ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ജാഗ്രതാ സമിതിയുടെയും കലാ നികേതൻ സാംസ്കാരിക സമിതിയുടെയും കണിയാപുരം പള്ളിനട റെസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണിയാപുരം പള്ളിനട ജംഗ്ഷനിൽ വെച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് നടത്തി. 101 പേരടങ്ങുന്ന ജാഗ്രതാ സേനാ സമിതിക്ക് രൂപം നൽകി.

ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുവാനും, അവർക്ക് ചികിത്സ ആവശ്യമെങ്കിൽ ചികിത്സ നൽകുവാനും, വിൽപനകാരുടെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ച് നിയമത്തിനു മുന്നിൽ എത്തിക്കുവാനും തീരുമാനിച്ചതായി ജാഗ്രതാ സമിതി ചെയർമാൻ എം.എ.ലത്തീഫ് അറിയിച്ചു. ജാഗ്രതാ സദസ്സ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷിബു പി.എൽ ഉദ്ഘാടനം ചെയ്തു. കണിയാപുരം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അൻവറുദ്ദീൻ അൻവരി മുഖ്യ പ്രഭാഷണം നടത്തി.

എൻ.ഐ.സി പ്രിൻസിപ്പൽ സലിം മന്നാനി, കലാ നികേതൻ സെക്രട്ടറി നാസർ, പഞ്ചായത്ത് അംഗങ്ങളായ അജയരാജ്, ശ്രീചന്ദ്, ജാഗ്രതാ സമിതി ഭാരവാഹികളായ മണ്ണിൽ അഷ്റഫ്, കടവിളാകം നിസാം, സഞ്ജു, ഇമാമുദ്ദീൻ, മുജീബ്, അസീം, സവാദ്, ഷജീർ ജൻമിമുക്ക്, സിയാം, നൈസാം,കുന്നിൽ പ്രവീൺ, ഷാനി, സഫീർ ചാന്നാങ്കര, തൻസീർ, സനദ്, നുജൂം, റിയാസ്, ഭരത്, ബിനീഷ്,കടവിളാകം സമദ്, കബീർ ആലായി, ഷജിൻ പുത്തൻതോപ്പ് എന്നിവർ പ്രസംഗിച്ചു..

റമസാനിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍; വ്രതം ഇത്തവണ കൊടും ചൂടില്‍

റമസാനിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍; വ്രതം ഇത്തവണ കൊടും ചൂടില്‍

പുണ്യങ്ങളുടെ പൂക്കാലമായ റമസാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങി വിശ്വാസികള്‍. ആരാധനാലയങ്ങളും വീടുകളുമെല്ലാം പുണ്യ ദിനങ്ങളെ ആത്മീയഭരിതമാക്കാനുള്ള അന്തിമ ഒരുക്കത്തിലാണ്.

വേനല്‍ ചൂടിന്റെ തീവ്രത വര്‍ധിച്ചുതുടങ്ങിയതോടെ ഇത്തവണത്തെ നോമ്പുകാലം കഠിന ചൂടിലാകും. പതിവിന് വിപരീതമായി ഫെബ്രുവരിയില്‍ പോലും അതിശക്തമായ ചൂടാണ്. നിലവില്‍ മലയോര മേഖലകളില്‍ പകല്‍ താപനില 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്. രാത്രി താപനില 23 മുതല്‍ 25 വരെയും.

പലേടത്തും ഉയര്‍ന്ന താപനിലയും ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പും ഇതിനകം കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്നാണ് നിരീക്ഷണം. വേനല്‍ കടുക്കുന്നത് സൂര്യാഘാതം, സൂര്യതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഇതിനാല്‍ നോമ്പ് തുറ സമയത്ത് കൂടുതല്‍ ശുദ്ധജലം കുടിക്കണമെന്നും, പോലെയുള്ള ശരീരത്തിന് ഗുണകരമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണമെന്നുമാണ് ആരോഗ്യ രംഗത്തുള്ളവര്‍ നല്‍കുന്ന നിര്‍ദേശം.

ആര്‍സി ഇന്നു മുതല്‍ ഓണ്‍ലൈനില്‍; ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും

ആര്‍സി ഇന്നു മുതല്‍ ഓണ്‍ലൈനില്‍; ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ രേഖകളും(ആര്‍സി) ശനിയാഴ്ച മുതല്‍ ഡിജിറ്റലായി മാറും. അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തി. കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്പുകളായ ഡിജിലോക്കര്‍, എം പരിവാഹന്‍ എന്നിവയിലും ആര്‍സിയുടെ ഡിജിറ്റല്‍ പകര്‍പ്പ് ലഭിക്കും.

അച്ചടി തടസ്സപ്പെട്ടതിനാല്‍ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നല്‍കും. കാര്‍ഡിനുള്ള തുക ഈടാക്കിയിട്ടുള്ളതിനാല്‍ അച്ചടി പുനരാരംഭിക്കുമ്പോള്‍ ഇവ വിതരണം ചെയ്യും. കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. അച്ചടിക്കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിനു പ്രതിഫലം നല്‍കാത്തതിനെത്തുടര്‍ന്നാണ് കാര്‍ഡ് വിതരണം തടസ്സപ്പെട്ടത്.

10 കോടി രൂപയോളം കുടിശ്ശികയുണ്ട്. ഇതു നല്‍കാത്തതിനാല്‍ അച്ചടി പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാര്‍ഡ് വിതരണം പൂര്‍ണമായി ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തികനേട്ടം വാഹന ഉടമയ്ക്കുണ്ടാകില്ല. ഫീസ് ഇനത്തില്‍ സര്‍ക്കാരിനുള്ള വരുമാനം കുറയുന്നത് ഒഴിവാക്കാന്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സിലും ഇതേ രീതി അവലംബിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോള്‍ സര്‍ക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്ന് ധനവകുപ്പ് കര്‍ശന നിലപാട് എടുത്തതിനെത്തുടര്‍ന്നാണിത്.

വാഹന ഉടമകളെ ഏറെ വലച്ച പ്രശ്‌നത്തിനാണ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്. ആര്‍സി അച്ചടിക്കാതെ അപേക്ഷയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകില്ല. മറ്റു സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും കഴിയില്ല.

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ; ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കും

ആശ വര്‍ക്കര്‍മാരുടെ സമരത്തെ ചെറുക്കാൻ സർക്കാർ; ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കും

തിരുവനന്തപുരം: ആശ വർക്കർമാർ സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നൽകാനാണ് നീക്കം. പരിശീലനം നൽകാൻ 11.70 ലക്ഷം രൂപ അനുവദിച്ചു.

സംസ്ഥാനത്ത് 1500 ഹെൽത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം. ഒരു ബാച്ചിൽ 50 പേരടങ്ങുന്ന അഞ്ച് ബാച്ചുകൾക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ട്രെയിനിങ് നൽകും. കോട്ടയം, പാലക്കാട് ജില്ലകളിൽ നാല് ബാച്ചുകൾക്കും പരിശീലനം നൽകും. ആശ വർക്കേഴ്സിന്റെ സമരം ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പുതിയ നീക്കം.

സമരം ചെയ്യുന്ന ആശാ വർക്കർമാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് നേരത്തെ നാഷണൽ ഹെൽത്ത് മിഷൻ്റെതാണ് നിർദ്ദേശം നൽകിയിരുന്നു. ഏതെങ്കിലും ആശാ പ്രവർത്തക തിരിച്ചെത്തി പ്രവർത്തനങ്ങളിൽ ഏർപ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് ഹെൽത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാൻ നീക്കം. ആശാ വർക്കേഴ്സിന് സമാനമായ ജോലിയാണ് ഇവർ ചെയ്യേണ്ടത്.

തിരുവനന്തപുരത്ത് ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരത്ത് ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

തിരുവനന്തപുരം വാഴിച്ചല്‍ ഇമ്മാനുവല്‍ കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദനം. കോളേജിലെ ബികോം ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആദിഷിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥി ജിതിന്‍ ക്രൂരമായി മര്‍ദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

ബികോം ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയാണ് ജിതിന്‍. മാസങ്ങള്‍ക്ക് മുമ്പ് ജിതിനും മറ്റൊരു വിദ്യാര്‍ത്ഥിയുമായി കോളേജ് പരിസരത്ത് വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ആദിഷ് ഇടപെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

വിദ്യാര്‍ത്ഥിയുടെ വയറിലും നെഞ്ചിലും ചവിട്ടിയ ജിതിന്‍ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ആദിഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. മകനെ മര്‍ദിച്ച വിദ്യാര്‍ത്ഥിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആദിഷിന്റെ പിതാവ് ശ്രീകുമാരന്‍ ആശാരി ആര്യങ്കോട് പൊലീസിനും കോളേജ് അധികൃതര്‍ക്കും പരാതി നല്‍കി.

മകന്റെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹിം

മകന്റെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് റഹിം

തിരുവനന്തപുരം: ഏറെ സ്‌നേഹിച്ച ഉറ്റവരുടെ ഖബറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുറഹിം. പാങ്ങോട് ജുമാ മസ്ജിദിലെ ഖബറിസ്ഥാനിലെത്തിയാണ് അബ്ദുറഹിം തന്റെ അരുമ മകനും, ഉമ്മ, ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ എന്നിവര്‍ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഇളയമകന്‍ അഫ്‌സാന്റെ ഖബറിന് മുന്നിലെത്തിയ റഹിം പൊട്ടിക്കരഞ്ഞു.

വീഴാന്‍ പോയ റഹിമിനെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് കുറച്ചു സമയം ഖബറിന് മുന്നില്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചു. ബന്ധുക്കളും ഉസ്താദ് അടക്കമുള്ള പുരോഹിതരും പ്രാര്‍ത്ഥനയില്‍ ചേര്‍ന്നു. കൊല്ലപ്പെട്ട ഉമ്മ സല്‍മാ ബിവി താമസിച്ചിരുന്ന വീട്ടിലാണ് റഹീം ബന്ധുക്കള്‍ക്കൊപ്പം എത്തിയത്. ഇവിടെ നിന്നാണ് ഉറ്റവരെ അടക്കിയ ഖബറിന് സമീപത്തേക്ക് എത്തുന്നത്.

നാട്ടിലെത്തിയ അബ്ദു റഹിം ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഭാര്യ ഷെമീനയെ കണ്ടു. മകന്‍ അഫാനെ രക്ഷിക്കുന്ന നിലപാടാണ് റഹീമിനോടും ഷെമിന ആവര്‍ത്തിച്ചത്. കട്ടിലില്‍ നിന്നും വീണു പരിക്കേറ്റതാണെന്നാണ് ഷെമിന റഹീമിനോട് പറഞ്ഞത്. ഇളയമകന്‍ അഫ്‌സാന്‍ എവിടെയെന്ന് ചോദിച്ചു. മൂത്ത മകന്‍ അഫാനെക്കുറിച്ചും ചോദിച്ചു. ആദ്യം ബന്ധുക്കള്‍ക്കൊപ്പവും, പിന്നീട് ഒറ്റയ്ക്കും റഹിം ഭാര്യയ്‌ക്കൊപ്പം കുറച്ച് സമയം ചെലവഴിച്ചു.

അഫ്‌സാന്‍ റഹീമിന്റെ അളിയന്റെ വീട്ടില്‍ ഉണ്ടെന്നാണ് ഷെമീനയോട് ബന്ധുക്കള്‍ പറഞ്ഞിട്ടുള്ളത്. റഹീമിനെ കണ്ടപ്പോള്‍ ഷെമീന തിരിച്ചറിഞ്ഞതായും കയ്യില്‍ പിടിച്ചതായും ഒപ്പമുണ്ടായിരുന്ന ബന്ധു പറഞ്ഞു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദു റഹീം രാവിലെയാണ് നാട്ടിലെത്തിയത്. ദമ്മാമില്‍നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രാവിലെ 7.30ഓടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ഇഖാമ പുതുക്കാതെ നിയമപ്രശ്‌നത്തിലും കച്ചവടം തകരാറിലായി സാമ്പത്തിക പ്രതിസന്ധിയിലുമായി ഏഴുവര്‍ഷമായി നാട്ടില്‍ പോകാനാകാതെ കഴിയുന്നതിനിടയിലാണ് ഇടിത്തീയായി ബന്ധുക്കളുടെ കൂട്ടമരണ വാര്‍ത്ത അറിയുന്നത്. ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ലോകകേരള സഭ അംഗവുമായ നാസ് വക്കമാണ് അബ്ദു റഹീമിന് നാട്ടിലെത്താന്‍ തുണയായത്. നാട്ടിലെത്താന്‍ സഹായിച്ച ഡി കെ മുരളി എംഎല്‍എയുടെ ഓഫീസിലേക്കാണ് വിമാനമിറങ്ങിയ റഹീം ആദ്യം പോയത്. തുടര്‍ന്നാണ് കുടുംബ വീട്ടിലേക്കെത്തിയത്.

കൂട്ടക്കൊല കേസിൽ കുടുംബത്തിന് വൻ സാമ്പത്തിക ബാധ്യത എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. റഹിമിന്റെ മൊഴി കേസില്‍ നിര്‍ണായകമാണ്. റഹിമിന്റെ മാനസിക അവസ്ഥ കൂടി പരിഗണിച്ച് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 65 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ 15 ലക്ഷം രൂപ മാത്രമേ തനിക്കു ബാധ്യതയുള്ളുവെന്നാണ് റഹിമിം വ്യക്തമാക്കിയത്. ബാക്കി തുകയുടെ ബാധ്യത എങ്ങനെ ഉണ്ടായി എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.