ദുരന്ത സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളും ‘കവച’ത്തിന് കീഴില്‍: ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രികേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും കവചത്തിന്റെ (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം) കീഴില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കവചം സജ്ജമാക്കിയത്. അതിതീവ്ര ദുരന്തസാദ്ധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ കേന്ദ്ര നോഡല്‍ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറന്‍ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം. 126 സൈറന്‍-സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍, ഡിസിഷന്‍ സപ്പോര്‍ട്ട് സോഫ്റ്റ്വെയര്‍, ഡാറ്റ സെന്റര്‍ എന്നിവയടങ്ങുന്നതാണ് കവചം.അത്യാധുനികമായ ഒരു ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമാണ് കവചമെന്നും രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇപ്പോള്‍ 126 സ്ഥലങ്ങളില്‍ സൈറണുകള്‍ സ്ഥാപിക്കും. രണ്ടുഘട്ട പ്രവര്‍ത്തന പരീക്ഷണമുള്‍പ്പെടെ 91 സൈറണുകള്‍ സജ്ജീകരിച്ചു കഴിഞ്ഞു. താലുക്ക് തലത്തിലും ജില്ലാതലത്തിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ക്ക് ഇവ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ ദുരന്തനിവാരണ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം തുടര്‍ച്ചയെന്ന നിലയ്ക്കാണ് കവചം എന്ന സംവിധാനത്തെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങള്‍ക്കും രക്ഷാസേനകള്‍ക്കും കൃത്യമായ മുന്നറിയിപ്പ് നല്‍കാനും ആവശ്യമെങ്കില്‍ ആളുകളെ മാറ്റി താമസിപ്പിക്കാനും ഇതുവഴി കഴിയും. എല്ലാ സ്ഥലങ്ങളിലും സൈറണ്‍ വഴി മുന്നറിയിപ്പ് ലഭിക്കുബോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയും. സൈറണുകള്‍ വഴി തത്സമയം മുന്നറിയിപ്പുകള്‍ അനൗണ്‍സ് ചെയ്യാന്‍ സാധിക്കും. അതിനോടൊപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സൈറണ്‍ വഴി വരുന്ന മുന്നറിയിപ്പുകളെ കുറിച്ചും അത്തരം ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. ഇതെല്ലാം ആദ്യ ഘട്ട പ്രവര്‍ത്തനങ്ങളാണ്.

കേരളത്തിലെ ദുരന്ത സാധ്യതാ പ്രദേശങ്ങള്‍, അവിടങ്ങളിലെ ജലാശയങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഫയര്‍ സ്റ്റേഷനുകള്‍ മറ്റ് പൊതുകെട്ടിടങ്ങള്‍ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങള്‍ കവചത്തിലുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളാണുള്ളത്. ഈ കണ്‍ട്രോള്‍ റൂമുകളെ പരസ്പരം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് വഴി ബന്ധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളിലെയും ദുരന്ത സാധ്യതകളെ യഥാസമയം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത മുന്നില്‍ കണ്ടാല്‍ ദ്രുതഗതിയില്‍ ഇടപെടുകയും ചെയ്യലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മൊബൈല്‍ സന്ദേശങ്ങള്‍ മുഖേന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്ന സംവിധാനം ഇതിനകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിന് പുറമേ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സുരക്ഷാ സംവിധാനങ്ങളുടെ തുടര്‍ച്ചയായാണ് കവചത്തെയും കാണേണ്ടത്. ഇതിന്റെ ഗുണഫലങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാനുതകും വിധം ഇതിനെപ്പറ്റി വ്യക്തമായ ബോധവല്‍ക്കരണം നല്‍കാന്‍ ഇനിയും നടപടികള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കവചത്തിന്റെ ഭാഗമായി ഒരു സിറ്റിസണ്‍ പോര്‍ട്ടലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കാള്‍ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. അതുവഴി ഏതെങ്കിലും അപകട സാധ്യത മുന്നില്‍ കാണുകയോ അപകടങ്ങളില്‍ പെടുകയോ ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമിലേക്ക് ബന്ധപ്പെടാനും സഹായമാവശ്യപ്പെടാനുമാകും.സഹായമഭ്യര്‍ത്ഥിക്കുന്ന ആളിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഞൊടിയിടയില്‍ ആ പ്രദേശത്തെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കൈമാറും, സ്വീകരിച്ച നടപടികള്‍ കണ്ട്രോള്‍ റൂം വഴി ട്രാക്ക് ചെയ്യുകയും ചെയ്യും. പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും കണ്‍ട്രോള്‍ റൂമുകള്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളുമായി കണ്ണിചേര്‍ത്തിട്ടുമുണ്ട്.

പഞ്ചായത്തുതല ദുരന്തനിവാരണ സമിതികളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്നും കഴിഞ്ഞ എട്ടരവര്‍ഷക്കാലത്തിനിടയില്‍ നിരവധി ദുരന്തങ്ങളുടെ നടുവിലൂടെ കേരളത്തിന് പോകേണ്ടി വന്നപ്പോഴും ദുരന്തഘട്ടങ്ങളിലും ദുരന്തത്തിന് ശേഷമുള്ള ദുരന്തനിവാരണ പ്രക്രിയയിലും ലോകത്തിനു മാതൃകയായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കേരളത്തില്‍ കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനകരമാണെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. അവസാനത്തെ ദുരന്തഭൂമിയായിട്ടുള്ള ചൂരല്‍മലയിലും അവസാനത്തെ ദുരന്തബാധിതനെ കൂടി പുനരധിവസിപ്പിക്കാതെ നമ്മള്‍ ചുരമിറങ്ങില്ല എന്ന് അഭിമാനത്തോടെ കേരളം പ്രഖ്യാപിച്ച ഒരു പ്രത്യേകമായ ഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

നിരവധിയായ ദുരന്തങ്ങള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടതായി വന്നു. ആ ദുരന്തങ്ങളുടെയൊന്നും മുന്‍പില്‍ പതറിപ്പോകാതെയും പകച്ചുനില്‍ക്കാതെയും കേരളത്തിന് അതൊക്കെ നേരിടാനായി എന്നത് മറ്റ് ഏത് പ്രദേശത്തേക്കാളും അഭിമാനത്തോട് കൂടി നമുക്ക് പറയാന്‍ കഴിയുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ഇച്ഛാശക്തിയോട് കൂടി ആ ഘട്ടങ്ങളിലെല്ലാം നിലയുറപ്പിച്ച ഈ സര്‍ക്കാരിന്റെ ഉത്തരവാദിത്വമുള്ള മറ്റൊരു തീരുമാനത്തിന്റെ ഭാഗമായിട്ടാണ് കവചം യാഥാര്‍ഥ്യമായിരിക്കുന്നതെന്നും ദുരന്തങ്ങളുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുക എന്നത് നമ്മളെല്ലാം സ്വീകരിക്കേണ്ടുന്ന ഏറ്റവും പ്രധാനപെട്ട നയമാകണമെന്നും മന്ത്രി പറഞ്ഞു. വികെ പ്രശാന്ത് എംഎല്‍എ, ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആറ്റിങ്ങൽ നഗരസഭയുടെ സംരംഭകസഭ ജനുവരി 23ന്

ആറ്റിങ്ങൽ നഗരസഭയുടെ സംരംഭകസഭ ജനുവരി 23ന്

ആറ്റിങ്ങൽ നഗരസഭയും ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക സഭ 2025 ജനുവരി 23-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വെച്ച് നടത്തുന്നു.

ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നഗരസഭ പരിധിയിലെ പുതിയതായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ സംരംഭം ഉള്ളവർക്കും സംശയനിവാരണത്തിനും നൂതന ആശയങ്ങൾ പങ്ക് വയ്ക്കുന്നതിനും സംരംഭക സഭ ഉപകാരപ്രദമായിരിക്കും. സംരംഭകരുടെ വിലയേറിയ നിർദ്ദേശങ്ങൾ സഭയിൽ അവതരിപ്പിക്കാവുന്നതാണെന്നും അറിയിച്ചു.

സംരംഭക സഭയിൽ വ്യവസായ വകുപ്പിനോടൊപ്പം GST, Legal Metrology, FSSAI, KSEB, Post Office, Attingal Municipality Health & License തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്ത് സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. ഉൽപ്പാദന, സേവന, മേഖലയിൽ സംരംഭം തുടങ്ങാൻ ആവശ്യമായ kswift, നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കച്ചവട, ഉൽപ്പാദന, സേവന സ്ഥാപനങ്ങൾക്ക് സർക്കാരിൻ്റെ പല തരത്തിൽ ഉള്ള ധനസഹായവും സബ്സിഡിയും ലഭിക്കാൻ ആവശ്യമായ ഉദ്യം, (UDYAM) രജിസ്ട്രേഷൻ എന്നിവ അന്നേദിവസം ചെയ്തു കൊടുക്കും.

കൂടുതൽ വിവരങ്ങൾക്ക്:
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി IEO പ്രവീണ – 9188050785
EDE സുജിത് -7907668378
EDE രഹ്‌ന -8943383739

സർക്കാർ ജീവനക്കാരിലെ ഒരു വിഭാ​ഗവും അധ്യാപകരും ഇന്ന് പണിമുടക്കും

സർക്കാർ ജീവനക്കാരിലെ ഒരു വിഭാ​ഗവും അധ്യാപകരും ഇന്ന് പണിമുടക്കും

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാ​ഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക് ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കും.

പ്രതിപക്ഷ സർവീസ് സംഘടന കൂട്ടായ്മയായ സെറ്റോ, സിപിഐ സംഘടന ജോയിന്റ് കൗൺസിൽ എന്നിവയാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ സർക്കാർ ഓഫീലുകളിലും രാവിലെ പണിമുടക്കിനു ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ അടക്കം പ്രഖ്യാപിച്ചു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകും.

‘തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024- 25 ൽ  ഉൾപ്പെടുത്തി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 21 റോഡുകൾ നവീകരിക്കും’; എം എൽ എ

‘തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024- 25 ൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 21 റോഡുകൾ നവീകരിക്കും’; എം എൽ എ

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024- 25 ൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 21 റോഡുകൾ നവീകരിക്കും. 6 കോടി 12 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായി ഒ.എസ്. അംബിക എം.എൽ എ വാർത്താക്കുറിപ്പിൽ അറിയിച്ചു.. റോഡുകളുടെ വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു .

1. പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മഹാദേവേശ്വരം മൃഗാശുപത്രി റോഡ് – 40 ലക്ഷം

2. കരവാരം ഗ്രാമപഞ്ചായത്ത് കന്യാരുവിള പുതുശ്ശേരിമുക്ക് റോഡ് പാവല്ലപളളി ഏലാ റോഡ് – 40 ലക്ഷം

3.പുളിമാത്ത് ഗ്രാമപഞ്ചായത്ത് ചെങ്കികുന്ന് മൊട്ടലുവിള കണ്ണമത്ത് പോയ്യക്കട റോഡ് – 45 ലക്ഷം

4.നഗരൂർ ഗ്രാമപഞ്ചായത്ത് MLA പാലം വെളളല്ലൂർ ശിവക്ഷേത്രം റോഡ് – 22 ലക്ഷം

5. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ചിറ്റിലഴികം പുല്ലയിൽ റോഡ് – 40 ലക്ഷം

6. മണമ്പൂർ ഗ്രാമപഞ്ചായത്ത് ഇന്ദിര റോഡ് – 40 ലക്ഷം

7. ഒറ്റൂർ ഗ്രാമപഞ്ചായത്ത് നെല്ലിക്കോട് കണ്ണമംഗലം റോഡ് – 15 ലക്ഷം

8. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് കോവിൽവിള ലക്ഷ്മിപുരം റോഡ് – 15 ലക്ഷം

9.വക്കം ഗ്രാമപഞ്ചായത്ത് ദൈവപുര ക്ഷേത്രം RHC റോഡ് – 20 ലക്ഷം

10. ആറ്റിങ്ങൽ നഗരസഭ മീമ്പാട്ട് ക്ഷേത്രം റോഡ് – 25 ലക്ഷം

11.പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വട്ടപ്പച്ച വടക്കുപുറം റോഡ് – 30ലക്ഷം

12.കരവാരം ഗ്രാമപഞ്ചായത്ത് വഞ്ചിയൂർ പാലുവാരം പരവൂർപുഴ റോഡ് – 30 ലക്ഷം

13.പുളിമാത്ത് ഗ്രാമപഞ്ചായത്ത് കുടിയേല തെങ്ങുംകോണം റോഡ് – 40 ലക്ഷം

14.നഗരൂർ ഗ്രാമപഞ്ചായത്ത് മാറയത്ത് വിശ്രുമഠം -മാവേലിക്കോണം ക്ഷേത്രം റോഡ് – 40 ലക്ഷം

15.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പനപ്പാംകുന്ന് – വലിയകണ്ടം റോഡ് – 40 ലക്ഷം

16.മണമ്പൂർ ഗ്രാമപഞ്ചായത്ത് വളവൂർക്കോണം നെല്ലിവിള റോഡ് – 30 ലക്ഷം

17. ഒറ്റൂർ ഗ്രാമപഞ്ചായത്ത് കക്കോട്ടുകുന്ന് – ബൈലൈൻ റോഡ് – 30 ലക്ഷം

18.ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് വടശ്ശേരിക്കോണം -അംബേദ്‌കർ നഗർ റോഡ് – 15 ലക്ഷം

19. വക്കം ഗ്രാമപഞ്ചായത്ത് പാട്ടത്തിൽ മുക്ക് – കുളങ്ങര റോഡ് – 20 ലക്ഷം

20. ആറ്റിങ്ങൽ നഗരസഭ ആറാട്ടുകടവ് – മേലെക്കോണം റോഡ് – 20 ലക്ഷം

21.പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് അടയമൺകുന്ന് ഡാകിനി മുക്ക് വട്ടലില് റോഡ് – 15 ലക്ഷം

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 3540 റോഡുകളുടെ പുനരുദ്ധാരണത്തിന് ഇപ്പൊൾ ഭരണാനുമതിയായിട്ടുണ്ട്. സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിച്ച് കഴിയുന്നത്ര വേഗതയിൽ പ്രവർത്തി ആരംഭിക്കും എന്ന് എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു

കഠിനംകുളം കൊലപാതകം; പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി

കഠിനംകുളം കൊലപാതകം; പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി

കഠിനംകുളം കൊലപാതകത്തിൽ കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ വൈകുന്നേരത്തോടെയാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിനു സമീപം അന്വേഷണ സംഘം കണ്ടെത്തിയത്.

കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾ ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും. പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പോലീസ് കണ്ടെത്തി. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തുപോയത്.

പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. ഈ വീട് ഇന്ന് തുറന്നു പരിശോധിയ്ക്കും. ഇതിനാൽ തന്നെ ഇയാൾ കരുതിക്കുട്ടിയാണ് ഇവിടെ എത്തിയത്. അന്വേഷണം തിരു. റൂറൽ എസ് പി യുടെ സംഘം, ആറ്റിങ്ങൽ DySPയുടെ സംഘം, ഡാൻസാഫ് സംഘം, കഠിനംകുളം – ചിറയിൻകീഴ് പോലീസ്
നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.

കിളിമാനൂർ സ്വദേശി 2025 – 26 മിസ്റ്റർ കേരള പട്ടം സ്വന്തമാക്കി

കിളിമാനൂർ സ്വദേശി 2025 – 26 മിസ്റ്റർ കേരള പട്ടം സ്വന്തമാക്കി

തിരുവനന്തപുരം ബീമാപള്ളി ബി എം ജെ ആഡിറ്റോറിയത്തിൽ വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ ഇന്നലെ സംഘടിപ്പിച്ച ഡ്രാഗ്ഗോ ക്ലാസിക് – കേരള മത്സരത്തിലാണ് മിസ്റ്റർ കേരള പട്ടം കിളിമാനൂർ സ്വദേശി തേജസ് സ്വന്തമാക്കിയത്.

സീനിയർ 65 കിലോഗ്രാം മത്സരയിനത്തിലാണ് തേജസ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഇന്നലെ നടന്ന വിവിധ വിഭാഗം മത്സരങ്ങളിൽ 240 ഓളം പ്രതിഭകൾ പങ്കെടുത്തു

സീനിയർ 65 കിലോഗ്രാം മത്സരത്തിൽ എട്ട് മത്സരാർത്ഥികളാണ് പങ്കെടുത്തത്. അതിൽ ഏഴുപേരെ പിൻതള്ളിയാണ് തേജസ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്

കിളിമാനൂർ പുതിയകാവ് നെല്ലിക്കാട്ടിൽ മഞ്ജുഷ ഭവനിൽ ടി.എം ഉദയകുമാർ, മഞ്ജുഷ ദമ്പതികളുടെ മകനാണ് തേജസ്. ഇതിനുമുമ്പും കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന മത്സരയിനങ്ങലിൽ പങ്കെടുത്ത് തേജസ് പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഓൾ ഇന്ത്യ തലത്തിലുള്ള വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള തീവ്ര പരിശീലനത്തിലാണ് തേജസ്.

അലീഷയാണ് ഭാര്യ, ലക്ഷ്മി ഉദയൻ ഏക സഹോദരിയാണ്. നാടിന് അഭിമാനമായി മാറിയ തേജസിനെ സ്വീകരണം നൽകി ആദരിക്കുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ