ഫര്‍സാനയുടെ മാലയും പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം

ഫര്‍സാനയുടെ മാലയും പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാലുടന്‍ മെഡിക്കല്‍ കോളജില്‍ വച്ചുതന്നെ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് തീരുമാനം. തുടര്‍ന്ന് മജിസ്‌ട്രേട്ടിനെ ആശുപത്രിയിലെത്തിച്ച് റിമാന്‍ഡ് ചെയ്ത് ആശുപത്രിയില്‍ തന്നെ തുടരും. ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ ഉമ്മയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും.

കാമുകി ഫര്‍സാനയുടെ മാലയും അഫാന്‍ പണയം വെച്ചിരുന്നു. പകരം മുക്കുപണ്ടം നല്‍കുകയായിരുന്നു. ഈ മാല എടുത്ത് തരണമെന് ഫര്‍സാന അടുത്തിടെ ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഫാന്റെ കടബാധ്യതയുടെ ആഴം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി കുടുംബത്തിന് കടം നല്‍കിയവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്. അഫാന്റെയും ഷമിയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ട്. അഫാന്റെ ഗൂഗില്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന് സൈബര്‍ പൊലീസിനും കത്ത് നല്‍കിയിരിക്കുകയാണ്.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുടുംബം കടക്കെണിയിലായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് സ്ഥിരീകരിച്ചു. പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ, കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി. 12 പേര്‍ക്ക് വന്‍ തുകകള്‍ നല്‍കാനുണ്ട്. ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്ക്കാനായിട്ടില്ല.

പണം കടംവാങ്ങി തിരിച്ചും മറിച്ചും നല്‍കിയാണ് പിടിച്ചു നിന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നറിഞ്ഞതോടെ പലരും പണം നല്‍കാെതയുമായി. അര്‍ബുദരോഗബാധിതയായ അഫാന്റെ ഉമ്മ ഷെമിയുടെ ചികിത്സയ്ക്ക് പോലും പണമില്ലാത്ത അവസ്ഥയായി. ഇതേത്തുടര്‍ന്ന് കൂട്ട ആത്മഹത്യയെപ്പറ്റി പോലും ആലോചിച്ചിരുന്നു. അമ്മൂമ്മയെ കൊലപ്പെടുത്തി എടുത്തുകൊണ്ടുപോയ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്നും നാല്‍പ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അയ്യപ്പദർശനം; ശബരിമലയിൽ പുതിയ ക്രമീകരണത്തിന് ​ദേവസ്വം ബോർഡ് അനുമതി

തിരുവനന്തപുരം: ശബരിമലയിൽ പതിനെട്ടാംപടി കയറിയെത്തുന്നവർക്ക് കൊടിമരച്ചുവട്ടിൽ നിന്ന് ബലിക്കൽപ്പുര വഴി നേരേയെത്തി അയ്യപ്പദർശനത്തിനുള്ള ക്രമീകരണം ഒരുക്കും. തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗത്തിന്റെതാണ് തീരുമാനം. ശബരിമലതന്ത്രിയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന മാർച്ച് 14 മുതൽ പുതിയ ക്രമീകരണം നടപ്പാക്കും.

കൊടിമരച്ചുവട്ടിൽ നിന്ന് ഫ്ലൈഓവറിലൂടെ കടത്തിവിട്ട് ദർശനം നൽകുന്നതാണ് നിലവിലെ രീതി. പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന മാറ്റം വിലയിരുത്താൻ ദേവസ്വം മന്ത്രി വിഎൻ വാസവൻ, ദേവസ്വംബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ, ശബരിമലയുടെ ചുമതലയുള്ള പൊലീസ് മേധാവി എസ് ശ്രീജിത്, ദേവസ്വം ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിധാനത്തെത്തും. സോപാനത്തിനു സമീപവും ചില ക്രമീകരണങ്ങൾ വരുത്തുന്നുണ്ട്. വിഷു മുതൽ പൂർണമായും മാറ്റം നടപ്പാക്കും. പ്രധാനകാണിക്കടുത്തു നിന്നാണ് തീർഥാടകർ തൊഴുതുമടങ്ങേണ്ടത്.

പതിനെട്ടാംപടി കയറുന്ന തീർഥാടകന് ശ്രീകോവിലിനു സമീപം എത്തുന്നതിനകം അരമിനിറ്റെങ്കിലും അയ്യപ്പദർശനം സാധ്യമാവും വിധമാണ് പുതിയ മാറ്റം. ഫ്ലൈഓവർ തൽക്കാലം പൊളിക്കില്ല. തിരക്കുകൂടുന്ന അടിയന്തരഘട്ടങ്ങളിൽ ഇതിലെയും തീർഥാടകരെ കടത്തിവിടും. മേലേതിരുമുറ്റത്ത് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമാണം നടക്കുമ്പോൾ ഇത് പൊളിച്ചുമാറ്റാനാണ് തീരുമാനം.

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം

തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതം. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സര്‍വറില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ രാജ്യ വ്യാപകമായി ഈ പ്രശ്‌നം നിലനില്‍ക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

വാഹന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ്(PUCC) പോര്‍ട്ടല്‍ ശനിയാഴ്ച മുതലാണ് പ്രവര്‍ത്തനരഹിതമായത്. ഇനിയും 24 മണിക്കൂര്‍ കൂടി പ്രശ്‌നപരിഹാരത്തിനായി ആവശ്യമാണെന്ന് എന്‍ഐസി അറിയിച്ചിട്ടുണ്ട്. സോഫ്റ്റ്വെയറിന്റെ തകരാറുകള്‍ എത്രയും വേഗത്തില്‍ പരിഹരിച്ച് പോര്‍ട്ടല്‍ പ്രവര്‍ത്തനയോഗ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം ഗതാഗത വകുപ്പിന്റെ സോഫ്റ്റ്വെയറുകള്‍ കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 27വരെയുള്ള കാലയളവില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേല്‍ പിഴ ചുമത്തുന്നത് ഒഴിവാക്കിയതായും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ ക്രൂരമായി കൊല്ലപ്പെടും മുമ്പുള്ള ഫർസാനയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വെഞ്ഞാറമൂട്ടിലെ മുക്കുന്നൂരിലെ വീട്ടിൽ നിന്ന് അഫാന്റെ അരികിലേക്ക് ഫർസാന നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഉമ്മയെയും ബന്ധുക്കളെയും ക്രൂരമായി ആക്രമിച്ചതിന് ശേഷം അഫ്നാൻ നേരെ പോയത് ബാറിലേക്കാണ്. ട്യൂഷനെടുക്കാനെന്ന് പറഞ്ഞു, തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഫർസാന മുക്കൂന്നൂരിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. പരിസരത്തെ സിസിടിവി ക്യാമറകളിലാണ് കുട ചൂടി നടന്നു പോകുന്ന ഫർസാനയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

പിന്നീട് അഫാനൊപ്പം ബൈക്കിലാണ് പേരുമലയിലെ വീട്ടിലേക്ക് ഫർസാന എത്തുന്നത്. അതേസമയം, ഫർസാനയുടെ വീട്ടിൽ ദയനീയമായ കാഴ്ച്ചകളാണ് കാണുന്നത്. അച്ഛനും അമ്മയും സഹോദരനും തകർന്ന നിലയിലാണ്. എന്താണ് സംഭവിച്ചതെന്നും പോലും ആ കുടുംബത്തിന് ഉൾക്കൊള്ളാനായിട്ടില്ല. രാവിലെ പേരുമലയിലെ വീട്ടിൽ ഉമ്മയെയും, പാങ്ങോടുള്ള വീട്ടിൽ ഉമ്മുമ്മയെയും, എസ് എൻ പുരത്തെ വീട്ടിൽ ബന്ധുക്കളെയും ആക്രമിച്ചതിന് ശേഷമാണ്, അഫാൻ വെഞ്ഞാറമൂടിലെ ബാറിലേക്ക് എത്തിയത്.10 മിനിറ്റോളം ബാറിൽ ഇരുന്ന് മദ്യപിച്ചു. മദ്യക്കുപ്പി വാങ്ങി കയ്യിൽ കരുതി.
ഫർസനയെയും അഫ്സാനെയും കൊന്നതിനു ശേഷം അഫാൻ വീണ്ടും മദ്യപിച്ചതായും പൊലീസ് പറയുന്നു. ഒരു കൂസലുമില്ലാതെയായിരുന്നു അഫാന്റെ പെരുമാറ്റം.

ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്ന അഫാന്റെ ഉമ്മ ഷമീനയുടെ ആരോഗ്യവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഷെമിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചായിരിക്കും മൊഴിയെടുപ്പ്. സംഭവദിവസം നടന്ന കാര്യങ്ങളിലും, അഫാന്റെ സ്വഭാവരീതികളിലും എല്ലാം വ്യക്തത ലഭിക്കണമെങ്കിൽ ഷമീനയുടെമൊഴി നിർണായകമാണ്.

ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് സമരം: ബദൽ മാർച്ചുമായി സിഐടിയു;

ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് സമരം: ബദൽ മാർച്ചുമായി സിഐടിയു;

ആലപ്പുഴ: ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ച് പൊളിക്കാന്‍ ബദല്‍ മാര്‍ച്ചുമായി സിഐടിയു ആശ യൂണിയന്‍. പാസ്‌പോര്‍ട്ട് ഓഫീസിലേക്കാണ് സിഐടിയു ആശ വര്‍ക്കേഴ്‌സ് യൂണിയന്റെ മാര്‍ച്ച്. ഒരേ സമയമാണ് ഇരു മാര്‍ച്ചുകളും. മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ചുവപ്പ്, വെള്ള വസ്ത്രം അണിഞ്ഞെത്താന്‍ സിഐടിയു സംഘടന ആശ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പി പി ചിത്തരഞ്ജന്‍ എംഎല്‍എയാണ് സമരം ഉദ്ഘാടനം ചെയ്യുക.

ആലപ്പുഴയില്‍ ആശ വര്‍ക്കര്‍മാര്‍ നാളെ നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് സിഐടിയു നേതാവ് ശബ്ദസന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ആശ വര്‍ക്കര്‍മാരുടെ സിഐടിയു സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യൂണിയനില്‍ നിന്ന് രാജിവെച്ച് സമരത്തിന് പോകണം. എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.

ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറണമെന്നും സിഐടിയു നേതാവ് നിര്‍ദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ഇരിക്കുന്നത് മുഴുവന്‍ ആശമാരല്ല, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് ശബ്ദ സന്ദേശത്തില്‍ അധിക്ഷേപിക്കുന്നുണ്ട്. ആലപ്പുഴയില്‍ നാളെ ആശ വര്‍ക്കര്‍മാരുടെ കലക്ടറേറ്റ് മാര്‍ച്ച് നടക്കാനിരിക്കെയാണ് സിഐടിയു നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നത്. പ്രതിപക്ഷം പിന്തുണയക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരം ഉദ്ഘാടനെ ചെയ്യുന്നത് മുന്‍ എംപി ഡോ. കെ എസ് മനോജാണ്. ആലപ്പുഴയ്ക്ക് പുറമെ, കൊല്ലം, മലപ്പുറം കലക്ടറേറ്റുകളിലേക്കും ആശ വര്‍ക്കര്‍മാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വിജ്ഞാപനം മാര്‍ച്ച് ഏഴിന്

പ്രാഥമിക പരീക്ഷ ജൂണ്‍ 14ന്; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് വിജ്ഞാപനം മാര്‍ച്ച് ഏഴിന്

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തെരഞ്ഞെടുപ്പിനായി മാര്‍ച്ച് ഏഴിന് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് പിഎസ് സി. പ്രാഥമിക പരീക്ഷയും അന്തിമപരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കി 2026 ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

കെഎഎസ് തെരഞ്ഞെടുപ്പിന് ഒറ്റഘട്ടമായി നൂറ് മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പര്‍ അടങ്ങിയ പ്രാഥമിക പരീക്ഷ ജൂണ്‍ 14ന് നടക്കും. 100 മാര്‍ക്ക് വീതമുള്ള 3 പേപ്പര്‍ അടങ്ങിയ അന്തിമ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളില്‍ നടത്തുമെന്നും പിഎസ് സി അറിയിച്ചു. 2026 ജനുവരിയില്‍ അഭിമുഖം പൂര്‍ത്തിയാക്കി ഫെബ്രുവരി 16ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷയുടെയും അന്തിമ പരീക്ഷയുടെയും സിലബസ് വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെ കെഎഎസ് തെരഞ്ഞെടുപ്പിന്റെ സിലബസാണ് പ്രാഥമിക, അന്തിമ പരീക്ഷകള്‍ക്ക് തീരുമാനിച്ചിട്ടുള്ളത്.

പ്രാഥമിക പരീക്ഷയിലും അന്തി മ പരീക്ഷയിലും ഇംഗ്ലീഷ് ചോദ്യത്തോടൊപ്പം മലയാള പരിഭാഷയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തമിഴ്, കന്നട പരിഭാഷയും ലഭ്യമാക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇംഗ്ലീഷിലോ, മലയാളത്തിലോ, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഇംഗ്ലീഷിലോ, തമിഴിലോ, കന്നടയിലോ ഉത്തരം എഴുതുവാനും അവസരം നല്‍കുമെന്നും പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.