by Midhun HP News | May 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം15 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത. നാളെയോടു കൂടി കാലവർഷം തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് സമൂഹം എന്നിവിടങ്ങളിൽ എത്താൻ സാധ്യതയുണ്ട്.
നാലോ, അഞ്ചോ ദിവസത്തിനകം തെക്കൻ അറബിക്കടൽ, മാലദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, മധ്യ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ വ്യാപിക്കും. 27ാം തീയതിയോടെ കേരളത്തിൽ എത്തിച്ചേരുമെന്നാണ് കേന്ദ്ര കാലാവാസ്ഥാ വകുപ്പിന്റെ പ്രവചനം.
മഴ പരക്കെ പ്രവചിക്കുമ്പോഴും സംസ്ഥാനത്ത് ചൂടിനു ശമനമില്ല. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
by Midhun HP News | May 12, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ വിദ്യാർത്ഥിയെ ആത്മഹത്യ നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ അവനവഞ്ചേരി ശാന്തിനഗർ സ്വദേശി ആലി മുഹമ്മദ് ആണ് മരണപ്പെട്ടത്. ആറ്റിങ്ങൽ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആലിഫ്.
by Midhun HP News | May 12, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിനു മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ് സോണായി പ്രഖ്യാപിച്ചു. പ്രദേശത്ത് ഡ്രോൺ പറത്തുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി. തലസ്ഥാന നഗരത്തിൽ പ്രധാന പ്രദേശങ്ങളും നോ ഡ്രോൺ സോൺ ആയും പ്രഖ്യാപിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
രാജ്ഭവൻ, നിയമസഭ, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാരുടെ വസതികൾ, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം ഹാർബർ, വിഎസ്എസ്‍സി/ ഐഎസ്ആർഒ തുമ്പ, ഐഎസ്ആർഒ ഇന്റർനാഷണൽ സിസ്റ്റം യൂണിറ്റ് വട്ടിയൂർക്കാവ്, എൽപിഎസ്‍സി/ ഐഎസ്ആർഒ വലിയമല, തിരുവനന്തപുരം വിമാനത്താവളം, സതേൺ എയർ കമാൻഡ് ആക്കുളം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ടെക്നോപാർക്ക് ഫെയ്സ് 1, 2, 3, റഡാർ സ്റ്റേഷൻ മൂക്കുന്നിമല, തമ്പാനൂർ ബസ് സ്റ്റാൻഡ‍്, മിലിട്ടറി ക്യാംപ് പാങ്ങോട്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ജഗതി, ശ്രപത്മനാഭ സ്വാമി ക്ഷേത്രം, പൊലീസ് ഹെഡ് ക്വാട്ടേഴ്സ് തുടങ്ങിയ സ്ഥലങ്ങളിൽ രണ്ട് കിലോമീറ്റർ ചുറ്റളവിൽ യാതൊരു കാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ലെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
റെഡ് സോൺ മേഖലകളും ഡ്രോൺ ഒരു കാരണവശാലും പറത്താൻ പാടില്ല. മറ്റ് മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളു. അനുമതി ഇല്ലാതെ ഡ്രോൺ പറത്തിയാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
by Midhun HP News | May 11, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ കിട്ടി. നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയത് ക്ഷേത്ര മണല്‍പ്പരപ്പില്‍ നിന്ന്. രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കിട്ടിയത്.
എന്നാല്‍ സ്‌ട്രോങ് റൂമിലെ സ്വര്‍ണം മണലില്‍ വന്നതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുന്നു. വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്.ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്.
by Midhun HP News | May 11, 2025 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം നാവായിക്കുളം കുടവൂർ ലക്ഷംവീട് കോളനിയിൽ മരം ഒടിഞ്ഞ് ദേഹത്ത് വീണ് ബാലികയ്ക്ക് ദാരുണാന്ത്യം, അപകടം സഹോദരനെ രക്ഷിക്കുന്നതിനിടെ. നാവായിക്കുളം കുടവൂർ ലക്ഷം കോളനിയിൽ എൻ. എൻ. ബി ഹൗസിൽ സഹദിന്റയും നാദിയയുടെയും മകൾ റിസ്‌വാന (8)യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.
ഒന്നര വയസായ അനുജൻ വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് അനുജനെ രക്ഷിക്കാൻ റിസ്‌വാന ഓടിയെത്തുകയായിരുന്നു. ഇതിനോടകം മരം റിസ്‌വാനയുടെ ദേഹത്ത് വീണിരുന്നു. അനുജൻ അത്ഭുതകരമായി രക്ഷപെട്ടു. ഗുരുതരമായി പരിക്കേറ്റ റിസ്വാനയെ കെ ടി സി ടി ആശൂപത്രിയിലും തുടർന്ന് എസ് എ ടി യിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പേരൂര്‍ എംഎം യുപി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് റുക്‌സാന.
by Midhun HP News | May 11, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ “പ്രതിരോധം തീർക്കാം ലഹരിക്കെതിരെ” ഉദ്ഘാടനം ചെയ്തു.
വർദ്ധിച്ച് വരുന്ന ലഹരി വ്യാപനത്തിനെ ചെറുക്കുന്നതിന് കേരളാ സർക്കാരും കായിക വകുപ്പും സ്പോർട്സ് കൗൺസിലും നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ആറ്റിങ്ങൽ കരാട്ടെ ടീം പരിശീലകരുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ വെഞ്ഞാറമൂട് ഫിറ്റ് ഹാക്കേഴ്സ് സ്പോർട്സ് ഹബ് & ഫിറ്റ്നസ്സ് പാർക്കിൽ നടന്ന കളർ ബെൽറ്റ് ഗ്രേഡിംഗ് പരിപാടിയിൽ വെഞ്ഞാറമൂട് എസ് എച്ച് ഒ അനൂപ്കൃഷ്ണ ആർ പി ഉദ്ഘാടനം നിർവ്വഹിച്ചു.
ആറ്റിങ്ങൽ കരാട്ടെ ടീം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പരിശീലകർ എന്നിവർ ഉൾപ്പടെ ആയിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ തിരുവനന്തപുരം എം ജി എം കോളേജ് ഓഫ് ആർട്സ് & സയൻസിലെ സൈക്കോളജി വിഭാഗം മേധാവി നീതു എസ് പ്രസാദ് ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു.
കൂടാതെ രക്ഷിതാക്കൾക്കായി തായ്ച്ചി വ്യായാമ പരിശീലനം നൽകി. കരാട്ടെ പരിശീലനത്തോടൊപ്പം ലഹരി വിരുദ്ധ ബോധവൽക്കരണം കൂടി സംഘടിപ്പിച്ചത് വളരെ നല്ല കാര്യമാണെന്നും ഇത് യുവതലമുറയ്ക്ക് ശരിയായ വഴി കാണിക്കാൻ കഴിയുന്ന നേതാക്കളെ രൂപപ്പെടുത്താൻ സഹായകരമാകുമെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ ആറ്റിങ്ങൽ കരാട്ടെ ടീമിൻ്റെ പരിശീലന കേന്ദ്രങ്ങളിലെല്ലാം ഈ പ്രവർത്തനങ്ങൾ തുടരും എന്ന് ആറ്റിങ്ങൽ കരാട്ടെ ടീം സമ്പത്ത് വി അറിയിച്ചു. വാമനപുരം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അരുണാ സി ബാലൻ, ആറ്റിങ്ങൽ കരാട്ടെ ടീം സെക്രട്ടറി ഇൻ ചാർജ് അമൽ അശോക് എന്നിവരും സംസാരിച്ചു.
Recent Comments