by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: നഗരൂർ പഞ്ചായത്തിലെ ഹരിത കർമ്മസേന കടവിള സ്ഥാപിച്ചിരുന്ന ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പേഴ്സ് ഹരിത കർമ്മസേനാ പ്രവർത്തകർ ഉടമയ്ക്ക് തിരികെ നൽകി. അടയമൺ സ്വദേശി സുബീനയുടെ വിലയേറിയ രേഖകളടങ്ങിയ പേഴ്സ്ണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 8ന് സുബീന ആറ്റിങ്ങലിൽ നിന്നും കിളിമാനൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പണം, ആധാർ കാർഡ്, എ.ടി.എം കാർഡുകൾ, പാൻകാർഡ്, ലൈസൻസ്, വീടിന്റെ താക്കോൽ, ചികിത്സാ രേഖകൾ എന്നിവയടങ്ങിയ പഴ്സ് മോഷണം പോയത്.
ഈ പഴ്സിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണമെടുത്തിട്ട് മോഷ്ടാവ് പഴ്സ് ബിന്നിൽ ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. ബിൻ വൃത്തിയാക്കി സാധനങ്ങളെടുത്ത് തരംതിരിക്കവെയാണ് കർമ്മസേനാ പ്രവർത്തകരായ ശോഭ,സിന്ധുമതി എന്നിവർക്ക് പഴ്സ് ലഭിച്ചത്.ഇവർ ഉടനെ കർമ്മസേനാ ആർ.പി പ്രവീണിനെ വിവരമറിയിച്ചു. പ്രവീൺ പഴ്സിലുള്ള മെഡിക്കൽ രേഖയിൽ നിന്ന് ഫോൺ നമ്പറെടുത്ത് ഉടമയെ അറിയിക്കുകയായിരുന്നു.നഗരൂർ സ്റ്റേഷനിൽ വച്ച് എസ.എച്ച്.ഒ അജയന്റെ സാന്നിദ്ധ്യത്തിൽ പഴ്സ് ഉടമയ്ക്ക് കൈമാറി.
by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അറബിക്കടലില്‍ നാളെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മഴ ദുര്‍ബലമാകുമെങ്കിലും വെള്ളിയാഴ്ചയോടെ വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ശനിയാഴ്ചയും ഞായറാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ കര്‍ണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെ ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ച് വടക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. ബിന്ദുവിനെ കള്ളക്കേസിൽ പ്രതിയാക്കാൻ ശ്രമിക്കുകയും ഒരു തുള്ളി വെള്ളം പോലും കൊടുക്കാതെ പോലീസ്റ്റേഷനിൽ പിടിച്ചു നിർത്തുകയും വസ്ത്രാക്ഷേപം നടത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം അനുസരിച്ച് കേസെടുക്കുകയും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പേരൂർക്കട പോലീസ് സ്റ്റേഷൻ മാർച്ച് സംസ്ഥാന പ്രസിഡന്റ് എ കെ ശശി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ജില്ലാ ബ്ലോക്ക് നേതാക്കന്മാർ പങ്കെടുത്തു.
by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 12 സ്മാര്‍ട്ട് റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 16ന് ആരോഗ്യപരമായ കാരണങ്ങളാല്‍ താന്‍ ഉച്ചയ്ക്ക് ശേഷമുള്ള മൂന്ന് പരിപാടികള്‍ റദ്ദാക്കിയിരുന്നു. കാലവര്‍ഷ മുന്‍കരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ.
ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട് ചെയ്തതുമാണ്. എന്നാല്‍ പിന്നീട് മറ്റെന്തോ കാരണങ്ങള്‍ കൊണ്ടാണ് റോഡ് ഉദ്ഘാടന പരിപാടിയില്‍ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരത്തെ സ്മാര്‍ട് റോഡ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറിയത് തദ്ദേശ, പൊതുമരാമത്ത് വകുപ്പു മന്ത്രിമാര്‍ തമ്മിലെ വടംവലിയെ തുടര്‍ന്നെന്ന് എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പണം ചെലവഴിച്ച തദ്ദേശ ഭരണ വകുപ്പിനെ പൂര്‍ണ്ണമായും ഒഴിവാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത് എന്നാണ് ആരോപണം. ഇക്കാര്യത്തില്‍ അതൃപ്തി തദ്ദേശ മന്ത്രി നേരിട്ട് അറിയിച്ചതോടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടു നില്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
ആറര വര്‍ഷത്തെ ദുരിതത്തിനൊടുവിലാണ് തലസ്ഥാന റോഡുകള്‍ സ്മാര്‍ട്ടായത്. പദ്ധതി കേന്ദ്രത്തിന്റേതാണെങ്കിലും പണം മുടക്കുന്നത് സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനവും സംയുക്തമായാണ്. 200 കോടി ചെലവില്‍ റോഡ് പണിതപ്പോള്‍ 80 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട്. ബാക്കി 80 കോടി പോയത് തദ്ദേശ ഭരണ അക്കൗണ്ടില്‍ നിന്നായിരുന്നു. നാല്‍പത് കോടി കോര്‍പറേഷനും ചെലവാക്കി. കാര്യം ഇങ്ങനെ ഇരിക്കെ പത്ത് പൈസ പോലും ചെലവാക്കാത്ത പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചതിലെ കടുത്ത വിയോജിപ്പ് തദ്ദേശ മന്ത്രി എംബി രാജേഷ് നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മ്യൂസിയം എസ്‌ഐ ഷെഫിനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് അവധിയെടുത്തശേഷം എസ്‌ഐ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നുപറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് എസ്‌ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായത്.
കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോകവെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം എസ്‌ഐ ഡല്‍ഹിയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം എസ്‌ഐ മടങ്ങിയതായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
മടക്കയാത്രയ്ക്ക് പൊലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിലാണ് ഷെഫിന്‍ വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഷെഫിനൊപ്പംപോയ വനിതാ സിപിഒ അടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും അന്വേഷണം നടക്കുന്നുണ്ട്.
by Midhun HP News | May 21, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന(75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം.
മകൻ മദ്യ ലഹരിയിൽ ആയിരുന്നു എന്ന് പോലീസ്. അമ്മയുടെ ശരീരത്തിലെ എല്ലുകൾ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ വഴക്കിനിടയിൽ പ്രകോപിതനായ മകൻ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓമനയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ സ്ഥിരം പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മണികണ്ഠൻ തുടർച്ചയായി മദ്യപിക്കുന്നതിൽ ഓമനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠൻ. സംഭവത്തിൽ മണികണ്ഠനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
Recent Comments