by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ദീര്‍ഘകാല നിക്ഷേപത്തിന്റെ പലിശനിരക്ക് കുറച്ച് കേരള ബാങ്ക്. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതുള്‍പ്പെടെ എല്ലാ നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. നിരക്കുമാറ്റം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്നു.
റിസര്‍വ് ബാങ്കിന്റെ ഷെഡ്യൂള്‍ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി നിശ്ചയിച്ചത്. കേരള ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പലിശ കുറയ്ക്കുന്നതോടെ, പ്രാഥമിക സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും പലിശനിരക്ക് കുറയ്‌ക്കേണ്ടി വരും.
പലിശനിരക്ക് കുറച്ചതോടെ രണ്ടുവര്‍ഷവും അതിലേറെയുമുള്ള നിക്ഷേപത്തിന് പലിശ ഏഴുശതമാനമായി. നേരത്തെ ഇത് 7.85 ശതമാനമായിരുന്നു. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തിന് താഴെ വരെയുള്ള നിക്ഷേപത്തിന് 7.10 ശതമാനമാണ് പുതുക്കിയ പലിശനിരക്ക്. നിലവില്‍ 7.75 ശതമാനമായിരുന്നു. 180 ദിവസം മുതല്‍ 364 ദിവസം വരെ 7.00 ശതമാനം ( 7.35 ശതമാനം), 91 ദിവസം മുതല്‍ 179 ദിവസം വരെ 6.5 ശതമാനം ( 7 ശതമാനം), 46 ദിവസം മുതല്‍ 90 ദിവസം വരെ ആറു ശതമാനം( 6.5 ശതമാനം), 15 ദിവസം മുതല്‍ 45 ദിവസം വരെ 5.50 ശതമാനം ( ആറുശതമാനം) എന്നിങ്ങനെയാണ് മറ്റു നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക്.
by Midhun HP News | Jul 2, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ ഗുൽമോഹർ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോൾ കുട്ടികൾ ആരും കെട്ടിടത്തിനു പുറത്ത് ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളും ക്ലാസ് മുറിയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
by Midhun HP News | Jul 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിനാണ്. എറണാകുളം സ്വദേശി തന്നെയായ ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്. ചെറായി സ്വദേശിയാണ്. കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവിനാണ് മൂന്നാം റാങ്ക്. 86,549 വിദ്യാര്‍ഥികളാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടിയതായി ഫലം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഫാര്‍മസി പ്രവേശന പരീക്ഷയില്‍ ആലപ്പുഴ സ്വദേശി അനഘ അനിലിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശ് ആര്‍ ഷേണായിക്കാണ്. പ്രവേശന പരീക്ഷ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ക്ക് ഏകീകരണ രീതിക്ക് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപിച്ചത്.
കീം ഫലം എങ്ങനെ പരിശോധിക്കാം
ഫലം പ്രഖ്യാപിച്ചാല്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ഓണ്‍ലൈനായി ഫലം പരിശോധിക്കാം.
cee.kerala.gov.in ആയ ഒഫിഷ്യല്‍ വെബ്സൈറ്റില്‍ കയറുക.
കീം കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ കയറിയതിന് ശേഷം ആപ്ലിക്കേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ആക്സസ് (ലോഗിന്‍) ചെയ്യുക.
കീം 2025 റിസള്‍ട്ട് എന്ന പേരില്‍ പുതിയ പോര്‍ട്ടല്‍ വരുന്നതായിരിക്കും. അതില്‍ റിസള്‍ട്ട് അറിയാന്‍ സാധിക്കും.
ശേഷം അത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
നീറ്റ് പരീക്ഷാഫലം വന്നിട്ടും കീം ഫലം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. അതിനിടെ പ്ലസ്ടുവിനും എന്‍ട്രന്‍സ് പരീക്ഷയ്ക്കും ഉയര്‍ന്ന മാര്‍ക്ക് നേടുന്ന സംസ്ഥാന സിലബസിലെ കുട്ടികള്‍ക്കുപോലും പ്രവേശന പരീക്ഷയില്‍ മുന്നിലെത്താനാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫോര്‍മുല പരിഷ്‌കരിച്ചത്. സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധരും ഐഐടി പ്രഫസര്‍മാരും അടങ്ങിയ നാലംഗസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചു പ്രവേശന പരീക്ഷാ കമ്മിഷണര്‍ കൈമാറിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
പുതിയ ഏകീകരണ രീതി
പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് (കെമിസ്ട്രി പഠിക്കാത്തവര്‍ക്ക്, പകരം പഠിച്ച കംപ്യൂട്ടര്‍ സയന്‍സ്/ബയോടെക്‌നോളജി/ ബയോളജി) വിഷയങ്ങള്‍ക്ക് ഓരോ പരീക്ഷാ ബോര്‍ഡിലും ലഭിച്ച ഉയര്‍ന്ന മാര്‍ക്ക് എടുക്കും. സംസ്ഥാന ബോര്‍ഡില്‍ ഈ വിഷയങ്ങളിലെ ഉയര്‍ന്ന മാര്‍ക്ക് 100 ഉം സിബിഎസ്ഇ പോലുള്ള ഇതര ബോര്‍ഡുകളിലൊന്നില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 95ഉം ആണെങ്കില്‍ ഇവ രണ്ടും 100 മാര്‍ക്കായി പരിഗണിക്കും. 95 ഉയര്‍ന്ന മാര്‍ക്ക് നല്‍കിയ ബോര്‍ഡിനു കീഴില്‍ പരീക്ഷയെഴുതിയ കുട്ടിക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചത് 70 മാര്‍ക്കാണെങ്കില്‍ ഇത് നൂറിലേക്കു മാറ്റും. ഇതുവഴി 70 മാര്‍ക്ക് 73.68 ആയി മാറും. എന്‍ജിനീയറിങ് റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുന്ന 3 വിഷയങ്ങളുടെയും മാര്‍ക്ക് ഈ രീതിയില്‍ ഏകീകരിച്ച് മൊത്തം മാര്‍ക്ക് 300ല്‍ കണക്കാക്കും.
ഏകീകരണത്തിലൂടെ ഓരോ വിഷയങ്ങള്‍ക്കും ലഭിച്ച മാര്‍ക്ക് 5:3:2 അനുപാതത്തിലായിരിക്കും റാങ്ക് പട്ടികയ്ക്കായി പരിഗണിക്കുക. 3 വിഷയങ്ങള്‍ക്കുമായി ആകെയുള്ള 300 മാര്‍ക്കില്‍ മാത്സിന് 150 മാര്‍ക്കിന്റെയും ഫിസിക്‌സിന് 90 മാര്‍ക്കിന്റെയും കെമിസ്ട്രിക്ക് 60 മാര്‍ക്കിന്റെയും വെയ്‌റ്റേജിലായിരിക്കും പരിഗണിക്കുക.
വ്യത്യസ്ത വര്‍ഷങ്ങളില്‍ പ്ലസ്ടു പരീക്ഷ പാസ്സായവരുടെ മാര്‍ക്ക് വ്യത്യസ്ത രീതിയില്‍ തന്നെ കണക്കിലെടുക്കും. എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥി നേടുന്ന നോര്‍മലൈസ് ചെയ്ത സ്‌കോര്‍ മുന്നൂറിലായിരിക്കും കണക്കിലെടുക്കുക. പ്ലസ്ടു പരീക്ഷയിലെ സമീകരിച്ച മുന്നൂറിലുള്ള മാര്‍ക്കും പ്രവേശന പരീക്ഷയിലെ നോര്‍മലൈസ് ചെയ്ത മുന്നൂറിലുള്ള സ്‌കോറും ചേര്‍ത്ത് 600 ഇന്‍ഡെക്‌സ് മാര്‍ക്കില്‍ ആയിരിക്കും എന്‍ജിനീയറിങ് റാങ്ക് പട്ടികയ്ക്കുള്ള സ്‌കോര്‍ നിശ്ചയിക്കുക.
എ,ബി,സി പോലെ ഗ്രേഡ് ആയി ഫലം പ്രസിദ്ധീകരിക്കുന്ന പരീക്ഷാ ബോര്‍ഡുകളുണ്ടെങ്കില്‍ കുട്ടികള്‍ അവിടെനിന്ന് മാര്‍ക്ക് ലിസ്റ്റ് വാങ്ങി സമര്‍പ്പിക്കണം. ഇല്ലെങ്കില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷാ കമ്മിഷണര്‍ തീരുമാനമെടുക്കും.
by Midhun HP News | Jul 1, 2025 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ഹരിത കൂടാരം പദ്ധതിക്ക് തുടക്കമായി. ആറ്റിങ്ങൽ നഗരസഭ കൃഷി ഓഫീസർ പ്രമോദ് പദ്ധതിയുടെ ഉദ്ഘാടനം രക്ഷിതാക്കൾക്ക് പച്ചക്കറി വിത്തുകൾ നൽകികൊണ്ട് നിർവ്വഹിച്ചു. 100 വീടുകളിലായി രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.
ചെടികളുടെ പരിപാലനം, വളർച്ച, കീടബാധ എന്നിവ നിരീക്ഷിക്കാനും മാറ്റങ്ങൾ വിലയിരുത്താനും കുട്ടികൾക്ക് ചുമതല നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കാർഷിക സംസ്ക്കാരത്തിന്റെ മഹത്വം കുഞ്ഞുമനസുകളിൽ ഊട്ടി ഉറപ്പിക്കുവാനും വിഷലിപ്തമായ പച്ചക്കറി ഉപയോഗം മൂലം വർദ്ധിച്ചു വരുന്ന ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധി വരെ ഇല്ലാതാക്കുവാനും എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സ്കൂൾ ഹെഡ്മാസ്റ്റർ എസ്. ഷാജികുമാർ, അധ്യാപകരായ ജൂലി പി.എസ്., കാവേരി എസ്, പ്രൈമറി വിഭാഗം ക്ളാസുകളിലെ കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
by Midhun HP News | Jul 1, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: വായന മാസാചരണത്തിന്റെ ഭാഗമായി കുടവൂർക്കോണം ഗവണ്മെന്റ് ഹൈസ്കൂൾ കുട്ടികൾ സ്കൂളിന് സമീപമുള്ള കല്ലൂർക്കോണം ഇ.എം.എസ് ഗ്രന്ഥശാല സന്ദർശിച്ചു. ഗ്രന്ഥശാലയുടെ പ്രവർത്തനം നേരിട്ട് മനസ്സിലാക്കുന്നതിനും പുസ്തകങ്ങളുടെ ശരിയായ ക്രമീകരണവും വിതരണരീതിയും തിരിച്ചറിയുന്നതിനും വേണ്ടിയായിരുന്നു സന്ദര്‍ശനം.
പുതു തലമുറ വായനയിൽ നിന്ന് അകന്നുപോകുന്നുവെന്ന ലൈബ്രേറിയനൻ ശ്രീജയുടെ അഭിപ്രായത്തിന് തങ്ങൾ വീണ്ടും വായനശാല സന്ദർശിച്ച് നല്ല വായനക്കാരാകുമെന്ന മറുപടി നൽകിയാണ് കുട്ടികൾ മടങ്ങിയത്. സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ. എസ്,സീനിയർ അധ്യാപകൻ ജോയി.ജി,സ്കൂൾ ലൈബ്രേറിയൻ സംഗീത എന്നിവർ നേതൃത്വം നൽകി.
by Midhun HP News | Jul 1, 2025 | Latest News, ജില്ലാ വാർത്ത
ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുമായി വെള്ളിയാഴ്ച വൈകിട്ട് ബഹിരാകാശത്തു നിന്നും ഹാം റേഡിയോ വഴി, കുട്ടികളുമായി നടത്തുന്ന സംവാദത്തിൽ പങ്കെടുക്കാൻ അവസരം നേടിയിരിക്കുകയാണ് ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ 2 വിദ്യാർത്ഥികൾ. റിഷിദേവ് എസ്, വിസ്മയ് വി എന്നിവരാണ് ആ കൊച്ചു മിടുക്കന്മാർ.
ആറ്റിങ്ങൽ അവനവഞ്ചേരി ഐശ്വര്യ നഗറിൽ മിഴി 5 A4യിൽ സന്തോഷിന്റേയും സൗമ്യയുടെയും മകനാണ് റിഷിദേവ് എസ്. ആലംകോട് തൊട്ടിക്കല്ലിൽ എ വി ഭവനിൽ വിനോദ് കുമാറിന്റെയും അഖിലയുടെയും മകനാണ് വിസ്മയ് വി.
Recent Comments