വേടന്റെ പരിപാടി മുടങ്ങിയിതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

വേടന്റെ പരിപാടി മുടങ്ങിയിതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: റാപ്പര്‍ വേടന്‍ സംഗീത പരിപാടി റദ്ദാക്കിയതിനെ തുടര്‍ന്നു കാണികള്‍ അതിരുവിട്ട് പ്രതിഷേധിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ആറ്റിങ്ങല്‍ ഇളമ്പ സ്വദേശി അരവിന്ദിനെയാണ് നഗരൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിന്റെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷ്യന്‍ മരിച്ചതോടെ വേടന്‍ തിരുവനന്തപുരം വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കിയിരുന്നു. പിന്നാലെ പരിപാടി കാണാന്‍ എത്തിയവര്‍ സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നു. കാണികള്‍ക്കും, പൊലീസിന് നേരെ ഒരു സംഘം ചെളി വാരി എറിഞ്ഞതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.

എല്‍ഇഡി വാള്‍ സെറ്റ് ചെയ്യുന്നതിനിടെ ഇലക്ട്രീഷ്യനായ ചിറയന്‍കീഴ് സ്വദേശിയായ ലിജു ഗോപിനാഥ് ആണ് മരിച്ചത്. പിന്നാലെ പരിപാടി മുടങ്ങിയ വിവരം രാത്രിയോടെ ഭാരവാഹികള്‍ മൈക്കിലൂടെ പ്രേക്ഷകരെ അറിയിക്കുയായിരുന്നു. ഇതോടെയാണ് സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞ് ആരാധകര്‍ പ്രതിഷേധിച്ചത്. ടെക്‌നീഷ്യന്‍ മരിച്ചതില്‍ മനോവിഷമമുണ്ടെന്നും ഈ സാഹചര്യത്തില്‍ വേദിയില്‍ പാടാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും വേടന്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇതേ നാടിന് മുന്നില്‍ പാടാന്‍ വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദേശീയ എയർ ഗൺ ആന്റ് പിസ്റ്റൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ഹൃതിക്ക്

ദേശീയ എയർ ഗൺ ആന്റ് പിസ്റ്റൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി ഹൃതിക്ക്

തിരുവനന്തപുരം: 2025 മേയ് 4ന് ഗോവയിൽ നടന്ന ദേശീയ എയർ ഗൺ ആന്റ് പിസ്റ്റൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ 14 വയസ്സിന് താഴെ 10 മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ നേടി ഹൃതിക്ക് കൃഷ്ണൻ. പി. ജി. പൊങ്ങുംമൂട് മേരി നിലയം ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ഹൃതിക്ക്.

2024 സംസ്ഥാന തല മത്സരത്തിൽ സ്വർണ്ണം, ചെന്നെയിൽ നടന്ന ദേശീയ തല മത്സരത്തിൽ വെങ്കലം,
2025 സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ സ്വർണ്ണവും നേടി.

രാജ്യത്ത് നിന്ന് ആകെ 10 പേർ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ ഹൃതിക്കിന്റെ പേര് ഒന്നാമതായിരുന്നു. കോച്ചും പോലീസ് ഉദ്യോഗസ്ഥനുമായ കൃഷ്ണചന്ദ്രന്റെ ശിക്ഷണത്തിൽ ജൂൺ 8ന് തായ്ലാന്റിൽ നടക്കുന്ന അന്തർ ദേശീയ മത്സരത്തിന് തയാറെയെടുക്കുകയാണ് ഹൃതിക്ക്. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ഷൂട്ടർമാരെ പിന്നിലാക്കി സ്വർണ്ണം നേടുകയെന്ന സ്വപ്നവുമായി കഠിന പരിശീലനത്തിലാണ് ഈ കൊച്ചു മിടുക്കൻ. ഹൃതിക്കിന്റെ നിശ്ചയദാർഢ്യം അവന്റെ സ്വപ്നം യാഥാർഥ്യമാക്കാൻ സഹായകമാകുമെന്ന് എയർ ഗൺ ആന്റ് റൈഫിൾ അസോസിയേഷൻ സെക്രട്ടറി തുളസി പറഞ്ഞു.

അമ്മ ഗായത്രി ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഉദ്യോഗസ്ഥയാണ്. സിവിൽ സർവീസ് പരിശീലനകനായ അച്ഛൻ പി. എസ്. പ്രദീപിന്റെ ശിക്ഷണത്തിൽ ഐ പി എസ് നേടണമെന്നതാണ് ഹൃതിക്കിന്റെ അഭിലാഷം. അതിന് ഷൂട്ടിംങിലെ മികവ് മുതൽക്കൂട്ടാകുമെന്ന് അവൻ ഉറച്ചു വിശ്വസിക്കുന്നു. തായ്ലാന്റിൽ അന്തർ ദേശീയ ചാമ്പ്യൻഷിപ്പിന് പോകാനായി തിരക്കിട്ട് ഒരു സ്പോൺസറെ തേടുകയാണവനിപ്പോൾ.

ഡിപ്ലോമ ഇൻ ഡയറി ടെക്നോളജിയിൽ പ്രഭുലാൽ ആർ.എസിന് രണ്ടാം റാങ്ക്

ഡിപ്ലോമ ഇൻ ഡയറി ടെക്നോളജിയിൽ പ്രഭുലാൽ ആർ.എസിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: തിരുവനന്തപുരം റൂറൽ ഏരിയ കാഞ്ഞാംപാറ യൂണിറ്റിലെ പ്രഭുലാൽ ആർ.എസ്, ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഡിപ്ലോമ ഇൻ ഡയറി ടെക്നോളജിയിൽ രണ്ടാം റാങ്ക് നേടി. 2024 ഏപ്രിലിൽ നടന്ന പരീക്ഷയിൽ 81% മാർക്കോടെയാണ് പ്രഭുലാൽ രണ്ടാം റാങ്ക് നേടിയത്. നിലവിൽ തിരുവനന്തപുരം പട്ടം ക്ഷീര വികസന വകുപ്പിൽ ഉദ്യോഗസ്ഥനാണ്.ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ ഫിസിക്സ് അധ്യാപകനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ ധന്യ സി.കെ. തിരുവനന്തപുരം ബർട്ടൺഹിൽ ഗവ.എൻജിനീയറിംഗ് കോളേജിൽ സേവനം അനുഷ്ടിക്കുന്നു.

പെണ്‍വരകള്‍ ചന്തം ചാര്‍ത്തി കേരള പാഠാവലി; നാലാം ക്ലാസില്‍ പുതു ചരിത്രം

പെണ്‍വരകള്‍ ചന്തം ചാര്‍ത്തി കേരള പാഠാവലി; നാലാം ക്ലാസില്‍ പുതു ചരിത്രം

തിരുവനന്തപുരം: ഇത്തവണ നാലാം ക്ലാസിലെ കേരള പാഠാവലി കുട്ടികള്‍ക്ക് മുമ്പിലെത്തുന്നത് ചരിത്രം രചിച്ചുകൊണ്ടാണ്. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് പുതുചരിത്രം രചിച്ചുകൊണ്ടാണ് ഈ പാഠപുസ്തകം എത്തുന്നത്. ഇതിലെ എല്ലാ ചിത്രങ്ങളും വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാര്‍ത്ഥിനികളും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.

പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണര്‍ത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണെന്നും ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാന്‍ വ്യത്യസ്ത ശൈലികളും വര്‍ണ്ണങ്ങളും ഉപയോഗിച്ചിരിക്കുന്നുവെന്നും മന്ത്രി പറയുന്നു.

ചിത്രീകരണങ്ങള്‍ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂര്‍ണ്ണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതല്‍ ആസ്വാദ്യകരവും ലളിതവുമാക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു. ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും, പാഠപുസ്തക നിര്‍മ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. സ്ത്രീ മുന്നേറ്റത്തിന്റെയും തുല്യതയുടെയും പാതയില്‍ ഇതൊരു നാഴികക്കല്ലാണ്, വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുന്‍ ബിഗ് ബോസ് താരം സിബിന്‍റേയും ആര്യയുടേയും വിവാഹം ഉടന്‍

മുന്‍ ബിഗ് ബോസ് താരം സിബിന്‍റേയും ആര്യയുടേയും വിവാഹം ഉടന്‍

മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ട് പേരാണ് ആര്യ ബഡായിയും സിബിൻ ബഞ്ചമിനും. നടിയും അവതരാകയും ഒക്കെയായ ആര്യയെ സ്വന്തം വീട്ടിലെ ആളേ പോലെയാണ് മലയാളികൾ കാണുന്നതും. കഴിഞ്ഞ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തി ഒരു കൂട്ടം ആരാധകരെ സ്വന്തമാക്കിയ ആളാണ് ഡിജെ കൂടിയായ സിബിൻ. വിജയിക്കുമെന്ന് ഏവരും വിധിയെഴുതിയ സിബിൻ പകുതിയിൽ വച്ച് ഷോ അവസാനിപ്പിക്കുകയായിരുന്നു.

ആര്യയും മുൻ ബി​ഗ് ബോസ് മത്സരാർത്ഥിയാണ്. കഴിഞ്ഞ ദിവമാണ് സിബിനും ആര്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. നിശ്ചയം കഴിഞ്ഞ വിവരം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. സിബിൻേയും ആര്യയുടേയും രണ്ടാം വിവാഹം കൂടിയാണ്. സിബിന് റയാൻ എന്ന മകനും ആര്യയ്ക്ക് ഖുഷി എന്ന മകളുമുണ്ട്. വിവാഹ നിശ്ചയ വിവരം പുറത്തുവന്നതിന് പിന്നാലെ മകൾ ഈ ബന്ധത്തിൽ സന്തുഷ്ടയാണോ എന്ന് ചോ​ദ്യത്തിന് ആര്യ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.

ക്യു ആൻഡ് എ സെക്ഷനിൽ ആയിരുന്നു ആര്യയുടെ പ്രതികരണം. ‘ഖുഷിക്ക് സുഖമാണോ? നിങ്ങളുടെ ബന്ധത്തിൽ അവൾ സന്തുഷ്ടയാണോ?’, എന്നായിരുന്നു ഒരാളുടെ ചോ​ദ്യം. ഇതിന് സിബിനും മകൾക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ആര്യ മറുപടി നൽകിയത്. ഒപ്പം നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നും ആര്യ ചോ​ദിക്കുന്നു. അതേസമയം, ആര്യയുടെയും സിബിന്റേയും രജിസ്റ്റർ മാര്യേജിന്റെ അപേക്ഷ ഫോം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുവരും തമ്മിൽ ഒരു വയസിന്റെ വ്യത്യാസമുണ്ട്. ആര്യയ്ക്ക് 34ഉം സിബിന് 33ഉം ആണ് പ്രായം. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹം ന‍ടക്കുക. വിവാഹം ഉടനുണ്ടെന്ന് ആര്യ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.

ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച; കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച; കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്. കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ നടത്താന്‍ കോസ്മറ്റിക് ക്ലിനിക്കിന് അനുമതിയില്ല. അതിനാല്‍ ക്ലിനിക്ക് ഈ വ്യവസ്ഥ ലംഘിച്ചുവെന്നും പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ ഡിഎംഒ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ത്വക്ക്, പല്ല്, ചികിത്സകള്‍ക്കു മാത്രമാണ് ഇവിടെ ശസ്ത്രക്രിയയ്ക്ക് അനുമതിയുള്ളത്. എന്നാല്‍ ഇതു കണക്കിലെടുക്കാതെ നടത്തിയ കൊഴുപ്പുനീക്കല്‍ ശസ്ത്രക്രിയയ്ക്കിടെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ എം എസ് നീതുവിന് ഹൃദയാഘാതം സംഭവിച്ചതും ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നതും അതീവ ഗൗരവമുള്ള വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ശസ്തക്രിയയില്‍ ഡോക്ടര്‍ക്കു പാളിച്ചയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുന്‍പ് നീതുവിനെ ഡിസ്ചാര്‍ജ് ചെയ്തു. പിന്നീട് രക്തസമ്മര്‍ദ്ദനില താളം തെറ്റിയ നിലയില്‍ എത്തിയ നീതുവിന് തുടര്‍ചികിത്സ നല്‍കുന്നതില്‍ കാലതാമസം ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. നീതുവിന്റെ ഭര്‍ത്താവ് പത്മജിത്ത് നല്‍കിയ പരാതിയിലാണ് ഡിഎംഒ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയത്.