിഷ നേരം കൊണ്ടാണ് മോഹൻലാലിന്റെ പുത്തൻ ലുക്ക് ആരാധകർക്കിടയിൽ വൈറലായി മാറിയത്. തങ്ങൾ ലാലേട്ടനെ കാണാൻ ആ​ഗ്രഹിച്ച ഔട്ട്ഫിറ്റ് എന്നാണ് ഫോട്ടോകൾ പങ്കുവച്ച് ആരാധകർ കുറിച്ചിരിക്കുന്നത്. മോഹൻലാൽ ഫാൻസ് പേജുകളിലാണ് ചിത്രം വ്യാപകമായി പ്രചരിക്കുന്നത്.

‘ബോഡി ലാങ്വേജിൽ തന്നെ എന്താ സ്വാ​ഗ്’, ‘ലാലേട്ടനെ കാണാൻ ആ​ഗ്രഹിച്ച ​ഗെറ്റപ്പ്’, ‘ഇത് തിയറ്ററുകൾ പൂര പറമ്പാക്കും’ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം, ഇത് ഏത് സിനിമയിലെ ലുക്കാണെന്നാണ് പലരും ചോദിക്കുന്നത്.ദിലീപ് ചിത്രം ഭ ഭ ബ ലുക്കാണ് ഇതെന്നാണ് ഭൂരിഭാ​ഗം പേരും കമന്റായി കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിലേക്ക് മോഹൻലാൽ ജോയിൻ ചെയ്തുവെന്നും അതിലൊരു ഫൈറ്റ് സീനിലെ ലുക്കാണിതെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. എന്നാല്‍ മഹേഷ് നാരായണന്‍ ചിത്രം പേട്രിയറ്റിലെ ലുക്കാണിതെന്നും പറയുന്നവരുണ്ട്.

എന്തായാലും പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. മലയാളത്തിൽ തുടരും ആണ് മോഹൻലാലിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം വൻ ഹിറ്റായി മാറുകയും ചെയ്തു.

മോഹൻലാൽ അതിഥി വേഷത്തിലെത്തിയ തെലുങ്ക് ചിത്രം കണ്ണപ്പയും കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയിരുന്നു. വിഷ്ണു മഞ്ചു നായകനായെത്തിയ ചിത്രത്തിൽ കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്.

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ‘ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു’

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ‘ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു’

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്.

വിഎസിൻ്റെ ആരോ​ഗ്യ നില ഗുരുതരമായി തുടരുകയാണ്. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. നിലവില്‍ രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് പത്ത് ദിവസം മുൻപാണ് വിഎസിനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.