by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇതിന് പൊലീസ് നടപടി സ്വീകരിക്കണം. കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
‘കാല്‍നട യാത്രക്കാരില്‍ പലരും റോഡില്‍ നടക്കുന്നത് മൊബൈല്‍ കാതില്‍ വച്ചുകൊണ്ടാണ്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്യും. നമ്മുടെ നാട്ടില്‍ ഡ്രൈവിങ് പഠിച്ചവര്‍ക്ക് എന്തിനാണ് സീബ്രാലൈന്‍ വച്ചതെന്ന് അറിയില്ല’ ഗണേഷ് കുമാര്‍ പറഞ്ഞു.
‘ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണ്. പൊലീസ് വകുപ്പ് ചെയ്യേണ്ടതാണ്. മുഖ്യമന്ത്രി ഇടപെട്ടാല്‍ അത് നടക്കും. കാല്‍ നടയാത്രക്കാരന്‍ വട്ടം ചാടിയാലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്താലും പിഴയൊന്നുമില്ല. പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ട കാര്യമാണ്. ഇപ്പോള്‍ വാഹനമോടിക്കുന്നവനേ പിഴയള്ളു. തോന്നിയപോലെ റോഡ് ക്രോസ് ചെയ്യുന്നവര്‍ക്കും മൊബൈലില്‍ സംസാരിച്ച് വട്ടം ചാടുന്നവര്‍ക്കും ഫൈനൊന്നുമില്ല. അതിന് പിഴ ഏര്‍പ്പെടുത്തണം. കുറെയങ്ങ് അപകടം കുറഞ്ഞ് കിട്ടും’ – ഗണേഷ് കുമാര്‍ പറഞ്ഞു.
by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ( വ്യാഴം, വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ജാഗ്രതാനിര്‍ദേശങ്ങള്‍:
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും ആവശ്യമെങ്കില്‍ യാത്രയ്ക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ സമൂഹ പൊങ്കാല സമർപ്പണം ക്ഷേത്ര ശ്രീകോവിലിന്റെ വടക്കേ നടയിൽ പ്രത്യേകമായി തയ്യാറാക്കിയ പണ്ടാര അടുപ്പിൽ മേൽശാന്തി ഇടവ വെൺകുളം കാട്ടുവിള കൃഷ്ണരാജ മഠത്തിൽ ഗോപാലകൃഷ്ണ റാവു തീ പകർന്നതോടെ പൊങ്കാല മഹോത്സവത്തിനു തുടക്കമായി.
ക്ഷേത്ര പറമ്പിൽ ഒരുക്കിയ 50,000 അടുപ്പുകൾക്ക് പുറമേ ക്ഷേത്രസന്നിധിയിലേക്ക് 5 കിലോമീറ്റർ ചുറ്റളവിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ പൊങ്കാല അടുപ്പുകൾ സജ്ജീകരിക്കാൻ സ്ഥലമൊരുക്കിയിരുന്നു. ഭക്തജന തിരക്ക് നിയന്ത്രിക്കാൻ വനിതാ പോലീസുകാർ അടക്കം സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കഠിനമായ ചൂടിൽ പൊങ്കാലയിടുന്നവർക്ക് ആശ്വാസം പകരാൻ ശീതള പാനീയങ്ങൾ, പഴവർഗ്ഗങ്ങൾ, അന്നദാനം എന്നിവയും വിവിധ സംഘടനകൾ സൗജന്യമായി വിതരണം ചെയ്തു.
by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
ബ്രെയിൻ ഹാക്ക് അക്കാഡമി മെമ്മറി ട്രയിനർ ശാന്തി സത്യൻ അനിത് സൂര്യ സംഘടിപ്പിച്ച “മെമ്മറി മാരത്തോൺ” എന്ന പരിപാടിയിൽ ആലംകോട് ഫാത്തിമ വില്ലയിലെ ജമീറുദീൻ്റെയും, സോണി ജമീറുദീന്റെയും മകനായ മുഹമ്മദ് യാസിൻ ആണ് ഒരു മിനിറ്റിനുള്ളിൽ വലിപ്പ ക്രമത്തിൽ 125 രാജ്യങ്ങളുടെ പേര് ഓർത്ത് പറഞ്ഞു കൊണ്ട് അപൂർവമായ പ്രകടനം കാഴ്ചവച്ചത്.
ഇത് യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം (URF) അംഗീകരിച്ചു. ഈ നേട്ടത്തോടെ ഓർമ്മശക്തിയും പഠനവുമായി ബന്ധപ്പെട്ട കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന യുവ വിദ്യാർത്ഥികൾക്ക് ഒരു പ്രചോദനമായി മാറിയിരിക്കുകയാണ് ഗവഃ എൽ.പി.സ്കൂൾ മേവർക്കിലെ 2ാം ക്ലാസുകാരനായ മുഹമ്മദ് യാസിൻ. പീരിയോഡിക് ടേബിളിലെ 118 മൂലകങ്ങളും അവയുടെ അറ്റോമിക നമ്പരും ഓർത്ത് പറയുക, ലോകത്തിലെ മുഴുവൻ രാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും ഓർത്തു പറയുക, ഗണിതശാസ്ത്രത്തിലെ സ്ഥിരസംഖ്യയായ പൈയുടെ ദശാംശ സംഖ്യകൾ ഓർത്തു പറയുക തുടങ്ങിയ നിരവധി പരിശീലനങ്ങൾ ബ്രെയ്ൻ ഹാക്കിൽ, മെമ്മറിയിൽ ഗിന്നസ് വേൾഡ് റിക്കോർഡ് ഉൾപ്പെടെ നിരവധി ലോക റിക്കോർഡുകൾക്ക് ഉടമയായ പരിശീലക ശാന്തി സത്യൻ അനിത് സൂര്യ നടത്തിവരുന്നു. ഈ കടമ്പകളെല്ലാം കഴിഞ്ഞാണ് ബ്രെയിൻ ഹാക്കർ മുഹമ്മദ് യാസിൻ ഇപ്പോൾ ഏഷ്യൻ റെക്കോർഡിൽ എത്തി നിൽക്കുന്നത്.
by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തിലെ അഴിമതിക്കാരെയും കൈക്കൂലിക്കാരെയും പൂട്ടാന്‍ നീക്കവുമായി വിജിലന്‍സ്. സര്‍ക്കാര്‍ സര്‍വീസിലെ അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കി. 262 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.
പട്ടികയില്‍ കൂടുതലും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ്. രണ്ടാം സ്ഥാനം തദ്ദേശ സ്വയംഭരണ വകുപ്പിനാണ്. പൊതുമരാമത്തു വകുപ്പിലെ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് ഡയറക്ടര്‍, വിജിലന്‍സിലെ പൊലീസ് സൂപ്രണ്ടുമാര്‍ക്ക് കൈമാറി. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ നിരന്തരം നിരീക്ഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സ്ഥിരമായി കേസില്‍പ്പെടുന്നവരെ പ്രത്യേകം നിരീക്ഷിക്കണം. അഴിമതിക്കാരെ കണ്ടെത്താന്‍ ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണം. ഫയലുകള്‍ ദീര്‍ഘകാലം വെച്ചുതാമസിപ്പിക്കുന്നവര്‍, ഫയല്‍ നീക്കാന്‍ പണം ആവശ്യപ്പെടുന്നവര്‍ തുടങ്ങിയവരെയെല്ലാം പ്രത്യേകം ലിസ്റ്റില്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെ കുരുക്കാന്‍ മാസത്തില്‍ ഒരു ട്രാപ്പെങ്കിലും ഒരുക്കണമെന്നും വിജിലന്‍സ് എസ്പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മാസം തോറും വിലയിരുത്താനും വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചു. വിജിലന്‍സ് ഡിഐജിക്കാണ് ഇതിന്റെ ചുമതല. ഒന്നര വര്‍ഷമായി ഒരു ട്രാപ്പ് പോലും നടത്താത്ത യൂണിറ്റുകള്‍ വിജിലന്‍സിലുണ്ടെന്നും ഡയറക്ടര്‍ വിമര്‍ശിച്ചു. പ്രവര്‍ത്തനം മോശമായവരെ മാതൃ സേനയിലേക്ക് മടക്കുമെന്നും വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
by Midhun HP News | Feb 13, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുകയാണ്. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിര്‍ദേശം.
ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍ ആര്‍സിയുമായി ബന്ധിപ്പിക്കുന്ന വിധം:
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍, പെര്‍മിറ്റ്, ടാക്‌സ്, ഇ- ചലാന്‍, തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും വാഹന ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റ് വഴി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. അതിനായി www.parivahan.gov.in എന്ന സൈറ്റില്‍ പ്രവേശിച്ച ശേഷം ഓണ്‍ലൈന്‍ സര്‍വീസസില്‍ vehicle related services ക്ലിക്ക് ചെയ്ത് സ്റ്റേറ്റ്, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ നല്‍കി മുന്നോട്ടുപോയാല്‍ വാഹന സംബന്ധമായ ഒരുപാട് സര്‍വീസുകളുടെ ഐക്കണ്‍ കാണാന്‍ സാധിക്കും. അതില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍ ഓപ്പണ്‍ ചെയ്ത് വാഹനം സംബന്ധമായതും ആധാറുമായി ബന്ധപ്പെട്ടതുമായ വിവരങ്ങളും മൊബൈല്‍ ഒടിപിയും നല്‍കി മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.
മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തൊട്ടടുത്ത ഐക്കണ്‍ ആയ അപ്‌ഡേറ്റ് മൊബൈല്‍ നമ്പര്‍ ഓപ്പണ്‍ ചെയ്ത് വാഹനം സംബന്ധമായതും ആധാറിലെ വിശദാംശങ്ങളും മൊബൈല്‍ ഒടിപിയും നല്‍കിയാല്‍ ഒരു ആപ്ലിക്കേഷന്‍ നമ്പര്‍ ജനറേറ്റ് ആകും. ഇതിന്റെ രശീത് പ്രിന്റ് എടുക്കുകയും വേണം. തുടര്‍ന്ന് അപ്ലോഡ് ഡോക്യൂമെന്റ്‌സില്‍ പോയി അപേക്ഷകന്റെ ഒരു അപേക്ഷ, മൊബൈല്‍ നമ്പര്‍ ഉള്ള ഇ- ആധാറിന്റെ പകര്‍പ്പ് അടക്കം മൂന്ന് രേഖകള്‍ അപ്ലോഡ് ചെയ്ത് ഫൈനല്‍ സബ്മിഷന്‍ നല്‍കേണ്ടതാണ്. തുടര്‍ന്ന് രേഖകളുമായി ആര്‍ടിഒ ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ ഡോക്യൂമെന്റ്‌സ് പെന്റിങ് ആയാല്‍ സ്റ്റാറ്റസ് എന്ന ഭാഗത്ത് പോയി റീപ്രിന്റ് എന്ന ഓപ്ഷനില്‍ ഡോക്യൂമെന്റ്‌സ് അപ്ലോഡ് ചെയ്യാവുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ ക്രിയേറ്റ് ചെയ്യപ്പെട്ടാല്‍ withdrawal application എന്ന ഭാഗത്ത് പോയി അപേക്ഷ പിന്‍വലിക്കാവുന്നതുമാണെന്ന് എംവിഡി അറിയിച്ചു.
Recent Comments