by Midhun HP News | May 7, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് പതിമൂന്നോടു കൂടി ഇത്തവണത്തെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം
നാളെ ( വ്യാഴാഴ്ച) രാത്രി 11.30 വരെ കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂ മാഹി വരെ), കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തീരങ്ങളില്‍ 0.5 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
by Midhun HP News | May 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മെയ് പതിമൂന്നോടെ കാലവര്‍ഷം എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് പത്താം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്താം തീയതി വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
by Midhun HP News | May 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തില്‍ വച്ച് ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അണുബാധയേറ്റ് ഗുരുതരാവസ്ഥയിലായ വനിതാ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ വിരലുകള്‍ മുറിച്ചുമാറ്റി. അടിവയറ്റിലെ കൊഴുപ്പ് നീക്കാനാണ് ഇവര്‍ സ്വകാര്യ സൗന്ദര്യ ചികിത്സാ കേന്ദ്രത്തെ സമീപിച്ചത്. മുട്ടത്തറ ശ്രീവരാഹം ഹിമം വീട്ടില്‍ പത്മജിത്തിന്റെ ഭാര്യ എം എസ് നീതു (31) വിന്റെ ഇടതു കൈകാലുകളിലെ ഒന്‍പത് വിരലുകളാണ് സ്വകാര്യ ആശുപ്രതിയിലെ ശസ്ത്രക്രിയയിലൂടെ നീക്കിയത്. പത്മജിത്ത് പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ കഴക്കൂട്ടം അരശുംമൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ‘കോസ്‌മെറ്റിക് ഹോസ്പിറ്റല്‍’ എന്ന സ്ഥാപനത്തിന് എതിരെ തുമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കോസ്‌മെറ്റിക് ആശുപത്രിയിലെ ഡോ. ഷെനാള്‍ ശശാങ്കനെ പ്രതിയാക്കിയാണ് കേസെടുത്തത്.
ഫെബ്രുവരി 22ന് ആണ് നീതു അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധേയയായത്. 23നു ഡിസ്ചാര്‍ജ് ആയി. വീട്ടില്‍ എത്തി ഉച്ചയോടെ അമിത ക്ഷീണം ഉണ്ടാവുകയും ക്ലിനിക്കിലെ ഡോക്ടറെ ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഉപ്പിട്ട് കഞ്ഞിയും വെള്ളവും കുടിക്കാനായിരുന്നു ഡോക്ടറുടെ ഉപദേശം. രാത്രിയോടെ അവശയായ നീതുവിനെ 24ന് ക്ലിനിക്കില്‍ എത്തിച്ചു പരിശോധന നടത്തി.
രക്തസമ്മര്‍ദം കുറഞ്ഞെന്നും മറ്റും പറഞ്ഞ് ക്ലിനിക്കിലെ ഡോക്ടര്‍ സ്വന്തം നിലയ്ക്കു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് ഹൃദയാഘാതം സംഭവിച്ചതായി പറഞ്ഞു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരിശോധനയില്‍ ആന്തരിക അവയവങ്ങളില്‍ അണുബാധയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നു 21 ദിവസം വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. ഡയാലിസിസിനു വിധേയയായി കഴിയുന്ന നീതുവിന്റെ ഇടതുകാലിലെ ആര്‍ട്ടറി ബ്ലോക്കായതിനെ തുടര്‍ന്നു പാദത്തിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ചലനശേഷി നഷ്ടമാവുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
10 ലക്ഷം രൂപയാണ് ചികിത്സയ്ക്കായി ഇതിനോടകം ചെലവായതെന്നും നീതുവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന് നോട്ടീസ് നല്‍കി അടപ്പിച്ചെന്നു കഴക്കൂട്ടം പൊലീസ് പറഞ്ഞു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു കഴക്കൂട്ടം അസി.കമ്മിഷണര്‍ ജെ കെ ദിനില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു കത്തു നല്‍കിയിട്ടുണ്ട്.
by Midhun HP News | May 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു. പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.
പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായത്. തുറന്ന കോടതിയിൽ വീഡിയോ പ്രദർശിപ്പിച്ച് തെളിവെടുത്തിരുന്നു.
2023 ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡിൽ വച്ച് പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ(15)നെ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്.
സംഭവദിവസം ക്ഷേത്ര ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ മുറിയിൽ ഫുട്ബോൾ വെച്ച ശേഷം തിരികെ സൈക്കിളിൽ കയറിയ സമയം കാർ പാർക്ക് ചെയ്ത് കാത്തുനിൽക്കുകയായിരുന്ന പ്രിയരഞ്ജൻ, കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കുട്ടിയുടെ നേർക്ക് കാർ ഓടിച്ചു കയറ്റിയാണ് കൊലപ്പെടുത്തിയത്.
രക്തത്തിൽ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്ന് ദൃക്സാക്ഷിയായ കുട്ടി വിശദീകരിച്ച് മൊഴി നൽകിയിരുന്നു. ആദിശേഖർ അന്നേദിവസം ഉപയോഗിച്ചിരുന്ന സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച കാറും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.
ക്ഷേത്രനട തുറന്നതിനാൽ മുതിർന്നവർ പറഞ്ഞതിനാലാണ് തളം കെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകി കളഞ്ഞതെന്ന് മറ്റൊരു കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ആദിശേഖർ കയറിയ സൈക്കിളും, കൃത്യത്തിന് ഉപയോഗിച്ച മഹീന്ദ്ര എക്സ്.യു.വി ഇലക്ട്രിക് കാറും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. പ്രതി, പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ഇത്തരം ഹീനമായ കൊലക്ക് പ്രേരിപ്പിച്ചത്.
by Midhun HP News | May 6, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി.
നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്‌നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
by Midhun HP News | May 6, 2025 | Latest News, ജില്ലാ വാർത്ത
കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക്
സമ്മേളനം ആറ്റിങ്ങൽ വക്കം നടരാജൻ ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം. മുരളി മുഖ്യപ്രഭാഷണം നടത്തി. തലൂക്ക് പ്രസിഡൻ്റ്റ് എം.കെ. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന സെക്രട്ടറി എസ്. ഉമാചന്ദ്രബാബു, എ. ഇബ്രാഹിം കുട്ടി, വി. വിജയകുമാർ, എസ്. അജയഘോഷ്, വി. ഗിരിശൻ, കെ, വിജയൻ ത്രിവേണി, കെ. വിജയകുമാരൻ നായർ എന്നിവർ ആശംസാപ്രസംഗം നടത്തി.
എസ്. സുഗതൻ അനുശോചന പ്രമേയവും സംസ്ഥാന കമ്മിറ്റി അംഗം എ. അബ്ദുൽസലാം സംഘടന റിപ്പോർട്ടും
കാരവിളപ്രകാശ് പ്രവർത്തന റിപ്പോർട്ടും കെ. ചന്ദ്രശേഖരൻ നായർ വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.
എസ്.രാജശേഖരൻ സ്വാഗതവും എൻ. ദേവദാസൻ നന്ദിയും രേഖപ്പെടുത്തി. ജില്ലാ കമ്മിറ്റി അംഗം കെ.വിജയകുമാറിൻ്റെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു .
എസ് . രാജശേഖരൻ (പ്രസിഡൻ്റ്), എസ്. സുഗതൻ (വൈസ് പ്രസിഡൻ്റ്), എൻ. ദേവദാസൻ (സെക്രട്ടറി), എൽ. മണിലാൽ (ജോ. സെക്രട്ടറി), കെ. ചന്ദ്രശേഖരൻ നായർ (ട്രഷറർ)
Recent Comments