ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ കയറണം; എന്‍എച്ച്എം ഡയറക്ടറുടെ അന്ത്യശാസനം

ആശ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ കയറണം; എന്‍എച്ച്എം ഡയറക്ടറുടെ അന്ത്യശാസനം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് അന്ത്യശാസനം. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പണിമുടക്കുന്നവര്‍ അടിയന്തരമായി ജോലിയില്‍ കയറണമെന്നാണ് നിര്‍ദേശം.

സമരം 15 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിക്കൊരുങ്ങുന്നത്. ആശ വര്‍ക്കര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇതിന് നടപടിയെടുക്കണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവര്‍ത്തകരെ പകരം ഉപയോഗിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ശമ്പള വര്‍ധന, ഓണറേറിയം കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നത്. ഈ മാസം 10 മുതലാണ് ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല.

സമരം ജില്ലാ കേന്ദ്രങ്ങളിലേക്ക് അടക്കം വ്യാപിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് എന്‍എച്ച്എം മിഷന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. 27 ന് ആലപ്പുഴ, മലപ്പുറം ജില്ലകളിലും 28 ന് കോഴിക്കോടും സമരം നടത്താനാണ് തീരുമാനം. ഓണറേറിയം കുടിശ്ശിക കിട്ടിയത് ഡിസംബര്‍ മാസത്തെ മാത്രമാണെന്നും, മുഴുവന്‍ കുടിശ്ശിക നല്‍കി എന്നത് തെറ്റായ പ്രചരണമെന്നും സമരക്കാര്‍ പറയുന്നു.

ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശ വർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു. ആശവർക്കർമാരുടെ സമരത്തെ സിപിഎം തള്ളിപ്പറ‍ഞ്ഞിരുന്നു. മൂന്നാറിലെ പൊമ്പിളൈ ഒരുമൈയുടെ സമരത്തിന്റെ തനിയാവർത്തനമാണെന്നും, സമരത്തിന് പിന്നിൽ ചില അരാജക സംഘടനകളാണെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി അം​ഗം എളമരം കരീം അഭിപ്രായപ്പെട്ടിരുന്നു.

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി.

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി.

കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തി. നിലയ്ക്കാമുക്ക് ബിവറേജസിന് മുൻപിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കീഴാറ്റിങ്ങൽ സ്വദേശി ഷിബു (50) ആണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഷിബുവിനോടൊപ്പം ജോലി ചെയ്യുന്നവരാണ് കൊലപാതകം നടത്തിയെന്നും മുൻ വൈരാഗ്യമാണ് കാരണമെന്നുമാണ് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിലായി.
നിലയ്ക്കാമുക്ക് സ്വദേശി വരുൺ, അഫ്‍സി എന്നിവരാണ് കടയ്ക്കാവൂർ പോലീസിന്റെ പിടിയിലായത്.
കടയ്ക്കാവൂർ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

‘ഞാന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും’; ഫര്‍സാനയെ കൊലപ്പെടുത്തിയത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നതിന് പിന്നാലെ

‘ഞാന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും’; ഫര്‍സാനയെ കൊലപ്പെടുത്തിയത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നതിന് പിന്നാലെ

തിരുവനന്തപുരം: വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നായിരുന്നു പെണ്‍സുഹൃത്ത് ഫര്‍സാനയെ പ്രതി അഫാന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അഫാന്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

പിജി വിദ്യാര്‍ഥിനിയായ ഫര്‍സാന പഠിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. കൊല്ലത്ത് പിജിക്ക് പഠിക്കുന്ന ഫര്‍സാന ട്യൂഷന് പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. വീട്ടില്‍ നിന്ന് ഫര്‍സാനയെ കൂട്ടിക്കൊണ്ടുപോയ അഫാന്‍, പേരുമലയിലെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു എന്നാണ് വിവരം.

ഇതിലുള്ള പ്രകോപനമാകാം കൊടുംക്രൂരതയിലേക്ക് അഫാനെ പ്രേരിപ്പിച്ചതെന്നും പൊലീസ് കരുതുന്നു. കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു. ഫര്‍സാനയെയും ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. അഞ്ചു കൊലപാതകങ്ങളില്‍ അവസാനത്തേത് ഫര്‍സാനയുടേതാണ്. സൗമ്യമായി പെരുമാറുന്ന പ്രകൃതക്കാരിയാണ് ഫര്‍സാനയെന്ന് നാട്ടുകാര്‍ പറയുന്നു. താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് അഫാന്‍ പൊലീസിന് നല്‍കിയ മൊഴി.

‘ഞാന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും’; ഫര്‍സാനയെ കൊലപ്പെടുത്തിയത് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്നതിന് പിന്നാലെ

സഹോദരനെ കൊന്നത് ആഹാരം വാങ്ങിക്കൊടുത്ത ശേഷം, ഏറ്റവും ഒടുവില്‍ ഫര്‍സാന

തിരുവനന്തപുരം: രാവിലെ മുതല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിക്രൂരമായ കൊലപാതകങ്ങള്‍ നടന്നിട്ടും നാടറിയുന്നത് വൈകീട്ട് ആറു മണിക്കു ശേഷം. തൊട്ടടുത്ത് ബന്ധുക്കള്‍ ഉള്‍പ്പെടെ താമസിക്കുന്നുണ്ടെങ്കിലും എല്ലാവരും വിവരം അറിയുന്നത് പൊലീസുകാര്‍ സ്ഥലത്ത് എത്തുമ്പോള്‍ മാത്രമാണ്.

പേരുമലയിലെ വീട്ടില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കല്ലറ പാങ്ങോട്ട് എത്തിയാണ്, ഒറ്റയ്ക്കു താമസിക്കുന്ന മുത്തശി സല്‍മാബീവിയെ അഫാന്‍ ആദ്യം കൊലപ്പെടുത്തിയത്. ഇവരെ കുളിമുറിയില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയിരുന്നു. സ്വാഭാവിക മരണമാണെന്നാണ് നാട്ടുകാര്‍ കരുതിയത്.

എന്നാല്‍ അഫാന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് ഇതു കൊലപാതകമാണ് എന്നറിഞ്ഞത്. പിന്നീട് അഫാന്‍ കൊന്നത് പുല്ലമ്പാറ എസ്എന്‍ പുരത്തുള്ള പിതൃസഹോദരന്‍ ലത്തീഫ് (69), ഭാര്യ ഷാഹിദ (59) എന്നിവരെയാണ്. റിട്ട. സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ ലത്തീഫിന്റെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തലയ്ക്കു പിന്നില്‍ ചുറ്റിക കൊണ്ട് അടിച്ചു കൊന്നുവെന്നാണ് സൂചന. ഗുരുതരമായി തലയ്ക്കു പരിക്കേറ്റിരുന്നു.

ഇവിടെയും കൊലപാതകം നടന്ന വിവരം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ഈ കൊടുംക്രൂരതകള്‍ക്കു ശേഷം അഫാന്‍ വീട്ടിലെത്തി അനുജനെ പുറത്തുകൊണ്ടുപോയി ആഹാരം വാങ്ങിക്കൊടുത്തുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനു ശേഷമാണ് സഹോദരനെയും തന്റെ പെണ്‍സുഹൃത്തിനെയും അമ്മയെയും ആക്രമിച്ചത്. ഏറ്റവും ഒടുവിലാണു പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊന്നതെന്നാണു സൂചന.

കൊലപാതകം നടത്തിയ ശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി അഫാന്‍ സംഭവം വിവരിച്ചതോടെയാണ് കൂട്ടക്കൊല പുറംലോകം അറിയുന്നത്. താന്‍ ആറു പേരെ കൊലപ്പെടുത്തിയെന്നാണ് പേരുമന സ്വദേശിയായ അഫാന്‍(23) വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തി പറഞ്ഞത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതക വിവരം സ്ഥിരീകരിക്കുകയായിരുന്നു.

‘അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്, എല്ലാവരും മരിച്ചു കാണും’, ഓട്ടോയില്‍ എത്തിയ യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസ്

‘അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്, എല്ലാവരും മരിച്ചു കാണും’, ഓട്ടോയില്‍ എത്തിയ യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസ്

തിരുവനന്തപുരം: ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’ സ്റ്റേഷനിലേക്കു നടന്നെത്തിയ ചെറുപ്പക്കാരന്‍ ഒരു ഭാവവ്യത്യാസമില്ലാതെ പറഞ്ഞപ്പോള്‍ പൊലീസുകാര്‍ക്ക് ആദ്യം വിശ്വാസമായില്ല. മനോദൗര്‍ബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമെല്ലാമാണ് പൊലീസുകാര്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടത്തിയ അഫാന്‍ പറഞ്ഞ വീടുകളില്‍ പോയി പൊലീസുകാര്‍ അന്വേഷിച്ചപ്പോഴാണ് യുവാവ് പറഞ്ഞത് സത്യമാണെന്ന കാര്യം ബോധ്യമായത്.

അഫാന്‍ പറഞ്ഞ വീടുകളിലേക്ക് തിരക്കിയെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് നിരന്നു കിടക്കുന്ന മൃതദേഹങ്ങളാണ്. പറഞ്ഞതിന്റെ പൊരുളറിയാന്‍ പൊലീസ് ഇറങ്ങുമ്പോള്‍, പൊലീസ് സ്റ്റേഷനില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു അഫാന്‍. പേരുമലയിലെ അവസാനത്തെ കൊലപാതകങ്ങള്‍ക്കുശേഷം നാലു കിലോമീറ്റര്‍ അകലെയുള്ള വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു മുന്‍പില്‍ വൈകീട്ട് ആറോടെയാണ് അഫാന്‍ ഓട്ടോയിലെത്തിയത്.

ഓട്ടോ പറഞ്ഞയച്ചു സ്റ്റേഷനിലേക്കു കയറിയപ്പോള്‍ ആദ്യം കണ്ട പൊലീസുകാരനോടു വിവരം പറഞ്ഞു: ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’- ഇതു കേട്ടപ്പോള്‍ മനോദൗര്‍ബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമാണ് പൊലീസ് ആദ്യം കരുതിയത്.

അഫാനെ അകത്തേക്കു വിളിച്ചിരുത്തിയ പൊലീസുകാര്‍ കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും മറുപടിയില്‍ വ്യക്തതയുണ്ടായില്ല. ഇതോടെ പൊലീസ് സംഘം പേരുമലയിലെ വീട്ടിലേക്കു തിരിച്ചു. തന്നില്‍നിന്നു പൊലീസിന്റെ ശ്രദ്ധ മാറിയെന്നു മനസ്സിലായതോടെ കയ്യില്‍ കരുതിയ പൊതിയില്‍നിന്ന് അഫാന്‍ എലിവിഷമെടുത്തു കഴിച്ചു. പിന്നാലെ കുഴഞ്ഞുവീണു. പേരുമലയിലെ വീട്ടിലെത്തിയ പൊലീസിനു കാണാനായതു രണ്ടു മൃതദേഹങ്ങള്‍. അഫാന്റെ അനുജനും സുഹൃത്തും. ശ്വാസമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ഉമ്മ ഷമിയെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. ഇതിനുശേഷമാണു പാങ്ങോട്ടും പുല്ലമ്പാറയിലും മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്.

ആറു പേരും കൊല്ലപ്പെട്ടുവെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അഫാന്‍. കയ്യില്‍ എലിവിഷം കരുതി പൊലീസ് സ്റ്റേഷനിലെത്തിയത് അതുകൊണ്ടാണ്. എല്ലാവരുടെയും തലയ്ക്കാണ് അടിയേറ്റത്. പേരുമലയിലെ വീട്ടില്‍ ഉമ്മയെയും അനുജനെയും സുഹൃത്തിനെയും തലയ്ക്ക് അടിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ടതും ആരും രക്ഷപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു. രാത്രിയില്‍ വീട്ടിലെത്തുന്ന പൊലീസോ, അയല്‍ക്കാരോ തീപ്പെട്ടിയുരച്ചാല്‍ വീടുള്‍പ്പെടെ കത്തുമെന്നായിരുന്നു യുവാവിന്റെ കണക്കുകൂട്ടല്‍ എന്നും പൊലീസ് പറയുന്നു

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം നാലുദിവസത്തിനുള്ളിൽ കൈപ്പറ്റണം; കാലാവധി നീട്ടില്ല

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം നാലുദിവസത്തിനുള്ളിൽ കൈപ്പറ്റണം; കാലാവധി നീട്ടില്ല

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ച് നൽകിയിട്ടുണ്ട്.

ഫെബ്രുവരി 28നുള്ളിൽ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നൽകുന്നതല്ലെന്നും വാർത്താക്കുറിപ്പിൽ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.