“വഖഫ് ഭേദഗതി നിയമം പിൻവലിക്കുക – ഭരണഘടന സംരക്ഷിക്കുക”; പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

“വഖഫ് ഭേദഗതി നിയമം പിൻവലിക്കുക – ഭരണഘടന സംരക്ഷിക്കുക”; പ്രതിഷേധ റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വഖഫ് ബോർഡുകളുടെ സ്വയംഭരണ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതെന്ന് വിലയിരുത്തുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്, വഖഫ് സംരക്ഷണ കോർഡിനേഷൻ കമ്മിറ്റി ആറ്റിങ്ങലിന്റെ നേതൃത്വത്തിൽ ശക്തമായ ജനപങ്കാളിത്തത്തോടെ പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

2025 മെയ് 2-ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കിഴക്കേ നാലുമുക്കിൽ നിന്ന് ആരംഭിച്ച റാലി ആറ്റിങ്ങൽ മാമത്ത് സമാപിച്ചു. റാലിക്ക് കടക്കൽ അബ്ദുൽ അസീസ് മൗലവി ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ചെയർമാൻ നിജാസ് ആലംകോട് അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എച്ച്. നാസിം റഹുമാനിയ സ്വാഗതം പറഞ്ഞു.

കുമ്മനം നിസാമുദ്ധീൻ അസ്ഹരി, അബു റബീഅ ഉസ്താദ്, അഡ്വ. അബിൻ വർക്കി, ഡോ. ഷിജു ഖാൻ, അഡ്വ. ഷിബു മീരാൻ, വിവിധ മഹല്ല് ഭാരവാഹികൾ, മറ്റു സമുദായിക-രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പ്രസംഗിച്ചു. ട്രഷറർ അബ്ദുൽ വഹാബ് നന്ദി അറിയിച്ചു. ആയിരക്കണക്കിന് പേർ പങ്കെടുത്ത പരിപാടി വഖഫ് സംരക്ഷണത്തിനായുള്ള ജനശക്തിയുടെ ഉറച്ച പ്രതിഫലനമായി മാറുകയായിരുന്നു.

അഞ്ചുതെങ്ങിൽ സുനാമി പദ്ധതിപ്രകാരം നിർമ്മിച്ച വാസയോഗ്യമല്ലാത്ത വീടുകൾ വി മുരളീധരൻ സന്ദർശിച്ചു

അഞ്ചുതെങ്ങിൽ സുനാമി പദ്ധതിപ്രകാരം നിർമ്മിച്ച വാസയോഗ്യമല്ലാത്ത വീടുകൾ വി മുരളീധരൻ സന്ദർശിച്ചു

അഞ്ചുതെങ്ങിൽ സുനാമി പദ്ധതിപ്രകാരം നിർമ്മിച്ച വാസയോഗ്യമല്ലാത്ത വീടുകൾ വി മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പുത്തൻനട ആറാംവാർഡിൽ സുനാമി പദ്ധതിപ്രകാരം നിർമ്മിച്ച വാസയോഗ്യമല്ലാത്ത വീടുകളാണ് മുൻ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ സന്ദർശിച്ചത്.

അഞ്ചുതെങ്ങിൽ സുനാമി പുനരധിവാസപദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ വീടുകൾ അപകടാവസ്‌ഥയിലായത് താമസക്കാരുടെ ജീവന് ഭീഷണിയാകുന്നത് ചൂണ്ടിക്കാട്ടി ബിജെപി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റിയാണ് സന്ദർശനപരിപാടിക്ക് നേതൃത്വം നൽകിയത്.

വീടുകളുടെ തകർച്ചയിൽ വില്ലേജ്, ഗ്രാമ പഞ്ചായത്ത്, ഫിഷറീസ് ഓഫീസ്കളെ ദുരിതബാധിതർ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാത്രവുമല്ല ഈ കുടുംബങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമായില്ല. വീടുകളുടെ കാലപ്പഴക്കത്താലുള്ള തകർച്ചയ്ക്ക് പ്രകൃതിക്ഷോഭം, ദുരിതാശ്വാസ സഹായങ്ങൾ തുടങ്ങിയവ ലഭ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും ശേഷം വീടുകളുടെ അറ്റകുറ്റപ്പണകൾക്കായി ഈ 14 വർഷ കാലയളവിനുള്ളിൽ ഒരുതവണമാത്രമാണ് വീടുകളുടെ മെയ്ന്റനനസ് വകയിൽ തുക ലഭ്യമായിട്ടുള്ളത്. ഇതൊഴിച്ചാൽ നാളിതുവരെയും അറ്റക്കുറ്റപ്പണിക്കായി മറ്റ് സഹായങ്ങൾ ലഭ്യമായിട്ടില്ലെന്നും തമസക്കാർ പറയുന്നു. നിലവിൽ തീരപരിധിയ്ക്ക് പുറത്താണ് താമസം എന്നതിനാൽ ഇവിടുത്ത്‌ കാർക്ക് പുനർഗേഹം പദ്ധതിയിലും ഉൾപ്പെടാൻ കഴിയാത്ത അവസ്ഥയുമാണ്.

നിലവിൽ ഇവിടുത്തെ വീടുകൾ വാസയോഗ്യമല്ലെന്നത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട്‌ നൽകിയിട്ടുള്ളതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും ഇന്ന് വരെയും യാതൊരു നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഓരോ തവണ അപകടങ്ങൾ സംഭവിക്കുമ്പോഴും തങ്ങൾ അധികൃതരെ സമീപിക്കാറുണ്ടെന്നും എന്നാൽ വാസ യോഗ്യമല്ലാത്ത വീടുകളിൽ നിന്ന് മാറി താമസിക്കാനുള്ള നിർദ്ദേശം മാത്രമാണ് ഉദ്യോഗസ്ഥർ നൽകുന്ന തെന്നും എന്നാൽ വാടക വീട് പോലുള്ള മറ്റ് സംവിധാനങ്ങളിലേക്ക് പോകുവാനുള്ള സാമ്പത്തിക സാഹചര്യം ഉള്ളവരല്ല തങ്ങളെന്നും തമസക്കാർ വി മുരളീധരനോട്‌ പറഞ്ഞു. കോളനി നിവാസികളായ നൂറോളം കുടുംബങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ചുകൊണ്ട് തയ്യാറാക്കിയ നിവേദനം സന്ദർശനവേളയിൽ കോളനിയിലെ താമസക്കാരിയായ ട്രീസാ ആന്റോ മുരളീധരന് കൈമാറി.

തുടർന്ന്, വീടുകളിൽ, കോൺക്രീറ്റ് പാളികൾ ഇളകിവീണ് ചോർന്നൊലിക്കുന്ന മേൽക്കൂരകളും, തകർന്ന ശുചിമുറികളും, അദ്ദേഹം നേരിൽകണ്ട് സ്ഥിതിഗതികൾ താമസക്കാരായ കുടുംബങ്ങളിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി.

കോളനി നിവാസികളുടെ ആവിശ്യം ന്യായമാണെന്നും നിങ്ങളുടെ ആവിശ്യം നേടി എടുക്കുന്നതിനായി സംസ്ഥാന കേന്ദ്ര സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുമെന്നും, ഈ ശ്രമങ്ങൾക്കായി താൻ കോളനി നിവാസികൾക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നോർത്ത് ജില്ലാ പ്രസിഡന്റ് ആർ എസ് റെജികുമാർ, പ്രഭാരി ഒറ്റൂർ മോഹൻദാസ്, കടയ്ക്കാവൂർ അശോകൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് മാധവൻ,, സെക്രട്ടറി എൻ എസ് സജു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പൂവണത്തുംമൂട് മണികണ്ഠൻ, അനീഷ് പത്മനാഭൻ, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഞ്ചുതെങ്ങ് സജൻ, മണ്ഡലം കമ്മറ്റി അംഗങ്ങളായ ബിജു, ജോസഫ്, എസിസൻ പെൽസിയാൻ, കടയ്ക്കാവൂർ പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി രേഖ സുരേഷ്, അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ജോൺ സക്കറിയാസ് കമ്മറ്റി അംഗം കേട്ടുപുര മൃണാൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

2011 മാർച്ച് (14 വർഷങ്ങൾക്ക് മുൻപ്) മാസത്തിൽ സുനാമി ഫണ്ട് ഉപയോഗിച്ച് 2 റൂം, വരാന്ത, അടുക്കള ഉൾപ്പെടെ 94 വീടുകളാണ് അഞ്ചുതെങ്ങിൽ നിർമ്മിച്ചുനൽകിയത്.

‘നാഡിയില്‍ കടിയേറ്റത് ഗുരുതരാവസ്ഥ ഉണ്ടാക്കി; വാക്‌സിന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചിരിക്കാം’

‘നാഡിയില്‍ കടിയേറ്റത് ഗുരുതരാവസ്ഥ ഉണ്ടാക്കി; വാക്‌സിന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചിരിക്കാം’

തിരുവനന്തപുരം: വാക്‌സിന്‍ ഫലപ്രദമാകും മുമ്പേ വൈറസ് തലച്ചോറിനെ ബാധിച്ചതാകാം പേ വിഷബാധയേറ്റ കുട്ടി മരിക്കാനുള്ള കാരണമെന്ന് കരുതുന്നതായി ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍. പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ ഫലപ്രദമാണ്. എസ്എടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഏഴ് വയസുകാരി നിയ ഫൈസലിന് നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവാണ് സംഭവിച്ചത്. നായയുടെ പല്ല് നാഡിയില്‍ പതിച്ചതാകാം വൈറസ് തലച്ചോറില്‍ എത്താന്‍ കാരണമെന്നും ഡിഎംഇയും എസ്എടി സൂപ്രണ്ട് ഡോ എസ് ബിന്ദുവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

‘വാക്‌സിന്‍ ആന്റി ബോഡി ഫലപ്രദമാകുന്നതിന് മുന്‍പ് തന്നെ വൈറസുകള്‍ തലച്ചോറിനെ ബാധിക്കാനും രോഗാവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്. കുട്ടിക്ക് സംഭവിച്ചത് ഇതാകാം. കുട്ടിയെ കടിച്ചിരിക്കുന്നത് ആഴത്തിലാണ്. നാഡിയില്‍ വൈറസ് കയറി കഴിഞ്ഞാല്‍ വാക്‌സിന്റെ ഗുണം ലഭിക്കുന്നതിന് മുന്‍പ് തന്നെ ഇത് തലച്ചോറില്‍ എത്താം. റാബിസ് വൈറസ് നാഡി വഴി തലച്ചോറിലും നട്ടെല്ലിലും എത്തുന്ന വൈറസ് ആണ്. മുഖം, കഴുത്ത്, കൈ എന്നിവിടങ്ങള്‍ നാഡിയുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളാണ്. ഇവിടെ നായയുടെ ആക്രമണം ഉണ്ടായാല്‍ ഡയറക്ട് ആയി നാഡിയില്‍ കടി കിട്ടാനുള്ള സാധ്യതയുണ്ട്. തുടര്‍ന്ന് വൈറസ് പ്രോഗസ് ചെയ്യുകയാണ് ചെയ്യുന്നത്. 50 മുതല്‍ 100 മില്ലി മീറ്റര്‍ വെച്ചിട്ടാണ് ഈ വൈറസ് പ്രോഗസ് ചെയ്ത് തലച്ചോറിലും നട്ടെല്ലിലും എത്തുന്നത്. വാക്‌സിന്‍ ആക്ട് ചെയ്യാന്‍ അല്‍പ്പം സമയമെടുക്കും. നാഡിയില്‍ കടിയേല്‍ക്കുക എന്നത് അപൂര്‍വ്വ സംഭവമാണ്. കുട്ടികളെ സംബന്ധിച്ച് ഇത് സംഭവിക്കാം’- ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ അമ്മയ്ക്ക് ക്വാ റന്‍റൈന്‍ ആവശ്യമില്ല എന്നും ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഡോക്ടര്‍മാര്‍ പറഞ്ഞു.

‘കുട്ടികളെ സംബന്ധിച്ച് പ്രത്യേകിച്ച് കൈയിലും മുഖത്തും കടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടിയുടെ അമ്മ പറയുന്നത് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത് എന്നാണ്. പട്ടിയുടെ പല്ല് നേരിട്ട് നാഡിയിലേക്ക് പതിക്കുകയാണെങ്കില്‍ വൈറസ് കയറി കഴിഞ്ഞാല്‍ വാക്‌സിന്‍ കൊണ്ടുള്ള ആന്റിബോഡി ഉപയോഗിച്ച് വൈറസിനെ തടയാന്‍ സാധിക്കില്ല. കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാവുന്നത്. വാക്‌സിന്‍ കൊടുക്കുമ്പോള്‍ ആന്റി ബോഡി ജനറേറ്റ് ചെയ്യും. ജനറേറ്റ് ചെയ്യുന്നതിന് സമയം ഉണ്ട്.അതിനാണ് നാലു ഡോസായി വീതിച്ച് നല്‍കുന്നത്. ആന്റിബോഡി ഫോം ചെയ്ത് വേണം ഇതിനെ അറ്റാക് ചെയ്യാന്‍. അതിന് മുന്‍പ് വൈറസ് തലച്ചോറില്‍ എത്തിക്കഴിഞ്ഞാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. വൈറസിനെ ന്യൂട്രലൈസ് ചെയ്യാനാണ് ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കുന്നത്. അവിടെയും കടി ആഴത്തിലുള്ളതാണെങ്കില്‍ പ്രശ്‌നമാണ്.’- ഡോക്ടര്‍മാര്‍ പറഞ്ഞു.

ട്രക്കിംഗ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടത് കല്ലമ്പലത്തെ യുവ ഡോക്ടർ

ട്രക്കിംഗ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടത് കല്ലമ്പലത്തെ യുവ ഡോക്ടർ

തമിഴ്നാട്ടിലെ ആനമല കടുവ സങ്കേതത്തിൽ ട്രക്കിംഗ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് യുവ ഡോക്ടറിന് ദാരുണാന്ത്യം.
കല്ലമ്പലം ചാത്തൻമ്പറ പൂന്തോട്ടത്തിൽ അനീസ ബീവി സൈനുൽ ആബിദീൻ ദമ്പതികളുടെ മകൻ ഡോക്ടർ അജ്സൽ (26) മരണപെട്ടത്. ആനമല കടുവ സങ്കേതത്തിൽ ട്രക്കിം​ഗ് നടത്തുന്നതിനിടെ ടോപ് സ്ലിപ്പിൽ വെച്ച് അജ്സൽ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വനം വകുപ്പിന്റെ ആംബുലൻസിൽ അടുത്തുള്ള പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്മലിന്റെ മരണത്തിൽ ആനമലൈ പൊലീസ് കേസെടുത്തു.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച കല്ലമ്പലം സ്വദേശി പോലീസ് പിടിയിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച കല്ലമ്പലം സ്വദേശി പോലീസ് പിടിയിൽ

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. കല്ലമ്പലം ശങ്കരമുക്ക് വിളയിൽ വീട്ടിൽ 20 വയസുള്ള ആദിത്യനെയാണ് പോക്സോ നിയമപ്രകാരം പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

വീണ്ടും പേ വിഷബാധയേറ്റ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

വീണ്ടും പേ വിഷബാധയേറ്റ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന ഏഴു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേ വിഷബാധയേറ്റ് മരണം. പേവിഷ ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി നിയ ഫൈസല്‍ മരിച്ചു. വെന്റിലേറ്റര്‍ സഹായത്തില്‍ ചികിത്സയിലായിരുന്നു കുട്ടി.

കൊല്ലം വിളക്കുടി സ്വദേശിയാണ് മരിച്ച നിയ ഫൈസല്‍. ഏപ്രിൽ എട്ടിന് ഉച്ചയ്ക്ക് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് താറാവിനെ ഓടിച്ചെത്തിയ പട്ടി കുട്ടിയെ കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആന്‍റീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നല്‍കി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി ബാധിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് പേ വിഷബാധയേറ്റതായി മനസ്സിലായത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികള്‍ അടക്കം ഏഴു പേരാണ്.