അമ്മയും രണ്ടു പെണ്‍കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

അമ്മയും രണ്ടു പെണ്‍കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

കോട്ടയം: ഏറ്റുമാനൂര്‍ മനക്കപ്പാടത്തിനു സമീപം അമ്മയും രണ്ടു പെണ്‍കുട്ടികളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ കാരണം കുടുംബപ്രശ്‌നമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പാറോലിക്കല്‍ സ്വദേശി ഷൈനി കുര്യന്‍, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിലാണ് മൂന്നുപേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയത്. തുടക്കത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്.

തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ്. കുടുംബപ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിര്‍ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില്‍ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

ഷൈനിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കോടതിയില്‍ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് മരണം. കുടുംബ പ്രശ്‌നങ്ങളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഷൈനി മക്കളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് വിവരം.

നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസിന് മുന്നിലാണ് മൂവരും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ഹോണ്‍ മുഴക്കിയിട്ടും മാറിയില്ല. ലോക്കോ പൈലറ്റാണ് റെയില്‍വേയിലും പൊലീസിലും വിവരം അറിയിച്ചത്.

തൊഴില്‍ സമ്മർദം കൂടുതല്‍ ഐടി, മാധ്യമ മേഖലകളിൽ, മദ്യപാന ശീലം കൂടുന്നു

തൊഴില്‍ സമ്മർദം കൂടുതല്‍ ഐടി, മാധ്യമ മേഖലകളിൽ, മദ്യപാന ശീലം കൂടുന്നു

തിരുവനന്തപുരം: കേരളത്തിൽ യുവാക്കൾ ഏറ്റവും കൂടുതൽ തൊഴിൽ സമ്മർദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ബാങ്കിങ്, ഇൻഷുറൻസ് (80.6%), ഓൺലൈൻ പ്ലാറ്റ്ഫോം ഡെലിവറി സർവീസ് (75.5%) എന്നീ മേഖലകളാണ് തൊഴിൽ സമ്മർദത്തിൽ തൊട്ടുപിന്നിൽ. 30–39 പ്രായപരിധിയിലുള്ളവരാണ് കൂടുതൽ തൊഴിൽ സമ്മർദം അനുഭവിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. പുരുഷൻമാരെ (73.7%) അപേക്ഷിച്ചു സ്ത്രീകളാണ് (74.7%) കൂടുതൽ സമ്മർദം നേരിടുന്നത്. ഇതുമൂലം മാനസിക, ശാരീരിക പ്രശ്നങ്ങൾ കൂടുതൽ നേരിടുന്നതും സ്ത്രീകളാണ്.

ജോലിഭാരം കാരണം തൊഴിൽ–ജീവിത സന്തുലനം തെറ്റിയതായി 68.25% പേരും വ്യക്തമാക്കി. ഇതിലും സ്ത്രീകളാണ് കൂടുതൽ. കൂടാതെ സാമ്പത്തിക അരക്ഷിതാവസ്ഥയും തൊഴിൽ സമ്മർദത്തിന്റെ മുഖ്യകാരണമായി കണ്ടെത്തി. തൊഴിൽ സമ്മർദം നേരിടുന്നതിനായി മദ്യപിക്കുന്ന ശീലം കൂടുന്നതായും സർവേ വ്യക്തമാക്കുന്നു.

ഒരു ‘ഇടി’ ജീവിതം രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് രാജേഷ്; എന്തോ മിന്നായം പോലെ ബൈക്കിലേക്ക് ചാടി

ഒരു ‘ഇടി’ ജീവിതം രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് രാജേഷ്; എന്തോ മിന്നായം പോലെ ബൈക്കിലേക്ക് ചാടി

മലപ്പുറം: ജോലി സ്ഥലത്തേയ്ക്ക് ബൈക്കില്‍ പോകുമ്പോള്‍ എന്തോ മിന്നായം പോലെ ചാടി. അത് പുലിയാണെന്ന് അറിഞ്ഞപ്പോഴേക്കും ബൈക്കില്‍ നിന്ന് രാജേഷ് മറിഞ്ഞു വീണിരുന്നു. ഒരു ‘ഇടി’ ജീവിതം രക്ഷിച്ചതിന്റെ ആശ്വാസത്തിലാണ് ഗൂഡല്ലൂര്‍ ക്ഷേത്രവയല്‍ വീട്ടില്‍ രാജേഷ് (45). മറിച്ചായിരുന്നുവെങ്കില്‍ എന്താണ് സംഭവിക്കുക എന്ന് ഓര്‍ക്കാന്‍ പോലും രാജേഷ് ഭയപ്പെടുകയാണ്.

ഇന്നലെ രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലമായ എസ്‌റ്റേറ്റിലേക്ക് പോകുമ്പോഴായിരുന്നു ഇരുമ്പുപാലത്ത് തേയിലത്തോട്ടത്തിന് സമീപം പുലി ബൈക്കിലേക്ക് ചാടിയത്. ഇടിയുടെ ആഘാതത്തില്‍ രാജേഷ് ബൈക്കില്‍ നിന്ന് മറിഞ്ഞുവീണതിനൊപ്പം ബൈക്കിന്റെ ഹാന്‍ഡിലില്‍ ഇടിച്ച് പുലിയും വീണു. ബൈക്കിന്റെ മറുവശത്താണ് പുലി കിടന്നത്. ഇപ്പുറത്ത് പരുക്കുകളോടെ രാജേഷും. പുലി ഏതുസമയത്തും തന്റെ നേരെ കുതിക്കും എന്ന ഭയത്തില്‍ നില്‍ക്കുന്നതിനിടെ ഒരു പുലിക്കുട്ടി കൂടി പുലിയുടെ അടുത്തേക്ക് ചാടിയിറങ്ങി.

ഇതിനിടെ, കാറിലെത്തിയ ആള്‍ രാജേഷിനോട് കാറില്‍ കയറാന്‍ വിളിച്ചുപറഞ്ഞു. പുലിക്കുട്ടി പുലിയുടെ അടുത്ത് അല്‍പ്പസമയം നിന്ന ശേഷം കാട്ടിലേക്ക് പോയി. 10 മിനിറ്റോളം അവശതയോടെ കിടന്ന ശേഷമാണ് പുലി കാട്ടിലേക്ക് ഓടിയത്. വലതു കാല്‍മുട്ടിലും ചുമലിലും പരിക്കേറ്റ രാജേഷിനെ ഗൂഡല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രഥമ ശ്രൂശ്രൂഷയ്ക്ക് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ രാജ്യപുരസ്കാർ വിജയികൾക്ക് അവാർഡുകൾ നൽകി

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ രാജ്യപുരസ്കാർ വിജയികൾക്ക് അവാർഡുകൾ നൽകി

ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കഡറി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ രാജ്യ പുരസ്കാർ ടെസ്റ്റ് പാസായ 23 ഗൈഡ്സിനുള്ള അവാർഡ് ദാന ചടങ്ങ് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ബിനു നിർവഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് അധ്യക്ഷനായി. ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ആറ്റിങ്ങൽ ജില്ലാ സെക്രട്ടറി സതീഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ
ഡോ ഉദയകുമാരി സ്വാഗതം ചെയ്തു. എച്ച് എം കെ എസ് ഗീത, സീനിയർ അസിസ്റ്റന്റ് ശ്രീലത, സ്റ്റാഫ് സെക്രട്ടറി മഞ്ചു, ഗൈഡ് ക്യാപ്റ്റൻമാരായ ജൂലി, ലിജി എന്നിവർ ആശംസകൾ നേർന്നു. ആറ്റിങ്ങൽ C – Rot കുട്ടികൾക്കുള്ള മൊമെൻ്റോ സ്പോൺസർ ചെയ്തു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സന്തോഷ വാര്‍ത്ത; പിഎസ്‌സി നിയമനങ്ങളില്‍ അഞ്ചുശതമാനം വരെ വെയിറ്റേജ്

സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് സന്തോഷ വാര്‍ത്ത; പിഎസ്‌സി നിയമനങ്ങളില്‍ അഞ്ചുശതമാനം വരെ വെയിറ്റേജ്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പിഎസ്‌സി വഴിയുള്ള യുണിഫോം സര്‍വ്വീസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാല് വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവരും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് അഞ്ചു ശതമാനം വെയിറ്റേജ് നല്‍കും.

ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി തലങ്ങളിലായി നാലു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന, ഹൈസ്‌കൂള്‍ തലത്തില്‍ എ പ്ലസ് ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തില്‍ എ ഗ്രേഡും ഹയര്‍ സെക്കണ്ടറി തലത്തില്‍ എ പ്ലസ് ഗ്രേഡും കരസ്ഥമാക്കുന്നവരും ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കണ്ടറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകള്‍ക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കാനും തീരുമാനിച്ചു.

ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്‌കൂള്‍ തലത്തിലോ ഹയര്‍സെക്കണ്ടറി തലത്തിലോ രണ്ടു വര്‍ഷം ട്രെയിനിംഗ് പൂര്‍ത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകള്‍ക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് കേരളത്തിലെത്തി; നെഞ്ചുലഞ്ഞ് റഹീം

വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന്റെ പിതാവ് കേരളത്തിലെത്തി; നെഞ്ചുലഞ്ഞ് റഹീം

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം കേരളത്തിലെത്തി. രാവിലെ 7.45 ഓടുകൂടിയാണ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ശേഷം ബന്ധുക്കൾക്കൊപ്പം ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദർശിച്ചു. കട്ടിലിൽ നിന്ന് വീണതാണെന്ന് ഷെമീന റഹീമിനോട് പറഞ്ഞതായി റഹീമിൻ്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

ഇളയമകൻ അഫ്സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. അഫാന് നാട്ടിൽ 14 പേരിൽ നിന്നായി വാങ്ങിയത് 70 ലക്ഷം രൂപയാണ്. ഒരാളിൽ നിന്ന് വാങ്ങി മറ്റൊരാളുടെ കടം വീട്ടൽ ആണ് ചെയ്തത്. വീട് വിറ്റ് കടം വീട്ടാനും ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാർ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായത്.

അച്ഛന്റെ സഹോദരൻ ലത്തീഫ് നിരന്തരമായി ഉമ്മയെ കുറ്റപ്പെടുത്തിയെന്നു അഫാൻ മൊഴി നൽകിയിട്ടുണ്ട്. പെൺസുഹൃത്തിൻ്റെ മാലയും പണയപ്പെടുത്തിയിരുന്നു. അഫാൻ ഫർസാനയുടെ മാലയും കടം വീട്ടാൻ പണയം വെച്ചു. ഫർസാന മാല തിരികെ ചോദിച്ചിരുന്നു. അതേസമയം, അഫാനെ മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി റിമാൻഡ് ചെയ്യും. ഇതിനായി പൊലീസ് കോടതിയെ സമീപിച്ചു. ആശുപത്രിയിൽ തന്നെ റിമാൻഡ് ചെയ്യും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തീരുമാനം.