by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമം. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംഘടനാ പ്രവര്‍ത്തകരാണ് ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.
എന്നാല്‍ പൊലീസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും, കട്ടൗട്ട് നിര്‍മ്മിക്കാനായി കൊണ്ടുവന്ന ഫ്‌ലക്‌സ് പിടിച്ചെടുക്കുകയും ചെയ്തു. രാഹുല്‍ ഈശ്വറാണ് പരിപാടി ഉദ്ഘാടനം ചെയ്യാനായി എത്തിയിരുന്നത്. പരിപാടി നടത്തുന്ന വിവരം പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ അറിയിച്ചിരുന്നെന്നും, എന്നാല്‍ അപ്പോള്‍ പ്രത്യേക നിര്‍ദേശമൊന്നും നല്‍കിയിരുന്നില്ലെന്നും സംഘടനാ നേതാവ് പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിളിച്ച് എന്താണ് പരിപാടിയെന്നും എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്നും ചോദിച്ചു. തുടര്‍ന്ന് വേറെ വിഷയമൊന്നുമില്ലെന്നാണ് അറിയിച്ചത്. എന്നാല്‍ ഇന്നു പരിപാടിക്കെത്തിയപ്പോള്‍ മ്യൂസിയം എസ്‌ഐയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും വന്ന് എല്ലാവരുടേയും പേരില്‍ കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറയുകയും നോട്ടീസ് ഒപ്പിട്ടു വാങ്ങുകയും ചെയ്തതായി പ്രവര്‍ത്തകര്‍ പറയുന്നു. കട്ടൗട്ട് പിടിച്ചെടുക്കുകയും ചെയ്തു.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് ജംഗ്ഷനിലെ വ്യാപാരസ്ഥാപനത്തിന്റെ മേൽക്കൂരതകർത്ത് മോഷണം. ഇന്ന് വെളുപ്പിന് 3:15 ഓടേയായിരുന്നു സംഭവം. അഞ്ചുതെങ്ങ് സ്വദേശി ഹൈദർഖാന്റെ ഉടമസ്ഥതയിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സജ്നാ ട്രേഡേഴ്സിലാണ് മോഷണം നടന്നത്. കടയുടെ വൈദ്യുത കണക്ഷൻ കട്ട് ചെയ്തശേഷം ഷീറ്റ് പാകിയ മേൽക്കൂര തകർത്താണ് മോഷ്ടാവ് അകത്ത്കയറിയതെന്നാണ് CCTV യിലുള്ളത്. പ്ലാസ്റ്റിക് പോളിത്തീൻ കവറുകൊണ്ട് മുഖവും ശരീര ഭാഗങ്ങളും മൂടിയിരുന്നതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.
സംഭവത്തിൽ കടയ്ക്കുള്ളിലെ മേശവലുപ്പുകളിൽ ഉണ്ടായിരുന്ന 50,000 ത്തോളം രൂപ മോഷ്ടിക്കപ്പെട്ടതായികാണിച്ച് കടയുടമ പോലീസിൽ പരാതി നൽകി. അഞ്ചുതെങ്ങ് പോലീസ് അന്വേഷണം ആരംഭിച്ചു.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം.
പാട്ടാവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്നു വിജിലൻസിനു പരാതി ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിനു ശുപാർശ ചെയ്തു. പിന്നാലെയാണ് ആഭ്യന്തര അഡീഷണൽ സെക്രട്ടറി അന്വേഷണത്തിനു ഉത്തരവിട്ടത്.വിജിലൻസ് ഡയറക്ടർക്കു ലഭിച്ച ഉത്തരവ് വിജിലൻസ് യൂണിറ്റിനു കൈമാറി. സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല.
കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്റെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞ സമ്പത്തിക വര്‍ഷം (2023-24) സംസ്ഥാനത്തിന്റെ നികുതി വരുമാനം 6.5 ശതമാനം വര്‍ധിച്ചെന്ന് സിഎജി റിപ്പോര്‍ട്ട്. 2022-23 ല്‍ 90,228.84 കോടി രൂപയില്‍നിന്ന് നികുതി വരുമാനം 96,071.93 കോടി രൂപയായതായി നിയമസഭയില്‍ വച്ച വരവു–ചെലവ് സംബന്ധിച്ച ‘അക്കൗണ്ട്‌സ് അറ്റ് എ ഗ്ലാന്‍സ്’ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 71,968.16 കോടി രൂപയില്‍ നിന്ന് 74,329.01 കോടി രൂപയായും കേന്ദ്ര നികുതികളുടെ വിഹിതം 18,260.68 കോടി രൂപയില്‍ നിന്ന് 21,742.92 കോടി രൂപയായും ഉയര്‍ന്നയായി കണക്കുകള്‍ പറയുന്നു. മൊത്തം റവന്യൂ വരുമാനമായ 1,24,486.15 കോടി രൂപയില്‍ നികുതി വരുമാനം 96,071.93 കോടി രൂപയും നികുതിയേതര വരുമാനം 16,345.96 കോടി രൂപയും ഗ്രാന്റ്-ഇന്‍-എയ്ഡ് 12,068.26 കോടി രൂപയുമാണ്.
സംസ്ഥാനത്തിന് ലഭിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റുകള്‍ ഗണ്യമായി കുറഞ്ഞു. 2022-23 ല്‍ 27,377.86 കോടി രൂപയായിരുന്ന ഗ്രാന്റുകള്‍ 2023-24 വര്‍ഷം 12,068.26 കോടി രൂപയായി കുറഞ്ഞു. 2023-24 ലെ മൊത്തം ഗ്രാന്റുകളായ ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകള്‍ 7,245.69 കോടി രൂപയും കേന്ദ്ര സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ 3,918.86 കോടി രൂപയും മറ്റ് ഗ്രാന്റുകള്‍ 903.71 കോടി രൂപയുമാണ്.
റവന്യൂ വരുമാനത്തിന്റെ 73.36%, അതായത് 1,24,486.15 കോടി രൂപ, സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍ക്കായി മാറ്റി. ഇതില്‍ ശമ്പളച്ചെലവ് 38,572.84 കോടി രൂപയും പലിശയായി അടച്ചത് 27,106.22 കോടി രൂപയും പെന്‍ഷനായി 25,644.24 കോടി രൂപയുമാണ് ചെലവഴിച്ചത്. ജിഎസ്ഡിപിയുടെ അനുപാതത്തില്‍, 2023-24 ല്‍ റവന്യൂ കമ്മി 1.58% ആയി വര്‍ധിച്ചു, ധനക്കമ്മി 2.99% ആയി വര്‍ദ്ധിച്ചു, മൊത്തം കടബാധ്യതകള്‍ 36.23% ആയി കുറഞ്ഞു. 2022-23 ല്‍ ഇവ യഥാക്രമം 0.88%, 2.44%, 36.80% എന്നിങ്ങനെയായിരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം 12.79% കുറഞ്ഞു. 2022-23 ല്‍ 15,843.71 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നീക്കിവെച്ചപ്പോള്‍ 2023-24 ല്‍ ഇത് 13,817.96 കോടി രൂപയായി കുറഞ്ഞു. 2023-24 ല്‍ മൊത്തം പദ്ധതിച്ചെലവ്, 34,310.52 കോടി രൂപ, മൊത്തം ചെലവിന്റെ 21.51% ഉം ജിഎസ്ഡിപിയുടെ 2.99% ഉം ആയിരുന്നു. മുന്‍ വര്‍ഷം ഇത് യഥാക്രമം 20.63% ഉം 3.20% ഉം ആയിരുന്നു.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടിൽ കയറി യുവതിയെ കഴുത്തറുത്തു കൊന്ന സംഭവത്തിൽ വധിക്കുമെന്ന ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവിനോട് ആതിര തിങ്കളാഴ്ച പറഞ്ഞിരുന്നു.
എന്നാൽ ഇത് രാജീവ് പുറത്തു പറഞ്ഞിരുന്നില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളിൽ ചിലരോടും പൊലീസിനോടും ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഇത് പുറത്തു പറഞ്ഞാൽ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞിരുന്നുവെന്നും അതുകൊണ്ടാണ് ആരേയും ഇക്കാര്യം അറിയിക്കാതെയിരുന്നതെന്നും രാജീവ് പറഞ്ഞു.
ആതിര കൂടുതൽ സമയം സമൂഹമാധ്യമത്തിൽ ചെലവഴിക്കുന്നതു പലതവണ വിലക്കിയിട്ടുണ്ടെന്നും രാജീവ് പൊലീസിനു മൊഴി നൽകി. അതേസമയം ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടുവെന്നു കരുതുന്ന എറണാകുളം സ്വദേശിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. നാല് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി ട്രെയിനിൽ കയറി കടന്നു കളഞ്ഞെന്നാണ് നിഗമനം. കൊലപാതകത്തിന് ശേഷം ആതിരയുടെ സ്കൂട്ടറിലാണ് പ്രതി സംഭവ സ്ഥലത്തു നിന്നും കടന്നത്. സ്കൂട്ടർ ചിറയിൻകീഴ് റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ആതിരയുടെ ഭർത്താവ് ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ രാജീവ് രാവിലെ പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് ആഴത്തിൽ കത്തി കുത്തിയിറക്കി കഴുത്തു മുറിച്ച നിലയിൽ മൃതദേഹം കണ്ടത്. ആറു വയസ്സുകാരനായ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ രാവിലെ എട്ടരയോടെ ആതിര എത്തിയത് അയൽക്കാർ കണ്ടിരുന്നു. കായംകുളം സ്വദേശിയായ രാജീവ് 24 വർഷമായി ഭരണിക്കാട് ഭഗവതി ക്ഷേത്ര പൂജാരിയാണ്.
ആതിരയെ എട്ട് വർഷം മുൻപാണു രാജീവ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകയ്ക്കു താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ അലൈന്‍മെന്റിന്റെ അന്തിമരൂപരേഖയ്ക്ക് ഈ മാസം അവസാനത്തോടെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയേക്കും. ഇക്കാര്യത്തില്‍, വ്യത്യസ്ത അലൈന്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അലൈന്‍മെന്റ് നിര്‍ദ്ദേശങ്ങളില്‍ ഡല്‍ഹി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറാക്കിയതും ഉള്‍പ്പെടുന്നു. അത് പൂര്‍ണ്ണമായും സാങ്കേതിക അടിസ്ഥാനത്തിലാണ്. ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങളില്‍ ഏറ്റവും അനുയോജ്യമായ അലൈന്‍മെന്റ് ഏതാണെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഈ മാസം അവസാനത്തോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ബെഹ്റ പറഞ്ഞു.
അലൈന്‍മെന്റ് തീരുമാനിച്ചുകഴിഞ്ഞാല്‍, പദ്ധതി കേന്ദ്ര സര്‍ക്കാരിന് അയയ്ക്കുന്നതിന് മുമ്പ് കെഎംആര്‍എല്‍ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കും. എന്തെങ്കിലും മാറ്റം ഉണ്ടായാല്‍, പദ്ധതി നിര്‍വ്വഹണ ഏജന്‍സിക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ വീണ്ടും മാസങ്ങള്‍ വേണ്ടി വന്നേക്കുമെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.
ഒന്നിലധികം അലൈന്‍മെന്റ് ഓപ്ഷനുകള്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും, എല്ലാം ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കടന്നുപോകുന്നത്. കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച് കിഴക്കേക്കോട്ട വരെ നീളുന്ന അലൈന്‍മെന്റാണ് സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. നിര്‍ദേശിക്കപ്പെട്ട അലൈന്‍മെന്റുകളില്‍ ഒന്ന് ശ്രീകാര്യം, മെഡിക്കല്‍ കോളജ്, പിഎന്‍ജി വഴി കടന്നുപോകുമ്പോള്‍, മറ്റൊന്ന് പട്ടം ജങ്ഷന്‍ വഴിയാണ് പോകുന്നത്.
കോഴിക്കോട് മെട്രോ
കോഴിക്കോട് മെട്രോയ്ക്കുള്ള പദ്ധതി രൂപരേഖ (ഡിപിആര്‍) സമര്‍പ്പിക്കാനും കെഎംആര്‍എല്‍ ഒരുങ്ങുകയാണ്. ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയ്യാറാക്കല്‍ കെഎംആര്‍എല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോയാണ് ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് സാധാരണ മെട്രോയിലേക്ക് മാറി ചിന്തിച്ചിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് പീക്ക് അവര്‍ പീക്ക് ഡയറക്ഷന്‍ (പിഎച്ച്പിഡി) ട്രാഫിക് 15,000-ത്തില്‍ കൂടുതലാണ്. കോഴിക്കോട്, പിഎച്ച്പിഡി അല്പം കുറവാണ്, എന്നാല്‍ അവിടെയും പരമ്പരാഗത മെട്രോയാണ് നിര്‍ദേശിക്കുന്നത്. ഏകദേശം 18 കിലോമീറ്റര്‍ അലൈന്‍മെന്റ് വരും. കോഴിക്കോടിനായി സമഗ്ര മൊബിലിറ്റി പ്ലാനും മാസ് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം കോറിഡോറും ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ കെ എംആര്‍എല്‍ ഇതുവരെ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.
Recent Comments