by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം. ഇടതുമുന്നണി 17 സീറ്റില്‍ വിജയിച്ചു. യുഡിഎഫിന് 12 സീറ്റ് ലഭിച്ചപ്പോള്‍ എസ്ഡിപിഐ ഒരു വാര്‍ഡില്‍ വിജയിച്ചു. തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ ശ്രീവരാഹം വാർഡിൽ എൽഡിഎഫ് വിജയിച്ചു. കോട്ടയം രാമപുരം പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. ഏഴാം വാര്‍ഡില്‍ (രാമപുരം) യുഡിഎഫിന്റെ രജിത ടി ആര്‍ 235 വോട്ടിന് വിജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
എല്‍ഡിഎഫിന്റെ പക്കല്‍ നിന്നും ആറ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കരുകുളം കൊച്ചുപള്ളി, പത്തനംതിട്ട അയിരൂര്‍, എറണാകുളം അശമന്നൂര്‍ മേതല തെക്ക്, പായിപ്ര, കോഴിക്കോട് പുറമേരി കുഞ്ഞല്ലൂര്‍, മലപ്പുറം തിരുവാനായ എന്നിവയാണ് യുഡിഎഫ് പിടിച്ചെടുത്തത്. പായിപ്ര പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും സീറ്റ് നിലയില്‍ ഒപ്പത്തിനൊപ്പമാണ്.
മലപ്പുറം കരുളായി പഞ്ചായത്ത് ചക്കിട്ടമല, ആലപ്പുഴ മുട്ടാര്‍ മിത്രക്കരി, മൂവാറ്റുപുഴ നഗരസഭ വാര്‍ഡ് 13 എന്നി വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. അതേസമയം ഇടതുമുന്നണി രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം പൂവച്ചല്‍ പുളിക്കോട്, എറണാകുളം പൈങ്ങോട്ടൂര്‍ പനങ്കര വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. തിരുവനന്തപുരം പാങ്ങോട് പുലിപ്പാറ വാര്‍ഡ് കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും എസ്ഡിപിഐ പിടിച്ചെടുത്തു.
രാമപുരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വാര്‍ഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച ഷൈനി, പ്രസിഡന്റ് പദത്തില്‍ ടേം പൂര്‍ത്തിയായിട്ടും രാജിക്ക് തയ്യാറായില്ല. പിന്നീട് കേരള കോണ്‍ഗ്രസ് എം ( ജോസ് കെ മാണി) പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രസിഡന്റായി തുടര്‍ന്നു. ഇതേത്തുടര്‍ന്ന് കൂറുമാറ്റത്തിന് ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കുകയായിരുന്നു.
സംസ്ഥാനത്ത് ഇന്നലെ നടന്ന തദ്ദേശ ഉഫതെരഞ്ഞെടുപ്പിൽ 30 വാർഡുകളിലായി ആകെ 87 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. കാസർകോട് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന് കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ ഇടതു സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ശേഷിച്ച 28 വാർഡുകളിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
ആവണിപുരം ശ്രീ മഹാവിഷ്ണു സ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും ദശാവതാരച്ചാർത്തും പാൽപ്പായസപൊങ്കാലയും ഫെബ്രുവരി 28 മുതൽ മാർച്ച് 8 വരെ നടക്കും.
ഉത്സവത്തിന്റെ ഒന്നാം ദിവസം വൈകുന്നേരം സാംസ്‌കാരിക സമ്മേളനം, 6 45നു ദശാവതാരച്ചാർത്ത് ആരംഭം തുടർന്ന് ഉത്സവത്തിനു തൃക്കൊടിയേറും. ആറാം ദിവസം രാവിലെ 11.30നു രുഗ്മിണീസ്വയംവരം, ഏഴാം ദിവസം രാവിലെ എട്ടിന് പാൽപ്പായസം പൊങ്കാലയും ഉണ്ടാകും. എട്ടാം ദിവസം വൈകുന്നേരം ആറിന് താലപ്പൊലിയും വിളക്കും, ഒമ്പതാം ദിവസം ആറാട്ട് എഴുന്നള്ളത്തും തൃക്കൊടിയിറക്കോടും കൂടി ഉത്സവം സമാപിക്കും. കഞ്ഞി സദ്യ, അന്നദാനം തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തോളം ആളുകളെ നിശബ്ദമായി ബാധിക്കുന്ന ഒരു രോഗമായി നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍എഎഫ്എല്‍ഡി) മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ണായക ഇടപെടല്‍ നടത്തുന്നത്. ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടമായി തിരുവനന്തപുരം ജനറല്‍ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഘട്ടംഘട്ടമായി സംസ്ഥാനത്ത് ഉടനീളം ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
രക്ത പരിശോധനാ ലാബുകള്‍, സ്‌കാനിംഗ് തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പുറമേ ഫാറ്റി ലിവറിന്റെ കാഠിന്യമറിയാനുള്ള ഫൈബ്രോ സ്‌കാനിംഗ് മെഷീന്‍ ഉള്‍പ്പെടെ സജ്ജമാക്കിയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. നിലവില്‍ പ്രധാന മെഡിക്കല്‍ കോളേജുകളിലും ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനം തന്നെ അപടകടത്തിലായി അതീവ ഗുരുതരാവസ്ഥയിലേക്ക് പോകുന്ന ഒരു രോഗമാണ് ഫാറ്റി ലിവര്‍. മദ്യപാനത്തിലൂടെയോ അല്ലെങ്കില്‍ മരുന്നുകളുടെ ദുരുപയോഗം കൊണ്ടോ ഉണ്ടാകുന്ന രോഗമാണ് ഫാറ്റി ലിവര്‍ എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇവയല്ലാതെ ഉണ്ടാകുന്ന രോഗമാണ് നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍. വലിയ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ കണ്ടെത്താനും താമസം വരുന്നു. അതിനാല്‍ ഈ രോഗത്തിന്റെ സങ്കീര്‍ണതകളായ ലിവര്‍ സിറോസിസോ കാന്‍സറോ ആയി മാറാന്‍ സാധ്യതയുണ്ട്. നേരത്തെ കണ്ടുപിടിക്കുന്നതിലൂടെയും ചികിത്സയിലൂടെയും ജീവിതശൈലി മാറ്റങ്ങളിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കും. അതിനായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ഏറെ സഹായിക്കും.
സാധാരണയായി അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകളിലുള്ളവരിലാണ് ഫാറ്റി ലിവര്‍ കാണപ്പെടുന്നത്. ഫാറ്റി ലിവര്‍ രോഗത്തിന് പലപ്പോഴും ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. സാധാരണ മഞ്ഞപ്പിത്തം മൂലം കണ്ണുകളിലെ മഞ്ഞ, ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം, നിറവ്യത്യാസമുള്ള മൂത്രം തുടങ്ങിയ ലക്ഷണങ്ങളാണ് കാണുന്നത്. അമിതമായ ക്ഷീണം, വയര്‍ പെരുക്കം തുടങ്ങിയ ലക്ഷണങ്ങളും കാണാറുണ്ട്. പക്ഷെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ കാണാത്തതിനാല്‍ ഇത് പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്.
വളരെ ലളിതമായ ഒരു പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്ന രോഗമാണിത്. രക്തത്തിലെ എന്‍സൈമുകള്‍, ബിലിറൂബിന്‍ എന്നിവയുടെ അളവ് പരിശോധിച്ച് കരള്‍ രോഗങ്ങള്‍ കണ്ടെത്താം. എ.എല്‍.ടി., എ.എസ്.ടി, എ.എല്‍.പി., ബിലിറൂബിന്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇത് കൂടാതെ ഒരു അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് കൂടി നടത്തിയാല്‍ പെട്ടെന്ന് തന്നെ രോഗം കണ്ടുപിടിക്കാന്‍ കഴിയുന്നു. ഇതിന്റെ കാഠിന്യം അറിയുന്നതിന് ഫൈബ്രോ സ്‌കാന്‍ എന്ന പരിശോധന കൂടി നടത്തുന്നു. ഇതിലൂടെ കരള്‍ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനും ജീവന്‍ രക്ഷിക്കാനും സാധിക്കും.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തല്‍. പ്രാഥമിക പരിശോധനയിലാണ് പ്രതി ലഹരി ഉപയോഗിച്ചെന്ന് കണ്ടെത്തിയതെന്ന് ഡിവൈഎസ്പി കെ എസ് അരുണ്‍ പറഞ്ഞു. ഏത് തരം ലഹരിയാണ് ഉപയോഗിച്ചത് എന്ന് ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.
ചുറ്റിക ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. കൊല്ലപ്പെട്ട എല്ലാവര്‍ക്കും തലയ്ക്കാണ് കൂടുതല്‍ അടിയേറ്റത്. കൊലപാതകത്തിന് പല കാരണങ്ങളുണ്ട്. അന്വേഷണ ഘട്ടമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. അഫാനെതിരെ നിലവില്‍ മറ്റു കേസുകള്‍ ഒന്നുമില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.
അഫാന്റെ പിതൃസഹോദരനായ ലത്തീഫിന്റേത് ക്രൂരമായ കൊലപാതമാണ്. ശരീരത്തില്‍ 20ലേറെ പരിക്കുണ്ട്. പ്രാഥമിക പരിശോധനയില്‍ പരിക്കുകള്‍ ചുറ്റിക ഉപയോഗിച്ചുള്ള അടിയേറ്റാണ് എന്നാണ് വിലയിരുത്തല്‍. ലത്തീഫ് കഴിഞ്ഞദിവസം പേരുമലയിലെ വീട്ടില്‍ പോയിരുന്നു എന്നും ഡിവൈഎസ്പി പറഞ്ഞു.
അഫാന്റെ പെണ്‍സുഹൃത്തിനെപ്പറ്റി സംസാരിക്കാനാകാം ലത്തീഫ് അവിടെ പോയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ വൈരാഗ്യത്തിലാകാം ലത്തീഫിന്റെ കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. പിതാവിന്റെ ഉമ്മയെ കൊലപ്പെടുത്തിയത് പണത്തിന് വേണ്ടിയാണെന്നും പൊലീസ് പറയുന്നു. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. അതിനിടെ കേസ് മൂന്ന് ഡിവൈഎസ്പിമാരും നാല് സിഐമാരും അടങ്ങുന്ന പ്രത്യേക സംഘം അന്വേഷിക്കും. റൂറല്‍ എസ്പി അന്വേഷണത്തിന് നേതൃത്വം നല്‍കും. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. നിലവില്‍ അഫാന്‍ പറഞ്ഞത് മുഴുവനും മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നും പൊലീസ് പറയുന്നു.
by Midhun HP News | Feb 25, 2025 | Latest News, ജില്ലാ വാർത്ത
ആധാർ സേവനങ്ങൾ ലഭിക്കുന്നതിന് അപേക്ഷിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നതിനുള്ള നിർദേശങ്ങൾ ആധാർ അതോറിറ്റി (യുഐഡിഎഐ) കർശനമാക്കി. മുഖം മുഴുവൻ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോകൾക്കു മാത്രമേ ഇനി അംഗീകാരം ഉണ്ടാകൂ. ചെവികളടക്കം, മുഖം വ്യക്തമായി കാണുന്ന വിധത്തിലുള്ള ഫോട്ടോ എടുക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
ശിരോവസ്ത്രം, തലപ്പാവ്, തൊപ്പി എന്നിവ ധരിച്ചു ഫോട്ടോ എടുക്കുമ്പോൾ നെറ്റി, ചെവി എന്നിവ വ്യക്തമായി കാണുന്നതിനു പരിമിതി നേരിട്ടിരുന്നു. ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ക്രമക്കേടുകളും തടയുന്നതിനാണ് ആധാർ അതോറിറ്റി കർശന ഉപാധികൾ കൊണ്ടുവന്നത്. അപേക്ഷകരോട് ഇക്കാര്യങ്ങൾ വിശദീകരിക്കണമെന്നും ചട്ടലംഘനമുണ്ടായാൽ ആധാർ ഓപ്പറേറ്റർക്ക് പിഴയും സസ്പെൻഷനും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
by Midhun HP News | Feb 25, 2025 | Latest News, കായികം, ജില്ലാ വാർത്ത
ദുബായ്: ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു താരത്തെ താന്‍ കണ്ടിട്ടില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. ഏകദിനത്തില്‍ സച്ചിന്‍ നേടിയ റണ്‍സ് മറികടക്കാന്‍ കെല്‍പ്പുള്ള താരം കോഹ്‌ലി തന്നെയാണെന്നു പോണ്ടിങ് ഉറച്ചു വിശ്വസിക്കുന്നു.
കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. ഇതോടെ അതിവേഗം 14,000 റണ്‍സ് ഏകദിനത്തില്‍ സ്വന്തമാക്കുന്ന ആദ്യ താരമായി കോഹ്‌ലി മാറി. മാത്രമല്ല 14,000ത്തിനു മുകളില്‍ റണ്‍സ് അടിച്ച മൂന്നാമത്തെ മാത്രം താരമായും കോഹ്‌ലി മാറി. താരത്തിന്റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണ് ദുബായില്‍ പിറന്നത്.
’50 ഓവര്‍ ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. റണ്‍ വേട്ടയില്‍ അദ്ദേഹം എന്നെ മറികടന്നു. ഇനി രണ്ട് പേര്‍ മാത്രമേ മുന്നിലുള്ളു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് അദ്ദേഹം തന്നെ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്.’
‘നിലവില്‍ കോഹ്‌ലി (14085 റണ്‍സ്) ഇപ്പോഴും സച്ചിനെക്കാള്‍ (18426) 4,341 റണ്‍സ് പിന്നിലാണ്. 36 വയസുമുണ്ട്. സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക എന്ന ചരിത്രമെഴുതാന്‍ പരിമിതമായ സമയം മാത്രമേ താരത്തിനു മുന്നിലുള്ളു. എന്നാല്‍ പോണ്ടിങ് അതു കണക്കാക്കുന്നില്ല. കോഹ്‌ലി വിചാരിച്ചാല്‍ അതു സാധിക്കുമെന്നു തന്നെയാണ് ഇതിഹാസ ഓസീസ് ബാറ്റര്‍ വിശ്വസിക്കുന്നത്.’
‘അദ്ദേഹം ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. ഇപ്പോഴും അസാധാരണമാം വിധമാണ് കോഹ്‌ലി കഠിനാധ്വാനം ചെയ്യുന്നത്. കണക്ക് നോക്കുമ്പോള്‍ ഞാന്‍ പറയുന്നത് കുറച്ച് അതിശയകരമായി തോന്നാം. ഇത്ര കാലം ഇത്രയും മികവോടെ കളിച്ചിട്ടും വിരാട് സച്ചിനേക്കാള്‍ 4000 റണ്‍സ് പിന്നാലാണ്.’
‘സച്ചിന്‍ എത്ര മികവുള്ള താരമായിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. എന്നാല്‍ റണ്‍സ് നേടാനുള്ള ആഗ്രഹം ഉള്ളിടത്തോളം വിരാടിനെപ്പോലുള്ള ഒരാളെ എളുപ്പം ഒഴിവാക്കാന്‍ സാധിക്കില്ല.(സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുന്നതില്‍).’
പാകിസ്ഥാനെതിരെ കണ്ടത് കോഹ്‌ലിയുടെ ഏറ്റവും മികച്ച ബാറ്റിങുകളില്‍ ഒന്നാണെന്നു പോണ്ടിങ് പറയുന്നു.
‘ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ അദ്ദേഹം പാകിസ്ഥാനെതിരെ ഉരുക്കു പോലെ ഉറപ്പോടെയാണ് നിന്നത്. ദുബായിലെ ആ രാത്രിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം കോഹ്‌ലിയായിരുന്നു. അത്തരമൊരു മത്സരം ജയിപ്പിക്കാന്‍ ഉതകുന്ന ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള ഒരു താരം ബാറ്റിങ് ഓര്‍ഡറില്‍ തുടക്കത്തില്‍ ആവശ്യമാണ്. ദീര്‍ഘനാളായി ഒരു ചാംപ്യന്‍ കളിക്കാരനായി നില്‍ക്കുന്ന കോഹ്‌ലിയെ പോലെ ഒരാള്‍ ആ ജോലി പൂര്‍ത്തിയാക്കേണ്ടത് അയാളുടെ ഉത്തരവാദിത്വം കൂടിയാണ്. കാരണം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അവിശ്വസനീയമായ താരമാണ് അദ്ദേഹം’- പോണ്ടിങ് വാചാലനായി.
Recent Comments