പേരൂര്‍ക്കടയില്‍ ദളിത് യുവതിക്ക് മാനസിക പീഡനമേറ്റ സംഭവം; എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു

പേരൂര്‍ക്കടയില്‍ ദളിത് യുവതിക്ക് മാനസിക പീഡനമേറ്റ സംഭവം; എഎസ്‌ഐ പ്രസന്നനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജകേസെടുക്കുകയും സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. പേരൂർക്കട പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു.

സംഭവ ദിവസം സ്‌റ്റേഷനിലെ ജിഡി ചുമതലയുണ്ടായിരുന്നത് പ്രസന്നനായിരുന്നു. ബിന്ദുവിനോട് അസഭ്യം പറഞ്ഞതും ഈ ഉദ്യോഗസ്ഥനായിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. നടപടിയില്‍ തൃപ്തിയുണ്ടെന്ന് ബിന്ദു പറഞ്ഞു. കഴിഞ്ഞ മാസം 23നായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ബിന്ദുവിനോട് പേരൂര്‍ക്കട പൊലീസ് ക്രൂരത കാട്ടിയത്. ബിന്ദു ജോലിക്ക് നിന്ന അമ്പലമുക്കിലെ വീട്ടില്‍ നിന്ന് രണ്ടര പവന്റെ മാല മോഷണം പോയതായി വീട്ടുടമ ഓമന ഡാനിയേല്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വെള്ളം പേലും നല്‍കാതെ 20 മണിക്കൂര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് വിവസ്ത്രയാക്കി പരിശോധിച്ചു. എസ്ഐ ഉള്‍പ്പെടെയുള്ളവര്‍ മാലക്കള്ളി എന്ന് വിളിച്ചും അസഭ്യം പറഞ്ഞും മണിക്കൂറുകളോളും ചോദ്യം ചെയ്തു. ഇതിനിടെ ബിന്ദു കുടിക്കാന്‍ വെള്ളം ചോദിച്ചു. ശുചിമുറിയില്‍ നിന്ന് കോരിക്കുടിക്കാനായിരുന്നു എഎസ്‌ഐ പ്രസന്നന്റെ മറുപടി.

പുലര്‍ച്ചെ 3.30 വരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. കുറ്റം സമ്മതിച്ചില്ലെങ്കില്‍ മക്കളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്യലിന് ശേഷം പരാതിക്കാരിയുടെ വീട്ടില്‍ തിരച്ചിലിനായി ബിന്ദുവിനെ കൊണ്ടുപോയി. തൊണ്ടിമുതല്‍ ലഭിക്കാതെ വന്നതോടെ തിരികെ സ്റ്റേഷനില്‍ എത്തിച്ചു. 24ന് ഉച്ചവരെ കസ്റ്റഡിയില്‍വെച്ചു. ഒടുവില്‍ സ്വര്‍ണമാല പരാതിക്കാരി ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ എസ്‌ഐ പ്രസാദിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഎസ്‌ഐ പ്രസന്നനാണ് തന്നെ മാനസികമായി ഉപദ്രവിച്ചതെന്നും ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ബിന്ദു ആവശ്യപ്പെട്ടിരുന്നു.

ചിറയിൻകീഴ് പ്രവീൺ കുമാർ (47) അന്തരിച്ചു

ചിറയിൻകീഴ് പ്രവീൺ കുമാർ (47) അന്തരിച്ചു

ചിറയിൻകീഴ് പ്രവീൺ കുമാർ (47) അന്തരിച്ചു. തിട്ടയിൽമുക്ക് കൊച്ചു കുറുങ്ങൂർ വീട്ടിൽ പരേതരായ നാരായണൻ നായരുടേയും, വിശാലാക്ഷിയമ്മയുടേയും മകനാണ്. സംസ്കാര ചടങ്ങുകൾ വീട്ടുവളപ്പിൽ നടന്നു. ക്യാമറമാനായും
എ സി വിയിൽ എഡിറ്റർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ട് .
സഹോദരി ലാലി.

സിവില്‍ സര്‍വീസ് പരീക്ഷ ഞായറാഴ്ച; കേരളത്തില്‍ മൂന്ന് നഗരങ്ങളില്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷ ഞായറാഴ്ച; കേരളത്തില്‍ മൂന്ന് നഗരങ്ങളില്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യമെമ്പാടുമായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്ച ( മെയ് 25). കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. രാവിലെ 9.30 മുതല്‍ 11.30 വരെയും ഉച്ചക്കുശേഷം 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. സുഗമവും സുതാര്യവും കൃത്യവും സമാധാനപരവുമായ പരീക്ഷാ നടത്തിപ്പിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനും കേരള സര്‍ക്കാരും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.

പരീക്ഷയില്‍ രണ്ട് ഒബ്ജക്ടീവ്-ടൈപ്പ് പേപ്പറുകള്‍ ഉള്‍പ്പെടുന്നു. ജനറല്‍ സ്റ്റഡീസ് (GS) പേപ്പര്‍ 1, സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (CSAT), പേപ്പര്‍ 2 എന്നിങ്ങനെയാണ് രണ്ട് പരീക്ഷകള്‍. ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്ര മീമാംസ, സാമ്പത്തികശാസ്ത്രം, കറന്റ് അഫയേഴ്‌സ് തുടങ്ങിയ വിഷയങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ അറിവ് ആണ് പേപ്പര്‍ വണ്‍ വിലയിരുത്തുന്നത്. മറുവശത്ത്, സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ലോജിക്കല്‍ റീസണിങ്, വിശകലന കഴിവുകള്‍ എന്നിവ പരിശോധിക്കുന്നു.

യുപിഎസ് സി ഔദ്യോഗിക വെബ്സൈറ്റായ upsconline.gov.in-ല്‍ പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുണ്ട്. അപേക്ഷകര്‍ അവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ മുന്‍കൂട്ടി എടുത്ത് പ്രിന്റ് ചെയ്യേണ്ടതുണ്ട്.അന്തിമ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതുവരെ ഇ-അഡ്മിറ്റ് കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അഡ്മിറ്റ് കാര്‍ഡില്‍ പറഞ്ഞിരിക്കുന്ന ‘പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍’ ഉദ്യോഗാര്‍ത്ഥികള്‍ നന്നായി മനസിലാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പരീക്ഷാ വേദിയിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും

ആദ്യത്തെ സെഷന് രാവിലെ 9 മണിക്കും ഉച്ചകഴിഞ്ഞുള്ള സെഷന് ഉച്ചയ്ക്ക് 2 മണിക്കുമുള്ളില്‍ പരീക്ഷാഹാളില്‍ കയറണം.

ഗേറ്റ് അടച്ചതിനുശേഷം ഒരു ഉദ്യോഗാര്‍ഥിക്കും പ്രവേശനം അനുവദിക്കില്ല.

ഇ-അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന വേദി ഒഴികെയുള്ള മറ്റൊരു വേദിയിലും പങ്കെടുക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ അനുവദിക്കില്ല

പ്രിന്റ് ചെയ്ത അഡ്മിറ്റ് കാര്‍ഡിനൊപ്പം സാധുവായ ഒരു ഫോട്ടോ ഐഡി (ആധാര്‍, പാസ്പോര്‍ട്ട്, വോട്ടര്‍ ഐഡി അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ്) കരുതുക

മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, പഠന സാമഗ്രികള്‍, മറ്റ് നിരോധിത വസ്തുക്കള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരീക്ഷാ ഹാളിനുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ മാന്യമായി വസ്ത്രം ധരിക്കാനും പരീക്ഷാ വേദിയിലേക്ക് നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നത് ഒഴിവാക്കാനും നിര്‍ദ്ദേശിക്കുന്നു.

രജിസ്‌ട്രേഷന്‍ ഐഡി (RID) മറന്നുപോയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്, അവരുടെ ഇ-മെയില്‍ ഐഡിയും ജനനത്തീയതിയും ഉപയോഗിച്ച് വീണ്ടെടുക്കുന്നതിന് UPSC പോര്‍ട്ടലില്‍ ‘Forgot RID’ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്.

യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ കരിങ്കൊടി കൂട്ടായ്മ സംഘടിപ്പിച്ചു

യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ കരിങ്കൊടി കൂട്ടായ്മ സംഘടിപ്പിച്ചു

പിണറായി സർക്കാരിൻറെ നാലാം വാർഷികത്തോടനുബന്ധിച്ച് യുഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ കരിങ്കൊടി കൂട്ടായ്മ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് യുഡിഎഫ് ചെയർമാൻ ഹാഷിം ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ. ജയകുമാർ, ഡി സി സി ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ, മുൻ മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ അർഷാദ്, എം എച്ച് അഷ്‌റഫ്, നാസർ പേരേറ്റ് തുടങ്ങി കോൺഗ്രസിന്റെയും യു ഡി എഫിന്റെയും നേതാക്കൾ പങ്കെടുത്തു.

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീ മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലീമിറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.