സാലിഉമ്മാൾ (92) അന്തരിച്ചു

സാലിഉമ്മാൾ (92) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി തെരുവ് ബി.സി.ഡി ഹൗസിൽ സാലിഉമ്മാൾ (92) അന്തരിച്ചു. സി.പി.ഐ.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം സുധീറിൻ്റെ ഭാര്യാ മാതാവിന്റെ ഉമ്മയാണ് പരേത.
മകൾ: പരേതയായ സഹകരണ സംഘം ജില്ലാ ജോയിൻ്റ് രജിസ്ട്രാർ നുസൈഫ ബീവി.

ഇന്നും നാളെയും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും നാളെയും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍ ജില്ലകൡലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് പ്രവചിച്ചിരിക്കുന്നത്.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ നാല് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുളളത്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ്.

തെക്കന്‍ ആന്‍ഡമാന്‍ കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് എന്നിവയുടെ ചില മേഖലകളില്‍ കാലവര്‍ഷം എത്തിച്ചേര്‍ന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇനിയുള്ള 3 മുതല്‍ 4 ദിവസത്തിനുള്ളില്‍, തെക്കന്‍ അറബിക്കടല്‍, മാലിദ്വീപ്, കൊമോറിന്‍ മേഖല, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍ മുഴുവനായും, ആന്‍ഡമാന്‍ കടലിന്റെ ബാക്കി ഭാഗങ്ങള്‍, മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് കാലവര്‍ഷം വ്യാപിക്കാന്‍ സാധ്യത .

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം, 15 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അമ്മാവന്‍ ജോസ് സുന്ദരത്തിന് നല്‍കണമെന്ന് കോടതി വിധിച്ചിട്ടുണ്ട്. നാലു വകുപ്പുകളിലായി പ്രതി ആകെ 26 വർഷം തടവുശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നും, പ്രായം പരിഗണിക്കണമെന്നും ശിക്ഷയിന്മേലുള്ള വാദത്തിനിടെ പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ജന്മം നല്‍കിയ അമ്മയെയും കാഴ്ച ഇല്ലാത്ത വൃദ്ധയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. പ്രതിക്ക് ഒരു മാനസാന്തരവുമില്ല. പ്രതി വീണ്ടും പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം പ്രവൃത്തി ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും പ്രോസിക്യൂഷന്‍ ചോദിച്ചു.

മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍, സാത്താന്‍ ആരാധന തുടങ്ങിയവയെല്ലാം കെട്ടിച്ചമച്ച കഥയാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ സ്വഭാവം മനോരോഗമാണെന്ന് പറയാനാവില്ലെന്ന് കേഡലിനെ പരിശോധിച്ച മനോരോഗ വിദഗ്ധന്‍ ഡോ. മോഹന്‍ റോയിയും വെളിപ്പെടുത്തിയിരുന്നു.

2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു.

തന്നെ നിരന്തരം അവഗണിച്ച പിതാവിനെ കൊലപ്പെടുത്താനാണ് ആദ്യം പദ്ധതിയിട്ടതെന്നും പിന്നീടു മറ്റുള്ളവരെയും കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തല്‍. 2024 നവംബർ 13നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 65 ദിവസത്തെ വിചാരണയ്ക്കിടെ 42 സാക്ഷികളെ വിസ്തരിച്ചു. ശാസ്ത്രീയ തെളിവ്‌ ഉൾപ്പെടെ 120 രേഖയും 90 തൊണ്ടിമുതലും ഹാജരാക്കിയിരുന്നു. ആളുകളെ വെട്ടിക്കൊല്ലുന്നത്‌ യൂട്യൂബിൽ കണ്ടതും മഴു ഓൺലൈനിൽ വാങ്ങിയതും പ്രധാന തെളിവായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധം ഉപയോഗിച്ചു പരുക്കേൽപ്പിക്കുക, വീട് നശിപ്പിക്കൽ എന്നിവയ്‌ക്കെതിരായ വകുപ്പുകളാണ്‌ കേഡലിനെതിരെ ചുമത്തിയിരുന്നത്.

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററും അമർ ആശുപത്രിയും സംയുക്തമായി ചെസ് മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററും അമർ ആശുപത്രിയും സംയുക്തമായി ചെസ് മത്സരം സംഘടിപ്പിച്ചു

ആറ്റിങ്ങൽ സർഗ്ഗ ആർട്സ് & സ്പോർട്സ് സെൻ്ററും അമർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ചെസ് മത്സരത്തിൻ്റെ സമാപന സമ്മേളനം ടൗൺ യു പി സ്കൂളിൽ വച്ച് ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ജിഷ്ണു ഉദ്ഘാടനം ചെയ്തു.

സർഗ്ഗ സെക്രട്ടറി സുരേഷ് ബാബു കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സർഗ്ഗ പ്രസിഡൻ്റ് ശശിധരൻ നായർ അധ്യക്ഷൻ ആയിരുന്നു. ആറ്റിങ്ങൽ അമർ ആശുപത്രി എം.ഡി ഡോ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണം നേടിയ ദിവി ബിജേഷ്, ഐ.എഫ് എസ് നേടിയ ബി.എൻ.നാഗരാജ്, ചെസ് മാസ്റ്റർ പി. ആർ. ജയചന്ദ്രൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ചെസ് മത്സരത്തിലെ സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിലെ വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകി. ചടങ്ങിൽ എത്തിയവർക്ക് അപർണ്ണ നന്ദി പറഞ്ഞു.

നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.

നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.

ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.

ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റ്; എല്ലാവര്‍ക്കും അംഗീകൃത തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം

തിരുവനന്തപുരം: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരുടേയും അംഗീകൃത തിരിച്ചറിയല്‍ രേഖ റെയില്‍വേ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍ റെയില്‍വേ നല്‍കി.

പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് നീക്കം കര്‍ശനമാക്കാന്‍ കാരണം. പരിശോധനയില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. നേരിട്ടോ, ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റ് എടുക്കുന്നതിനു തിരിച്ചറിയല്‍ രേഖ കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍ യാത്രാ വേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍ രേഖ വേണം.

ടിക്കറ്റ് പരിശോധകരും റെയില്‍വേ പൊലീസും ആര്‍പിഎഫും പരിശോധന നടത്തും. പ്രധാന സ്റ്റേഷനുകളില്‍ പ്രവേശന കവാടത്തിലും മറ്റും സംശയാസ്പദമായി കാണുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കുന്നുണ്ട്.